വിവരണം – ഷെറിൻ ടി.പി.
ലോകത്തിലെ ഏറ്റവും മനോഹരമായ മൗണ്ടൻ ഹൈവേ എന്നാണ് കാരക്കോറം ഹൈവേ (KKH) അറിയപ്പെടുന്നത്. ടർക്കിഷ് ഭാഷയിലെ ഒരു വാക്കാണ് കാരക്കോറം. കരിങ്കല്ല് എന്നാണ് അത് സൂചിപ്പിക്കുന്നത്. കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള കാരക്കോറം ഹൈവേ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട അന്താരാഷ്ട്ര റോഡായാണ് കണക്കാക്കപ്പെടുന്നത്.
പടിഞ്ഞാറൻ ചൈനയിലെ കാഷ്ഗറിൽ നിന്നും പാക്കിസ്ഥാനിലെ അബ്ബോട്ടാബാദ് വരെയാണ് ഇതുള്ളത്. ഈ റോഡിന്റെ സഞ്ചാരപഥം. റോഡ് പൂർത്തിയാക്കാൻ ഏതാണ്ട് 20 വർഷത്തോളം എടുത്തു. ഇന്ത്യയിലെ ഹിമാലയ മേഖലകളായ കശ്മീരും ലഡാക്കും ഉത്തരഖണ്ഡും ഹിമാചലും സിക്കിമും അരുണാചലും അടക്കം ഒരിടത്തും ഇത്തരം മനോഹരമായ മൗണ്ടൻ ഹൈവേ കാണാന്‍ സാധ്യമല്ല. അവിടെയാണ് പാകിസ്ഥാന് ചൈനീസ് സഹായത്താല്‍ 1300 km നീളം വരുന്ന ഒരു ചരക്കു പാത ഹിമാലയ സാനുക്കളില്‍ മനോഹരമായി നിര്‍മ്മിച്ചെടുത്തത്.
ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് കാരക്കോറം പാത വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യ – ചൈന – പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹൈവേയെ മഹാത്ഭുതത്തിൽ കുറഞ്ഞതൊന്നും വിശേഷിപ്പിക്കാൻ പറ്റില്ല. 15,500 അടി ഉയരത്തിലുള്ള ഇത് ഹിമാലയത്തിന്റെ അതിർത്തികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ പാതയിലൂടെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ നിയമപരമായ പ്രശ്നങ്ങളുണ്ട്.
കാരക്കോറം പർവ്വത നിരകൾ അഞ്ച് രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. പാക്കിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഇതുള്ളത്. ഇന്ത്യയുടെ ലഡാക്ക് റീജിയണാണ് കാരക്കോറത്തിന്റെ ഭാഗമായി വരുന്നത്. കൂടാതെ ഇന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള, ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ തർക്കഭൂമികളിലൊന്നായ അക്സായ് ചിന്നും ഇതിന്റെ ഭാഗമാണ്.
ഗിൽജിത്, ലഡാക്ക്, ബാൽതിസ്ഥാൻ എന്നീ മേഖലകളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പര്‍വ്വതനിരകളില്‍പ്പെട്ടതാണ് ഇത്. ഹിമാലയത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായി ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സാങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉള്‍പ്പെടെ അറുപതില്‍ കൂടുതല്‍ കൊടുമുടികള്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.
8611 മീറ്റര്‍ (28,251 അടി) ഉയരമുള്ള കെ2ന് എവറസ്റ്റിനേക്കാള്‍ 237 മീറ്റര്‍ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റര്‍ (300 മൈല്‍) നീളമുണ്ട് ഈ പര്‍വ്വതനിരയ്ക്ക്. ഏഷ്യയിലെ ഏറ്റവും വലിയ പർവ്വത നിരകളിലൊന്നായാണ് കാരക്കോറം അറിയപ്പെടുന്നത്. കാരക്കോറം പാസ് എന്നാണ് ഇത് യഥാർഥത്തിൽ അറിയപ്പെടുന്നത്. ഈ പാതയുടെ തൊട്ടടുത്തു തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമുഖമായ സിയാചിൻ ഹിമാനി.