ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്.
ഭഗീരഥന് എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന് ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.
ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ പ്രത്യേകത. ഇന്ത്യാ ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പുരാതന ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗംഗോത്രി. ഗംഗോത്രി ക്ഷേത്രമാണ് പ്രദേശത്തെ പേരുകേട്ട ആരാധനാലയം. പതിനെട്ടാം നൂറ്റാണ്ടില്‍ ഗൂര്‍ഖാ രാജാവായിരുന്ന അമര്‍ നാഥ് ധാപ്പയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിരവധി സഞ്ചാരികളാണ് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍.
ഏകാദശി രുദ്രാഭിഷേക പൂജയാണ് ഇവിടത്തെ പ്രധാന ആഘോഷം. മതപരമായി ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഗംഗോത്രിയിലെ ഭാഗീരഥി ശിലയും ശിവലിംഗവും. ഭഗീരഥന് പ്രാര്‍ത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് പിന്നീട് ഭാഗീരഥി ശില എന്ന പേരില്‍ പ്രശസ്തമായത്. ഗൗരീകുണ്ഡും സൂര്യകുണ്ഡുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റുകാഴ്ചകള്‍.
ട്രക്കിംഗാണ് ഗംഗോത്രിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരിനം. മഹാഭരതത്തിലെ പാണ്ഡവര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവ ഗുഹയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദയാരാ ബുഗ്യാലാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് പോയന്റ്. ബര്‍സു, റൈതല്‍ എന്നിവയും ഇവിടത്തെ ട്രക്കിംഗ് കേന്ദ്രങ്ങളാണ്. ശേഷാംഗ് ക്ഷേത്രം ട്രക്കിംഗ് പാതയോരത്താണ്. ഔലി, കുശ് കല്യാണ്‍, മുണ്ഡാലി, കേദാര്‍ കാന്ത, തെഹ്റി ഗര്‍ഹ്വാള്‍, ചിപ്ലാകോട്ട് വാലി തുടങ്ങിയവയാണ് സ്കീയിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങള്‍.
ഗംഗോത്രി ഗോമുഖ് തപോവന്‍ ട്രക്കിംഗ് റൂട്ടിന്റെ ബേസ് ക്യാംപ് കൂടിയാണ് ഗംഗോത്രി.ഗംഗാ ഗ്ലേസിയര്‍, മാനേരി, കേദാര്‍ താല്, നന്ദനവനം, തപോവന്‍ വിശ്വനാഥ ക്ഷേത്രം, ദോദി താല്, കുതേതി ദേവി ക്ഷേത്രം, നചികേത ക്ഷത്രേം തുടങ്ങിയവയാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്ഷണങ്ങള്.
റോഡ്, റെയില്‍, ആകാശ മാര്‍ഗങ്ങളില്‍ ഗംഗോത്രിയില്‍ എത്തിച്ചേരാം. ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഋഷികേശാണ് സമീപ റെയില്‍വേ സ്റ്റേഷന്. ഗംഗോത്രിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുകളുമുണ്ട്.
© http://pravasini.com