വിവരണം – Ignatious Enas.
കെനിയയിൽ മസായി മാര കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ബെറിംഗോ തടാകം. മനോഹരമായ ലാൻഡ്സ്കേപ്പും വിവിധതരം പക്ഷികളും ഒക്കെയായി വീണ്ടും വീണ്ടും പോകാൻ പ്രേരിപ്പിക്കുന്നയിടം. ബെറിംഗോ ഒരു ശുദ്ധജല തടാകവും ബോഗോറിയ ക്ഷാരജല തടാകവുമാണ്. ഇവരണ്ടും റിഫ്ട് വാലിയിൽ അടുത്തടുത്തായി ആണുള്ളത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ നിന്നും ഏകദേശം 350 കിലോമീറ്റര് ദൂരമുണ്ട്. വരണ്ട ഭൂപ്രകൃതിയുള്ള ഈ സ്ഥലങ്ങളിൽ നീണ്ടു പരന്നു കിടക്കുന്ന സൈസാൾ തോട്ടങ്ങൾ ധാരാളമായി കാണാം.
ഗൂഗിൾ മാപ്പൊക്കെ നോക്കിയുള്ള ആദ്യത്തെ ബോഗോറിയയിലേക്കുള്ള യാത്ര മറക്കാൻ പറ്റാത്ത ഒന്നാണ്. കുറഞ്ഞ ദൂരം നോക്കിപോയ ഞങ്ങൾ പെട്ടു എന്ന് പറഞ്ഞാൽ മതി. നക്കുറു എന്ന സ്ഥലം വരെ അടിപൊളി റോഡ് ആയിരുന്നു. പിന്നെ മാപ്പ് പ്രകാരം ഞങ്ങൾ ഒരു ചെറിയ വഴിയിലേക്ക് തിരിഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾത്തന്നെ ടാറിട്ട റോഡ് അവസാനിച്ചു. മാപ്പുനോക്കിയുള്ള യാത്രയിൽ വഴി തെറ്റിയോ എന്നൊരു സംശയം. ചോദിക്കാനാണെങ്കിൽ ഒരു മനുഷ്യനെയും കാണുന്നില്ല. വിജനമായ കാടുകൾ മാത്രം.എന്തായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
കുറേകൂടി പോയപ്പോൾ ഒരു പ്രായമായ ചേട്ടൻ നടന്നു പോകുന്നു. ചേട്ടന് ഇംഗ്ലീഷ് ഒരു വശവുമില്ല. ഞങ്ങൾക്ക് സ്വാഹിലിയും. എന്തായാലും ബെറിംഗോ ബോഗോറിയ എന്നൊക്കെ പറഞ്ഞത് ഏറ്റു. പിന്നെ യൂണിവേഴ്സൽ ലാംഗ്വേജ് ആയ ആംഗ്യഭാഷയും ഉണ്ടല്ലോ 🙂 ചേട്ടനും ഞങ്ങളുടെ കൂടെ കാറിൽ കുറെ ദൂരം വന്നു.പല സ്ഥലത്തും റോഡ് തന്നെ ഇല്ലെന്നു പറയാം. അടിക്കടി ഉണ്ടാകുന്ന മലവെള്ള പാച്ചിലിൽ റോഡുകൾ അപ്രത്യക്ഷമാകുന്നത് ഇവിടെ സാധാരണമാണ്. എന്തായാലും രണ്ടു മണിക്കൂർ യാത്രക്ക് ശേഷം തടാകം കണ്ടു. അപ്പോഴാണ് എല്ലാവര്ക്കും ശ്വാസം നേരെ വീണത്. പാർക്കിന്റെ എൻട്രൻസിൽ ചോദിച്ചപ്പോഴാണ് അറിയുന്നത് വളരെ നല്ല ടാറിട്ട വേറെ റോഡ് ഉണ്ടത്രേ. എന്നാൽ ദൂരം കുറച്ചു കൂടും. എന്തായാലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് ഈ യാത്ര സമ്മാനിച്ചത്.
ലോകത്തു ഏറ്റവും കൂടുതൽ ഫ്ലെമിഗോ പക്ഷികൾ ഉള്ള തടാകങ്ങളിൽ ഒന്നാണ് ബോഗേറിയ. ചില സമയങ്ങളിൽ ഈ പക്ഷികൾ ഇവയുടെ ഭക്ഷണമായ ആൽഗകളുടെ ലഭ്യത അനുസരിച്ചു കെനിയയിൽ തന്നെയുള്ള നക്കുറു തടാകത്തിലേക്ക് പോകാറുണ്ട്. ഈ പക്ഷികളെ കൂടാതെ ഇവിടെയുള്ള നീരുറവകളും പ്രശസ്തമാണ്. ഈ ചൂട് വെള്ളത്തിൽ മുട്ട പുഴുങ്ങുന്ന പലരെയും കാണാൻ സാധിക്കും.
20 കിലോമീറ്റര് മാറിയാണ് ബെറിംഗോ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് തരുന്നത്. തടാകത്തിനോട് ചേർന്നുള്ള സോയി സഫാരി ലോഡ്ജ് വളരെ മനോഹരവും മറക്കാൻ പറ്റാത്ത ദൃശ്യഭംഗിയുമാണ് പകർന്നു തരുന്നത്. ഇവിടുത്തെ പുലർകാല കാഴ്ച അവർണനീയം തന്നെ. തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിൽ ധാരാളം നീരുറവകൾ കാണുവാൻ കഴിയും. ഇവിടെ 470 തരം പക്ഷികൾ ഉണ്ടത്രേ. തടാകത്തിൽ കൂടിയുള്ള ബോട്ടുയാത്രയിൽ പലതരം പക്ഷികളെ കാണുവാൻ സാധിക്കും.
ഞങ്ങളുടെ ആദ്യത്തെ ബോട്ടു യാത്രയിൽ ഗൈഡ് ആയ സിൽവേർസ്റ്റർ അവിടെ പുള്ളി വിളിച്ചാൽ വരുന്ന ഒരു മുതല ഉണ്ടെന്നു പറഞ്ഞു. ഇങ്ങിനെയുള്ള പല നമ്പറുകളും കണ്ടിട്ടുള്ളതിനാൽ ഞങ്ങൾ ആരും തന്നെ അത് വിശ്വസിച്ചില്ല. പുള്ളി കുറെ വിസിൽ ഒക്കെ അടിച്ചു നോക്കി. മുതലയൊന്നും വരാത്തതിനാൽ, മുതലക്കു വിശക്കുന്നുണ്ടാകില്ല, പോകാം എന്നും പറഞ്ഞു തിരിഞ്ഞപ്പോൾ വെള്ളത്തിൽ ചെറിയൊരു അനക്കം. അതാ ഒരു ചെറിയ മുതല. പിന്നെ ചേട്ടൻ കുറച്ചു ബ്രെഡ് ഒക്കെ ഇട്ടു കൊടുത്തു. വളരെ കുഞ്ഞായിരിക്കുമ്പോൾ ഈ മുതലക്കു അപകടം പറ്റുകയും , അവിടുന്ന് രക്ഷിച്ചു തടാകത്തിൽ വിടുകയും ചെയ്തതാണത്രേ. ഈ സംഭവത്തിന് ശേഷം അവിടെ പോകുമ്പോഴെല്ലാം സിൽവേർസ്റ്റർ ആയിരുന്നു ഞങ്ങളുടെ ഗൈഡ്. എന്നാൽ 2015ൽ പനി കൂടിപ്പോയി സിൽവേർസ്റ്റർ ഇഹലോഹവാസം വെടിഞ്ഞു.
ബെറിംഗോ തടാകത്തിന്റെ കവാടത്തിനോട് ചേർന്ന് പാമ്പുകളുടെ ഒരു ചെറിയ പാർക്കുണ്ട്. ബ്ലാക്ക് മാമ്പ, മൂർഖൻ, പെരുമ്പാമ്പ് എന്നിവയെ ഒക്കെ കാണാൻ സാധിക്കും. മത്സ്യബന്ധനം ആണ് ഇവിടെയുള്ളവരുടെ ജോലി. Njemps എന്നൊരു പ്രത്യേക വർഗക്കാരെ ഇവിടെ കാണാം. വളരെ കനം കുറഞ്ഞ ഒരുതരം കമ്പുപയോഗിച്ചു ഇവർ ഫിഷിങ് ബോട്ടുകൾ ഉണ്ടാക്കുന്നു. മറ്റൊരു വരുമാന മാർഗം തേൻ ആണ്. ഇവിടെയുള്ള മരങ്ങളിലെല്ലാം തേൻകൂടുകൾ തൂക്കി ഇട്ടിരിക്കുന്നത് കാണാം. ഒരിക്കൽ ഞാനും സുഹൃത്ത് പ്രശാന്തും കൂടി കുറെ തേൻ റാകലുകൾ വാങ്ങുകയുണ്ടായി. വീട്ടിലെത്തി ഒരു തോർത്തുമെടുത്തു തേൻ പിഴിയൽ ആരംഭിച്ചു. നോക്കുമ്പോൾ നിറയെ ചത്ത ഈച്ചകൾ. കുറെ എടുത്തു കളഞ്ഞു. എന്നിട്ടും നിറയെ അവശേഷിക്കുന്നു. എന്തായാലും രണ്ടു കുപ്പി തേൻ പിഴിഞ്ഞെടുത്തു. എന്നാൽ പിഴിച്ചിൽ കഴിഞ്ഞപ്പോൾ ആർക്കും തേൻ വേണ്ട. അവസാനം ഓഫീസിലുള്ള കെനിയൻ കൂട്ടുകാർക്കു കൊടുക്കേണ്ടി വന്നു.
ഇക്വേറ്റർ (equator) ക്രോസിങ് അതുപോലെ രസകരമായ ഒരു സംഭവം ആണ്. ഭൂമധ്യ രേഖ ആണെന്ന് തെളിയിക്കാനായി ഒരു കപ്പു വെള്ളവും ഒരു കമ്പുമായി ചില ഡെമോൺസ്ട്രേഷൻ ഓക്കെ ഉണ്ട് . ഉത്തരാർദ്ധ ഗോളത്തിലും ദക്ഷിണാർദ്ധ ഗോളത്തിലും കാറ്റിന്റെ ദിശ വിപരീതം ആയിരിക്കുമത്രേ. ഒരു ഡോളർ കൊടുത്താൽ ഭൂമദ്ധ്യ രേഖ ക്രോസ് ചെയ്തു എന്നുപറഞ്ഞു ഒരു സര്ടിഫിക്കറ്റും എഴുതി തരും. കുറച്ചു വര്ഷങ്ങളായി ഈ പ്രദേശങ്ങളിൽ മഴ കൂടിയത് കാരണം ഇവിടെയുള്ള ആവാസ വ്യവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.അതുപോലെ പല നീരുറവകളും വെള്ളത്തിനടിയിൽ ആയിപ്പോകുകയും ചെയ്തു.