ലേഖനം എഴുതി തയ്യാറാക്കിയത് – Rishi Das.
ഏതാനും ദിവസം മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടുകിട്ടിയത് . കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെ ന്ന അഭ്യൂഹങ്ങൾ പരന്നു. രണ്ടു ദിവസം മുൻപ് ആ ശവപ്പെട്ടി തുറന്നു പരിശോധിച്ചപ്പോൾ അതിനുള്ളിൽ അലസ്ക്സാൻഡറുടെ ഭൗതിക അവശിഷ്ടമല്ല ഉള്ളെതെന്ന നിഗമനത്തിൽ പുരാവസ്തു വിദഗ്ധർ എത്തി . അതിനുള്ളിലുള്ളത് അലക്സാൻഡറുടെ കാലത്തിനു ശേഷം ഈജിപ്റ്റ് ഭരിച്ച ഗ്രീക്കോ-ഈജിപ്ഷ്യൻ ഭരണവ്യവസ്ഥയിലെ ഏതോ പ്രമുഖരുടേതാണെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .
എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു . എങ്ങിനെയാണ് ബാബിലോണിൽ വച്ച് ദിവംഗതനായ അലക്സാൻഡറുടെ മൃതശരീരം ഈജിപ്തിൽ എത്തുന്നത്. അങ്ങിനെയുള്ള വാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനം എന്താണ് . പൗരാണിക ചരിത്രത്തിലെ ചില ദുരൂഹതകളിലേക്ക് ചികഞ്ഞു നോക്കിയാലേ അതിനുളള ഉത്തരം ലഭിക്കൂ .
ബി സി ഇ 323 ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിയയിൽ വച്ച് മരണപ്പെട്ടു . അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട് . അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട് . അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു . അമിതമദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെടുന്നത് .
അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല ..അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ”ഏറ്റവ്വും ശക്തന്” എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് ( Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (”Krateroi” ) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു .
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കാസ്(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
മരണശേഷം അലക്സാൻഡറുടെ ഭൗതിക ശരീരം ഒരു വലിയ ശവമഞ്ചത്തിൽ എംബാം ചെയ്തു സൂക്ഷിച്ചു . ഈജിപ്തിലെ സിവ പ്രദേശത്തു തന്റെ ശവ കുടീരം പണിയണം എന്നായിരുന്നു അലക്സാൻഡറുടെ അഭിലാഷം ഈജിപ്ഷ്യൻ ദേവനായ അമ്യുണിനെ ആണ് അലക്സാൻഡർ തന്റെ ഇഷ്ടദേവനായി കണ്ടിരുന്നത്. അമ്യുണ് ദേവന്റെ വലിയൊരു ക്ഷേത്രം ഈജിപ്തിലെ സിവ മരുപ്പച്ചയിൽ ഉണ്ടായിരുന്നു . അതായിരുന്നു അലക്സാൻഡറുടെ ആഗ്രഹത്തിന്റെ നിദാനം .
പക്ഷെ അലക്‌സാണ്ടറുടെ ആ അഭിലാഷം നിറവേറ്റാൻ അദ്ദേഹത്തിന്റെ മിക്ക പടനായകർക്കും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം സ്വദേശമായ മാസിഡോണിയയിൽ അടക്കം ചെയ്യാൻ തന്നെ അവർ തീരുമാനിച്ചു . വലിയ ഒരു അകമ്പടി സൈന്യത്തോ ടൊപ്പം അലക്സാൻഡറുടെ ഭൗതിക ശരീരം ബാബിലോണിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മാസിഡോണിലേക്ക് അയക്കകപ്പെട്ടു
അലക്സാൻഡറുടെ ജനറൽമാരിൽ പ്രധാനിയും ,അപ്പോഴേക്ക് ഈജിപ്തിന്റെ അധിപ നുമായ ടോളമി ക്ക് പക്ഷെ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു . അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്റ്റ് ൽ തന്നെ അടക്കം ചെയ്തശേഷം അലക്സാൻഡറുടെ ശരിക്കുളള പിന്തുടർച്ചാവകാശിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ടോളമിയുടെ ഉദ്ദേശം . ടോളമി യുടെ സൈനികർ സിറിയയിൽ വച് അലക്സാൻഡറുടെ ശവമഞ്ചം തട്ടിയെടുത്തു . അനുഗമിച്ച സൈനികരെ പണം കൊടുത്തു പാട്ടിലാക്കിയാണ് ടോളമി ആ തട്ടിയെടുക്കൽ നടത്തിയത് എന്നും പറയപ്പെടുന്നു . എന്തായാലും അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്തിലെത്തി .
.
ടോളമി അലക്സാൻഡറുടെ ഭൗതിക ശരീരം മെംഫിസിൽ കുറച്ചുകാലം സൂക്ഷിച്ചശേഷം അലക്സാൻഡ്രിയയിൽ തന്നെ ഒരു ഗംഭീരമായ ശവകുടീരമുണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു . ഈജിപ്തിൽ എത്തിയെങ്കിലും സിവ മരുപ്പച്ചയിൽ അന്ത്യ വിശ്രമം കൊള്ളണമെന്ന അലക്സാൻഡറുടെ ആഗ്രഹം അങ്ങിനെ നടക്കാതെ പോയി . നൂറ്റാണ്ടുകൾ നിലനിന്നശേഷം അലക്സാൻഡറുടെ ശവകുടീരം ചരിത്ര രേഖകളിൽ നിന്നും അപ്രത്യക്ഷമായി . ഒരു പ്രകൃതി ദുരന്തത്തിൽ ആ കുടീരം ഭൂമിക്കടിയിൽ അകപ്പെട്ടു എന്നാണ് ഒരു പ്രബല വിശ്വാസം .
സാമ്രാജ്യ വിഭജന സമയത് അലക്സാൻഡറുടെ പിറക്കാനിരിക്കുന്ന കുട്ടിക്ക് ആയിരിക്കണം സാമ്രാജ്യത്തിന്റെ അവകാശം എന്ന ധാരണ ഉണ്ടായിരുന്നു . ജനിച്ചപ്പോൾ ആ കുട്ടിയെ അലക്സാൻഡർ നാലാമൻ എന്ന് നാമകരണവും ചെയ്തു. അലക്സാൻഡർ നാലാമൻ പ്രായപൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ സംരക്ഷണം അലക്സാൻഡറുടെ ജനറൽമാരായ ആന്റിപെറ്ററും പുത്രൻ കസാൻഡറും വഹിക്കണം എന്നായിരുന്നു . കരാർ . പക്ഷെ ഏതാനും വർഷങ്ങൾക്കകം അലക്സാൻഡറുടെ ജനറൽമാർ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു . കസാൻഡർ ഗ്രീസിലെ തന്റെ സ്ഥാനം ഉറപ്പിക്കാനായി അലക്സാണ്ടറുടെ ‘അമ്മ ഒളിംപിയാസിനെയും പത്നി റോക്‌സാനയെയും പുത്രൻ അലക്സാൻഡർ നാലാമ നെയും സൂത്രത്തിൽ വകവരുത്തി . അലക്സാൻഡറുടെ മരണത്തിന് പത്രണ്ടു് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളെയെല്ലാം അദ്ദേഹത്തിന്റെ അനുചരർ വകവരുത്തിയിരുന്നു .