KSRTC മിന്നല്‍ ബസ്‌ പയ്യോളിയില്‍ നിര്‍ത്തിയില്ല; ജീപ്പ് കുറുകെയിട്ട് പോലീസ് തടഞ്ഞു..

വിദ്യാര്‍ത്ഥിനി കയറിയ ബസ്‌ പയ്യോളിയില്‍ നിര്‍ത്തിയില്ല; കുഞ്ഞിപ്പള്ളിയില്‍ ജീപ്പ് കുറുകെയിട്ട് പോലീസ് തടഞ്ഞു; സംഭവം പുലര്‍ച്ചെ രണ്ടിന് കെഎസ്ആര്‍ടിസി ‘മിന്നലില്‍..

ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിനെ ഒടുവില്‍ ഇരുപത് കിലോമീറ്റര്‍ അകലെ ഹൈവേ പോലീസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് തടഞ്ഞ് വിദ്യാര്‍ത്ഥിനിയെ ഇറക്കി. ഇന്ന് പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി എട്ടര മണിക്ക് പാലയിലെ എന്ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിരുന്നു വിദ്യാര്‍ത്ഥിനി.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ മിന്നല്‍ ബസ്സിനു പയ്യോളിയില്‍ സ്റ്റോപ്പ്‌ ഇല്ലെന്നു ചൂണ്ടിക്കാട്ടി കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നൂറ്റിപതിനൊന്ന് രൂപ നല്‍കി ടിക്കറ്റ് എടുക്കുകയും ചെയ്തു.

Image – Payyoli Online

 

പയ്യോളിയില്‍ കാത്ത് നില്‍ക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച കാര്യം വിദ്യാര്‍ത്ഥിനി മൊബൈല്‍ വഴി ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ പയ്യോളി പോലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം അവതരിപ്പിച്ചു. ഉടന്‍ തന്നെ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന്! ദേശീയപാതയില്‍ ചോമ്പാല പോലീസ് കുഞ്ഞിപ്പള്ളിയില്‍ വെച്ച് പോലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസിന് പുറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയില്‍ എത്തുമ്പോഴേക്കും ബസ് വിദ്യാര്‍ത്ഥിനിയെ ഇറക്കി പോവുകയും ചെയ്തു. സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ളവ ഏത് സ്ഥലത്തും നിര്‍ത്തണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും മിന്നല്‍ സര്‍വ്വീസുകള്‍ക്ക് ഇത് ബാധകമല്ല. കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലറിലും ഇതു പറയുന്നുണ്ട്. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ത്തിക്കൊടുത്താല്‍ മറ്റുള്ളവര്‍ ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വക ശിക്ഷയും കിട്ടും. ഇതുകൊണ്ടാണ് നിര്‍ത്തിക്കൊടുക്കാതിരുന്നത് എന്നാണു ജീവനക്കാര്‍ പറയുന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റം പറയുന്നുണ്ടെങ്കിലും ഒരു കാര്യം ആരും ശ്രദ്ധിക്കുന്നില്ല. നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന മിന്നല്‍ ബസ്സില്‍ കയറിയ വിദ്യാര്‍ഥിനിയ്ക്ക് ഈ കാര്യം ആദ്യമേ മനസ്സിലാക്കാവുന്നതാണ്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തു നിര്‍ത്തിക്കൊടുക്കണം എങ്കില്‍ മിന്നല്‍ സര്‍വ്വീസ് കൊണ്ടുള്ള പ്രയോജനം എന്താണ്? നിര്‍ത്തിക്കൊടുത്താല്‍ മാനേജ്മെന്റിന്‍റെ വക ശിക്ഷ, നിര്‍ത്തിക്കൊടുത്തില്ലെങ്കില്‍ ഇതുപോലുള്ള കേസുകള്‍… ചെകുത്താനും കടലിനും ഇടയില്‍ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന ആ ജീവനക്കാരുടെ അവസ്ഥ എന്താ ആരും മനസിലാക്കാത്തത്? വല്ല സൂപ്പര്‍ഫാസ്റ്റ് ബസ് ആയിരുന്നെങ്കില്‍ ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭാഗത്തായിരുന്നു ന്യായം എന്നു നിസ്സംശയം പറയാം. പക്ഷേ ഇവിടെ പെണ്‍കുട്ടി കേസിന് പോയാല്‍ വിജയിക്കുവാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കടപ്പാട് – പയ്യോളി ഓണ്‍ലൈന്‍

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply