സമുദ്ര നിരപ്പിൽ നിന്നും 6946 അടി മുകളിലെ ക്‌ളൗഡ്‌ ഫാമിലേക്ക് ഒരു യാത്ര..

സമുദ്ര നിരപ്പിൽ നിന്നും 6946 അടി മുകളിലാണ് ഞങ്ങൾ ഇപ്പോ. ഗൾഫിൽ നിന്ന് ലീവ് നു വന്ന ഉറ്റ ചങ്ങാതി ഷഹീർ നു ഒരു മോഹം .. എല്ലാർക്കും കൂടെ ഒരു ട്രിപ്പ് പോണം എന്ന് .. അങ്ങനെ ഇത്തവണ ക്‌ളൗഡ്‌ ഫാം tent ക്യാമ്പ് ലേക്ക് പോകാൻ തീരുമാനിച്ചു .. മുന്നാറിൽ നിന്നും 30km സഞ്ചരിച്ചാൽ (ടോപ്സ്റ്റേഷൻ റൂട്ട് ) യെല്ലപ്പെട്ടി എന്ന സ്ഥലത്തു എത്തും. അവിടെ നിന്ന് 3km നടക്കണം കാട്ടുഗുഡി ഹിൽസ് ൽ ഉള്ള ക്‌ളൗഡ്‌ഫാം ലേക്ക് ..

വൈകിട്ട് 5 മണി ആയപ്പോഴേക്കും ഞങ്ങൾ യെല്ലപ്പെട്ടി എത്തി. അവിടെ സത്യൻ അന്തിക്കാട് സിനിമ ഓർമിപ്പിക്കുന്ന തരത്തിൽ പഴയ ഒരു പോസ്റ്റ് ഓഫീസ്‌ കാണാം. അതിന്റെ മുന്നിലുള്ള ചായ കടയിലെ ചേട്ടൻ ഞങ്ങളെ സ്വാഗതം ചെയ്തു. അവിടെ വണ്ടി പാർക്ക് ചെയ്തു പുള്ളി ഞങ്ങളേം കൂട്ടി തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി. മഴ പെയ്തത് കൊണ്ട് അത്യാവശ്യം ചെളി ഉണ്ടായിരുന്നു വഴിയിൽ. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോ കൊടും കാട്ടിൽ എത്തി . പൊതുവെ നടന്നു ശീലമില്ലാത്ത ഞങ്ങൾ 7 പേർ അത്യാവശ്യം ക്ഷീണിച്ചു.

പിന്നെ കാട്ടിലൂടെ ആയി നടത്തം. അത്യാവശ്യം നല്ല രീതിയിൽ എല്ലാവരുടെയും ചോരയുടെ രുചി അവിടത്തെ അട്ടകൾ ആസ്വദിച്ചു. നടന്ന് നടന്ന് ഏറ്റവും മുകളിൽ എത്തിയപ്പോ കണ്ട കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കൂറ്റൻ മലകളും അതിന്റെ ഇടയിലൂടെ കോടമഞ്ഞും തിരമാല പോലെ ഒഴുകി നടക്കുന്നു ..അങ്ങ് ദൂരെ ബോഡിനായ്ക്കനൂർ നഗരം കാണാം.. അപ്പൊ തന്നെ ഒരു പടം എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടാൻ നോക്കിയപ്പോ ആരുടേയും ഫോണിൽ റേഞ്ച് ഇല്ല. അടിച്ചു വെച്ച ഹാഷ് ടാഗ്‌സ് ഒക്കെ വേസ്റ്റ് ആയി.. ആരുടേയും കോൾ ശല്യം ഇല്ലാത്ത കൊണ്ട് ഫോൺ മാറ്റി വെച്ചു ഞങ്ങൾ അവിടെ ഇരുന്ന് കത്തി വെക്കാൻ തുടങ്ങി ..

നേരം ഇരുട്ടിയപ്പോ ഞങ്ങൾക്ക് campfire സെറ്റ് ചെയ്തു ആ സ്ഥലത്തിന്റെ ചരിത്രം പറഞ്ഞു തന്നു ക്യാമ്പ് നടത്തുന്ന 3 പേരിൽ ഒരാളായ അമൽ .. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് സൗത്ത് ഇന്ത്യയിലെ ഏറ്റവും മുകളിൽ നിൽക്കുന്ന ക്യാമ്പ് സൈറ്റ് ആണ് ക്‌ളൗഡ്‌ഫാം എന്ന്.. ഗവണ്മെന്റ് ജോലി രാജിവെച്ചു tent ക്യാമ്പിംഗ് ലേക്ക് തിരിഞ്ഞ അമൽ ഒരു traveller ആണ്.. അമൽ സഞ്ചരിച്ച ഒരുപാട് യാത്രകളുടെ അനുഭവങ്ങളും രസകരമായ സംഭവങ്ങളും കേട്ട് സമയം പോയതറിഞ്ഞില്ല. 10 മണി ആയപ്പോ ഞങ്ങളെ എല്ലാരേം കൂട്ടി കാട്ടിലൂടെ ഒരു ട്രെക്കിങ്ങ്. അതൊരു ഒന്നൊന്നര അനുഭവം ആയിരുന്നു ..

നടന്ന് നടന്ന് മുകളിൽ എത്തിയപ്പോ നല്ല തണുത്ത കാറ്റും ഒഴുകി നടക്കുന്ന കോടമഞ്ഞും . സമുദ്ര നിരപ്പിൽ നിന്നും 6946 അടി മുകളിലാണ് ഞങ്ങൾ ഇപ്പോ. അവിടെ നിന്നാൽ തൊട്ടപ്പുറത്തു മീശപ്പുലിമല ,കുളുക്ക്മല എന്നിവയൊക്കെ കാണാം. അവിടന്ന് ഇറങ്ങി താഴെ വന്നു ചൂടോടെ ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു രാവിലെ 5 മണിക്ക് അലാറം വെച്ചു ഞങ്ങൾ ടെന്റിനുള്ളിൽ കിടന്നു. വെളുപ്പിന് 5:30 ആയപ്പോ ഞങ്ങൾ വീണ്ടും നടന്നു സൂര്യോദയം കാണാൻ മല മുകളിലേക്ക്.

കോട മഞ്ഞും തണുത്ത കാറ്റും മലകൾക്കിടയിലൂടെ ഉദിക്കുന്ന സൂര്യനെയും ഇത്രേം ഉയരത്തിൽ നിന്ന് കാണുന്ന ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ഫോട്ടോ സെഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ താഴോട്ട് ഇറങ്ങി ക്യാമ്പിൽ എത്തിയപ്പോ ഏതാണ്ട് 8 :30 ആയി. breakfast കഴിഞ്ഞു ടോപ് സ്റ്റേഷൻ ട്രെക്കിങ്ങ് ഉണ്ടെന്നു കേട്ടപ്പോ എല്ലാരും ഒന്ന് ഞെട്ടി .. ഇനിയും നടക്കാനോ !! നോ ..നെവർ !! എന്ന ഭാവത്തോടെ. അതോടെ ആ ട്രെക്ക് സ്‌കിപ് ചെയ്തു ഇനി ഒരിക്കൽ ഞങ്ങൾ വരാം എന്ന് പറഞ്ഞു അമലിനോടും അരുണിനോടും അഖിലിനോടും ഉത്തമനോടും ക്ഷേമയോടും നന്ദി പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ക്‌ളൗഡ്‌ഫാം ലേക്ക് എത്താൻ: മുന്നാറിൽ നിന്ന് 30km സഞ്ചരിച്ചാൽ (ടോപ്സ്റ്റേഷൻ റൂട്ട് ) യെല്ലപ്പെട്ടി എന്ന സ്ഥലത്തു എത്തും. അവിടെ നിന്ന് പാമ്പാടിച്ചോല ഫോറെസ്റ് വഴി കാട്ടുകുടി ഹിൽസ് ൽ എത്താം. പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ : അട്ട യുടെ ശല്യം ഒഴിവാക്കാൻ കുറച്ചു ഉപ്പ് കയ്യിൽ കരുതുക , മൊബൈൽ ചാർജ് ചെയ്യാൻ പവർബാങ്ക് , പിന്നെ ഒരു നല്ല ക്യാമറയും. Thanks to all Photographers.. & Instagram @Cloud farm♥ By: Ameer Thazhathveetil.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply