വിവരണം – കീർത്തി മേനോൻ.
സ്കൂൾ കാലഘട്ടത്തിലെ കേട്ടറിഞ്ഞതാണ് അംഗോർ വാത് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ടെംപിൾ എന്ന്, കുറച്ചുകൂടി വ്യകതമായി പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രം.മഹാമേരു പർവതത്തെ അനുസ്മരിപ്പിക്കും വിധമാണ് അംഗോർ പണിതുയർത്തിയിരിക്കുന്നത്.ഏഷ്യയിലെ അതിമനോഹര ദേവാലയ ശില്പങ്ങളിൽ ഒന്നാണ് ഈ ക്ഷേത്ര സൗധം.ഖമർ ചക്രവർത്തി സൂര്യവർമൻ രണ്ടാമൻ,12 ആം നൂറ്റാണ്ടിൽ ആണ് ഇതു പണി കഴിപ്പിച്ചത്. ദക്ഷിണേന്ത്യൻ ശൈലിയിലാണ് ഇതിന്ടെ നിർമാണ രീതി.പൂർണമായി വിഷ്ണു ക്ഷേത്രമായിരുന്നു. ഖമർ ഭാഷയിൽ അംഗോർ എന്നാൽ നഗരം എന്നും വാത് എന്നാൽ ക്ഷേത്രം എന്നുമാണ്.കംബോഡിയൻ പതാകയിൽ അംഗോർ ന്ടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
അംഗോർ വത്തിൽ സൂര്യോദയം കാണാൻ കഴിയുന്നത് ഏതൊരു യാത്രികന്റെയും അഭിലാഷമായിരിക്കും. അഞ്ചു ഗോപുരങ്ങൾക്കിടയിലൂടെ ഉദയസൂര്യന്റെ രശ്മി ഒരു വർണവുമില്ലാത്ത അങ്കോറിന്ടെ ഭിത്തികളിൽ പതിക്കുന്ന കാഴ്ച.ഗൈഡ് സരൺ പറഞ്ഞ പ്രകാരം വെളുപ്പിനെ പോകാൻ തീരുമാനിച്ചു.നാലുമണിക്ക് എഴുന്നേറ്റു അഞ്ചു കഴിഞ്ഞപ്പോളേക്കും ഞങൾ ഹോട്ടലിൽ നിന്നും ഇറങ്ങി. പുറത്തിറങ്ങി നോക്കുമ്പോൾ വെളിച്ചം വന്നു തുടങ്ങി ഇരിക്കുന്നു ഞങൾ കരുതി സൺ റൈസ് കഴിഞ്ഞു ഇനി കാണാൻ സാധിക്കില്ലെന്ന് അപ്പോഴും സരൺ പറയുന്നുണ്ടായിരുന്നു ഇല്ല 6 .30 ആകും ശെരിക്കും വെളിച്ചം വരാൻ എന്ന്. ഏകദേശം ആറു മണിയോടെ ഞങൾ ഗേറ്റ് പാസ് കാണിച്ചു ഉള്ളിൽ എത്തി. സരൺ വണ്ടി പാർക്ക് ചെയ്തു ഞങ്ങളോടൊപ്പം കുറച്ചു ദൂരം വന്നു.തിരിച്ചു എട്ടു മണിയാകുമ്പോൾ ഇവിടെ തന്നെ വന്നാൽ മതിയെന്നും പറഞ്ഞു.
അങ്കോറിന്ടെ ഗോപുരങ്ങൾ അവിടെ നിന്നും ദൃശ്യമായിരുന്നു. 400 ഓളം ഏക്കറിൽ ആണ് അംഗോർ സ്ഥിതി ചെയുന്നത്, ചുറ്റും വെള്ളത്താൽ സ്ഥിതി ചെയുന്ന ഒരു വലിയ പ്രദേശമാണ് ഈ പുണ്യ ഭൂമി.ചുറ്റും സ്ഥിതിചെയ്യുന്നത് ഒരു മനുഷ്യ നിർമ്മിത കനാൽ ആണെന്നാണ് സരൺ പറയുന്നത് ശത്രുക്കളുടെ കടന്നാക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ ആണ് ഈ നിർമിതി അത്രേ.ഈ കനാൽ കുറുകെ കടന്നു (ഇതു രസകരമായ ഒരു കാര്യം ആയിരുന്നു വലിയ വലിയ ജെഗുകൾ കൂട്ടി കെട്ടി ഒരു പാലം നിർമ്മിച്ചിരിക്കുന്നു) വേണം പ്രധാന കവാടത്തിൽ എത്താൻ. കൽപ്പാലം കേടുപാടുകൾ വന്നതുകൊണ്ട് സഞ്ചാരയോഗ്യമല്ല .കവാടത്തിലെ തിരക്ക് ഒഴിവാക്കാൻ ഒന്നിലുടെ അകത്തു പ്രവേശിക്കാനും മറ്റൊന്നിലൂടെ പുറത്തു കടക്കാനും സൈൻ ബോർഡ് വച്ചിട്ടുണ്ട്.കൽ പടവുകൾ കയറി ഒരു ചെറിയ ഇടനാഴിയിലൂടെ നടന്നു അടുത്ത വാതിൽക്കൽക്കലേക്കു എത്തി.
