വിവരണം – റസാഖ് അത്താണി.
“ഇക്കാ നാളെ എന്താ പ്രത്യേകതായെന്നറിയുമോ?” രാത്രിയിലെ സംസാരത്തിനിടയിലാണ് അവൾ ആ ചോദ്യം ചോദിച്ചത്. നാളെ എന്താ വ്യാഴമല്ലേ? “ഒലക്ക, ഇങ്ങൾക്കെന്താ അരണടെ ബുദ്ധിയാണോ? ഒരുകാര്യം ഓർമ കാണില്ല. പ്രണയംതുടങ്ങിയ ഡേറ്റ് ചോദിച്ചാൽ അതറീല. പലവട്ടം പറഞ്ഞുതന്നാലും നിങ്ങളത് മറക്കും. എങ്ങാനൊരുമറവി. എന്റെ birthday എന്നാന്ന് ഓർക്കാറുണ്ടോ? അതുപിന്നെ….. ഒലക്ക ഒരുസാധനം ഓർമവേണ്ടട്ടാ. നാളെ വാലെന്റിയൻസ് ഡേ ആണ്. ഓ നാളെ ഫെബ്രുവരി 14 ആണല്ലേ, ഞാനത് മറന്നു. സോറി.
ഇക്ക് സോറി വേണ്ടാ. പിന്നെന്താ? ഒന്നും വേണ്ടാ ! പിണങ്ങല്ലേ പെണ്ണെ.. പിണങ്ങല്ലേ പെണ്ണെ. ഞാൻ കരുതി ഗിഫ്റ്റ് ഒക്കെ വാങ്ങി എന്നെ കാണാൻവരുമെന്ന്. അതുപിന്നെ ഞാൻ വരാതിരിക്കുമോ? മതി ഡയലോഗടി. ഇക്കാ നാളെ ഒന്നുകാണാൻപറ്റുമോ? മോർണിംഗ് ഞാൻ കോളേജിന്റെ അടുത്തുള്ള കോഫീഷോപ്പിൽ ഉണ്ടാവും. വരുമ്പോൾ ഗിഫ്റ്റും വേണട്ടാ. വലിന്റെൻസ് ഡേ മറന്ന ചളിപ്പും ഗിഫ്റ്റ് വാങ്ങിക്കാൻ മറന്ന കാര്യവുമൊക്കെ ഓർത്തപ്പോൾ നാളെ മോർണിംഗ് എന്തായാലും കാണാൻ പോവണമെന്ന് മനസ്സിൽ കരുതി.
6 മണിക്കേ അലാറം വെച്ചാണ് കിടന്നത്. അലാറം അതിന്റെ ധൗത്യം കൃത്യമായി നിർഭവഹിച്ചെങ്കിലും അതിനെ തലക്കിട്ടൊരുകൊട്ടും കൊട്ടി നിശബ്ദമാക്കി. അതങ്ങിനെയാണല്ലോ നമ്മൾ മലയാളികൾ അല്പം കൂടികിടക്കാമെന്നും കരുതി ഉറങ്ങും. പിന്നെ പോവാനുള്ള സമയത്തോടെ അടുക്കുമ്പോൾ ആണ് കിടക്കപ്പായിൽനിന്നും എണീക്കൽ. ചാടിപ്പിടഞ്ഞു എണീറ്റപ്പോൾ സമയം 9 മണിയും ഫോണിൽ 8 മിസ്സ്കോളും. പടച്ചോനെ ഇന്ന് നല്ലൊരു ദിവസമായി കലിപ്പിലാവുമല്ലോ. അവളെന്നെ കാര്യത്തിന് ഒരു തീരുമാനമായി.
പിന്നീടുള്ള 5 മിനിറ്റ് കൊണ്ട് ബ്രഷും ചെയ്ത് (സോറി കുളിച്ചിട്ടില്ലാട്ടോ ) ബൈക്കെടുത്തു പാഞ്ഞു. ഇടക്കുകണ്ട ഒരു ഫാൻസി ഷോപ്പിൽ കയറി ഒരു റിങ്ങും (ചുമ്മാ അവളെ സമാധാനിപ്പിക്കാൻ )വാങ്ങിച്ചു. അവളുടെ അടുത്തു ചെന്നപ്പോൾ 10 മണി. അവളുടെ മുഖം കടന്നൽ ഒപ്പം കുത്തിയ പോലെ ചുകന്നു തുടുത്ത് ഇരിക്കുന്നു. സമാധാനിപ്പിക്കാൻ പതിനെട്ടടവും പയറ്റി. പിണക്കം മാറിയപ്പോൾ കയ്യിലുള്ള റിങ് അവൾക്കു നേരെ നീട്ടി. ചെറുചിരിയോടെ അല്ലേലും ഇക്ക ഗിഫ്റ്റ് കൊണ്ടുവരുമെന്ന് എനിക്കാറിയാം. ചിരിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്.
അല്ല എനിക്ക് ഗിഫ്റ്റില്ലേ? ഇങ്ങൾക്കെന്തിനാ ഗിഫ്റ്റ്! അയ്യടാ അപ്പോൾ ഞാനെന്താ പുകയാണോ? ഇന്റെ അള്ളോഹ് ഉണ്ട് ചൂടാവാണ്ട ഗിഫ്റ്റുണ്ട്. എന്നും പറഞ്ഞു ടേബിളിനു പിറകിലൊളിപ്പിച്ച വലിയ ബോക്സ് എന്റെ നേർക്ക് നീട്ടിയപ്പോൾ മനസ്സിൽ ലഡുപൊട്ടി. ഇത്ര വലിയ പെട്ടിയോ. എന്താ ഗിഫ്റ്റ് പറ? അയ്യടാ പറയില്ല, വേണേൽ തുറന്നുനോക്കിക്കോ?
ആശ്ചര്യത്തോടെയും അൽപ്പം ഭയത്തോടെയും (ഇടക്ക് അവൾക്കൊരു കുട്ടികളിയാണ്. വല്ല തവളയെ മറ്റോ ആണെന്ന പേടിയിൽ മെല്ലെ തുറന്നപ്പോൾ ) കണ്ടത് ഒരു ഹെൽമെറ്റ്, അതും സ്പോർട്സ് ഹെൽമെറ്റ്. “ഇത് എന്താടി ഹെൽമെറ്റാണോ വലിന്റെൻസ് ഡേ ഗിഫ്റ്റ്? നിനക്കു വട്ടാണോ?” എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടിയാണ് എന്നെ ചിന്തിപ്പിച്ചത്. “ചോക്ലറ്റ് തന്നാൽ നിങ്ങളിതിപ്പോൾ തിന്നാൽ തീരും. റോസാപ്പൂ തന്നാൽ നാളെയൊ മറ്റെന്നോ അത് വാടിപ്പോവും. ഹെൽമെറ്റാവുമ്പോൾ ഇക്കാക്ക് ബൈക്കിൽ പോവുമ്പോൾ വെക്കാലോ. അതുമല്ല ഇത് ഇട്ടുപോവുമ്പോൾ ഇക്കാക്ക് ഞാനൊപ്പം ഉള്ള ഒരു ഫീൽ കിട്ടും. അതിനേക്കാളപ്പുറം ഇക്കാനെ ഒരു അപകടത്തിലും (വരാതിരിക്കട്ടെ ) നഷ്ടപ്പെടാതെ ഇരിക്കുമല്ലോ. ഇങ്ങളില്ലാതെ ഞാനെങ്ങനെ ജീവിക്കാനാ. എന്റെ ജീവനേക്കാൾ വലുത് ഇക്കാടെ ജീവനാണ്.”
ഇതൊക്കെ കേട്ടപ്പോൾ കണ്ണുനിറഞ്ഞതിനോടൊപ്പം ഇവൾക്കിത്ര ഒകെ ബുദ്ധിയുണ്ടോ എന്റെ റബ്ബേ എന്ന് ചിന്തിച്ചുപോയി. ഓരോ കാമുകിമാരും അവരവരുടെ കാമുകന്മാർക്ക് ഹെൽമെറ്റുകൾ വാലെൻഡ്യൻസ് ഡേ ഗിഫ്റ്റ് കൊടുക്കുകയായിരുന്നുവെങ്കിൽ ഒരു അപകട മരണമെങ്കിലും കുറയാൻ അത് കാരണമായാലോ?