അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി കെഎസ്ആർടിസി. സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളെപ്പോലെ തന്നെ സർവ്വീസുകൾ ആരംഭിക്കുവാനാണ് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ഇതിനായി സ്വന്തം ബസ്സുകൾ ഉപയോഗിക്കാതെ സ്വകാര്യ ഉടമകളിൽ നിന്നും പാട്ടത്തിനു എടുത്തായിരിക്കും സർവീസ് നടത്തുക. വോൾവോ, സ്കാനിയ തുടങ്ങിയ മൾട്ടി ആക്സിൽ ലക്ഷ്വറി കോച്ച് ബസ്സുകളായിരിക്കും ഇത്തരത്തിൽ പാട്ടത്തിനെടുക്കുന്നത്. ഇതോടൊപ്പം തന്നെ കർണാടക ആർടിസിയുടെ സഹകരണവും കേരള ആർടിസിയ്ക്ക് ലഭിച്ചിട്ടുണ്ട്.
നിലവിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്നത് ഓരോരോ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്ന രീതിയായ ‘സ്റ്റേജ് കാര്യേജ്’ സർവ്വീസ് ആയാണ്. എന്നാൽ കോൺട്രാക്ട് കാര്യേജ് സർവ്വീസുകൾ ഏജൻസികൾ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താണ് സർവ്വീസ് നടത്തുന്നത്. തൽഫലമായി യാത്രയ്ക്കിടയിൽ വഴിയിൽ നിന്നും ആളുകളെ (മുൻകൂട്ടി ബുക്ക് ചെയ്യാത്ത) കയറ്റുവാൻ സാധ്യമല്ല. അതായത് ബസ് യാത്ര തുടങ്ങുന്ന സ്ഥലത്തു നിന്നും മുഴുവൻ യാത്രക്കാരെയും കയറ്റി സർവ്വീസ് നടത്തണം. ഈ വിവരങ്ങൾ കാണിച്ചുകൊണ്ട് കെഎസ്ആർടിസി എംഡിയുടെ സർക്കുലർ ഇറങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിൽ കോൺട്രാക്ട് കാര്യേജ് സർവ്വീസുകൾ ആരംഭിക്കുവാനാണ് കെഎസ്ആർടിസി തുടക്കത്തിൽ പദ്ധതിയിടുന്നത്. യാത്രക്കാരുടെ തിരക്കും ആവശ്യകതയും നോക്കി മറ്റു സ്ഥലങ്ങളിലേക്കും ക്രമേണ ഇത്തരം സർവ്വീസുകൾ വ്യാപിപ്പിക്കുകയും ചെയ്യും. ഇത്തരം സർവ്വീസുകൾ ആരംഭിക്കുന്നതിനായി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വോൾവോ, സ്കാനിയ ബസ്സുകളായിരിക്കും കെഎസ്ആർടിസി കരാർ അടിസ്ഥാനത്തിൽ എടുക്കുന്നത്. മിക്കവാറും ഡ്രൈവര്‍ സഹിതമാകും ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. കോണ്‍ട്രാക്ട് കാര്യേജ് പെര്മിറ്റായതിനാല് കണ്ടക്ടറുടെ ആവശ്യമുണ്ടാകില്ല. പകരം ബസില്‍ ഒരു സഹായിയോ (കോ – ഡ്രൈവർ) ഉണ്ടാകും. സിസി സർവ്വീസുകൾ കൂടാതെ തമിഴ്നാട് മാതൃകയില്‍ ആദ്യാവസാനം മാത്രം സ്റ്റോപ്പുള്ള എന്‍ഡ് ടു എന്‍ഡ് സര്‍വീസുകളും പരിഗണനയിലുണ്ട്.
സർവീസുകളുടെ ടിക്കറ്റുകൾ ഓൺലൈനായും ബുക്കിംഗ് ഏജൻസി വഴിയും വിറ്റഴിക്കാം. ഇതിനുവേണ്ടി സ്വന്തമായി ടിക്കറ്റ് ബുക്കിംഗ് ഏജൻസി ലൈസൻസ് കെഎസ്ആർടിസി സ്വന്തമാക്കും. ശുചിമുറി, വിശ്രമകേന്ദ്രം തുടങ്ങി മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ കെഎസ്ആർടിസി ഡിപ്പോകളിൽ ഉള്ളതിനാൽ ഏജൻസികൾ സ്വന്തമായി തുടങ്ങുവാൻ നിലവിൽ ബുദ്ധിമുട്ടൊന്നും ഇല്ല.
സംസ്ഥാനത്ത് ഉടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ചായിരിക്കും സിസി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുക. കൂടാതെ ബെംഗളൂരുവിൽ കെഎസ്ആർടിസിയ്ക്ക് ഓഫീസ് സൗകര്യങ്ങൾ ഉള്ളതിനാൽ അവിടുന്ന് തിരികെയുള്ള യാത്രകൾക്കും ഇത് സഹായകമാകും. ഇത്തരം സിസി സർവ്വീസുകൾ ദിവസേന ഓടിക്കുന്നത് ലാഭകരമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും മറ്റുമുള്ള യാത്രക്കാർ കുറവായിരിക്കും. വഴിയിൽ നിന്നും യാത്രക്കാരെ കയറ്റുവാൻ സാധ്യമല്ലാത്തതിനാൽ നഷ്ടത്തിൽ ഓടേണ്ടി വരികയും ചെയ്യും. അതുകൊണ്ട് വീക്കെൻഡുകളിലും യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള സമയങ്ങളിലും ഇത്തരത്തിൽ സർവ്വീസ് നടത്തുന്നതായിരിക്കും കൂടുതൽ അഭികാമ്യം. ഇത്തരം കാര്യങ്ങളെക്കുറിച്ച് കെഎസ്ആർടിസി മാനേജ്മെന്റ് പഠിച്ചു വരികയാണ്.
നിലവിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ചില കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റർമാരെക്കുറിച്ച് യാത്രക്കാർക്കിടയിൽ പരാതികൾ ധാരാളമായി ഉയർന്നു വന്നതോടെയാണ് ഇതേപോലെ സർവ്വീസ് നടത്തുന്നതിനെക്കുറിച്ച് കെഎസ്ആർടിസി കാര്യമായി ചിന്തിച്ചു തുടങ്ങിയത്. ഏതാണ്ട് രണ്ടാഴ്ചകൾ കൊണ്ട് പദ്ധതികൾക്ക് ഏകദേശ രൂപവും കൈവരിക്കുവാൻ കെഎസ്ആർടിസിയ്ക്ക് സാധിച്ചു എന്നതും വിജയമാണ്. ഈ പദ്ധതി നടപ്പിലാകുന്നതോടെ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റർമാരേക്കാൾ സുരക്ഷിതമായ യാത്ര നൽകാൻ കെഎസ്ആര്‍ടിസിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.