ഇന്ത്യൻ റെയിൽവേയിലെ ഒരു ലോക്കോ പൈലറ്റിൻ്റെ മൂത്രശങ്കയും പെടാപ്പാടും..

ട്രെയിനുകളെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ് (എഞ്ചിൻ ഡ്രൈവർ) ജോലി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടതാണ്. എന്നാൽ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം ആരും അറിയാതെ ആ എഞ്ചിനുകൾക്കുള്ളിൽ തന്നെ മറഞ്ഞു പോകാറാണ് പതിവ്. ഏതൊരു ജോലി ചെയുന്നയാൾക്കും ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നു തോന്നിയാൽ ആ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

എന്നാൽ എഞ്ചിനുകൾക്കുള്ളിൽ ട്രെയിനുകളുടെ വേഗതയോടും സിഗ്നലിനോടും സമയത്തോടും മല്ലിട്ടു ജീവിക്കുന്ന ലോക്കോ പൈലറ്റുമാരുടെ കാര്യമോ? കോച്ചുകളിൽ ഉള്ളതുപോലെ ട്രെയിനുകളുടെ എഞ്ചിനുകൾക്കുള്ളിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടെന്നാണോ നിങ്ങൾ വിചാരിച്ചിരുന്നത്? എങ്കിൽ തെറ്റി. അവരുടെ എല്ലാവിധ ശങ്കകളും തീർക്കണമെങ്കിൽ ഏതെങ്കിലും സ്റ്റേഷനിൽ എത്തണം. അല്ലെങ്കിൽ എവിടെയെങ്കിലും സിഗ്നലിനായി വണ്ടി പിടിച്ചിടണം. ഈ സമയങ്ങൾ ലോക്കോ പൈലറ്റുമാർക്ക് വളരെ വിലപ്പെട്ടതാണ്.

ഇത്തരത്തിൽ തൻ്റെ മൂത്രശങ്ക തീർക്കുവാൻ കഷ്ടപ്പെടേണ്ടി വന്ന ഒരനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേയിലെ ലോക്കോപൈലറ്റും മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയുമായ അനൂപ്. അനൂപ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

“അതിരാവിലെത്തന്നെ കാൾ ബുക്ക് കിട്ടി. ഗോവയിൽ നിന്നും മംഗലാപുരത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ. സ്റ്റോപ്പ് കുറവ്, വണ്ടി കുറച്ച് ലേറ്റാണ്. സന്തോഷം ഇനി ഇപ്പോ ക്രോസിങ്ങിന് പിടിക്കൂല്ല. നന്നായി കൊണ്ടു പോകും. പടച്ചോനേ ങ്ങള് കാത്തോളിന്ന് പറഞ്ഞ് വണ്ടി പുറപ്പെട്ടു. 100-110 ൽങ്ങനെ താമരശ്ശേരി ചൊരം .. ശ്ശെ തെറ്റി .. ട്രാക്ക് മ്മക്കൂടെ പറക്കാണ്. സിഗ്നൽ കാണിക്കാൻ കയ്യ് പൊറത്ത് ട്മ്പോ വല്ലാത്ത തണ്പ്പ്.

ഒരു മണിക്കൂറ് കഴിഞ്ഞ് എന്തോ ഒരു അസ്വസ്ഥത. യേയ് ങ്ങള് വിചാരിച്ചത് അല്ലാട്ടോ. അതൊക്കെ ലോക്ക്ട്ട് വച്ച് ക്കണ്. വാട്ടർ ടാങ്ക് നിറഞ്ഞിരിക്കണ്. ഓരോ സ്റ്റേഷൻ കഴിയുന്തോറും നിറഞ്ഞു കൊണ്ടേ ഇരിക്കാണ്. രാവിലെ തൊണ്ടവേദന ആയോണ്ട് കുടിച്ച രണ്ട് ഗ്ലാസ് ചൂടുവെള്ളം, ഉറക്കം വരാണ്ടിരിക്കാൻ കുടിച്ച ചായ.. ന്റ പടച്ചോനേ വല്ലാത്തൊരു പങ്കപ്പാട്. സ്ഥിരം കലാപരിപാടികൾക്ക് യാതൊരു സാധ്യതയുമില്ല. പൈലറ്റ് കാബിന്റ ഉള്ളിൽ ക്യാമറ 2 എണ്ണം. വേഗത കുറച്ചു പോകേണ്ട സ്ഥലങ്ങളുണ്ടെങ്കി നുമ്മ പൊളിച്ചേനേ. പക്ഷേ അതും ഇല്ല, നേരം പര പരാ വെളുത്ത്.

പണ്ടാരമടങ്ങിയ കൺട്രോളർ എതിരെ വരുന്ന വണ്ടിയെ ഒക്കെ സൈഡിലൊതുക്കി നമ്മളെ കൊണ്ടുപോകുന്നു. എന്തു പറ്റി ഇവന്മാർക്ക് ഇന്ന് ആവോ? പണി പാളും ഉറപ്പാണ്. പടച്ചോൻ കാത്തു.. ദേ വണ്ടി ക്രോസിങ്ങിന് പിടിക്കുന്നു. ഹോം സിഗ്നൽ പാസ് ചെയ്യുമ്പോ കണ്ടു എതിരെ വരുന്നവൻ ലൂപ്പിൽ കയറുന്നു. സൈമൻടേനിയസ് റിസപ്ഷൻ പോയന്റ് സെറ്റ് ചെയ്യാനുള്ള 2 മിനിറ്റ് മാത്രം കിട്ടും. 2 മിനിറ്റിൽ ഇതിനുമപ്പുറം ചെയ്യുന്ന നമ്മളോടാണോ ദാസാ. പ്ലാറ്റ് ഫോം മുഴുവൻ സി സി ടി വി ക്യാമറ. അങ്ങനെ ന്റെ സീൻ പിടിക്കണ്ടാന്ന് പറഞ്ഞ് വണ്ടി മുന്നോട്ട് നിർത്തി.

ഇതിനിടക്ക് പ്ലാറ്റ്ഫോമിന്റെ പുറത്ത് റോഡിൽ ഒരു 6 – 8 സ്ക്കൂൾ പിള്ളേര് വണ്ടി കാണാൻ ടാറ്റാ ഒക്കെ പറഞ്ഞ് നിക്കുന്നുണ്ട്. ചാടി ഇറങ്ങി പുറകിലേക്ക് ഓടി. ഗാർഡ് റൂം ലോക്ക്. ജനറൽ മുഴുവൻ ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പണി പാളി. മുല്ലപെരിയാർ ഇച്ചിരി പൊട്ടാൻ തുടങ്ങിയോന്ന് സംശയം. സ്ഥിരം പരിപാടി ആയ പ്ലാറ്റ് ഫോം വൃത്തികേടാക്കൽ തന്നെ ശരണം. പക്ഷേ പിള്ളേര് അവിടെത്തന്നെ നിക്കുന്നു. ഞാൻ ഷട്ടറ് തുറന്നാ ചിലപ്പോ പോക്സോ കേസ് വരെ വരും CCTV തെളിവും ഉണ്ട്. വലഞ്ഞു ആകെ…

അപ്പോഴാണ് നമ്മുടെ ദൈവദൂതൻ ഹോണടിച്ച് വരുന്നത്. അതെ ഓട്ടോച്ചേട്ടൻ കാലി അടിച്ച് വന്ന് കാഴ്ച കാണാൻ വന്ന പിള്ളേരെ ഒക്കെ പൊക്കി എടുത്ത് സ്ക്കൂളിലേക്ക്. സിഗ്നൽ ഒക്കെ തന്നിട്ടുണ്ട് , വാക്കി ടോക്കിയിൽ സ്റ്റേഷൻ മാസ്റ്ററും ഗാർഡും അന്വേഷിക്കുന്നു. ദുഷ്ടന്മാർ അവർക്ക് സ്വന്തമായി സംവിധാനം ഉണ്ടല്ലോ. മ്മടെ കാര്യം മ്മക്കല്ലേ അറിയൂ. പ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിക്കുന്ന ചേമ്പിന്റെ ഇലയിലേക്ക് മന്ദം മന്ദം പതിക്കുന്ന ആ പ്രവാഹത്തിൽ ലയിച്ച് അങ്ങനെ നില്ക്കുന്ന ഞാൻ ഒന്ന് വശത്തേക്ക് നോക്കിയപ്പോൾ കള്ളച്ചിരിയോടെ എന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എന്റെ സഹചാലകനും.

ദൈവദൂതനായി പ്രത്യക്ഷപ്പെട്ട് ആസന്നമായിരുന്ന ഒരു ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ച ഓട്ടോക്കാരാ നിന്നോട് ഞാൻ കടപ്പെട്ടിരിക്കും. CCTV ഫൂട്ടേജ് ഒപ്പിയെടുക്കാൻ ട്രെയിൻ നമ്പർ, ഡേറ്റ്, സ്റ്റേഷൻ എന്നിവ ചോദിക്കണ്ട .. തരൂല്ല..”

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply