രാജ്യത്തെ ഒന്‍പത് നഗരങ്ങളിലായി 313 കി.മീ മെട്രോ ലൈനിന് കൂടി ഉടന്‍ അനുമതി ലഭിച്ചേക്കും. പുതിയ മെട്രോ നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് രാജ്യത്തെ മെട്രോ യാത്രാ സൗകര്യം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
നിലവില്‍ അനുമതി ലഭിച്ചിട്ടുള്ള മെട്രോകള്‍ ദീര്‍ഘിപ്പിക്കുന്നതിനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുന്നത്. ഡല്‍ഹി, നോയിഡ, ലക്നൗ, ഹൈദരാബാദ്, നാഗ്പുര്‍, കൊച്ചി, ബെംഗളൂരു തുടങ്ങിയ മെട്രോകളാണ് ഇവ.
നിലവിലുള്ളവ നീട്ടാന്‍ അനുമതി നല്കിയ ശേഷമായിരിക്കും പുതുതായി മെട്രോ-മോണോ-ലൈറ്റ് മെട്രോ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ സര്‍ക്കാര്‍ പരിഗണിക്കുക.

2019-നുള്ളില്‍ രാജ്യത്തെ 12 നഗരങ്ങളിലുമായി ആയിരം കിലോമീറ്റര്‍ മെട്രോ ലൈന്‍ എങ്കിലും പ്രവര്‍ത്തനസജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മെട്രോ ഗതാഗതം വ്യാപിപ്പിക്കും എന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി 2015-18 വര്‍ഷത്തേക്കുള്ള മെട്രോ പദ്ധതിക്കള്‍ക്കായി 45,696 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2012-15 കാലയളവില്‍ 16,565 കോടിയായിരുന്നു മെട്രോ പദ്ധതികള്‍ക്കായി മാറ്റിവച്ചത്. ഇതോടൊപ്പം മെട്രോ പദ്ധതികളുടെ നിര്‍മ്മാണത്തിലെ ഏകോപനവും നിരീക്ഷണവും ശക്തമാക്കുവാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് നഗരവികസനമന്ത്രാലയം സൂചിപ്പിക്കുന്നത്.

1984-ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെ ആദ്യത്തെ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. എന്നാല്‍ 33 വര്‍ഷങ്ങള്‍ക്കിപ്പുറം കൊല്‍ക്കത്തയടക്കം എട്ട് നഗരങ്ങളിലായി വെറും 370 കിലോമീറ്റര്‍ മെട്രോ ലൈന്‍ മാത്രമേ ഇന്ത്യയിലുള്ളൂ.
പുതുതായി മെട്രോ വരുന്ന ലഖ്നൗ, അഹമ്മദാബാദ്, ഹൈദരാബാദ്, നാഗ്പുര്‍ എന്നീ നഗരങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതില്‍ ലഖ്നൗ മെട്രോയുടെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

ലോകത്തെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ട മെട്രോ പദ്ധതി എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ലക്നൗ മെട്രോ പദ്ധതിയുടെ മുഖ്യഉപദേഷ്ടാവ് മെട്രോമാന് ഇ.ശ്രീധരനാണ്. എട്ടരകിലോമീറ്റററിലാണ് ആദ്യഘട്ടത്തില്‍ ലക്നൗ മെട്രോ സര്‍വ്വീസ് നടത്തുന്നത്.
Source – http://www.mathrubhumi.com/news/india/9-cities-to-get-extra-313km-of-metro-lines-1.2180448
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog