നമ്മുടെ പലരുടെയും ഇഷ്ട വളര്‍ത്തു മൃഗമാണ് പൂച്ച. ചിലർ കുട്ടികളെപ്പോലെയാണ് പൂച്ചകളെ വളർത്തുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ അംഗത്തെക്കാളും അധികാരത്തോടെയാണ് ഇവ മിക്ക വീടുകളിലും ജീവിക്കുന്നത്. എന്നാല്‍ പൂച്ചകളെ ആരാധിക്കുന്ന ഒരു അമ്പലം തന്നെ ഉണ്ടെന്ന് കേട്ടാലോ. കൗതുകം തോന്നുമല്ലെ. എന്നാല്‍ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളുടെ വിഗ്രഹം വെച്ച് ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.
1,000 വര്‍ഷങ്ങള്‍ക്കു മുമ്ബ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിനുശേഷം ഗ്രാമത്തിന്റെ രക്ഷക്കായി ദേവി പൂച്ചയുടെ രൂപത്തില്‍ ഇവിടെ കുടികൊണ്ടു എന്നുമാണ് ഇവരുടെ വിശ്വാസം. പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ പൂച്ചകള്‍ക്കായി അമ്ബലവും പണിതത്.

ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ പ്രത്യേക പൂജ നടക്കുന്നത്. ഈ ദിവസത്തില്‍ ഗ്രാമത്തിലെ മിക്ക ആളുകളും പൂജകള്‍ നടത്താനായി ഇവിടെ എത്തിച്ചേരാറുണ്ട്. കൂടാതെ ഇവിടെ പൂച്ചയെ ഉപദ്രവിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും.
ഗ്രാമത്തിലെ മിക്ക വീടുകളിലും പൂച്ചയെ വളര്‍ത്തും എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ ഗ്രാമത്തില്‍ ആരെങ്കെലും പൂച്ച ചത്തുകിടക്കുന്നത് കണ്ടാല്‍ അതിനെ സംസ്കരിക്കാതെ പോകരുത് എന്നുള്ളത് ഇവിടുത്തെ മറ്റൊരു അലിഖിത നിയമമാണ്. പൂച്ചയെ ആരാധിക്കുന്നതിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് മങ്കാമാ ഉത്സവവും സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് നാലു ദിവസം നീണ്ട നില്‍ക്കുന്ന ഉത്സവവും പ്രത്യേക പൂജകളുമുണ്ടാകും.
എങ്ങനെയുണ്ട് സംഭവം? വളരെ കൗതുകകരമാണ് അല്ലെ? ഇതുപോലെ ധാരാളം ആചാരങ്ങൾ നിലനിൽക്കുന്ന നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. എന്തിനേറെ പറയുന്നു, നമ്മുടെ കേരളത്തിലും ചിലയിടങ്ങളിൽ ഇതുപോലുള്ള വ്യത്യസ്തമായ ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം ഒരു സമൂഹത്തിന്റെ വിശ്വാസമാണ്. അതിൽ കൈകടത്താതിരിക്കുന്നതല്ലേ എല്ലാവര്ക്കും നല്ലത്. ഓരോരുത്തർക്കും ഓരോരുത്തരുടെയും വിശ്വാസങ്ങളുണ്ട്. അത് അവരെ രക്ഷിക്കട്ടെ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog