വിവരണം – പ്രശാന്ത് കൃഷ്ണ.
കുറച്ചു നാളുകൾക്കു മുൻപ് നടത്തിയതാണ് പൊന്മുടിയിലെ വരയടുമൊട്ടയിലേക്കുള്ള ഈ യാത്ര. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയില് നിന്നും ആരംഭിച്ച് കല്ലാറില് അവസാനിക്കുന്ന മനോഹരമായതും സാഹസികത നിറഞ്ഞതുമായ ഒരു കാനന പാതയാണ് വരയാട്മൊട്ട, വരയാട്ടുമുടി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ് വരയാടുമൊട്ട. അതിൽ ഏറ്റവും പൊക്കമുള്ള മലയ്ക്ക് 1100 മീറ്റർ ആണ് ഉയരം. പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഭാഗമായി വനം വകുപ്പാണ് വരയാടുമൊട്ട യാത്ര നടത്തുന്നത്. വർഷത്തിൽ എല്ലാ സമയത്തും യാത്ര ഉണ്ടാകാറില്ല.
വളരെ പെട്ടന്ന് തട്ടിക്കൂട്ടിയ ഒരു പദ്ധതിയായിരുന്നു ഇത്. നമ്മുടെ സ്ഥിരം സഹയാത്രികർ എല്ലാം തന്നെ തിരക്കിലായതിനാൽ എന്റെ സഹപ്രവർത്തകനും സർവോപരി സന്തത സഹചാരിയുമായ രതീഷ് ചേട്ടനും പിന്നെ കുറച്ചു സഹപ്രവർത്തകരുമായി ചേർന്നാണ് ഈ യാത്രയ്ക്ക് തയാറെടുത്തത്, കൂടാതെ ഇടയ്ക്കു എന്റെ യാത്രകളിൽ കൂടുന്ന നമ്മുടെ മനു മോഹനും പുള്ളിയുടെ ഒരു അനുജൻ അഖിലും ഞങ്ങളുടെ യാത്രയിൽ എത്താം എന്ന് അറിയിച്ചു. അങ്ങനെ പോകാനുള്ള ദിവസം രാവിലെ എല്ലാവരെയും വിളിച്ചു പതിവുപോലെ വരാമെന്നേറ്റിരുന്ന രണ്ടുപേർ എത്തില്ല എന്ന് അറിയിച്ചു. യാത്രകളിൽ ഈ കലാപരിപാടി ഉറപ്പാണല്ലോ, എന്തായാലും ഞങ്ങൾ നാലുപേർ യാത്രയ്ക്ക് തയാറെടുത്തു. മനുവും,അഖിലും,രതീഷ് ചേട്ടനും വിതുര എത്താം എന്ന് പറഞ്ഞു.
അങ്ങനെ രാവിലെ തന്നെ നമ്മുടെ വാഹനവുമെടുത്തു ഞാൻ ഇറങ്ങി. കൃത്യസമയത്തു വിതുര എത്തി ശേഷം മനുവിനെ വിളിച്ചു അവനും ഉടനെ എത്തി. പിന്നെ രതീഷ് ചേട്ടനായുള്ള കാത്തിരിപ്പായിരുന്നു. അത് ഒരു ഒന്നൊന്നര കാത്തിരിപ്പായിപ്പോയി. രാവിലെ 7 മണിയ്ക്ക് മല കയറേണ്ടതാണ് സമയം ഒരുപാട് താമസിച്ചു ഏകദേശം 10 മണിയോട് അടുപ്പിച്ചാണ് രതീഷ് ചേട്ടൻ എത്തിയത്. കാര്യം തിരക്കിയപ്പോൾ പാതിവഴി എത്തിയ പുള്ളി വീട്ടിൽ എന്തോ അത്യാവശ്യം കാരണം തിരികെ പോയി എന്ന് പറഞ്ഞു. വെയിൽ വന്നശേഷമുള്ള മലകയറ്റം അത്ര നല്ലതല്ല എന്നതിനാൽ ഞങ്ങൾ യാത്ര പിന്നീട് ഒരിക്കലാകാം എന്ന് തീരുമാനിച്ചു. എന്നാലും പോകാൻ ഇറങ്ങിയില്ലേ എന്ന ചിന്ത വീണ്ടും യാത്ര തുടരാൻ ഞങ്ങളെ പ്രേരിപ്പിച്ചു. തത്കാലം വിശപ്പടക്കാനുള്ള ഭക്ഷണ സാധനങ്ങളും നാലഞ്ചു കുപ്പി വെള്ളവും വാങ്ങി.
അങ്ങനെ ഞങ്ങൾ പൊന്മുടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. പൊന്മുടിയിൽ നിന്നും ഗോൾഡൻ വാലിയിൽ നിന്നും വരയടുമൊട്ടയിലേക്കുള്ള വനം വകുപ്പിന്റെ യാത്രകൾ നിലവിലുണ്ട്. 5 പേര് അടങ്ങുന്ന ഒരു സംഘത്തിന് 1500 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്. യാത്രയിൽ ആവശ്യമുള്ള മാർഗനിർദേശങ്ങൾ നൽകാൻ ഒരു വഴികാട്ടിയുടെ സേവനവും ഇതിൽ ലഭിക്കും. പോകുമ്പോൾ ഉച്ചക്ക് ഉള്ള ഭക്ഷണവും ധാരാളം വെള്ളവും കൊണ്ട് പോകുക. പോകുന്ന വഴിയിൽ വെള്ളം കിട്ടില്ല. നല്ല കഠിനമായ ഒരു മല കയറ്റം ആയതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ പോകാതിരിക്കുന്നതാണ് നല്ലത്.
ഞങ്ങൾ ഗോൾഡൻ വാലിയിൽ നിന്നാണ് മലകയറ്റം തുടങ്ങുന്നത്. ഞങ്ങൾക്ക് ഏർപ്പാടാക്കിയിട്ടുള്ള വഴികാട്ടി ചന്ദ്രൻ ചേട്ടൻ അവിടെ ഞങ്ങളെയും കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഗോൾഡൻ വാലിയിൽ എത്തിയപ്പോൾ തന്നെ ഏകദേശം 10.30 എങ്കിലും ആയിട്ടുണ്ടാകും. ഗോൾഡൻ വാലിയിൽ നിന്നും അല്പദൂരം മുന്നോട്ടുപോയി ഇടത്തേക്ക് തിരിഞ്ഞു വേണം വരയടുമൊട്ടയ്ക്കു പോകാൻ. പാതയുടെ പണി കഴിഞ്ഞിട്ട് അധികനാൾ ആയിട്ടില്ല. അല്പം കൂടി മുന്നോട്ടുപോകുമ്പോൾ ആദിവാസി ഊരുകളാണ്. എല്ലാ വീടുകൾക്കും ആധുനിക ഭാവം കൈവന്നിരിക്കുന്നു. ഇവിടെയാണ് പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ വീട്. ചന്ദ്രൻ ചേട്ടൻ ഞങ്ങൾക്ക് വീട് കാണിച്ചു തന്നു.
വെയിൽ പരന്നുതുടങ്ങി . വാഹനങ്ങൾ വഴിയരികിലെ മരത്തണലിൽ ഒതുക്കി വച്ചശേഷം ഞങ്ങൾ മലകയറ്റം ആരംഭിച്ചു. കുത്തനെയുള്ള കയറ്റങ്ങളാണ്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെയുള്ള നടത്തം തുടങ്ങിയപ്പോൾ തന്നെ ആനപ്പിണ്ടങ്ങൾ ദൃശ്യമായി. എന്തായാലും അടുത്ത ദിവസങ്ങളിലൊന്നും ആന വന്നതിന്റെ ലക്ഷണങ്ങൾ ഇല്ല. ആനയും കാട്ടുപോത്തും സ്വൈര്യവിഹാരം നടത്തുന്ന സ്ഥലങ്ങളിലൂടെയാണ് ഇനി നടക്കേണ്ടത് എന്ന് ചന്ദ്രൻ ചേട്ടൻ പറഞ്ഞു തന്നു. മരങ്ങൾക്കിടയിലൂടെ നടക്കുന്നതു കൊണ്ടാകണം വെയിലിന്റെ ചൂട് അനുഭവപ്പെടുന്നില്ല. മരങ്ങൾക്കും കുറ്റിച്ചെടികൾക്കും ഇടയിലൂടെ നടന്നു ഞങ്ങൾ പുൽമേട്ടിലേയ്ക്ക് പ്രവേശിച്ചു. അവിടെ നിരപ്പായ ഒരു പ്രദേശമുണ്ട് . ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കളിസ്ഥലമാണെന്നേ പറയു.
ഞങ്ങൾ ചന്ദ്രൻ ചേട്ടനോട് കാര്യം തിരക്കി, മഴസമയങ്ങളിൽ അവിടെ വെള്ളം കെട്ടി നിൽക്കാറുണ്ടത്രെ വന്യമൃഗങ്ങൾ വെള്ളം കുടിക്കാനായി അവിടെ വരാറുണ്ട്. ഇപ്പോൾ വേനൽ ആയതിനാൽ വെള്ളമില്ല. എന്നാലും മൃഗങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് അറിയാൻ സാധിച്ചു. അവയുടെ കാൽപ്പാടുകൾ മണ്ണിൽ പതിഞ്ഞിട്ടുണ്ട്. അധികം പഴക്കമില്ലാത്തവ ഒരുപക്ഷെ രാത്രിയിലോ തലേ ദിവസമോ അവ വന്നു പോയിരിക്കാം. കാട്ടുപോത്തിന്റെ സാന്നിധ്യം ഞങ്ങൾ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അൽപനേരം അവിടെ കാഴ്ചകൾ കണ്ടു നിന്നശേഷം വീണ്ടും നടത്തം തുടങ്ങി. ചന്ദ്രൻ ചേട്ടൻ ദൂരെ ഒരു മലയിലേക്കു കൈചൂണ്ടി പറഞ്ഞു അവിടെയാണ് നമുക്ക് പോകേണ്ടത് . കണ്ടപ്പോൾ അടുത്തല്ലേ എന്ന തോന്നൽ എല്ലാവരിലും ഉണ്ടായി. എന്നാൽ കുറച്ചു അധ്വാനിച്ചു നടന്നാലേ അവിടെത്തുള്ളു എന്ന് പുള്ളി ഞങ്ങളോട് പറഞ്ഞു. സംഭവം സത്യമാണ് അത് നടന്നപ്പോൾ ഞങ്ങൾക്ക് മനസിലായി.
പുൽമേട്ടിലൂടെ ഞങ്ങൾ നടത്തം തുടർന്നു. ഞാനും ചന്ദ്രൻ ചേട്ടനും അല്പം വേഗത്തിലാണ് നടക്കുന്നത്. മറ്റുള്ളവർ പതിയെ വരുന്നേ ഉള്ളു. മനു പ്രകൃതിസൗന്ദര്യം ഒപ്പിയെടുക്കുന്ന തിരക്കിലാണ്. മറ്റു രണ്ടുപേർ നടത്തം ആസ്വദിച്ചാണ് വരുന്നത്. പുൽമേട്ടിൽ ഒറ്റ മരം പോലും ഇല്ലെങ്കിലും അവിടുത്തെ തണുത്ത ഇളം കാറ്റിന്റെ സാന്നിധ്യം നട്ടുച്ച നേരത്തെ വെയിലിന്റെ ചൂടിനെ മറികടക്കാൻ ഞങ്ങളെ സഹായിച്ചു. പുൽമേട്ടിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. പേപ്പാറ അണക്കെട്ടിന്റെ വിദൂര ദൃശ്യവും അഗസ്ത്യാർകൂടം മലനിരകളും ഇവിടെ നിന്നാൽ കാണാൻ സാധിക്കും. ചുറ്റും മലനിരകൾ നല്ല കുളിർകാറ്റു, കാഴ്ചകൾ അവസാനിക്കുന്നില്ല ഞങ്ങൾ വീണ്ടും മലകയറ്റം തുടങ്ങി.
സത്യത്തിൽ മലമുകളിൽ അനുഭവപ്പെടുന്ന കാറ്റിനേക്കുറിച്ചു പറഞ്ഞു മനസിലാക്കാൻ പ്രയാസമാണ്. പൊതുവെ എല്ലാവരും പറയുംപോലെ “ഇവിടുത്തെ കാറ്റാണ് കാറ്റ് ” എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഈ സമയത്തും വെയിലിന്റെ ചൂടേൽക്കാതെ ഞങ്ങൾക്ക് മലകയറാനാകുന്നത് തീർച്ചയായായും ഇവിടുത്തെ കുളിർ കാറ്റ് തന്നെയാണ്. വളരെ സൂക്ഷിച്ചുവേണം ഇനിയുള്ള മലകയറ്റം. പാറകളും പുല്ലുകളും മാത്രമേ എങ്ങും കാണാനുള്ളൂ. കൂടാതെ പനപോലുള്ള ഒരു ചെടിയും കാണാം. പനയുടെ ഒരു ചെറിയ പതിപ്പ്, അതിൽ ഈന്തപ്പഴത്തിന്റതുപോലുള്ള ഫലവും ഉണ്ട്. തീരെ ചെറുതാണ് എന്നാലും കഴിക്കാൻ നല്ല രുചിയുണ്ട്.
ചന്ദ്രൻ ചേട്ടന്റെ വരയടുമൊട്ട വിവരണവും കേട്ട് ഞങ്ങൾ മലകയറ്റത്തിന്റെ കാഠിന്യം അറിഞ്ഞില്ല എന്ന് വേണം പറയാൻ. ഞങ്ങൾ മുകളിലെത്തി നല്ല തണുത്ത കാറ്റ്. ഇതിന്റെ സുഖം വീട്ടിലെയോ ജോലിസ്ഥലത്തെയോ ശീതീകരിച്ച മുറികളിൽ ഇരുന്നാൽ കിട്ടില്ല. ചന്ദ്രൻ ചേട്ടനും രതീഷ് ചേട്ടനും അടുത്തുള്ള പാറയുടെ തണലിൽ വിശ്രമത്തിലാണ്. ഞാനും മനുവും അഖിലും സ്ഥലങ്ങൾ കാണാനും ചിത്രങ്ങളെടുക്കാനുമായി സമയം ചിലവഴിച്ചു. നല്ല വിശപ്പുണ്ട് എല്ലാവർക്കും വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കണം. കുറച്ചു ഭക്ഷണമേ കരുതിയിട്ടുള്ളു എന്നാലും ഞങ്ങൾ അത് വച്ച് തൃപ്തിപ്പെട്ടു. ഭക്ഷണശേഷം എല്ലാവരും ആ കുളിർകാറ്റുമേറ്റ് പാറപ്പുറത്തു വിശ്രമം തുടർന്നു.
സമയം 2 മണി കഴിഞ്ഞിരിക്കുന്നു എല്ലാവരും എണീറ്റു ഇപ്പോഴെങ്കിലും തിരിച്ചിറങ്ങിയില്ലെങ്കിൽ അത് ബുദ്ധിമുട്ടാകും കയറിപ്പോയതിനേക്കാൾ പ്രയാസമാണ് മലയിറക്കം. ചിലപ്പോൾ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്. വളരെ ശ്രദ്ധയോടെ ആണ് എല്ലാവരും മലയിറങ്ങുന്നത്. ഇടയ്ക്കു രതീഷ് ചേട്ടന്റെ കാൽ ഒന്ന് രണ്ടു തവണ തെറ്റി. എന്നാലും വേറെ കുഴപ്പമൊന്നും ഉണ്ടായില്ല. മലകയറുമ്പോൾ പുറകിലായിപ്പോയ രതീഷ് ചേട്ടനും ചന്ദ്രൻ ചേട്ടനും സത്യത്തിൽ മലയിറങ്ങുമ്പോൾ ഞങ്ങളെ അമ്പരപ്പിച്ചു. ഞങ്ങൾ താഴെയെത്തുന്നതിനേക്കാൾ ഒരുപാടു മുന്നേ രണ്ടുപേരും എത്തി ഞങ്ങളെയും കാത്തു നിൽപ്പുണ്ടായിരുന്നു.
വരും വഴി ഇടയ്ക്കു ഒരു അരുവിയിലിറങ്ങി കുളിയും പാസാക്കി. വെള്ളത്തിന്റെ തണുപ്പിനെക്കുറിച്ചു പറയേണ്ടതില്ലല്ലോ. സമയം വൈകി എന്ന കാരണത്താൽ യാത്ര ഉപേക്ഷിക്കാതെ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചത് എന്തായാലും നന്നായി എന്ന് തോന്നി. ഇത്രയും നല്ലൊരു യാത്ര ഞങ്ങൾക്ക് സമ്മാനിച്ച് അങ്ങനെ ഒരു ദിനം കൂടി കൊഴിഞ്ഞു വീണു. മനസിൽ കുറിച്ചിടാൻ ഒരു പിടി സുന്ദര ദൃശ്യങ്ങൾ സമ്മാനിച്ച മറ്റൊരു യാത്രകൂടി …. ഇനി മറ്റൊരിക്കൽ വീണ്ടും വരയടുമൊട്ടയിലേയ്ക്ക്….