ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ്. നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി. ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ചര്‍ക്കയുടെയും തറിയുടെയും ശബ്ദങ്ങള്‍ .. ഒരേ തൊഴില്‍ … ഒരേ ജീവിതം … ഒരുമയുടെ പെരുമകൂടി ഇവിടെ കാണാം. ഇവിടത്തുകാര്‍ക്ക് ഇത് ഒരു ജീവനോപാധിമാത്രമല്ല ഒരു ഉപാസനകൂടിയാണ്. ഒരു കലയാണ് … കസവ് സാരികള്‍, ഡബിള്‍ മുണ്ടുകള്‍, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ വസ്ത്രങ്ങള്‍, പാവ് മുണ്ടുകള്‍ തുടങ്ങി എല്ലാം ഈ തറികളില്‍ ശോഭ വിരിയിക്കുന്നു.
കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ കർണാടകയിൽ നിന്ന് കുടിയേറിയ ദേവാംഗ സമുദായത്തിൽപ്പെട്ടവരാണ്. 500 വർഷം മുൻപ് കൊച്ചി രാജാവ് രാജകുടുംബങ്ങൾക്കു സ്വന്തമായി മനോഹര വസ്ത്രങ്ങൾ നെയ്തുണ്ടാക്കാൻ കർണാടകയിൽ നിന്ന് കൊണ്ട് വന്ന കുടുംബങ്ങളാണ് ഇവിടെ പിന്നീട് വേരുറപ്പിച്ചത്. 1,200 ദേവാംഗ കുടുംബങ്ങൾ വരെ ഒരുക്കാലത്ത് ഇവിടെയുണ്ടായിരുന്നു. പക്ഷേ, അഞ്ഞൂറോളം കുടുംബങ്ങളേ നെയ്ത്തുവേല ചെയ്യുന്നുള്ളൂ. നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്ന് വരികയാണ്. ഇപ്പോഴുള്ള ചെറുപ്പക്കാരെല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുകയും ചെയ്യുന്നു. തമിഴുംകന്നടവും മലയാളവും ഇടകലര്‍ന്നു സംസാരിക്കുന്ന ഭാഷയണ് ദേവാംഗര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. തമിഴന്റെയുംമലയാളിയുടെയും സ്വാധീനമുള്ള അക്ഷരലിപിയില്ലാത്ത ഭാഷയായിരുന്നു അത്.
ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല കൈത്തറി വസ്ത്രങ്ങള്‍ ആണ് കുത്താമ്പുള്ളിയിലേത്. രാപകല്‍ അധ്വാനിച്ചു സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ ചെലുത്തി, ഇല്ലായ്മകളിലും വല്ലായ്മകളിലും അല്ലലും അലട്ടലും ഇല്ലാതെയാണ് ഇവരുടെ ജീവിതം. തറികളുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ വിയര്‍പ്പൊഴുക്കി ജീവിതം നെയ്തു പട്ടുശോഭ നല്‍കുകയാണ് ഇവിടെ. 1972 ൽ 102 അംഗങ്ങളുമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കുത്താമ്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ 2008 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 814 അംഗങ്ങൾ ഉണ്ട്. വിപണികളിലെ നൂതന സാധ്യതകൾ മനസിലാക്കി പരമ്പരാഗതമായ നെയ്ത്തു രീതികൾക്കൊപ്പം എംബ്രോയ്ഡറികൾ, ചിത്രങ്ങൾ, മ്യൂറൽ ആർട്ട് പോലുള്ള ഡിസൈനുകൾ തുടങ്ങിയവയും വസ്ത്രങ്ങളിൽ ചെയ്തു നൽകുന്നുണ്ട്. ഡിസൈൻ സാരികളിലാണു കുത്താമ്പുള്ളിക്കു പണ്ടേ പെരുമ. മയിൽ, പൂവ്, കൃഷ്ണൻ, ആന, കഥകളി, ഗോപുരം, വീട്… അങ്ങനെ ഏതു ഡിസൈനും അനായാസം കുത്താമ്പുള്ളിക്കു വഴങ്ങും. ഇവയിൽ സർവകാല ഹിറ്റ് ഡിസൈൻ മയിൽ ആണ്. വിദേശത്തുനിന്ന് ഏറ്റവും ഓർഡർ ലഭിക്കുന്നതും ഇതിനുതന്നെ.
നെയ്യാൻ ഉപയോഗിക്കുന്ന നൂലുകൾ പാവ് വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം ചർക്കയിൽ നൂറ്റ നൂലുകൾ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട് ബലപ്പെടുത്തും. പിന്നീട് തറിയിൽ കോർക്കും. ഒരു നൂലിൽ മറ്റൊരു നൂൽ കോർത്താണ് തറിയിൽ ബന്ധിപ്പിക്കുന്നത് . രാവിലെ മുതൽ രാത്രി വരെ ഇവിടെ ഓരോ വീട്ടിലും നെയ്തു പാട്ടുകളാണ്. ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും ഇവിടെ ഒരു വീടുകളിലും വിളക്കുകൾ അണയാറില്ല. കൈത്തറിക്ക് പ്രിയമേറിയതോടെ കുത്താമ്പുള്ളി സാരികളുടെ വിലയും വർധിച്ചു. 1500 രൂപ മുതൽ 3000 രൂപവരെയാണ് ഈ സാരികളുടെ വില. ആഗോള പ്രശസ്തിയൊക്കെ ഉണ്ടെങ്കിലും തുച്ഛമായ ലാഭമാണ് നെയ്ത്തുകാര്‍ക്ക് ലഭിക്കുന്നത്. ഓണക്കാലത്ത് നെയ്ത്തുവസ്ത്രങ്ങളോടുള്ള മലയാളികളുടെ പ്രിയം കുത്താമ്പുള്ളിക്കാരുടെ ജീവിത മാര്‍ഗമാകുന്നു.
കുത്താമ്പുള്ളി വസ്ത്ര പെരുമക്ക് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഓണവും വിഷുവുമെന്നു വേണ്ട ആഘോഷങ്ങളേതായും കുത്താമ്പുള്ളിഗ്രാമത്തിന്റെ സാഹോദര്യത്തില്‍ ഇഴവിരിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ആവശ്യക്കാരേറെയാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും മലനിരകളും ഗ്രാമത്തിന് കസവുചാര്‍ത്തിയെഴുകുന്ന ഗായത്രിപ്പുഴയും …നെയ്ത്ത് ജോലി ചെയ്യുന്നവരും വ്യവസായികളും എല്ലാം അടങ്ങുന്ന ദേവാംഗ കുടുംബങ്ങളുടെ ഈ ഗ്രാമവീഥികളിലൂടെ നടക്കുന്നത് തന്നെ സുഖമുള്ള ഒരനുഭവമാണ്. പരമ്പരാഗത തറികളുടെയും,ചര്‍ക്കകളുടെയും ശബ്ദവും ചെറുതും വലുതുമായ വീടുകളും അവരുടെ സ്വന്തം വില്പന കേന്ദ്രങ്ങളും ചേര്‍ന്ന തെരുവുകളും കോലമെഴുത്തും ചാമുണ്ടേശ്വരി കോവിലുകളും നിളയും ഗായത്രിയും സംഗമിയ്ക്കുന്ന തീരങ്ങള്‍.തെരുവുകളിലൂടെ നടക്കുമ്പോള്‍ കന്നഡ മൊഴികള്‍ കാതിലെത്തും. ഗ്രാമീണത എങ്ങും നിറഞ്ഞു നില്ക്കുന്ന കുത്താമ്പുള്ളിയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശനം നടത്തി നോക്കണം.. അവരുടെ പക്കൽ നിന്നും നേരിട്ട് വിലക്കുറവിൽ തുണിത്തരങ്ങൾ വാങ്ങുവാനും സാധിക്കും.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.