ഇന്ത്യൻ രാഷ്ട്രപതിയെ വരെ മയക്കിയ രുചിപ്പെരുമയുമായി ‘മസ്കോട്ട് മണി’

വിവരണം – വിഷ്ണു AS നായർ.

നളപാചകം – അതൊരു വിശേഷണമാണ്. പുരുഷ പാചക കേസരികളുടെ വൈദഗ്ദ്യത്തെ കുറിക്കുന്ന പ്രയോഗം. പുരാണങ്ങളനുസരിച്ച് നിഷധ രാജ്യത്തെ രാജാവാണ് നളൻ. അഗ്നി-വരുണൻ-യമൻ എന്നീ ദേവന്മാരുടെ അനുഗ്രഹം നിമിത്തം നളൻ തയ്യാറാക്കുന്ന വിഭവങ്ങൾ അതീവ സ്വദിഷ്ടമായിരിക്കും. അങ്ങനെയാണ് ‘നളപാചകം’ എന്ന പ്രയോഗം തന്നെ വന്നത്.

നമ്മുടെ ചുറ്റിനും ചിലരുണ്ട്, പാചകത്തിൽ ഇന്നിന്റെ നളന്മാരായി വിരാജിക്കുന്നവർ. ദൈവാനുഗ്രഹവും കൈപുണ്യവും കൈമുതലാക്കി, കൈ വയ്ക്കുന്ന വിഭവങ്ങൾകൊണ്ട് തങ്ങളുടെ മുന്നിൽ വരുന്നവരെ രുചിയുടെ മായിക ലോകത്ത് കൊണ്ടുപോയി സംതൃപ്തരാക്കുന്നവർ. അങ്ങനെ ഇന്ത്യൻ രാഷ്ട്രപതിയുടെ അല്ലെങ്കിൽ വേണ്ട അമേരിക്കൻ പ്രസിഡന്റിന്റെ നാവിൽ വരെ ബോളിയുടെയും ഹൽവയുടെയും രുചിമേളം തീർത്ത ഒരു അഭിനവ നളനുണ്ട് നമ്മുടെ തിരുവനന്തപുരത്ത്. അറിയോ ആളിനെ ?? അറിയില്ലെങ്കിൽ അറിഞ്ഞോളൂ !! മസ്കോട്ട് മണി അഥവാ പായസം സ്വാമി എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന “ദി വൺ ആൻഡ് ഒൺലി – രാമചന്ദ്ര അയ്യർ !!”

ചിത്രം – മാതൃഭൂമി.

ഒരു ശരാശരി കുടുംബത്തിലായിരുന്നു രാമചന്ദ്ര അയ്യരുടെ ജനനം. പതിനാലാം വയസ്സിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ കഴിയാതെ സഹോദരനായ സീതാരാമ അയ്യരുടെ കീഴിൽ കുശിനിപ്പുരയിൽ വലതു കാൽ വച്ചു കയറിയായിരുന്നു തുടക്കം. പിന്നീട് 1975ൽ ശ്രീ.ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ പാചകക്കാരനും തന്റെ മാതുലനുമായ ഹരിപ്പാട്‌ വെങ്കടാചല അയ്യർ വഴി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനിൽ ജോലിക്ക് പ്രവേശനം നേടി.

മസ്കോട്ട് ഹോട്ടലും KTDC യുമായുള്ള ബന്ധം രാമചന്ദ്ര അയ്യർക്ക് പുതിയൊരു വിളിപ്പേര് സമ്മാനിച്ചു. “മസ്കോട്ട് മണി”. 1976ൽ മസ്കോട്ട് ഹോട്ടലിൽ ആരംഭിച്ച ‘ഈവനിംഗ് കഫേ’യുടെ തുടക്കക്കാരൻ അയ്യരായിരുന്നു. വെറുമൊരു കുക്ക് ആയി തുടങ്ങി അവസാനം ചീഫ് ഷെഫായി മാറിയ മസ്കോട്ട് മണിയുടെ പാചകവിശേഷങ്ങൾ അനുഭവിച്ചറിഞ്ഞ വിശിഷ്ടവ്യക്തികളുടെയും സാമൂഹിക-സാംസ്‌കാരിക നായകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കണക്കെടുത്താൽ എണ്ണിയാലൊടുങ്ങില്ല.

അങ്ങനെ 2007ലെ രാഷ്ട്രപതി ശ്രീ.പ്രതിഭാ ദേവിസിങ് പാട്ടീലിന്റെ തിരുവനന്തപുരം സന്ദർശന വേളയിലാണ് അയ്യർക്ക് ശുക്രനടിച്ചത്. സസ്യാഹാരിയും പ്രമേഹ രോഗിയുമായിരുന്നു രാഷ്ട്രപതി. ഇതറിഞ്ഞ അയ്യർ അവിയലും എരിശ്ശേരിയും കുട്ടനാട്ടിൽ നിന്നെത്തിച്ച പുതുനെല്ലും പ്രസവിച്ചു അധികം നാൾ കഴിയാത്ത പശുവിന്റെ പാൽ കൊണ്ടുള്ള മധുരം ചേർക്കാത്ത പാൽപായസവും കൊണ്ട് പ്രഥമ വനിതയുടെ നാവിലെ രസമുകുളങ്ങളെ രുചിലോകത്തിൽ ആറാടിച്ചു.

രുചിയുടെ മായിക ലോകത്ത് പകച്ചുപോയ രാഷ്ട്രപതി രാമചന്ദ്ര അയ്യരെ പ്രത്യേകം വിളിച്ചഭിനന്ദിച്ചു. അധികം വൈകാതെ രാഷ്ട്രപതി ഭവനിലെ ഷെഫെന്ന സ്ഥാനത്തേക്ക് അയ്യർക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. ലോകത്തിലെ ഏതൊരു ഷെഫും അസൂയയോടെ നോക്കിക്കാണുന്ന പദവി, തന്റെ രാജ്യത്തിന്റെ ഭരണാധികാരി തന്റെ കൈപുണ്യം നേരിട്ടറിയാൻ വിളിപ്പിച്ചിരിക്കുന്നു. അങ്ങനെ റോയ് – പണ്ഡിറ്റ്ജി – അയ്യർ എന്നീ നളത്രയങ്ങൾ രാഷ്ട്രപതി ഭവന്റെ കലവറയിലെ തമ്പുരാക്കന്മാരായി. അവിടെവച്ച് കിട്ടിയ വിളിപ്പേരാണ് ‘ബാബ’.

2008 ൽ റിട്ടയേർഡായെങ്കിലും പ്രത്യേക നിർദേശപ്രകാരം 2011 വരെ അദ്ദേഹം രാഷ്ട്രപതി ഭവനിലെ ഷെഫായി തുടർന്നു. അക്കാലത്താണ് 2010ൽ ലോകത്തിലെ ശക്തനായ ഭരണാധികാരി, അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും പ്രഥമ വനിത മിഷേൽ ഒബാമയുടെയും ഇന്ത്യൻ സന്ദർശനം. രാഷ്ട്രപതി ഭവൻ സന്ദർശിച്ച ഒബാമ ദമ്പതികൾക്ക് ബോളിയും പൈനാപ്പിൾ ഹൽവയും കൊണ്ട് നാവിൽ രുചിതന്ത്രം തെളിയിച്ച ഒരേടും രാമചന്ദ്ര അയ്യർ ഓർത്തെടുക്കുന്നു.

2011ൽ രാഷ്ട്രപതി ഭവൻ വിട്ട ശേഷമാണ് അയ്യരുടെ മാത്രം മാസ്റ്റർ പീസായ നവരസ പായസം നാട്ടുകാരിൽ എത്തി ചേർന്നത്. ചെമ്പാ പച്ചരിയും കടലയും ചെറുപയറും വാഴപ്പഴവും മാമ്പഴം, ചക്ക, പൈനാപ്പിൾ,മാതളം തുടങ്ങിയ പഴവർഗ്ഗങ്ങളും കൽക്കണ്ടും കൊട്ടതേങ്ങയും കരിമ്പിൻചാറും മറ്റുകൂട്ടുകളും ചേർന്ന ഈ പായസം കുടിക്കുമ്പോൾ ഒൻപതു പായസം കുടിച്ച സംതൃപ്തിയോ അല്ലെങ്കിൽ നവരസങ്ങൾ മുഖത്തു തെളിയും എന്നാണ് വയ്പ്പ്.

ഇപ്പോഴും ഹോട്ടൽ ചൈത്രത്തിൽ നടക്കുന്ന പായസമേളയിലെ നവരസ പായസത്തിന് അയ്യരുടെ രുചിക്കൂട്ട് തന്നെയാണ് ഉപയോഗിക്കുന്നത് എന്നോർക്കണം. മാത്രമല്ല ഇന്നും ഓണാഘോഷത്തോട് അനുബന്ധിച്ച് KTDC യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പായസം മേള മൂന്ന് പതിറ്റാണ്ടുകൾക്ക് മേലെ പിന്നിടുമ്പോൾ അതിന്റെ തുടക്കക്കാരൻ രാമചന്ദ്ര അയ്യരാണെന്ന് അറിയുമ്പോഴാണ് നമ്മളിൽ പലരും അത്ഭുതംകൂറുന്നത്. അങ്ങനെ വീണ ‘പായസ സ്വാമി’ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.

ഇപ്പോൾ പ്രായം എഴുപതായി രാമചന്ദ്ര അയ്യർക്ക് എന്നാലും ചുറുചുറുക്കിന് കുറവൊന്നുമില്ല. ഇന്ന് അദ്ദേഹവും ഭാര്യ ലളിതയും ചേർന്ന് കോട്ടയ്ക്കകം S. P ഫോർട്ട് ഹോസ്പിറ്റലിന്റെ അടുത്തുള്ള സിൻഡിക്കേറ്റ് ബാങ്കിന് എതിർ വശത്ത് ‘മൂകാംബിക നവരസ പായസം & ബോളി സ്റ്റാൾ’ എന്ന സ്ഥാപനം നടത്തി തങ്ങളുടെ ശിഷ്ടകാലം മുന്നോട്ട് കൊണ്ട് പോവുകയാണ്. കേട്ടറിഞ്ഞ് ഞാനും പോയി ഒരുനാൾ. അവിടെ പോയി അദ്ദേഹത്തെ പരിചയപ്പെട്ടിട്ടാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. അമ്പലപ്പുഴ പാൽ പായസത്തിനോട് കിടപിടിക്കുന്ന അനന്തപുരി പാൽപായസവും അയ്യരുടെ കൈയ്യൊപ്പ് പതിഞ്ഞ നവരസ പായസവും വാങ്ങി.

നവരസ പായസം :- ഇതു വരെ കുടിച്ചിട്ടില്ലാത്ത ഒരു രുചി. പയറും പഴവും എല്ലാംകൂടി ചേർന്ന ഒരു കിടുക്കാച്ചി അനുഭൂതി. പയറു പായസത്തിന്റെ ഒരു വകഭേദമെന്നു പറയാമെങ്കിലും രുചി അതിനോട് യോജിക്കുന്നതല്ല. അരലിറ്റർ :- ₹.100/- അനന്തപുരി പാൽപ്പായസം :- വല്യേട്ടനിലെ മമ്പറം ബാവ പറയും പോലെ “കൊമ്പനെ വടി വച്ചു നിർത്തിയ” പോലത്തെ മധുരം. ഒട്ടും കൂടുതലല്ല എന്നാലൊട്ട് കുറവുമല്ല. മധുരപ്രിയർ ചിലപ്പോൾ ഒന്ന്‌ നിരാശപ്പെട്ടേക്കാം. അരലിറ്റർ :- ₹.100/- ഇവ മാത്രമല്ല അട, പഴം, പരിപ്പ്, സേമിയ, ഗോതമ്പ്, കടല, പാലട തുടങ്ങിയ പ്രഥമനുകളും അയ്യർ നമുക്കായി ക്രമത്തിൽ തയ്യാറാക്കുന്നുണ്ട്. Strongly recommended.

ചോറ് വീട്ടിൽ ഉണ്ടാക്കിയിട്ട് കറി ഇല്ലാത്തവർക്കും അയ്യർ പോംവഴി കണ്ടിട്ടുണ്ട്. നല്ല അസ്സൽ എരിശ്ശേരിയും അവിയലും കൂട്ടുകറിയും കാളനും രസവും തുടങ്ങിയവ മാത്രമായി മൂകാംബികയിൽ ലഭ്യമാണ് കൂടാതെ നല്ല ഒന്നാംതരം വെജിറ്റബിൾ ബിരിയാണിയും സാദങ്ങളും അയ്യർ നമുക്കായി ഒരുക്കി വച്ചിട്ടുണ്ടെന്നാണ് അറിവ്. പായസം കുടിച്ചു കഴിഞ്ഞു അഭിപ്രായം പറഞ്ഞപ്പോൾ ഉണ്ണികുടവയർ കുലുങ്ങനെ ചിരിച്ചുകൊണ്ട് തമിഴ് കലർന്ന മലയാളത്തിൽ മറുപടി “ഞാൻ ഉണ്ടാക്കുന്നു എന്നേയുള്ളു. That’s all. എല്ലാമേ ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹം.”

ദിവസേന ഓരോ സ്‌പെഷ്യൽ പായസം ഉണ്ടാക്കാറുണ്ട്, ആ ദിവസങ്ങളിൽ മാത്രമേ അത്‌ ലഭ്യമാവുകയുള്ളൂ. നവരസ പായസം , അനന്തപുരി പാൽപ്പായസം എന്നിവ എല്ലാദിവസവും ലഭ്യമാണ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply