നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന ലോഫ്‌ളോർ ബസ്സിലെ കണ്ടക്ടർ പ്രവാസികളായ യാത്രക്കാരുടെ വലിയ ലഗേജുകൾ ഇറക്കുവാൻ സഹായിക്കുന്ന വീഡിയോ കഴിഞ്ഞയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ ധാരാളമാളുകളാണ് ആ കണ്ടക്ടറെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ വിവരങ്ങൾ തിരക്കുകയും ചെയ്തത്. ഒടുവിൽ സേവന സന്നദ്ധനായ കണ്ടക്ടറെ മാധ്യമങ്ങൾ തന്നെ കണ്ടെത്തുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, കോട്ടൂർ സ്വദേശിയായ ഫൈസൽ കറുത്തേടത്ത് ആയിരുന്നു ആ കണ്ടക്ടർ. സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടിട്ട് സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ വിളിച്ചപ്പോഴാണ് സംഭവം ഫൈസൽ അറിയുന്നത്. താൻ തൻ്റെ ജോലിയുടെ ഭാഗമായാണ് അത്തരത്തിൽ സഹായിച്ചതെന്നാണ് വിനയപൂർവം ഫൈസൽ പറയുന്നത്. കൂടാതെ ഫൈസൽ തൻ്റെ ഫേസ്‌ബുക്ക് വാളിൽ ഈ സംഭവത്തെക്കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫൈസലിന്റെ കുറിപ്പ് ഒന്നു വായിക്കാം.
“ഫേസബുക്കിലും മറ്റും വൈറലായി കഴിഞ്ഞ വീഡിയോയിലെ ഫൈസൽ കറുത്തേടത്ത് എന്ന കെ എസ് ആർ ടി സി കണ്ടക്ടറാണ് ഞാൻ. ഇതു വരെ ഈ വീഡിയോയെക്കുറിച്ച് ഞാൻ പ്രതികരിച്ചിരുന്നില്ല. എന്റെ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും എന്നെ ഇത്രത്തോളം അഭിനന്ദിച്ച സ്ഥിതിക്ക് അവരോട് ഒരു നന്ദി വാക്കെങ്കിലും പറയാതിരിക്കുന്നത് മോശമല്ലെ എന്ന് കരുതിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
ആദ്യമായി എനിക്ക് അഭിനന്ദനമറിയിച്ച എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയത്തിൽ തട്ടി നന്ദി അറിയിക്കുന്നു. കുറച്ചു കാര്യങ്ങൾ ഞാനിവിടെ പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നൻമയും തിൻമയും പെട്ടെന്ന് ഫോക്കസ് ചെയ്യപ്പെടുന്നു. ഒരു ഡിപാർട്മെന്റിൽ നല്ല ജീവനക്കാര്യം ചീത്ത ജോലിക്കാരുമുണ്ടാകും. ഒരു പത്ത് ശതമാനം ജീവനക്കാർ മോശമായാൽ ബാക്കി 90% ചെയ്യുന്ന നൻമകൾ വിഫലമാവും. ദൗർഭാഗ്യവശാൽ നൻമകളേക്കാൾ കൂടുതൽ തിൻമകളാണ് ഫോക്കസ് ചെയ്യപ്പെടുക.
പബ്ലിക്കുമായി കൂടുതൽ ഇടപഴകുന്ന രണ്ട് മേഖലകളാണ് പോലീസും കെ എസ് ആർ ടി സി യും. പണ്ട് കാലത്ത് പോലീസ് എന്ന് കേൾക്കുന്നതേ പേടിയായിരുന്നു.പക്ഷെ ഇന്ന് ജനങ്ങളോട് നല്ല രീതിയിൽ ഇടപഴകുന്ന ജനകീയ പോലീസായി. അതു പോലെ തന്നെ കെഎസ്ആർടിസിയും. ഇന്നത്തെ ജീവനക്കാർ ഭൂരിഭാഗവും പൊതുജനങ്ങളോട് നല്ല രീതിയിൽ ഇടപഴകുന്നവരാണ് എന്നാണ് എന്റെ വിശ്വാസം. ഒരു ശരാശരി ബസിൽ 600 യാത്രക്കാരുണ്ടെങ്കിൽ 600 സ്വഭാവക്കാരായിരിക്കും. എല്ലാവരെയും തൃപ്തിപെടുത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ചിലരോട് ദേഷ്യപ്പെടേണ്ടിയും വരും.
ഇനി അന്നു നടന്ന സംഭവത്തിലെക്ക്, നെടുമ്പാശേരിയിൽ നിന്നും വരുന്ന ബസായതിനാൽ ലഗേജ് നിറയെ ഉണ്ടാവും. പട്ടാമ്പി സ്റ്റോപ്പിലെത്തിയപ്പോൾ കുറച്ചധികം ലഗേജ് ഉണ്ടായിരുന്നു. അവർക്ക് ലഗേജിറക്കാൻ സഹായിച്ചു എന്ന ഒരു ചെറിയ നൻമ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് വലിയ നൻമയായി തോന്നിയിട്ടുണ്ടാവാം.
എന്റെ എത്രയോ കണ്ടക്ടർ സുഹൃത്തുകൾ ഇതിലേറെ നൻമകൾ ചെയ്തിട്ടുണ്ടാവാം. പക്ഷെ അത് ഫോക്കസ് ചെയ്തിട്ടുണ്ടാവില്ല. കെഎസ്ആർടിസി നമ്മുടേതാണ്. നിങ്ങളുടെ പിന്തുണ എപ്പോഴും വേണം. എന്റെ നല്ലവരായ എല്ലാ സുഹൃത്തുകൾക്കും നാട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. നിങ്ങളുടെ പ്രാർഥന വേണമെന്ന് വിനീതായി അപേക്ഷിക്കുന്നു.”
സ്വന്തം സ്വഭാവഗുണത്തിനു ലഭിച്ച അംഗീകാരം സഹപ്രവര്‍ത്തകര്‍ക്കു കൂടി പകുത്തു നൽകിക്കൊണ്ട് വീണ്ടും വിനയത്തിൻ്റെ ലാളിത്യം നമുക്കു കാണിച്ചു തരികയാണ് ഫൈസൽ. ഫൈസലിനെപ്പോലെ ആകട്ടെ ഇനി എല്ലാ കണ്ടക്ടർമാരും…