ഓർമ്മയിൽ ഒരു പുത്തൻ അനുഭൂതി തീർത്ത എൻ്റെ തൊള്ളയിരം കണ്ടി യാത്ര..

പ്രഭാതത്തിലെ സൂര്യകിരണങ്ങൾ വിരുന്നെത്തും മുമ്പേ ഞാൻ ഉണർന്നു.പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് തലേന്ന് വീർപ്പിച്ചു വെച്ച എൻ്റെ ട്രാവലിംഗ് ബാഗും തോളിലേന്തി ഞാൻ വീടിനു പുറത്തെത്തി. എൻ്റെ വീടിൻ്റെ പോർച്ചിൽ എൻ്റെ ആഗമനവും കാത്ത് ഒരാൾ നിൽപ്പുണ്ട്.എന്നെ കണ്ടപാടെ അവൻ സടകുടഞ്ഞു എഴുന്നേറ്റു. പുള്ളിയെ മനസ്സിലായോ?ഇരുചക്ര ലോകത്തെ തലയെടുപ്പുള്ള രാജാവ്..റോയൽ എൻഫീൽഡ്.

കീ ഹോൽഡറിൽ ചവികൊണ്ട് ഒന്നു തലോടിയതോടെ അനലോഗ് മീറ്റർ ഉയർന്നു താണു. ഞാൻ റെഡിയാണ് എന്ന സിഗ്നൽ ലഭിച്ചതോടെ കിക്കറിൽ ആഞ്ഞു ചവിട്ടി. കാതടപ്പിക്കുന്ന ശബ്ദത്തിൽ അവൻ അയൽക്കാരോടു യാത്ര പറഞ്ഞു റോഡിലേക്കിറങ്ങി. നേരെ അരിയിലിൻ്റെ ഭാവി വാഗ്ദാനം സാമൂഹ്യ സേവന രംഗത്തെ നിറസാനിധ്യം ആസിഫലി അരിയിലിൻ്റെ വീട്ടിൽ ചെന്ന് പുളളിയെയും പിക്ക് ചെയ്തു.

മഞ്ഞു പെയ്തു നനഞ്ഞ നിരത്തിലൂടെ തണുപ്പിനെ വകഞ്ഞു മാറ്റി അവൻ ഞങ്ങളെയും കൊണ്ട് വയനാട്‌ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. യാത്രയുടെ ഓരോ ഘട്ടത്തിലും യാത്രികൻ (ട്രാവല്‍ ഗ്രൂപ്പ്) കുടുംബത്തിലെ പലരും എന്നെ അനുഗമിച്ചു. ആകാശത്തു നിന്നും പൊൻകിരണങ്ങൾ മരച്ചിലകളിലൂടെ ഭൂമിയെ തഴുകുന്ന കാഴ്ച്ചകൾ കണ്ടാസ്വദിച്ചു ഇയർ ഫോണിലൂടെ ഒഴുകിവരുന്ന പഴയ ഹിന്ദി സോംഗിൽ മുഴുകി ഞങ്ങൾ യാത്ര തുടർന്നു.

വനപാതയിലൂടെ പാൽ ചുരം കയറി ബോയിസ്ടൗണിലെ ചായകടക്കു മുന്നിൽ ഞങ്ങൾ യാത്രയിക്കു ചെറിയ ബ്രേക്കിട്ടു. ഏകദേശം ഒരു ഒമ്പതു മണിആയിക്കാണും ബോയിസ് ടൗണിലെ ചായ കുടിയും കഴിഞ്ഞ് യാത്രികർ യാത്ര തുടരുമ്പോൾ. വയനാടിൻ്റെ സൗന്ദര്യമായ തേയില കാടുകൾക്കിടയിലൂടെയുള്ള നിരത്തുകളിൽ ഗാംഭീര ശബ്ദത്തോടെ ബുള്ളറ്റുകളിലും മറ്റു സ്പോർട്ടി ബൈക്കുകളിലും യാത്രികർ എന്ന ഊരുചുറ്റി സംഘം വരിവരിയായി മുന്നോട്ട് ഗമിച്ചു.

ഷിൻ്റിലാണ് സംഘത്തിൻ്റെ പതാക വാഹകൻ. ഒപ്പം കോഴിക്കോടിൻ്റെ ക്യാപ്റ്റൻ ഷാജി പാപ്പനും ജിൻസിയും ശ്രുതിയും പിന്നെ യാത്രികരുടെ മനം കവർന്ന ഇളം തെന്നൽ കുഞ്ഞുവാവ സച്ചിനും യാത്രയുടെ ആലസ്യം അകറ്റി. കുഞ്ഞുവാവയുടെ മോണകാട്ടിയുള്ള ചിരിയും വണ്ടികൾ ഓവർ ടേക്ക് ചെയ്യുംമ്പോഴുള്ള റ്റാറ്റ പറച്ചിലും ഒക്കെ ആവുംമ്പോൾ സത്യത്തിൽ യാത്രികൻ എന്ന കുടുംബബന്ധത്തിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.

പതിനൊന്നു മണിയോടു കൂടി ഞങ്ങൾ തൊള്ളായിരം കണ്ടിയുടെ വിരിമാറിലേക്കുള്ള ചെമ്മൻ പാതയിൽ പ്രവേശിച്ചു. കാഴ്ച്ചയിൽ രൗദ്രഭാവം പൂണ്ട് നിൽക്കുന്ന നിരത്തുകളെ വകവെക്കാതെ എൻ്റെ ചുണക്കുട്ടൻ കല്ലും കുഴിയും താണ്ടി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു. കിളികളുടെ കൂജനവും താഴേക്ക് പതിക്കുന്ന വെള്ളചാട്ടങ്ങളുടെ ഇരമ്പലും കാട്ടരുവിയുടെ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങൾ യാത്രികർ 900 കണ്ടിയുടെ അതിഥികളായി.

പ്രകൃതിയുടെ ഈ സൗന്ദര്യ പറുദീസയിൽ തലയുയർത്തി നിൽക്കുന്ന ഗ്രീൻ വല്യൂ റിസോൾട്ടിലായിരുന്നു യാത്രികർക്ക് താവളമൊരുക്കിയത്. തൊള്ളായിരം കണ്ടിയുടെ ഹൃദയമിടിപ്പറിയുന്ന ഓരാളുണ്ട് ഇവിടെ. ആരുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന സ്വന്തം ജോസ് അച്ചായൻ. റിസോൾട്ടിൽ ചെന്നപാടെ കുറച്ച് വിശ്രമിക്കാനായിരുന്നു പലർക്കും തിടുക്കം. പ്രകൃതിയുടെ വരദാനമായ തണുത്ത കാറ്റിൻ്റെ തഴുകലിൽ ഒന്നു മയങ്ങി.

അച്ചായൻ്റെ സ്പെഷ്യൽ കൈപുണ്യം.. വയനാടിൻ്റെ തനതു രുചിയിൽ ഉച്ചയൂണും കഴിച്ച് റിസോൾട്ടിൻ്റെ നാലു ഭാഗവും ഒന്നു ചുറ്റി കറങ്ങി. അപ്പോഴേക്കും അച്ചായൻ യാത്രികൻ്റെ പതാകാ വാഹകനായി. അച്ചായൻ്റെ പിന്നിൽ വരിവരിയായി തൊള്ളായിരം കണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ ചെങ്കുത്തായ കുന്നിൻ ചെരുവിലൂടെ ആടിയും പാടിയും അച്ചായനെ അനുഗമിച്ചു. പാറ കൂട്ടങ്ങളോട് കുസൃതി കാട്ടി പാലമൃത് പോലെ നുരഞ്ഞ് പതഞ്ഞ് വരുന്ന കാട്ടരുവിയുടെ ചാരത്ത് അച്ചായൻ നിന്നതും ഞാനാണ് കേമൻ എന്ന ഭാവത്താൽ പാപ്പൻ ആരുവിയുടെ ആഴമുള്ള ഭാഗത്തേക്ക് മുങ്ങാംകുഴിയിട്ടു.

മരം കോച്ചുന്ന തണുപ്പ് ശരീരത്തിൽ പടർന്നു പന്തലിക്കുന്നത് വകവെക്കാതെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാനും ഷിൻ്റിലും പാപ്പനു കമ്പനി കൊടുത്തു. സത്യത്തിൽ ഞാൻ ചാടിയതല്ല യാത്രികൻ്റെ കൂടെ ചേരാൻ വീട്ടിൽ നിന്നും പരോൾ കിട്ടിയ അമൂൽ ബേബി ഡിഡി എന്നെ തളളിയിട്ടതാ. വെള്ളത്തിലുള്ള കളികണ്ട് യാത്രികനിലെ കുഞ്ഞുവാവയ്‌ക്കും മനസ്സിൽ ലഡു പൊട്ടി. ആഴം കുറഞ്ഞ ഭാഗത്ത് തണുത്ത വെള്ളത്തിലുള്ള നീരാട്ട് വാവയ്ക്ക് വല്ലാതെ ഇഷ്ടപെട്ടു. ഊണും ഉറക്കവും മാത്രമല്ല കുളിയും ഒന്നിച്ചാണെ.. ഇനി നിങ്ങൾക്ക് പരാതി വേണ്ട എന്നു പറഞ്ഞ് അൽപ്പം താഴെ ആഴം കുറഞ്ഞ ഭാഗത്ത് നാരികൾക്ക് നിരാടുവാൻ ഇടം കാട്ടി കൊടുത്തു.

നമുക്കിവിടം ഒന്നും നടക്കൂല എന്നു മനസ്സിലാക്കി ഡിഡിയും പ്രിയതമ കുഞ്ചുവും കാട്ടാറിൻ്റെ മറ്റെരും തടം നോക്കി പോയി. തണുത്ത ശുദ്ധജലപ്രവാഹത്തിൽ ഏറെ നേരം നീരാടി എല്ലാവരും കരക്കുകയറി. മുളങ്കാടുകൾകിടയിലൂടെയും കാട്ടുവളികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങി കാനനഭംഗി ആസ്വദിച്ച് എത്തിപെട്ടതോ ഓറഞ്ചു മരങ്ങൾക്കിടയിൽ. അച്ചായൻ യാത്രികരോടു വിലക്കിയ കനി കഴിച്ച് ഓറഞ്ചിൻ്റെ മധുരമൂറുന്ന രുചിയിൽ മയങ്ങി തിരികെ റിസോൾട്ടിലേക്ക്.

ഇരുട്ടു മൂടി തുടങ്ങിയിരുന്നു ഞങ്ങൾ റിസോൾട്ടിൽ എത്തുംമ്പോൾ. വയനാടിൻ്റെ സ്വന്തം തേയിലയുടെ രുചി വിളിച്ചോതുന്ന നല്ല അസ്സൽ സുലൈമാനിയും കുടിച്ച് സൊറ പറഞ്ഞിരിക്കുമ്പോഴേക്കും താഴെ നിന്നും ഒരു വെട്ടം കയറി വരുന്നു. വൈകിയാണെങ്കിലും യാത്രികൻ്റെ സൂപ്പർ ഹീറോ തളിപ്പറമ്പിൻ്റെ മുത്ത് വിബീഷിൻ്റെ മരണ മാസ്സ് എൻട്രി ക്യാമ്പിനെ ഒന്നടങ്കം ഹർഷാ പുളകിതമാക്കി.

യാത്രികനിലെ ഏറ്റവും മനോരമായ നിമിഷങ്ങൾ പിറവിയെടുത്തത് ഇവിടെയാണ്. ബാസിംക്കയുടെ നേതൃത്തത്തിൽ നടന്ന തീക്കളി അഥവാ ക്യാമ്പ് ഫയർ.  ഓ എൻ്റെ പൊന്നെ… അതിൻ്റെ രസം..!!  നാടൻ പാട്ടുകളും ഹിന്ദി ഗസൽ വരികളും ഒരോരുത്തരുടെ ഫാവ്രറ്റ് ചുവടുകളും ആർത്ഥ നാഥങ്ങളുമായി രാവേറെ സമയം പോയതറിഞ്ഞില്ല. ജോലി സംബന്ധമായി ട്രേഡ്‌ യൂണിയൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനാൽ പുലർച്ചെ 5 മണിക്ക് തിരിക്കേണ്ട തയ്യാറെടുപ്പോടെ ഞാൻ നിദ്രയെ പുൽകി.

വിവരണം – സമദ് അരിയില്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply