പരസ്പരം നേരിൽ കാണാത്ത ആറു പെൺ സുഹൃത്തുക്കളുടെ ശ്രീലങ്ക യാത്ര…

വിവരണം – റൂബി മിർഷാദ്.

ഫേസ്ബുക്കിലെ ഒരു ഫുഡ്‌ ഗ്രൂപ്പിൽ പരിചയപ്പെട്ട ഉറ്റ സുഹൃത്തുക്കളയി മാറിയ ഏഴുപേർ ഒന്നിച്ചൊരാഗ്രഹം പറയുന്നു ഒരു യാത്ര പോവണം..നാലു മാസങ്ങൾക്കു മുൻപ് ഞങ്ങൾ സ്വപ്നം കണ്ട് തുടങ്ങി.. എവിടെപോവണം പലസ്ഥലങ്ങളും ചർച്ചയിൽ വന്നു .. ഒരേപോലെ ചിന്തിക്കുന്നത് കൊണ്ടാവണം എല്ലാവരുടെയും മനസിലേക്ക് ശ്രീലങ്ക കേറിക്കൂടിയത് . സഞ്ചാരിയിലെ ശ്രീലങ്കൻ യാത്രയുടെ വിവരണങ്ങൾ വായിച്ചും യൂട്യൂബിൽ മേഞ്ഞും ആ സ്വപ്‌നങ്ങൾക്ക് മാറ്റുകൂട്ടാൻ തുടങ്ങി…. നേരെ ഗൂഗിൾ അമ്മച്ചിയെ സാഷ്ടാംഗം പ്രണമിച്ചു തപ്പി തിരഞ്ഞു പോവേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് വച്ച് ഒരു പ്ലാൻ ഉണ്ടാക്കി… കൂടെ വരുന്ന സുഹൃതു സുമിയുടെ എക്സ് കോളീഗ് നുസ്റാൻ ഒരു ശ്രീലങ്കക്കാരാനായിരുന്നു അദ്ദേഹം ഇപ്പോൾ സ്വന്തം നാട്ടിൽ Heart attached group എന്ന പേരിൽ ടൂറിസം പ്രൊമോട്ട് ചെയ്യുന്നു എന്നു കേട്ടതോടെ അദ്ദേഹതെ കോൺടാക്ട് ചെയ്ത് ഞങ്ങടെ പ്ലാൻ പറഞ്ഞു… നാലു നൈറ്റ്‌ ത്രീ ഡേയ്‌സ് അതില് കാണാവുന്ന സ്ഥലങ്ങൾ വച്ചു അദ്ദേഹം ഞങ്ങളുടെ പ്ലാനിൽ ചില തിരുത്തലുകൾ നടത്തി ഒരു പാക്കേജ് (റൂം, breakfast, വണ്ടി, ഡ്രൈവർ, ഒരു സിം അടക്കം )റെഡിയാക്കിതരാം എന്നേറ്റു… ഇനി
വീട്ടിൽ അവതരിപ്പിക്കണം എല്ലാർക്കും സംശയം ഉണ്ടായിരുന്നു ഫേസ്ബുക്കിൽ പരിചയപെട്ട പെൺ സുഹൃത്തുക്കൾ അതും ഇതുവരെ കാണാത്ത ആറുപേർ (ഒരാൾക്ക് വരാൻ സാധിച്ചില്ല ) ഒരു യാത്ര പോവുന്നു എന്നു പറയുമ്പോൾ. … അത്രമേൽ ആഗ്രഹിച്ചത് കൊണ്ടാവും ഭർത്താക്കന്മാരുടെ ഗ്രീൻ സിഗ്നൽ കിട്ടിയത്.. തുടക്കം മുതൽ ഒടുക്കം വരെ അവരുടെ സപ്പോർട്ട് ഉണ്ടായിരുന്നു…

ഇനി ടിക്കറ്റ് എടുക്കണം … നേരത്തെ എടുത്തില്ലേൽ ടിക്കറ്റ് റേറ്റ് കുത്തനെ കൂടുമെന്നുള്ളത് കൊണ്ട് വേഗം അക്കാര്യത്തിൽ തീരുമാനമാക്കി … വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് എയർപോർട്ടിൽ വണ്ടി വരും … അപ്പോഴേക്കും എത്തുന്ന രീതിയിൽ ആണ് എല്ലാവരും ഫ്ലൈറ്റ് ബുക്ക് ചെയ്തത്… സൗദിയിൽ നിന്നു രാത്രി ഏഴരക്ക് കേറിയാൽ പുലർച്ചെ 4.20നു അവിടെ എത്താം … എന്നാൽ മൂന്നു മാസം മുൻപ് ബുക്ക്‌ ചെയ്തിരുന്ന എന്റെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത വിവരം രണ്ടാഴ്ച മുൻപ് ആണ് ശ്രീലങ്കൻ എയർലൈൻസ് വിളിച്ചു പറഞ്ഞത്… സ്‌മൃതിക്കും അന്നേ ദിവസം ഫ്ലൈറ്റ് ഇല്ലാത്തതു കാരണം തലേന്ന് ശ്രീലങ്കയിൽ എത്തുന്ന ഫ്ലൈറ്റ് അവള് നേരത്തെ ബുക്ക്‌ ചെയ്തിരുന്നു അവൾക്ക് കൂട്ടായി രശ്മി ഷാർജയിൽ നിന്നും എത്താമെന്നേറ്റു. രണ്ടു പേർക്കും വേണ്ടി നുസ്ററാൻ എയർപോർട്ടിനടുത് റൂം അറേഞ്ച് ചെയ്തു കൂടാതെ എയർപോർട്ടിൽ ഡ്രൈവർ വന്ന് പിക് ചെയ്യും പിറ്റേന്ന് മോർണിംഗ് അവരെ എടുക്കാനും ഏർപ്പാടാക്കി… എന്റെ ഫ്ലൈറ്റ് ക്യാൻസൽ ആയതു കൊണ്ട് അതിനു മുൻപത്തെ ദിവസം അതെ സമയത്തുള്ള ശ്രീ ലങ്കൻ എയർലൈൻസ് ലേക്ക് അവര് തന്നെ മാറ്റി തന്നു… അങ്ങനെ നുസ്ററാൻ ഒരു ട്രിപ്പിൾ റൂം പെട്ടെന്ന് അറേഞ്ച് ചെയ്തു. രാവിലെ നേരത്തെ ചെക് ഔട്ട്‌ ചെയ്യണം അതുകൊണ്ട് ഇൻക്ലൂഡെഡ് ആയിട്ടുള്ള ബ്രേക്ക്‌ ഫെസ്റ്റിനു പകരം ഡിന്നർ തരാൻ അവര് സൗമനസ്യം കാണിച്ചു…

അങ്ങനെ വ്യാഴാഴ്ച രാത്രി ഏഴരയോടെ ശ്രീലങ്കൻ എയർലൈൻസ് ൽ സൗദിയിൽ നിന്നും രാവണന്റെ ലങ്കയിലോട്ട് … ആരെയും ഞാൻ മുൻപ് കണ്ടിരുന്നില്ല. ആദ്യമായിട്ട് അവരെ കാണുന്നതിന്റെ ത്രില്ലും യാത്രയുടെ അനുഭവങ്ങൾ ഒക്കെ ഓർത്തപ്പോൾ ഫ്ലൈറ്റിൽ ഉറങ്ങാൻ സാധിച്ചില്ല… പുലർച്ചെ ചെറിയ ചാറ്റൽ മഴയോടെ ലങ്കയിൽ ഇറങ്ങി … ബന്ദാര നായകെ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പുഞ്ചിരിയോടെ എയർഹോസ്റ്റസ് മൊഴിഞ്ഞു ആയുബോവൻ . (സ്വാഗതം ). . കേറി വരുമ്പോഴേ കാണാം ബുദ്ധന്റെ ഒരു വലിയ പ്രതിമ.. എമിഗ്രേഷൻ നിൽ ഒരു ഫോം ഫിൽ ചെയ്ത് കൊടുക്കണം.. നമ്മൾ എന്തിനു വന്നു എത്ര ഡേയ്‌സ് കാണും ഇവിടെ എവിടെയാണ് നിക്കുന്നത് എന്നുള്ള ചോദ്യങ്ങളോടെ. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തോട്ടു ഇറങ്ങി. ഫ്രീ വൈഫൈ ഉള്ളത് കൊണ്ട് രശ്മിയെ എനിക്ക് കോൺടാക്ട് ചെയ്യാൻ പറ്റി. അവള് എയർ അറേബ്യയിൽ പത്തു മിനിറ്റ് എനിക്ക് മുൻപ് ഇറങ്ങിയിരുന്നു. ലഗേജ് കള്ക്ട് ചെയ്ത് അവളെയും കൂട്ടി എയർപോർട്ടിൽ തന്നെയുള്ള എക്സ്ചേഞ്ച് ലോട്ട്.

200 റിയാൽ ശ്രീലങ്കൻ rs ആക്കി ഏഴായിരത്തോളം ശ്രീലങ്കൻ രൂപ കിട്ടി .. ഡോളർ ഞാൻ സൗദിയിൽ നിന്നും ആക്കിയിരുന്നു. മാത്രമല്ല വിസയും പതിനഞ്ചു ദിവസം മുൻപ് എടുത്തു വച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ വിസ കിട്ടും ചെറിയ തുകയെ ഉള്ളൂ… ഇനി സിം എടുക്കണം. ഡയലോഗ് കമ്പനിയുടെ one month പ്ലാൻ സിം എടുത്തു .. കഫറ്റീരിയയിൽ കേറി ഒരു സാൻവിച്ചും ചായയും കുടിച്ചു എയർപോർട്ടിൽ ഇരുന്ന് ചെറിയൊരു മയക്കം.. 11. 30ക്ക് ലാൻഡ് ചെയ്യുന്ന സ്‌മൃതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇതിനിടയിൽ നുസ്ററാനെ വിളിച്ചു എത്തിയെന്നു അറിയിച്ചു. കൃത്യം 12മണിക്ക് വണ്ടിയും ഡ്രൈവറും പുറത്തു കാണുമെന്നു പറഞ്ഞു. 12നു ഞങ്ങൾ മൂന്ന് പേരും പുറത്തോട്ടു മനോഹരമായ ഗാർഡൻ ഒക്കെ കണ്ട് എയർപോർട്ട് നു പുറത്തു… നുസ്റാൻ ഗൈഡിന്റെ പേരും നമ്പറും വണ്ടിയുടെ നമ്പർ അടക്കം മെസ്സേജ് ചെയ്തിരുന്നു ഒരു മിനിറ്റ് പോലും ഞങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടിവന്നില്ല.. ഒരു പുഞ്ചിരിയോടെ രോഹൻ (ഞങ്ങടെ ഗൈഡ് )വന്നു പരിചയപെട്ടു .. നന്നായി ചിരിക്കാനറിയാവുന്ന നല്ലൊരു മനുഷ്യൻ … എയർപോർട്ട് നു അടുത്തായി 15മിനിറ്റുനുള്ളിൽ റൂം എത്തി… ഹോട്ടലിനു മുമ്പിൽ ഒരു ചില്ലുകൂടിൽ ബുദ്ധൻ പുഞ്ചിരി തൂകി നിക്കുന്നു…. അന്ന് ലഞ്ച് പുറത്തു നിന്നു കഴിച്ചു ഹോട്ടലിനു ചുറ്റും ഒന്ന് കറങ്ങി…നമ്മുടെ കേരളം തന്നെ തെച്ചിയും കോളാമ്പി പൂവും എന്തിനു നമ്മുടെ കമ്മ്യൂണിസ്റ്റ്‌പ്പ പോലും തഴച്ചു നിക്കുന്നു..

Day 2 :  കാലത്തു അഞ്ചരക്ക് തന്നെ രോഹൻ റെഡിയായി വന്നു. ഏഴെട്ടുപേർക്ക് സുഖമായി ഇരിക്കാനുള്ള ഒരു വണ്ടിയായിരുന്നു . വീണ്ടും എയർപോർട്ടിലേക്ക്. അന്നേ ദിവസം എത്തുന്ന ബാക്കി മൂന്ന് പേരെയും എയർപോർട്ട്ൽ നിന്നും പിക് ചെയ്യാൻ …എയർപോർട്ട്നു അകത്തേക്ക് കടക്കാൻ 300 ലങ്കൻ rs fee ഉണ്ട് ഞങ്ങൾ ലോൺ ൽ അവർക്ക് വേണ്ടി കാത്തു നിന്നു… ആദ്യം പുറത്തോട്ടു ഇറങ്ങിയത് അബുദാബിയിൽ നിന്നുള്ള പ്രസിയാണ്… ആറുമണിയോടെ ബാക്കി രണ്ട് പേർ (സുമി പ്രിയ ) വന്നു… ആദ്യമായി കാണുകയാണെന്നു ഞങ്ങൾക്ക് ആർക്കും തോന്നിയില്ല .. കഴുത്തിൽ ഹാരമണിയിച്ചു ഒരു ഗിഫ്റ്റ് ബാഗും തന്നു രോഹന്റെ സ്വത സിദ്ധമായ ചിരിയോടെ ഞങ്ങളെ Heart attached ഗ്രൂപ്പിന്റെ പേരിൽ വെൽക്കം ചെയ്തു .

അങ്ങനെ ഞങ്ങടെ സ്വപ്നയാത്ര തുടങ്ങുകയായി….. ഇന്നത്തെ ദിവസം പിനവാല, വില്ലേജ് ടൂർ സിഗ്രിയ റോക്ക് ആയിരുന്നു പ്ലാനിൽ ഉണ്ടായിരുന്നത്…. ബ്രേക്ക്‌ ഫാസ്റ്റ് വഴിയിൽ നിന്ന് കഴിച്ചു പിന്നവാലയിലോട്ട്… അവിടെ ആന സഫാരിയും ആന കുളിയും ചെറിയ ഒരു മ്യൂസിയവും ഉണ്ടായിരുന്നു… ജീവിതത്തിൽ ആദ്യമായാണ് ആനയെ കുളിപ്പിക്കുന്നത്… നല്ലൊരു അനുഭവം ആയിരുന്നു…അവിടന്നു സിഗ്രിയ യിലോട്ട് പോണ വഴി രോഹൻ പറഞ്ഞു നിങ്ങൾക്ക് ഒരു വില്ലജ് ടൂർ ഒരുക്കിയിട്ടുണ്ട് അവിടെ യാണ് നിങ്ങടെ ലഞ്ച്… ശരിക്കും ഗ്രാമീണ പശ്ചാത്തലമുള്ള ഒരു സ്ഥലം … റോഡിൽ നിന്ന് താഴോട്ടു മണ് വെട്ടിയ പാതയിലൂടെ ഒരു കാളവണ്ടി യാത്ര…. യാത്രയിൽ ഇടക്ക് ഞങ്ങളെ കൊണ്ട് ഓടിക്കുവാനും കാളവണ്ടിക്കാരൻ ധൈര്യം കാണിച്ചു… കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കാളവണ്ടികാരൻ ഒന്ന് നിർത്തി. എവിടുന്നൊക്കെയോ അഞ്ചാറു കുട്ടികൾ നേരത്തെ പറഞ്ഞുറപ്പിച്ചപോലെ ഓടി വന്നു നെൽകതിരും നമ്മടെ ചേമ്പരത്തി പൂക്കളും ഒക്കെ തന്നു.. വീണ്ടും മുന്നോട്ടു യാത്ര അവസാനിച്ചത് ഒരു തടാക കരയിൽ ആയിരുന്നു. തടാകം നിറയെ ആമ്പൽ പൂക്കൾ .. മൺപാതയുടെ അപ്പുറം ശരിക്കും സിനിമയിൽ ഒക്കെ കാണുന്ന പോലെ നീണ്ടു നിവർന്ന പാടങ്ങളും ഏറുമാടവും… ശരിക്കും സുന്ദര കാഴ്ച .. ദൂരെ തലയെടുപ്പോടെ സിഗ്രിയ റോക്ക് കാണുന്നുണ്ടായിരുന്നു…

ഇനി ബോട്ടിൽ ആണ് യാത്ര… ആദ്യം ചെറിയ തടാകം എന്നു തോന്നിച്ചെങ്കിലും പിന്നീട് അതിന്റെ വലുപ്പം മനസിലായി .. ബോട്ട് തുഴയുന്ന പയ്യന്മാരിൽ ഒരാൾ ആമ്പൽ കൂട്ടത്തിൽ എത്തിയപ്പോൾ ഇല വച്ച് ആമ്പൽ തൊപ്പിയുണ്ടാക്കി തന്ന് ഞങ്ങളെ രസിപ്പിച്ചു പൊന്നു.. ഇടയ്ക്ക് വെള്ളത്തിൽ കാലിടരുതെന്നും മുതല ഉണ്ടെന്നും ഓർമിപ്പിച്ചു .. കരയിൽ ചെറിയ ഒരു തോട്ടം പോലെ തോന്നിച്ചിടത്തു ബോട്ട് ചെന്ന് നിർത്തി… ചെറിയ മരപ്പാലം കടന്ന് ഉള്ളിലേക്ക് ചെന്ന് വലിയൊരു മുറ്റം അതില് ചെറിയ ഒരു മൺവീട്. നമ്മൾ മലയാളികൾക്ക് ആ മൺവീട് പുതുമയല്ല പഴയ കാലവീടുകൾക്ക് എല്ലാം അത്തരം ഒരു ചായ്പ് ഉണ്ടായിരുന്നു… അവിടെഞങ്ങൾക്ക് ഉള്ള ഉച്ചഭക്ഷണം രണ്ടു സ്ത്രീകൾ ഉണ്ടാക്കുന്നു… തോട്ടത്തിൽ ഒരു ഏറുമാടവും ചുറ്റും പേരയും പപ്പായയും എന്നു വേണ്ട കേരളത്തിൽ ലഭ്യമായതെല്ലാം വച്ച് പിടിപ്പിച്ചിട്ടുണ്ട്… ഇടക്ക് സ്ത്രീകളിൽ ഒരാൾ ഞങ്ങൾ ക്ക് ചിരട്ട യിൽ വെള്ളം കുടിക്കാൻ തന്ന്… അത് കഴിഞ്ഞു ഒരു ഓല നടുവിലേക്കിട്ട് മെടയൻ തുടങ്ങി.. ഞങ്ങൾ കേരളത്തിൽ ഇത് സാധാരണയാണെന്നും ഇവിടെ കാണുന്ന മിക്ക ഉപകരണങ്ങളും (അമ്മി, ഉരൽ, ഉലക്ക, മണ് കൂജ മുതലായവ )പരിചിത മാണെന്നും അവരെ പറഞ്ഞ് മനസിലാക്കിക്കാൻ നോക്കി അവർക്ക് മനസിലായോ എന്തോ…

അങ്ങനെ നമ്മടെ ബുഫെ സെറ്റപ്പ് ൽ ഊണ് റെഡിയായി … ഒരു ചൂരൽ തട്ടത്തിൽ താമരയില വിരിച്ചു അവരുടെ തന്നെ തോട്ടത്തിൽ കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങൾ വിളമ്പി… മീനും ഉണ്ടായിരുന്നു … അവസാനം പഴവർഗ്ഗങ്ങളും… അവിടൊക്കെ ചുറ്റി കണ്ട് ഭക്ഷണവും കഴിച്ചു വീണ്ടും ബോട്ടിലൂടെ തിരിച്.. മൺപാതയ്ക്കരികെ ഞങ്ങളെ കാത്തു രണ്ടു ഓട്ടോറിക്ഷകൾ… കേറികൊള്ളാൻ പറഞ്ഞ്.ഓടിക്കുന്നത് രണ്ടു പയ്യന്മാർ പിന്നീടങ്ങോട് മത്സരം ആയിരുന്നു.. മനസ് നിറഞ്ഞ് വയർ നിറഞ്ഞ് ഇനി സിഗ്രിയയിലോട്ട്…

സമയം ഒത്തിരി വൈകിയിരുന്നു വൈകുന്നേരം അഞ്ചു മണിയായി സിഗ്രിയയിൽ എത്തിയപ്പോൾ അവിടെത്തുമ്പോൾ എല്ലാരും തിരിച്ചിറങ്ങുന്നു രോഹൻ പോയി ടിക്കറ്റ് എടുത്തു കൊണ്ട് വന്നു ആറുമണി കഴിയുമ്പോൾ ഇരുട്ടിതുടങ്ങും വേഗം കേറിയിറങ്ങാൻ അവിടന്നു നിർദേശം കിട്ടി രണ്ടരമണിക്കൂർ എടുക്കും കേറിയിറങ്ങി വരാൻ 1200സ്റെപ്സ് കേറണം .. നമ്മുടെ ആരോഗ്യം ശരിക്കും പരീക്ഷിക്കുന്ന ഒരു സംഭവം തന്നെയാണ് സിഗ്രിയ എന്നു നിസ്സംശയം പറയാം… കൊച്ചു കുഞ്ഞുങ്ങളെ യൊക്കെ കൊണ്ട് റോക്ക് ഇറങ്ങിവരുന്ന അമ്മമാരെ കാണുമ്പോൾ അത്ഭുതം തോന്നി…

സിഗ്രിയയെ കുറിച്ച് ചെറിയൊരു ചരിത്രം രോഹൻ തന്നിരുന്നു… സഹോദരൻ മൊഗെല്ലണ്ണന്റെ തിരിച്ചു വരവിനെയും പ്രതികാരത്തെയും ഭയന്നു കശ്യപ രാജാവ് സുരക്ഷിതസ്ഥാനമായി കണ്ട് പണിതതാണ് ഈ കൊട്ടാരസമുച്ചയം.. പിന്നീട് കശ്യപ രാജാവിന്റെ സ്വന്തം സൈന്യം അദ്ദേഹത്തെ ഉപേക്ഷിക്കുകയും സ്വന്തം വാളാൽ മരണപ്പെടുകയുമായിരുന്നു… പിതാവ് ധാതുസേന രാജാവിന്റെ ബഹുമാനാർത്ഥം അദ്ദേഹം തുടങ്ങിവച്ചതു പൂർത്തിയാക്കുക മാത്രമാണ് കശ്യപ രാജാവ് ചെയ്തതെന്നും മറ്റൊരു കഥ.

സിംഹദ്വാരത്തിലൂടെ ഞങ്ങൾ അകത്തോട്ടു…ഇടയ്ക്ക് തളർന്നു പോയെങ്കിലും തലയെടുപ്പോടെ നിക്കുന്ന റോക്ക് ലേക്ക് ഊർജസ്വലതയോടെ ..
ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചകൾ ചിത്രങ്ങൾ പറയട്ടെ… തിരിച്ചിറങ്ങുമ്പോൾ ഞങ്ങള് ആറു പേരല്ലാതെ അരും ഉണ്ടായിരുന്നില്ല… ചില പട്ടികൾ ഇടയ്ക്കിടെ സ്റെപ്സ് നിടയിലൂടെ ഇറങ്ങി പോകുന്നു… സുമി യുടെ മൊബൈലിന്റെ ടോർച് വെളിച്ചത്തിൽ താഴോട്ട്… ശക്തമായ കാറ്റും… താഴോട്ടിറങ്ങിയപ്പോൾ രോഹൻ ഞങ്ങളെ അത്ഭുതത്തോടെ നോക്കി ഒന്നര മണിക്കൂർ കൊണ്ട് ഇറങ്ങി വരാൻ പറ്റിയോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം… അന്നേദിവസം സിഗ്രിയ യിൽ തന്നെ ഒരുക്കിയിരിക്കുന്ന കോട്ടേജിലേക്ക്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply