വിവരണം – സമദ് അബ്ദുൽ.
ട്രാവലോഗിൽ കണ്ട ഒരു ഫോട്ടോയാണ് #ജർമനി യിലേക്കുള്ള ഞങ്ങളുടെ(ഞ്യാനും പിന്നെ Anwer Shine) യാത്രക്കുള്ള പ്രചോദനം .”#ബ്ലാക്ക്ഫോറെസ്റ്റ്” എന്നൊരു മലമ്പ്രദേശം , അവിടെയുള്ള മനോഹരമായ ഒരു വെള്ളച്ചാട്ടം, അതിനേക്കാൾ സഞ്ചാരികൾക്ക് പ്രിയപെട്ടതാണല്ലോ, അധികമാരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുകയെന്നതും. ബ്ലാക്ക് ഫോറെസ്റ്റ് എന്ന് കേട്ടിട്ട് പഴയ യൂറോപ്യൻ കഥകളിലെ പേടിപ്പെടുത്തുന്ന ദുർമന്ത്രവാദിനികൾ വസിക്കുന്ന കറുത്ത കാടൊന്നുമല്ല. ബാദെൻ-ബാദെൻ എന്ന ചെറുടൗണിൽ നിന്നും തുടങ്ങി ഫ്രയ്ബർഗ് എന്ന സിറ്റി വരെ നീണ്ടു കിടക്കുന്ന മലയോര മേഖല! അതാണ് #Blackforest
പുരാണം കൊണ്ട് അത്ഭുതം തീർത്ത ഇറ്റലിയിൽ നിന്നും ഫ്ലൈറ്റ് പിടിച്ചാണ് ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വേറെയൊരു ഷെങ്കൻ രാജ്യത്ത് നിന്നും വന്നത് കൊണ്ട് എമിഗ്രേഷൻ നടപടികളൊന്നും ഇല്ലാതെ തന്നെ പുറത്തേത്തി. വേറെ ഒരു കാര്യം കൂടി അറിയിക്കട്ടെ. ഏതെങ്കിലും ഷെങ്കൻ രാജ്യത്തെ വിസയുമായി 26 രാജ്യങ്ങളിൽ ഏത് രാജ്യത്തും ഒരു ബുദ്ധിമുട്ട് കൂടാതെ പ്രവേശിക്കാം. അത് ആദ്യമായി പോകുന്നതാണെങ്കിലും… അറൈവൽ ഏരിയയിലുള്ള എന്റർപ്രൈസസ് എന്ന റെന്റ് എ കാർ ഓഫീസ് തപ്പി പിടിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത കാറിന്റെ(3 ദിവസത്തേക്ക് 450 ദിർഹമാണ് വാടക) നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി കാർ എടുക്കാനായി പാർക്കിംഗ് ഏരിയയിൽ എത്തി . കാർ കണ്ട ഞങ്ങൾ മനസ്സിൽ സന്തോഷിച്ചു. കാരണം, എന്താന്നല്ലേ ഏറ്റവും വാടക കുറഞ്ഞ 2 സീറ്റർ കാർ ആണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. അവരുടെ കൈയബദ്ധം കാരണമോ, അല്ലെങ്കിൽ ഞങ്ങളുടെ ഭാഗ്യം കാരണമോ 4 സീറ്റ് ഉള്ള നല്ല ഒന്നാന്തരം കിയ കമ്പനിയുടെ പിക്കാന്റോ മോഡൽ കാറാണ് ഞങ്ങൾക്ക് കിട്ടിയത്. കാറുമായി പുറത്തിറങ്ങി. ജിപിഎസ് സംവിധാനം ഇല്ലാതെയാണ് യാത്ര തുടങ്ങുന്നത്. പക്ഷെ, ഓഫ് ലൈൻ മേപ്പ് ആയ സൈജിക്(Cygic) ഡൌൺലോഡ് ചെയ്തിട്ടുണ്ട്. ഒരു പരീക്ഷണം ആണ്, കൂടെ പോകേണ്ട സ്ഥലങ്ങളുടെ ഗൂഗിൾ മാപ്പ് ഓഫ്ലൈൻ ആയും സേവ് ചെയ്തിട്ടുണ്ട്. സൈജിക് നല്ലൊരു ഓഫ്ലൈൻ മേപ്പ് ആയിട്ടാണ് അനുഭവപ്പെട്ടത് . വേഗപരിധി സംബന്ധമായ വിവരങ്ങളും നൽകുന്നുണ്ടായിരുന്നു. ആകെപ്പാടെയുള്ള ഒരു പ്രശ്നം 3 ദിവസത്തേക്കേ അത് ട്രയൽ ആയിട്ട് കിട്ടൂ. ഞങ്ങൾക്ക് അത് ധാരാളമായിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്ത ഫാം ഹൌസ് സ്റ്റേ ലൊക്കേഷൻ സെറ്റ് ചെയ്തു യാത്ര തുടങ്ങി.240 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ. ഫാം ഹൌസിൽ താമസിക്കണമെന്ന് ആ ഫോട്ടോ പോസ്റ്റ് ചെയ്ത സഞ്ചാരി തന്നെയാണ് ഉപദേശിച്ചത്. വേറെയും കാര്യങ്ങൾ പറഞ്ഞിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ഹൈവേയിലേക്ക് പ്രവേശിച്ചു . സായാഹ്നം അതിന്റെ അവസാന ഘട്ടത്തിലാണ്. സൂര്യൻ അസ്തമനത്തിനു തയാറെടുക്കുന്നു. റോഡിനിരുവശവും കൃഷിയിടങ്ങളാണ്. ഞങ്ങൾ പരമാവധി വേഗതയിൽ തന്നെയാണ് പോകുന്നത്. മെല്ലെ മെല്ലെ ഇരുട്ട് വീണു തുടങ്ങി. ഞങ്ങളുടെ ലക്ഷ്യസ്ഥാനം അടുത്തെത്തി കൊണ്ടിരിക്കുന്നു. അതിനിടയിൽ പെട്രോൾ പമ്പിലും കയറി. ഫ്യൂലിങ് നാം തന്നെ ചെയ്യണം, ക്രെഡിറ്റ് കാർഡ് വഴി പണമടക്കാം. ഒരു ലിറ്ററിന് രണ്ടു യുറോക്കടുത്ത് വിലയുണ്ട്.എങ്ങനെ പെട്രോളടിക്കണമെന്ന് പറഞ്ഞു തരാൻ പോലും ആളെ നിറുത്തിയിട്ടില്ല. പമ്പിനോട് ചേർന്ന് തന്നെ ഒരു ചെറിയ സൂപ്പർമാർക്കറ്റ് കണ്ടു. അവിടെ കണ്ട ഒരുത്തനോട് കാര്യങ്ങൾ തിരക്കി. ലക്ഷ്യസ്ഥാനത്തെ പറ്റിയും അന്വേഷിച്ചറിഞ്ഞു. അത്താഴത്തിനുള്ള ബ്രെഡും മറ്റും വാങ്ങി വീണ്ടും യാത തുടർന്നു.
മനോഹരമായ മലയോര പ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇരുട്ട് കാരണം ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല. ഇടക്കിടക്ക് വെള്ള മഞ്ഞു കട്ടകൾ റോഡിനിരുവശവും കിടക്കുന്നത് കാണാമായിരുന്നു. അവസാനം സൈജിക് ആശാൻ ഞങ്ങൾ Booking.com വഴി ബുക്ക് ചെയ്ത റെയ്ക്കൻബാക്ക് എന്ന സ്ഥലത്തെ വീടിനു മുമ്പിൽ എത്തിച്ചു തന്നു. ഒരു പഴയ മാളിക പുര. പുറത്തിറങ്ങിയപ്പോൾ തൊഴുത്ത് അടുത്ത് തന്നെയുണ്ടെന്ന് മണം അടിച്ചപ്പോൾ മനസ്സിലായി. ഫാം ഹൌസിൽ വന്നാൽ പിന്നെ എന്ത് ഗന്ധം ആണ് കിട്ടുക അല്ലേ ?? കുറച്ചു ഭീതിയോടെയാണ് ഡോർ ബെല്ലിനടുത്തേക്ക് നീങ്ങിയത്. കാരണം, ബുക്കിങ് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് ചോദിച്ചിരുന്നില്ല, പേയ്മെന്റ് കൊടുത്തിട്ടില്ല. നോൺ റീഫൻഡബൾ എന്നൊരു മെസ്സേജും വന്നിരുന്നു, പിന്നെ കൺഫെർമേഷൻ മെയിലും വന്നിട്ടുണ്ടായിരുന്നില്ല. ആകെപ്പാടെ മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക്!!
സമയം 10.13 pm! എങ്ങും നിശബ്ദത മാത്രം!! കാളിങ്ങ് ബെല്ലടിച്ചു.10 മിനിറ്റിന് ശേഷമാണ് വാതിലിനപ്പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടത്.വാതിൽ തുറന്ന് ഒരു അമ്മൂമ്മ കൺമുമ്പിൽ പ്രത്യക്ഷപെട്ടു. അവർ എന്തൊക്കൊയോ ജർമ്മൻ ഭാഷയിൽ ചോദിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഓർത്തത്, ബുക്കിങ് ചെയ്യുമ്പോൾ ‘ഒൺലി ജർമ്മൻ സ്പീക്കിങ്’ എന്നൊരു മെസ്സേജ് കണ്ടിരുന്നത്. ബുക്ക് ചെയ്യുമ്പോൾ ഞങ്ങൾക്ക് ലഭിച്ച ജർമ്മൻ ഭാഷയിലുള്ള പേപ്പർ നേരെ അവരുടെ കയ്യിൽ കൊടുത്തു വായും പൊളിച്ചു നിന്നു. അത് കയ്യിൽ കിട്ടിയപ്പോൾ അവരുടെ മുഖമൊന്നു തെളിഞ്ഞു. നേരെ വഴികാണിച്ചു വീടിനകത്തേക്ക്. കോണി വഴികൾ കയറി മാളികപുറത്തേക്ക്. ഒരു മുറി തുറന്നു തന്നു. ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. രാവിലത്തെ പ്രാതലിന്റെ കാര്യം ചോദിക്കുന്നുണ്ടായിരുന്നു. അത് വേഗം നമുക്ക് മനസ്സിലാകുമല്ലോ? 7 മണിക്ക് കോഫി എന്ന് പറഞ്ഞു അവർ പോയി.
ഞങ്ങൾ ശെരിക്കും അത്ഭുതപെട്ട് പോയി. ദുബായിൽ നിന്നും വന്ന ഞങ്ങൾ രണ്ട് ഇന്ത്യക്കാർക്ക് ഒരു രേഖകളും ആവശ്യപ്പെടാതെ അവരുറങ്ങുന്ന വീട്ടിനുള്ളിൽ തന്നെ ഒരു മുറി അനുവദിച്ചു തന്നിരിക്കുന്നു. ബാക്കി അന്വേഷണങ്ങളും കണ്ടെത്തലുകളും നാളെയാവാമെന്നു ചിന്തിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ തന്നെ വെള്ളം ഒഴുകുന്ന കളകളാരവം കേട്ടു കൊണ്ടാണ് ഞങ്ങൾ ഉണർന്നത്. ബാൽക്കണിയിലെ വാതിൽ തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ വീടിനടുത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ നയന മനോഹരമായ ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്. തട്ടുകളായി കിടക്കുന്ന കുന്നുകൾ, പാതി മൂടി കിടക്കുന്ന മഞ്ഞ്, മരങ്ങളിൽ നിന്നും ഉർന്ന് വീഴുന്ന ജലകണികകൾ, അറ്റമില്ലാതെ കിടക്കുന്ന ചെറിയ ചെറിയ പാതകൾ, കൂടെ ഇത്തിരി തണുപ്പും ഒത്തിരി സുഖവും നൽകുന്ന ഇളം കാറ്റും !!! എല്ലാം കൂടി നല്ല കണിയാണ് ഞങ്ങൾക്ക് അവിടുത്തെ പുലർകാലം സമ്മാനിച്ചത്.
വേഗം തയ്യാറായി പ്രാതൽ കഴിക്കാനായി താഴെ നിലയിലെത്തി. ആദ്യമായി ഒരു യൂറോപ്പ്യൻ വീടിന്റെ അകവശം കാണുകയാണ്. സീനറികളും പൂക്കളും കൊണ്ട് എല്ലായിടത്തും അലങ്കരിച്ചിരിക്കുന്നു. അവരുടെ തീൻ മേശയിൽ തന്നെയാണ് പ്രാതൽ ഒരുക്കിയിട്ടുള്ളത്. വിഭവസമൃദ്ധ്യമായത് ഒന്നും അല്ല. എങ്കിലും അവരുടെ ആതിഥ്യ മര്യാദ ഞങ്ങളെ വയറു നിറച്ചു. ഭക്ഷണം കഴിഞ്ഞു വീടും പരിസരവും കാണാനായിറങ്ങി.
ആദ്യമായി പോയത് തൊഴുത്തിനടുത്തെക്കാണ്. ആറോ ഏഴോ പശുക്കൾ നിര നിരയായി നിൽക്കുന്നത് കാണാമായിരുന്നു. നമ്മുടെ നാട്ടിലെ തൊഴുത്ത് പോലെ തന്നെയാണ്. പക്ഷെ., വൃത്തി അപാരം തന്നെയാണ്. അകത്തു കയറണമെങ്കിൽ മുട്ടറ്റം വരെയുള്ള ഒരു ബൂട്ട് ധരിക്കണം. ആ പശുക്കളുടെ പാലു കൊണ്ടാണ് ഇന്ന് രാവിലെ ഞങ്ങൾ കാപ്പികുടിച്ചത് എന്നും അവർ പ്രത്യേകം പറയുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളിലേക്ക് ഒന്ന് കണ്ണെത്തിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. മിക്കവരുടെയും ഉപജീവനമാർഗ്ഗം പശു വളർത്തൽ ആണെന്ന്. അത് കഴിഞ്ഞു തൊട്ടടുത്തുള്ള അരുവിയുടെ അടുത്തും സന്ദർശിച്ചു അടുത്ത യാത്രക്കുള്ള പ്ലാൻ തയ്യാറാക്കാനായി വൈഫൈ ഏരിയയിൽ എത്തി. അവിടെ വേറൊരു ഗസ്റ്റ് ആയി താമസിക്കുന്ന യൂറോപ്യൻ പെണ്കുട്ടിയോടും ടൂറിസ്റ്റു സ്പോട്ടുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഞങ്ങൾക്ക് താമസം ഒരുക്കി തന്ന വൃദ്ധ ദമ്പതികളോട് കൃതജ്ഞതയും പറഞ്ഞ് ഒരു ദിവസത്തെ റൂം വാടകയായ 40 യൂറോയും നൽകി കാറിൽ കയറി യാത്ര തുടങ്ങി.
യാത്ര വീണ്ടും ദൃശ്യം വിസ്മയങ്ങൾ സമ്മാനിക്കുകയാണ്. വളഞ്ഞു പുളഞ്ഞ മഞ്ഞു പുതഞ്ഞു കിടക്കുന്ന റോഡുകൾ, ചെറിയ വീടുകൾ റോഡിനിരുവശവും, എന്നാലും പാതകൾ എല്ലാം വിജനമാണ്. യൂറോപ് യാത്രയിൽ കണ്ട പ്രധാന കാര്യമാണ് അത്. ഗ്രാമപ്രേദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ റോഡരികിൽ ഒരിക്കൽ പോലും ആൾക്കൂട്ടങ്ങളെയോ തുറിച്ചു നോട്ടങ്ങളെയോ അഭിമുഖീരിക്കേണ്ടിവന്നിട്ടില്ല. ഗൂഗിൾ ഓഫ് ലൈൻ മാപ്പിൽ സെറ്റ് ചെയ്ത സ്പോട്ട് ലക്ഷ്യമാക്കി മുന്നോട്ടു സഞ്ചരിക്കുകയാണ്.
ആദ്യലക്ഷ്യം തന്നെ ആ ഫോട്ടോയിൽ കണ്ട ജർമ്മനിയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ട്രിബെർഗ് വെള്ളച്ചാട്ടം കാണാനാണ്. ഗൂഗിൾ മാപ്പ് 60 കിലോമീറ്റർ കാണിക്കുന്നുണ്ട്, പക്ഷെ ചുറ്റും നയനാന്ദകരമായ കാഴ്ചകൾ ആയതിനാൽ സമയം പോയതറിഞ്ഞില്ല. ഫോട്ടോയെടുത്തും സൊറ പറഞ്ഞും യാത്ര തുടർന്നു.വഴി ഇടയ്ക്കു വെച്ച് രണ്ടായി പിരിയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് പോകേണ്ട വഴിയിൽ ഒരുപാട് ബോർഡ് വെച്ചിട്ടുണ്ട്, ജർമ്മൻ ഭാഷയിലാണ്. ഒന്നും മനസ്സിലായതുമില്ല. ചോദിക്കാനായി വഴിവക്കിൽ ആരെയും കണ്ടതുമില്ല. അത് അവഗണിച്ചു മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. ശക്തമായ മഞ്ഞു വീഴ്ച്ചയും മഴയും കാരണം റോഡിലേക്കു മരങ്ങൾ വീണു കിടപ്പുണ്ട്. അവ ശെരിയാകുന്ന ജോലിക്കാരെയും കണ്ടു, അവരും ഒന്നും പറയാത്തത് കൊണ്ട് യാത്ര മുന്നോട്ടു തന്നെ. അവസാനം ‘wasserfall’ എന്ന് ജർമ്മൻ ഭാഷയിൽ എഴുതിയ വലിയ ബോർഡിന് മുമ്പിൽ ഗൂഗിൾ എത്തിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ചുറ്റും മഞ്ഞു മൂടി കിടക്കുന്നു. ഭാഗ്യത്തിന് ഒരു ഇംഗ്ലീഷിൽ എഴുതിയ ചെറിയ ഒരു ബോർഡ് കണ്ടു. “കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം വാട്ടർഫാളി ലേക്കുള്ള പ്രവേശനം താൽക്കാലികമായി നിറുത്തി വെച്ചിരിക്കുന്നു” എന്ന വാചകമാണ് അവിടെ കാണാൻ കഴിഞ്ഞത്. നല്ല സങ്കടം തോന്നി , എങ്കിലും സഞ്ചാരിക്ക് പ്രതിബന്ധങ്ങൾ പുത്തരിയല്ല എന്ന് മനസ്സിലുറച്ചു തിരികെ വന്ന വഴിയിലൂടെ തന്നെ യാത്ര തുടർന്നു.അവസാനം ഒരു ചെറിയ ടൗണിലാണ് എത്തിപ്പെട്ടത് . പേര് “ട്രിബെർഗ്”. ലോകത്തെ ഏറ്റവും വലിയ കുക്കൂക്ലോക്ക് ട്രിബേർഗിൽ സ്ഥിതി ചെയ്യുന്നു എന്ന ബോർഡാണ് സ്വാഗതമോതിയത്. അടുത്ത് കണ്ട ക്ലോക്ക് വിൽപ്പന ശാലയിൽ കയറി അവിടേക്കുള്ള ദിശയും മനസ്സിലാക്കി യാത്രതുടർന്നു.15 മിനിറ്റ് സഞ്ചരിച്ചപ്പോൾ തന്നെ ഏബിൾ ഉറൻ (Ebile Uhren park) എന്ന ബോർഡിന് മുന്നിൽ ബ്രെക്കിട്ടു.
കുയിൽ അല്ലെങ്കിൽ കോഴി ഘടികാരം എന്നോ നമുക്ക് വിളിക്കാവുന്ന കുക്കൂ ക്ലോക്ക്. 18ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ രൂപകൽപ്പന ചെയ്ത അതിന്റെ മെക്കാനിസം ഇന്നും ഉപയോഗിക്കുന്നെന്ന് അവിടുത്തെ രേഖകളിൽ കാണുന്നു. ഓരോ അര മണിക്കൂർ ഇടവിട്ടും സമയം അറിയിക്കാനായി ആ ക്ലോക്കിന്റെ മേൽഭാഗത്തുള്ള വാതിൽ തുറന്നു പുറത്തേക്ക് ഒരു മനുഷ്യ നിർമ്മിത കുക്കൂ എന്ന പക്ഷി വന്നു കൂവി സമയം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഗിന്നസ് ബുക്കിൽ ലോകത്തെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് എന്ന സ്ഥാനം നേടിയ ഘടികാരം ആണ് ഞങ്ങൾ കണ്ടത്. അതിനോട് ചേർന്ന് തന്നെ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫീസ് ആയ 2 യുറോ മെഷിനിൽ നിക്ഷേപിച്ചു ഞങ്ങൾ അകത്തു കയറി. ആരും ഉണ്ടായിരുന്നില്ല. പക്ഷെ, എല്ലാ കാര്യങ്ങളും ഇംഗ്ളീഷിലും മറ്റു ഭാഷകളിലും എഴുതിവെച്ചിട്ടുണ്ടായിരുന്നു.
1994ൽ തുടങ്ങി 5 വർഷം കൊണ്ടാണ് ആ വലിയ ക്ളോക്കിന്റെ പണി പൂർത്തിയായത്.6 ടൺ തൂക്കവും 15 അടി ഉയരവും ഉണ്ട് അതിന്.പെന്റുലം(150 കിലോ) അക്കങ്ങളും സൂചികളും എല്ലാം മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ചലിച്ചു കൊണ്ടിരിക്കുന്ന അതിന്റെ മെക്കാനിസം കണ്ടു മനസ്സിലാക്കുന്നതിനായി മേലോട്ട് ഗോവണി പടികളും ഒരുക്കിയിട്ടുണ്ട്. എല്ലാം കണ്ടു കഴിഞ്ഞു അതിന്റെ സുവനീർ ഷോപ്പിൽ നിന്നും ഒരു ചെറിയ കുക്കൂ ക്ലോക്കും വാങ്ങിച്ചു അവിടെ നിന്നും യാത്ര തിരിച്ചു.
അടുത്ത ലക്ഷ്യം ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് നുണയൽ ആണ്. ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ജന്മം കൊണ്ട നാട്ടിലെത്തിയിട്ട് കേക്ക് കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ… ട്രിബേർഗിന് അടുത്ത് തന്നെയുള്ള ബാദെൻ എന്ന സിറ്റിലേക്കാണ് അതിനായി പോയത്. സിറ്റിയുടെ കവാടത്തിൽ തന്നെ ടൂറിസ്റ്റു ഇൻഫർമേഷൻ എന്നൊരു ബോർഡ് കാണാനിടയായി. നേരെ അങ്ങോട്ട് നീങ്ങി. അവിടെയുള്ള സ്ത്രീയോട് കാര്യങ്ങൾ തിരക്കി. കാണാനുള്ള ടൂറിസ്റ്റു സ്പോട്ടുകളെ പറ്റിയുള്ള വിവരണംവും തന്നു. അതിലുപരി ബ്ലാക്ക് ഫോറെസ്റ്റിന്റെ ഉത്ഭവവവും അതിന്റെ ചേരുവകളും എല്ലാം വിവരിച്ചു തന്നു.
കേക്ക്നു ബ്ലാക്ക് ഫോറസ്റ്റ് എന്ന് പേര് വന്നത്, അവിടെയുള്ള ഒരു മലയിൽ നിന്ന് കിട്ടുന്ന പ്രേത്യക തരം ചെറി പഴത്തിന്റെ ചാറ് കൊണ്ടുണ്ടാക്കിയത് കൊണ്ടാണെന്നാണ് അറിഞ്ഞത്. 1900ത്തിന്റെ തുടക്കത്തിലാണ് ഇതിന്റെ ആദ്യനിർമ്മാണം. ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന കേക്കും അതിന്റെ പരിണാമങ്ങളാണ്. സെന്ററിൽ നിന്നിറങ്ങി സിറ്റിയിലെ ബേക്കറിയിൽ കയറി ഒരു കഷ്ണം കേക്കിന് 4 യൂറോ നിരക്കിൽ 5 കഷ്ണം കേക്ക് ഭദ്രമായി പേക്ക് ചെയ്തു വാങ്ങിച്ചു സിറ്റി കാണാനായി പുറത്തിറങ്ങി. പ്രത്യേകിച്ച് ഒന്നും കാണാനില്ല. എല്ലാ യൂറോപ്യൻ സിറ്റികളെ പോലെ തന്നെ മ്യുസിയങ്ങളും ഓൾഡ് സിറ്റിയും മറ്റുമാണ് ഉള്ളത്. ചെറുതായിട്ട് മഞ്ഞു തുള്ളികൾ വീഴുന്നുണ്ട് അന്തരീക്ഷത്തിൽ. അതും ആസ്വദിച്ചു കറങ്ങുമ്പോഴാണ് അൻവറിന്റെ കോളേജ് സഹപാഠി സൂരജ് ഫോൺ ചെയ്യുന്നത്. പുള്ളി ഒരു ജർമ്മൻ മദാമ്മയേയും കല്യാണം കഴിച്ചു ഹെയ്ഡൽബെർഗ് എന്ന സ്ഥലത്ത് താമസിക്കുന്നുണ്ട്. അവിടേക്കുള്ള ക്ഷണവുമായിട്ടാണ് അവന്റെ ഫോൺ കാൾ! ഇന്തോജർമ്മൻ സംസ്ക്കാരം അറിയാനുള്ള അവസരമാണ് ഒത്തു വന്നിരിക്കുന്നത്. കേട്ട പാതി കേക്കാത്ത പാതി ഓക്കെ എന്ന് പറഞ്ഞു, അവൻ അയച്ചു തന്ന ഗൂഗിൾ മാപ്പ് ലക്ഷ്യമാക്കി നീങ്ങി.
യാത്ര നാല് വരി പാതയുള്ള ഹൈവേയിലെത്തി. ഇനിയാണ് ജീവിത്തിലെ വലിയ ഒരു ത്രില്ല് അനുഭവിക്കാൻ പോകുന്നത്. വേഗപരിധിയില്ലാതെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ വാഹനം ഡ്രൈവ് ചെയ്യുകയെന്നത്!! ജർമ്മനിയുടെ നിരത്തുകൾ മിക്കതും “ഓട്ടോബാൻ” എന്നറിയപ്പെടുന്ന റോഡുകളാണ്. ബാൻ എന്ന് വെച്ചാൽ റോഡ്, വഴി എന്നൊക്കെയാണ് അർത്ഥം വരുന്നത്. ഞങ്ങളുടെ കാറിന്റെ പരാമാവധി വേഗത 200 കിലോമീറ്റർ ആണെന്നത് ഞങ്ങൾക്ക് സങ്കടം ഉണ്ടാക്കി. ആദ്യം എന്റേതായിരുന്നു ഊഴം, ആഞ്ഞു ചവിട്ടി. 178 കിലോമീറ്റർ/മണിക്കൂർ !!! എന്ന് മീറ്ററിൽ കാണിക്കുന്നു. ഇനി ആക്സിലേറ്റർ അമർത്താനില്ല. ഈ കിലോമീറ്റർ സൂചി കടന്നത് തന്നെ റോഡ്ൽ ഇറക്കം ആയത് കൊണ്ടാണ്. ശേഷം അൻവർ എന്നെ തോൽപ്പിച്ചു. 181 കിലോമീറ്റർ വേഗതയിൽ അവൻ ഡ്രൈവ് ചെയ്തു. ഞങ്ങളുടെ ഇരു വശത്തെ ട്രാക്കുകളിൽ കൂടി “ശൂ” എന്ന് കേൾപ്പിച്ചു കൊണ്ട് മറ്റു വാഹനങ്ങൾ പറക്കുന്നുണ്ടായിരുന്നു. ഏകദേശം 70 മൈൽ ദൂരമുണ്ടായിരുന്നു സൂരജിന്റെ വീടിനടുത്തേക്ക്. ഇതിനിടയിൽ ഒരു അപകടങ്ങളോ മറ്റൊ ഞങ്ങൾ കണ്ടില്ല! റോഡ് നിർമ്മാണത്തിലെ നൈപുണ്യത കൊണ്ടാകാം അത്. 3 മണിയാകുമ്പോഴേക്കും ഗൂഗിൾ പെണ്ണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ഹെയ്ഡൽബർഗ്ൽ എത്തിച്ചു.
ജർമനിയിലെ മിക്ക സ്ഥലങ്ങളുടെ വാലറ്റം “കുന്ന് “എന്നർത്ഥം വരുന്ന ബെർഗ് ഉണ്ട്. ഞങ്ങളെയും കാത്തു സൂരജ് ഗെയ്റ്റിൽ തന്നെയുണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം അൻവർനെ അവൻ കാണുകയാണ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അവർ പങ്കിടുന്നു. ഒരു കുന്നിൻ മുകളിൽ തട്ടുകളായിട്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മേൽഭാഗത്താണ് സ്വീകരണമുറിയും അടുക്കളയും ഡൈനിങ് ഹാളും, താഴെ മുറികളും ഒരുക്കിയിട്ടുള്ളത്. വീടിന്റെ അകവശങ്ങളിലെല്ലാം നാം ഹോളിവുഡ് സിനിമയിൽ കാണുന്ന സീനറികളും ഫ്ലവർ ഫ്ളോട്ടുകളും കാണാമായിരുന്നു. വീടിന്റെ ഏറ്റവും താഴെ വീട്ടിലെ ഹീറ്റർ സംവിധാനത്തിനു വേണ്ടിയുള്ള ഗ്യാസ് സിലിണ്ടറും കാണാമായിരുന്നു. എയർ കണ്ടീഷൻ ഒന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ലാ എന്നതിൽ നിന്ന് അവിടുത്തെ കാലാവസ്ഥയെ പറ്റിയുള്ള ഏകദേശവിവരം ഞങ്ങൾക്ക് കിട്ടി.
ഞങ്ങളെ സ്വീകരിച്ചത് മറീന എന്ന പേരുള്ള മദാമ്മയും യുറോപ്പ്യൻ മുഖമുള്ള മൂന്നു കൊച്ചുങ്ങളുമാണ്. ആ കുട്ടികൾക്ക് ഇട്ടിരിക്കുന്ന പേരുകളാണ് അത്ഭുതപെടുത്തിയത്. അശോക്,ആദിത്യ, ജ്വാല എന്നീ ഇന്ത്യൻ പേരുകളാണ് അവർക്കുള്ളത്.ഇന്ത്യൻ സംസ്ക്കാരത്തിൽ തന്നെയാണ് അവർ വളരുന്നതും. മലയാളം അത്യാവശ്യം എല്ലാവർക്കും മനസ്സിലാകും. ജർമ്മനിക്കാരിയാണെങ്കിലും മറീന ഇന്ത്യൻ ആതിഥ്യ മര്യാദ ആവോളം കാണിക്കുന്നുണ്ടായിരുന്നു. ആദ്യം തന്നെ അവർ പാചകം ചെയ്തുണ്ടാക്കിയ ദോശയും ചട്ടിണിയുമാണ് കഴിക്കാനായി തന്നത്. അത് കഴിച്ചു ഒന്ന് ഫ്രഷ് ആയി അവിടുത്തെ കാഴ്ചകൾ കാണാനായി പുറത്തിറങ്ങി.
പുറത്തു തണുപ്പ് 3 ഡിഗ്രിയിലാണ്.കൂടെ ചെറിയ ചാറ്റൽ മഴയും.ആകെപ്പാടെ മൂടി കെട്ടിയ അന്തരീക്ഷം. രണ്ടു ദിവസം മുമ്പ് തണുപ്പ് ഒരു ഡിഗ്രി ആയിരുന്നെന്ന് സൂരജ് സാക്ഷ്യപെടുത്തുന്നുണ്ടായിരുന്നു.അവന്റെ കാറെടുക്കാതെ തന്നെ നടന്നു പോകാൻ തീരുമാനിച്ചു. കുത്തനെയുള്ള ഇറക്കത്തിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്. നേരെ ചെന്നത്തിയത് ഒരു ചെറിയ നെക്കാർ(Neckar) എന്ന അണക്കെട്ടിനടുത്തേക്കാണ്. ചെറിയ വൈദ്യുതി ആവശ്യങ്ങൾക്കായാണ് ഈ ഡാം ഉപയോഗിക്കുന്നതെന്ന് സൂരജ് പറഞ്ഞു. അതിനോട് ചേർന്ന് കിടക്കുന്ന ഒരു റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ ഞങ്ങളൊരു കാഴ്ച കണ്ടു. മഞ്ഞുകണികകൾ ഊർന്ന് വീണു രൂപം പ്രാപിച്ച, മരത്തിൽ തൂങ്ങി കിടക്കുന്ന, വാൾ പോലെയുള്ള ഐസ്കഷ്ണങ്ങളാണ്. അതിൽ നിന്ന് ഒന്നെടുത്തു ഇത്തിരി വാൾ പയറ്റൊക്കെ പരീക്ഷിച്ചു മുന്നോട്ടു നടന്നു. ഡാമിന്റെ മുകളിലൂടെ എതിർവശത്തേക്ക് . ദൂരെ നിന്നും ഒരു കോട്ട ചൂണ്ടി കാണിച്ചു തന്ന് പറഞ്ഞ് അവിടേക്കാണ് നമ്മുടെ യാത്ര എന്ന് സൂരജ് സൂചിപ്പിച്ചു.
കുന്നു കയറി AD 1100 ൽ നിർമ്മിച്ച ഹിന്റർബർഗ് ( Hinterburg) കാസിൽനു ( കോട്ട ) അടുത്തെത്തി. വിജനമായിരുന്നു കോട്ട… സ്റ്റെപ് കയറി കോട്ടയുടെ മുകളിലേക്ക് വലിഞ്ഞു കയറി. വിസ്മയകരമായ ഒരു കാഴചയാണ് മുകളിൽ നിന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ആ പ്രദേശം മൊത്തം കാണാമായിരുന്നു അവിടെ നിന്ന് കൊണ്ട്. ഫോട്ടോയെടുപ്പും കഴിഞ്ഞു അവിടെ നിന്നിറങ്ങി താഴോട്ട്.. 2 മണിക്കൂറിലെറെ നടന്നു കഴിഞ്ഞു നല്ല ക്ഷീണത്തിലാണ് ഞാനും അൻവറും. സൂരജ് ആണെങ്കിൽ “പയർ” പോലെ എന്തിനും തയ്യാറായി നിൽക്കുന്നു. വീണ്ടും ദൂരെ ഒരു കോട്ടയും കൂടി അവൻ കാണിച്ചു പോകാമെന്ന് പറഞ്ഞത് സന്തോഷപൂർവ്വം ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു. സൂരജിന്റെ ഭാര്യയെ ഫോൺ ചെയ്തു കാറു വരുത്തി. അതിൽ തിരികെ വീട്ടിലേക്കു തിരിച്ചു.
ഒരു നഴ്സ് ആയിട്ടാണ് മറീന ജോലി ചെയ്യുന്നത്. പുതുതലമുറ ആയതിനാൽ ഇംഗ്ലീഷ് പരിജ്ഞാനം നല്ലപോലെ ഉള്ളത് കൊണ്ട് ഞങ്ങളുമായി ജർമ്മനിയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ഹിറ്റ്ലർനോടുള്ള അവരുടെ നീരസവും അവരുടെ വാക്കുകളിൽ പ്രകടമായിരുന്നു. കേരളത്തിലൊക്കെ വന്നിട്ടുണ്ട് അവർ . ആലപ്പുഴയാണ് അവർക്ക് കൂടുതൽ ഇഷ്ടപെട്ടത്. വീട്ടിൽ തന്നെയുണ്ടാക്കിയ പിസ്സയും കേക്കും കഴിപ്പിച്ചാണ് അവർ ഞങ്ങളെ യാത്രയാക്കിയത്. സൂരജിനോട് വീണ്ടും വരാമെന്നു ചട്ടം കെട്ടിയാണ് അവിടെ നിന്ന് തിരിച്ചത്. നേരെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി. അവിടെ നിന്നാണ് അടുത്ത രാജ്യമായ #ബെൽജിയത്തി ലേക്കുള്ള ഫ്ലിക്സ് ബസ് ബുക്ക് ചെയ്തിരിക്കുന്നത്. റെന്റിനടുത്ത കാറും തിരിച്ചു അവിടെ ഏൽപ്പിക്കണം. ഒരു മണിക്കൂറോളം എടുത്തു വിമാനത്താവളത്തിലെത്താൻ. കാറ് ഏജൻസിയിൽ ഏൽപ്പിച്ചു. അറൈവൽ ഹാളിന് പുറത്തുള്ള ബസ് സ്റ്റേഷനിലേക്ക് വെച്ച് പിടിച്ചു രാത്രി 10.30 നാണ് ബസ് അവിടെ നിന്നും ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിലേക്ക് പുറപ്പെട്ടത്.
രാവിലെ 5 മണിക്കാണ് ഇപ്പോൾ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിൽ ബ്രസീലിനെ തോൽപ്പിച്ച ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് ലെ നോർത്ത് ബസ് സ്റ്റേഷനിലെത്തിയത്. പൈഡ് പബ്ലിക് ടോയ്ലെറ്റിൽ കയറി ഒന്ന് ഫ്രഷ് ആയി. അവിടെ കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. പക്ഷെ, ബ്രസ്സൽസ് എന്നത് ചെറിയ പട്ടണം ആണെന്നും കൂടുതൽ കാണാനൊന്നും അവിടെയില്ല എന്നും നെറ്റിലൂടെ നോക്കിയപ്പോൾ മനസ്സിലായി. വൺഡേ പബ്ലിക് ട്രാൻസ്പോർട്ട് പാസും കൗണ്ടറിൽ നിന്നും വാങ്ങി.അവിടെ നിന്ന് തന്നെ അവിടെത്തെ പ്രധാന ടൂറിസ്റ്റു സ്പോട്ട് ആയ ബെൽജിയം റോയൽ പാലസ് കാണാനായി മെട്രോ കയറി. ഗയർ മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി.
ഒരു പബ്ലിക് പാർക്കിന്റെ താഴെയാണ് മെട്രോ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. ആ പാർക്കിൽ ഒന്ന് വട്ടം കറങ്ങി. അതിന് ചുറ്റുമാണ് ബെൽജിയം രാജകീയ സൗധങ്ങളെല്ലാം ഉള്ളത്. പാലസിന്റെകത്തേക്കുള്ള പ്രവേശനം ജൂലൈ മുതൽ സെപ്റ്റംബർ വരേയുള്ളു എന്നറിയാൻ കഴിഞ്ഞു. പാലസിന്റെ മുൻവശത്ത് ഒരു മാർച്ച് പരേഡ് നടക്കുന്നുണ്ടായിരുന്നു. സൈക്കിൾ ഒരു യാത്ര വാഹനം തന്നെയാണ് അവിടെ, അതിനായി പ്രേത്യേക ട്രാക്കും പാർക്കിങ് സ്റ്റാന്റുകളും ഒരുക്കിയിട്ടുണ്ട്. ട്രാം സർവീസ് തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു. ഒരു ട്രാമിൽ കയറി സിറ്റി മൊത്തമൊന്ന് കാണാമെന്നു തീരുമാനിച്ചു. സിറ്റി ഉണർന്നു വരികയാണ്. പക്ഷെ സഹിക്കാനാവാത്ത തണുപ്പാണ് പുറത്ത്. തലേന്ന് ശരിക്ക് ഉറങ്ങാത്തത്തിന്റെ ക്ഷീണവും ഉണ്ട് . പോകുന്ന വഴിയിൽ വെച്ച് ലോഹത്തിൽ നിർമ്മിച്ച “മെനെക്കെൻ പിസ്”(ഒരു കുട്ടി മൂത്രം ഒഴിക്കുന്ന പ്രതിമ ) എന്ന ശിൽപ്പവും കാണാൻ കഴിഞ്ഞു. യാത്ര ക്ഷീണം അതിന്റെ മൂർദ്ധനത്തിൽ എത്തിയതിനാൽ ഇനി ഒന്നും കാണണ്ട എന്ന് തീരുമാനിച്ചു നേരെ ബസ്സ് പിടിച്ചു ബ്രസ്സൽസ് സർവന്റേം ഇന്റർ നാഷണൽ എയർപോർട്ട് ലക്ഷ്യമാക്കി പുറപ്പെട്ടു. പോകുന്ന വഴിയിൽ പ്രസിദ്ധമായ ബ്രസ്സൽസ് ഉച്ചകോടി നടക്കാറുള്ള വലിയ കെട്ടിടങ്ങളും പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളും കാണാമായിരുന്നു. എയർ പോർട്ടിലേക്കുള്ള വഴിയിലെല്ലാം ആയുധ സജ്ജരായി സൈനികരെ കാണാൻ കഴിഞ്ഞു. ടെർമിനലിൽ അകത്തു കയറിയപ്പോഴാണ് 2016ൽ നടന്ന എയർപോർട്ട് തീവ്രവാദി ആക്രമണത്തിന്റെ വാർഷികമാണ് ഇന്നെന്നും അതിനാലാണ് സുരക്ഷ കർശനമാക്കിയെതെന്നും അറിയാൻ കഴിഞ്ഞത്.
ടെർമിനലിനകത്തു അന്ന് മരണപ്പെട്ട 35 പേർക്ക് മറ്റു യാത്രക്കാർ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവിടെ നിന്ന് കുറച്ച് പൂക്കൾ വാങ്ങി അവർക്ക് വേണ്ടി ആദരാജ്ഞലികൾ അർപ്പിച്ചു ദുബായിലേക്കുള്ള വിമാനം കയറാനായി അകത്തേക്ക് കയറി..
തൽക്കാലം യൂറോപ്പ് യാത്രക്ക് വിരാമം കുറിക്കുകയാണ്. പക്ഷെ, സഞ്ചാരം അവസാനിക്കുന്നില്ല!