നമ്മൾ പടിപുര എന്ന് വിളിക്കുന്ന ഒരുഭാഗമാണ് ഇതു, അംഗോറിനു ചുറ്റുമതിൽ പോലെ ഇവ സ്ഥിതിചെയ്യുന്നു. ഇതിനു താഴെ കിടങ്ങു ഉണ്ടായിരുന്നു എന്നും ഗൈഡ്പറയുന്നത് കേട്ടു.ഈ ചുറ്റു മതിൽ കെട്ടിൽ ഇപ്പോൾ പ്രവേശന യോഗ്യം അംഗോർ മാത്രം ആണ്, മറ്റു ചെറിയ ചെറിയ ക്ഷേത്രങ്ങളും രാജകൊട്ടാരവും മുഴുവനായും കാട്മൂടിയ നിലയിൽ ആണ് .രാജാവ് തന്റെ തലസ്ഥാനം പണികഴിപ്പിച്ചതും ഇതോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആയിരുന്നു .ഈ കവാടത്തിൽനിന്നു നേരെ നോക്കിയാൽ കാണാം അങ്കോറിന്ടെ ഭീമാകാരമായ വലിപ്പവും ഭംഗിയും.ഞങൾ ഇറങ്ങിയതേ ഒരു കരിങ്കൽ നടപാതയിലേക്കാണ് ആ പാത നീണ്ടു കിടക്കുന്നതു അങ്കോറിലേക്കാണ്.ഒരുനിമിഷം ഞങ്ങൾ അതിന്ടെ പ്രതാപകാലത്തെക്കുറിച്ചു ഓർത്തു പോയ്.രാജാവ് അങ് അങ്കോറിന്ടെ മട്ടുപ്പാവിൽ ഇരുന്നു പ്രജകളെ കാണുന്ന ദൃശ്യം പെട്ടെന്ന് മനസിലൂടെ മിന്നി മറഞ്ഞു.പ്രജകളും, ആനകളും കുതിരകളും രഥങ്ങളും അങ്ങിനെ എല്ലാം മൈതാനത്തു നിരന്നു നിൽക്കുന്നതും.
അംഗോർന്ടെ നിർമ്മിതി വിവരണാതീതവും വർണനാതീതവും ആണ് .ഒരു കോട്ട പോലെയാണ് ഇതു സ്ഥിതി ചെയുന്നത്. വലിയ വലിയ കല്ലുകൾ അടുക്കി അടുക്കി വച്ചിരിക്കുന്നു ഒറ്റ നോട്ടത്തിൽ അങ്ങിനെയേ പറയാൻ കഴിയു.ഞങൾ കുറച്ചു ഫോട്ടോസ് എടുത്തു മുൻപോട്ടു നടന്നു ഇരു വശങ്ങളിലും നമ്മുടെ ക്ഷേത്രപാലൻ പോലെ ഓരോ ടെംപിൾ ഉണ്ട്.ജനനിബിഢമായിരുന്നു ഈ പാതയും, താഴെ ഇരുവശങ്ങളും.ആരും ടെംപിൾ ഇൽ പ്രവേശിച്ചിട്ടില്ല എല്ലാവരും സൂര്യനെ കാണാൻ കാത്തു നിൽക്കുന്നു. ഞങ്ങളും അവരുടെ കൂടെ കൂടി. ഇടതു ഭാഗത്തേക്കുള്ള കൽപ്പടവുകൾ ഇറങ്ങി,അവിടെയാണ് ഒരു വലിയ കുളം സ്ഥിതിചെയ്യുന്നത്. അതിൽ അങ്ങിങ്ങായി താമരകളും ഉണ്ടായിരുന്നു. അവിടെയുള്ള തിരക്ക് പറഞ്ഞാൽ പോരാ രേജിസ്റെർഡ് ഗൈഡുകളും ഫോട്ടോ ഗ്രാഫേഴ്സും അത് കൂടാതെ റസ്റോറന്റിലേക്കു ആളെ കൂട്ടാൻ മെനുവുമായി നിൽക്കുന്നവരും. ഇതൊക്കെ നോക്കിനിൽക്കുമ്പോൾ ആണ് നമ്മുടെ ആദിത്യൻ ന്ടെ വരവ് എല്ലാവരും ഒന്നടങ്കം ആർത്തുവിളിച്ചു ഞങ്ങളെക്കാൾ മുൻപ് വന്നവർ നിന്ന് നിന്ന് മുഷിഞ്ഞെന്നു മാത്രമല്ല ചെറിയരീതിയിൽ മഴമേഘങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് സൺറൈസ് കാണാൻ സാധിക്കും എന്ന് പലർക്കും ഉറപ്പുണ്ടായിരുന്നില്ല.
സമയം കുറവായതുകൊണ്ട് ഞങൾ വേഗം അങ്കോറിലേക്കു പ്രവേശിച്ചു.ആദ്യമേ വിശാലമായ തുറന്ന ഒരു തളം, ഇരുവശങ്ങളിലും ഒറ്റക്കല്ലിൽ തീർത്ത നാഗതലകൾ.അടുത്ത പടവുകൾ കയറിയാൽ ചുറ്റമ്പലത്തിലേക്കാണ് പ്രവേശിക്കുന്നത് അതി വിശാലവും വലുതുമാണ് ഇതു.അനവധി തൂണുകളാൽ- ചിത്രാലംകൃതവും മനോഹരവുമായ ചുറ്റബലം.ഈ ചുറ്റമ്പലത്തിനുള്ളിലൂടെ അംഗോറിനെ വലം വയ്ക്കാവുന്ന രീതിയിൽ ആണ് നിർമ്മിതി.ഖമർ രീതിയിലുള്ള അപ്സര കളുടെ ചിത്രപ്പണികളാൽ അല്മകൃതമാണ് ഇവിടം.ഇതും കടന്നു ഉള്ളിലോട്ടു എത്തിയാൽ ശെരിക്കും നമ്മൾ ഒരുപാടു നൂറ്റാണ്ടുകൾ പുറകിലോട്ടു പോകും തീർച്ച അതുപോലെയാണ് ശിലകളും തൂണുകളും,ഇരുണ്ട നിറവും അതിന്ടെ ഘടനയും, ഇരു വശങ്ങളിലും ചതുരാകൃതിയുള്ള വലിയ ജലസംഭരണികൾ. ഇപ്പോൾ അതിൽ വെള്ളം ഒന്നും ഇല്ല.ടെംപിൾന്ടെ പ്രതാപകാലത്തു അത് അമ്പലകുളമോ, ശുദ്ധ ജലസംഭരണിയോ ആയിരുന്നിരിക്കണം.വീണ്ടും പടവുകൾ കയറി മേലോട്ട് എത്തിയത് മറ്റൊരു കുഞ്ഞു ചുറ്റമ്പലത്തിൽ, ആദ്യത്തേതിനെ അപേക്ഷിച്ചു ചെറുതാണ് എന്നാണ് കുഞ്ഞു എന്നതുകൊണ്ട് ഉദ്ദേശിച്ചത്.ഇതിലൂടെ ഇരുവശത്തേക്കും നടന്നാൽ കാണുന്നത് അങ്കോറിന്ടെ നാശകാലത്തിലേക്കാണ്. ഉടഞ്ഞതും പൊട്ടിയതും ആയ വിഗ്രഹങ്ങളും, പാതി തകർന്ന ശിലകളും, കയ്യും കാലും തലയും നഷ്ടപെട്ട എത്രയെത്ര കൊത്തുപണികൾ.ഞങൾ തിരിച്ചു ടെംപിൾ ലക്ഷ്യമാക്കി നടന്നു.
കവാടത്തിലൂടെ പുറത്തേക്കു കടന്നു അതിവിശാലമായ തുറന്ന ഒരു പ്രദേശം ഇവിടെയാണ് ആ അഞ്ചു ഗോപുരങ്ങൾ നിലകൊള്ളുന്നത്.കുത്തനെയുള്ള വലിയ വലിയ പടവുകൾ ആണ് ഓരോ ഗോപുര മുകളിലേക്കും.നാലു മൂലകളിൽ ഓരോന്നും നടുവിൽ ഒന്നുമായി തല ഉയർത്തി നിൽക്കുന്നു.നടുവിൽ ഉള്ളഗോപുരത്തിൽ ആണ് വിഷ്ണു പ്രതിഷ്ഠ. മുകളിലേക്കുള്ള പ്രവേശനം അടച്ചിട്ട നിലയിൽ ആണ് കാലപ്പഴക്കം മൂലമാണെന്ന് തോനുന്നു. അവിടേക്കു കയറണമെന്നും വിഗ്രഹങ്ങൾ ഇപ്പോഴും ഉണ്ടോ എന്നും അറിയാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.തമിഴ് ചോള വംശജരുടെ അമ്പലങ്ങളോട് സാദൃശ്യം ഉണ്ട്.ഈ ഗോപുരങ്ങൾ എല്ലാം തന്നെ സ്ഥിതി ചെയുന്നത് ഒരൊറ്റ ബേസിൽ ആണ്, അഞ്ചു ഗോപുരങ്ങളെയും താങ്ങി നിർത്താൻ പോന്നത്രയും വിസ്തൃതി ഇതിനുണ്ട്എന്ന് മാത്രം അല്ല കരിങ്കൽ ശിൽപ്പങ്ങൾ കണ്ടാൽ മതി മറന്നുപോകും. താമരമൊട്ടു പോലെ തോന്നിക്കുന്ന ഒരു അപൂർവ നിർമ്മിതി ആണ് ഈ ഗോപുരങ്ങളുടേതു.ഇവയെ വലം വച്ച് കുറെ ഏറെ നേരം ഞങൾ അവിടെ ചിലവഴിച്ചു.
കൊത്തുപണികൾകൊണ്ടു നിറഞ്ഞ തൂണുകളും ചുവരുകളും ആണ് ശ്രീകോവിൽന്റെതു.അതിനോട് ചേർന്ന് ഒരു സോപാനമണ്ഡപവും. രാമായണ കഥകളും, മഹാഭാരതയുദ്ധവും എന്ന് വേണ്ട ഹിന്ദു മതത്തിലെ ഒരുവിധം എല്ലാ കഥകളും അവിടെ ആലേഖനം ചെയ്തിട്ടുണ്ട്.നാലുഭാഗത്തും പുറത്തേക്കുള്ള വാതിലുകൾ ഉണ്ട്.അതിലൂടെ കടന്നു പുറത്തേക്കു നോക്കിയാൽ പച്ചപരവതാനി വിരിച്ച ഭൂമി താഴെ കാണാം.ഞങൾ കുറച്ചധികം ഉയരത്തിൽ ആണ് നിൽക്കുന്നതെന്ന് അപ്പോൾ മാത്രമാണ് മനസിലാക്കാൻ സാധിക്കുക ഇതൊരു ടെംപിൾ കോംപ്ലക്സ് ആയതുകൊണ്ടും ബ്രഹത്തായ നിർമിതി ആയതുകൊണ്ടും കയറിപ്പോകുന്ന ഉയരം മനസിലാക്കാൻ സാധിച്ചിരുന്നില്ല.തിരിച്ചു ഇറങ്ങി താഴെ എത്തിയപ്പോൾ ഒരു ബുദ്ധ പ്രതിമയും കുറച്ചു സന്യാസിമാരെയും കണ്ടു.ഹിന്ദു ടെംപിൾ എന്ന് അവർ ഇപ്പോൾ ഇതിനെ വിളിക്കാറില്ല, എല്ലാം ബുദ്ധമതത്തിനു വഴിമാറി കഴിഞ്ഞിരിക്കുന്നു.അവിടെ ഉള്ളവരിൽ ഏറെയും മതപരിവർത്തനത്തിലൂടെ ബുദ്ധമതം സ്വീകരിച്ചവരാണ്,ഞങൾ പരിചയപ്പെട്ട സരൺ ഉൾപ്പെടെ.ബഹുദൈവ വിശ്വസത്തിൽ നിന്നും ഏകദൈവ വിശ്വസത്തിലേക്കു മാറി എന്നാണ് സരൺപറയുന്നത്. അവരുടെ പൂർവികർ ഭാരതീയരാണെന്നു അവർ വിശ്വസിക്കുന്നു.
പുറത്തിറങ്ങി തിരിച്ചു പോരുമ്പോൾ എത്രവട്ടം തിരിഞ്ഞു നോക്കി എന്നറിയില്ല,ചായകൂട്ടുകളില്ലാത്ത കരിപുരണ്ട ഗോപുരങ്ങളും ഭിത്തികളും എത്ര കണ്ടാലും മതിവരില്ല കണ്ണുകൾ കൊണ്ട് മനസ്സിൽ പതിപ്പിക്കാൻ കഴിയുന്നത് പിന്നീട് ഒരു ഫോട്ടോഗ്രാഫിനും തിരിച്ചു തരാൻ കഴിയില്ലെന്ന് മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.