ബെംഗളൂരു∙ കേരള ആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും.
ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള ബസുകളുടെ സമയപ്പട്ടിക നേരത്തെ തയാറായിരുന്നെങ്കിലും തിരിച്ചു കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കുള്ള സർവീസുകളുടെ സമയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന കെഎസ്ആർടിസി ഉന്നതാധികാര യോഗത്തിലാണു സമയപ്പട്ടികയ്ക്കും റൂട്ടിനും അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് രാവിലെ ഒൻപത്, രാത്രി 9.30, 10.15, 12 സമയങ്ങളിലാണു ബസ് പുറപ്പെടുക. കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്ക് വെളുപ്പിന് 5.15, ഉച്ചയ്ക്കു 12.30, രാത്രി 7.30, 8.30 സമയങ്ങളിലാണു സർവീസ്.സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കിയതിനെ തുടർന്നാണു മലബാർ മേഖലയിലേക്കു കൂടുതൽ ബസുകൾ ആരംഭിക്കുന്നത്. ബന്ദിപ്പൂർ വനത്തിലെ രാത്രി യാത്രാ നിരോധനത്തെ തുടർന്നു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള രാത്രി സർവീസുകൾ ഏറെയും കുട്ട, മാനന്തവാടി വഴിയാണു നടത്തുന്നത്.
ഗതാഗത കരാർ പുതുക്കിയതോടെ കർണാടക ആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു മൂന്നു പുതിയ സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. രാത്രി എട്ടിനു കോഴിക്കോട് ഐരാവത് എസി (മൈസൂരു, കുട്ട, മാനന്തവാടി), എട്ടിനു തൃശൂർ ഐരാവത് എസി (മൈസൂരു, കുട്ട, മാനന്തവാടി, കോഴിക്കോട്), ഒൻപതിനു കോഴിക്കോട് ഐരാവത് എസി (മൈസൂരു, വിരാജ്പേട്ട്, തലശ്ശേരി, വടകര വഴി) ബസുകളാണു പുതുതായി സർവീസ് ആരംഭിച്ചത്.
പുതിയ ബസുകളുടെ സമയവും റൂട്ടും
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക്
രാവിലെ ഒൻപത്: (മൈസൂരു, ഗുണ്ടൽപേട്ട്, ബത്തേരി വഴി)
രാത്രി 9.30: (മൈസൂരു, കുട്ട, മാനന്തവാടി വഴി)
രാത്രി 10.15: (മൈസൂരു, കുട്ട, മാനന്തവാടി വഴി)
രാത്രി 12: (മൈസൂരു, ഗുണ്ടൽപേട്ട്, ബത്തേരി വഴി)
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക്
രാവിലെ 5.15 (ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂരു)
ഉച്ചയ്ക്ക് 12.30: (ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂരു)
രാത്രി 7.30 (മാനന്തവാടി, കുട്ട, മൈസൂരു)
രാത്രി 8.30 (മാനന്തവാടി, കുട്ട, മൈസൂരു)
Source – http://localnews.manoramaonline.com/bengaluru/local-news/2017/08/11/blr-timings-of-kerala-rtcs-four-new-kozhikode-services-to-be-announced-today.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog