1. ദുരിത ബാധിതർക്ക് ആത്മവിശ്വാസം പകർന്നും, രക്ഷാ പ്രവർത്തകർക്ക് നന്ദി അറിയിച്ചും മുഖ്യമന്ത്രി. പ്രളയ കാലത്തെ രക്ഷാദൗത്യം വെളിപ്പെടുത്തിയത് കൂട്ടായ്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും കാഴ്ചപ്പാടുകൾ. ഇത് പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിച്ചു. വിവിധ ജില്ലകളിലെ 3314 ക്യാമ്പുകളിലായി ഇപ്പോൾ കഴിയുന്നത് 12 ലക്ഷം പേരെന്നും മാദ്ധ്യമ സമ്മേളനത്തിൽ മുഖ്യമന്ത്രി.
2. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സേനാ വിഭാഗങ്ങളെ ആദരിച്ച് സർക്കാർ 26ന് യാത്രയയപ്പു നൽകും. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്ന് പിണറായി. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരികെ എത്തുന്നവർ നേരിടുന്നത് ഹൃദയം പിളർക്കുന്ന കാഴ്ചകൾ ആണ്. ഇത്തരം അവസരങ്ങളിൽ തകർന്നു പോകരുത് എന്നും, എല്ലാ സഹായവുമായി ഒപ്പമുണ്ടാകും എന്നും സർക്കാരിന്റെ ഉറപ്പ്.
3. പ്രളയ കെടുതികൾക്ക് ഇരയായവർക്ക് അതിജീവനത്തിന് സഹായകമായ പാക്കേജുകൾ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. ലോകമെങ്ങും നിന്ന് കേരളത്തിലേക്ക് സഹായ വാഗ്ദാനം എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 318 കോടിയും വിധ സംസ്ഥാനങ്ങളിൽ നിന്നു മാത്രം ലഭിച്ചത് 146 കോടിയും. വിദേശ സഹായം സ്വീകരിക്കുന്നതിന് നിലവിലുള്ള തടസ്സം നീക്കാൻ ഇടപെടും എന്നും മുഖ്യമന്ത്രി.
4. വെള്ളപ്പൊക്കത്തിൽ റൺവേ മുങ്ങിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാന താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ ഒരാഴ്ച കൂടി. കഴിഞ്ഞ 14ന് അടച്ചിട്ട എയർപോർട്ട് ആഗസ്റ്റ് 29 ന് തുറക്കുമെന്ന് സിയാൽ അധികൃതർ. അറ്റകുറ്റ പണികൾക്കു ശേഷം 26ന് വിമാനത്താവളം തുറക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നത് എങ്കിലും പിന്നീട് നീട്ടിവയ്ക്കുക ആയിരുന്നു.
5. ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്ന റൺവേയ്ക്ക് കാര്യമായ തകരാറുകൾ പറ്റിയതായും രാത്രിയിലെ ലാൻഡിംഗിന് വേണ്ടുന്ന ലൈറ്റുകളിൽ അൻപതോളം എണ്ണം കേടായെന്നും വിശദീകരണം. രാജ്യാന്തര ടെർമിനലിന്റെ ഒരു ഭാഗവും വെള്ളത്തിൽ മുങ്ങിയിരുന്നു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് നാവിക സേനാ എയർപോർട്ടിൽ നിന്ന് ചെറുവിമാനങ്ങൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
6. പ്രളയ ദുരിതത്തിനിടെ പ്രതിസന്ധിയുടെ നടുക്കയത്തിൽ കെ.എസ്.ആർ.ടി.സി. വെള്ളപ്പൊക്കം മൂലം സർവീസുകൾ നിറുത്തി വയ്ക്കേണ്ടി വന്നതിലൂടെ സംഭവിച്ചത് പ്രതിദിനം നാലു കോടിയുടെ നഷ്ടം. ബോണസും ഫെസ്റ്റിവൽ അലവൻസും പോലും നൽകാൻ കഴിയുന്ന കാര്യം സംശയം. പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഗതാഗത മന്ത്രിയുടെ കത്ത്.
7. സർവീസുകൾ മുടങ്ങിയതിന്റെ നഷ്ടത്തിനു മീതെ ഡീസൽ ദൗർലഭ്യം കാരണം 25 ശതമാനം ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റിന്റെ തീരുമാനം. വൻതുക കടബാധ്യത ഉള്ള കെ.എസ്.ആർ.ടി.സിക്ക് വീണ്ടും കടം നൽകാൻ ആവില്ലെന്ന് ഇന്ധന കമ്പനികളും ടയർ കമ്പനികളും. പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 95 കോടി ആവശ്യപ്പെട്ടിരുന്നു എങ്കിലും, കിട്ടിയത് 20 കോടി മാത്രമെന്നും കോർപറേഷൻ
8. വെള്ളപ്പൊക്കം മൂലം കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വന്നത് ചെങ്ങന്നൂർ, റാന്നി, എറണാകുളം, തൃശൂർ ഡിപ്പോകളിൽ. പൂർണമായും തകർന്ന റോഡുകളിൽ സർവീസ് നടത്തുന്നത് ദുഷ്കരം എന്ന് ഡ്രൈവർമാർ. കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഓണക്കാലത്ത് ഷെഡ്യൂളുകൾ കുറയ്ക്കുന്നതോടെ നഷ്ടം കുമിഞ്ഞുകൂടും.
9. പ്രളയകാലം ഒഴിഞ്ഞിട്ടും ദുരിതം ഒഴിയാതെ പതിനായിരങ്ങൾ. വെള്ളപ്പാച്ചിലിൽ വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കാൻ ഭഗീരഥ ശ്രമം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ വീട്ടിലേക്കുള്ള മടക്കത്തിൽ കാത്തിരുന്നത് നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ. ചെളി മൂടിയ വീടു കണ്ട് മനം നൊന്ത് എറണാകുളം കോതാട് സ്വദേശിയായ ഗൃഹനാഥൻ റോക്കി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.
10. പ്രളയം വൻ ദുരന്തങ്ങൾക്ക് ഇടയാക്കിയത് അണക്കെട്ടുകൾ മുന്നറിയിപ്പ് ഇല്ലാതെ തുറന്നതു കാരണം എന്ന് വ്യാപക വിമർശനം. ബാണാസുര സാഗർ ഡാം തുറക്കുന്നതിൽ ഒഴികെ മറ്റൊരിടത്തും ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ ന്യായീകരണം. വിമർശനങ്ങൾ തള്ളിയും എല്ലായിടത്തും കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നും വൈദ്യുതി ബോർഡ്.
11. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിൽ മുന്നറിയിപ്പ് കൂടാതെ ഇന്നലെ രാത്രി തുറന്ന മുഴുവൻ സ്പിൽവേ ഷട്ടറുകളും ഇന്ന് അടച്ചു. ഷട്ടറുകൾ അടച്ചത് ഡാമിലെ ജലനിരപ്പ് കുറഞ്ഞ് 139.97 അടിയിലേക്ക് താഴ്ന്നതോടെ. നിലവിൽ 2207 ഘടഅടി ജലം മാത്രം കൊണ്ടു പോകുന്ന തമിഴ്നാടിന്റെ ശ്രമം ജലനിരപ്പ് 140 അടിയിൽ നിലനിർത്താൻ.
കടപ്പാട് – കേരള കൗമുദി.