യാത്രക്കാരുടെ മനസ്സു കവർന്ന് ഒരു കെഎസ്ആർടിസി ബസ് കണ്ടക്ടർ…

പ്രൈവറ്റ് ബസ്സുകാർ കെഎസ്ആർടിസി കണ്ടക്ടർമാരിൽ നിന്നും വ്യത്യസ്തരാകുന്നത് യാത്രക്കാർക്ക് അവരുടെ സ്റ്റോപ്പുകൾ എത്തുമ്പോൾ വിളിച്ചെഴുന്നേൽപ്പിക്കും എന്ന കാരണത്താലാണ്. ഇതുപോലെ തന്നെ പോകുന്ന സ്ഥലങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് അവർ യാത്രക്കാരെ ബസ്സിലേക്ക് കയറ്റുവാനും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇതുപോലെ കെഎസ്ആർടിസിയിലും ഉണ്ട് ജീവനക്കാർ. അത്തരത്തിൽ ഒരു അനുഭവം നമുക്കു മുന്നിൽ പങ്കുവെയ്ക്കുകയാണ് ഫോട്ടോഗ്രാഫറും കാസർഗോഡ് സ്വദേശിയുമായ ശ്രീജിത്ത്. ശ്രീജിത്തിന്റെ അനുഭവം അദ്ദേഹത്തിൻറെ വാക്കുകളിലൂടെ കേൾക്കാം…

“യാത്രകൾ ഇഷ്ടപെടുന്ന എനിക്ക് ഓരോ യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങൾ നൽകാറുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി യിലെ യാത്ര സ്വഭാവം ഭൂരിപക്ഷവും ഒരേ രീതിയിലാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്..
(ചില്ലറകൾക്ക് വേണ്ടിയുള്ള തർക്കവും, തിടുക്കത്തോടെ കയറാനും ഇറങ്ങാനുമുള്ള ആജ്ഞകളും, ബാക്കി തുക നൽകാതെയുള്ള പ്രശ്നങ്ങളും. എല്ലാ കൂടി ഒരു സംഘർഷയാത്ര..) എന്നാൽ ഇന്ന് കാസർഗോഡ് നിന്നും കയറിയ ബസ്സിലെ ഒരു ചെറുപ്പക്കാരനായ കണ്ടക്ടർ വെളിയിൽ ഇറങ്ങി നിന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.. “ചന്ദ്രഗിരി വഴി കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കൽ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ.പയ്യന്നൂർ…..”

അൽപ നേരത്തിന് ശേഷം യാത്ര തുടങ്ങി. വളരെ സൗമ്യനായി ചിരിച്ച് കൊണ്ട് ഇയാൾ മുൻ വശത്ത് നിന്നും ടിക്കറ്റ് നൽകി തുടങ്ങി. ഒരോ യാത്രകാരോടും കൃത്യമായ സ്ഥലം ചോദിക്കുന്നുണ്ട്. എന്റെ അടുത്തും എത്തി. ഞാൻ പടന്നക്കാട് എന്ന് പറഞ്ഞപ്പോ ഓവർ ബ്രിഡ്ജ് ആണോ നെഹ്റു കോളേജാണോ എന്ന് എന്നോടും ചോദിച്ചു. ഓവർ ബ്രിഡ്ജ്. എനിക്കപ്പോഴും സംശയം 31 രൂപയ്ക്ക് കോളേജ് വരെ പോവാം അതിന് മുമ്പേ ഉള്ള സ്റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടതും പിന്നെന്തിനാണ്…! അത് അവിടെ നിൽക്കട്ടെ ബസ്സ് നഗരം വിട്ടു. ഓരോ സ്റ്റോപ്പിനടുതെത്തുമ്പോഴും ഇയാൾ ഇറങ്ങേണ്ടവരുടെ സ്ഥലവും കയറുന്നവരോട് ബസ്സ് പോവുന്ന വഴികളും വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം കയറി ഇരുന്നതിനോ നിന്നതിനോ ശേഷം മാത്രം ഡ്രൈവർക്ക് റെറ്റ് സിഗ്‌നൽ കൊടുക്കുന്നു. നടന്നു പോവുന്നതിനിടയിൽ സീറ്റിലിരിക്കുന്ന ഒരു പയ്യന്റെ കാലിൽ തട്ടിയപ്പോൾ ക്ഷമ ചോദിക്കുന്നു.. ഒന്നല്ല രണ്ട് തവണ.

ഒരു മണിക്കൂർ യാത്രയിലുടനീളം ഇയാൾ ഉത്തരവാദിത്വത്തോട് കൂടി ചുറുചുറുകോടെ ആത്മാർത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ജോലി തുടരുന്നു..ഒടുവിൽ എന്റെ സ്റ്റോപെത്തുന്നതിന് മുമ്പേ എന്നോടും ചിരിച്ച് കൊണ്ട് പടന്നക്കാട് ഓവർ ബ്രിഡ്ജ്…. എന്തായാലും തുടക്കകാരന്റെ ആവേശമായിരിക്കും എന്ന് തെറ്റ് ധരിച്ച ഞാൻ ചോദിച്ചു നിങ്ങളുടെ പേര്…? വിപിൻ. പയ്യന്നൂർ മാത്തിൽ എന്ന സ്ഥലത്ത് താമസിക്കുന്നു… എത്രയായി സർവ്വീസ്സിൽ..! പത്ത് വർഷം. വീണ്ടും കാണാം എന്ന് പറഞ്ഞ് ബസ്സിറങ്ങിയപ്പോൾ ആ ചെറുപ്പകാരനെ ഓർത്ത് അഭിമാനം തോന്നി.. ജോലിയെ വെറും ജോലി മാത്രമായി കാണാതെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുന്ന ഇത്തരം ഉദ്യോഗസ്ഥൻമാർക്കാവട്ടെ ഇന്നത്തെ  ബിഗ് സല്യൂട്ട് .”

ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ആണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക്  ആവശ്യം… ഒരു ജോലി കിട്ടുമ്പോൾ ആ ജോലിയെ എങ്ങനെ ചെയ്യാമെന്നും… മറ്റുള്ളവര്ക്ക് പ്രയോജനം ആവുന്ന രീതിയിൽ അതിനെ ഉപകാരപെടുത്താനും ശ്രെമിക്കുന്ന ഇത്തരം ആളുകളെ നമ്മൾ എത്ര അനുമോദിച്ചാലും മതിവരില്ല. കേറാൻ വരുന്നവരുടെ നേർക്ക് രൂക്ഷമായ നോട്ടം അയച്ചിട്ടു ഡബിൾബെല്ലടിച്ച് ഡോറടക്കുന്ന പഴയ കാല കെഎസ്ആർടിസി അല്ല ഇന്നത്തേത്. പാതിരാത്രി സ്റ്റോപ്പിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ആങ്ങള വരുന്നതുവരെ യാത്രക്കാരിയ്ക്ക് കാവൽ നിന്ന പൊന്നാങ്ങളയാണ് ഇന്നത്തെ കെഎസ്ആർടിസിയും ജീവനക്കാരും. ആനവണ്ടിയല്ല പ്രശ്നം.. പേരുദോഷം വരുത്താൻ ചില ജീവനക്കാർ  എല്ലാറ്റിലും ഉണ്ടാകും.. അത്രമാത്രം…

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply