വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാർക്ക് അയച്ച നിർദ്ദേശത്തിലാണ് മോട്ടർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം ബുള്ബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണ് കേന്ദ്ര റോഡ് ട്രാൻസ്പോർട് ആന്റ് ഹൈവേ മന്ത്രാലയവും അറിയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് സെക്ഷൻ 190, 191 പ്രകാരം പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ ഇരുചക്രവാഹനങ്ങളിൽ ഈ നിയമം ബാധകമാണോ എന്ന് നിർദ്ദേശത്തിൽ വ്യക്തതയില്ലെന്നും ഇതിൽ കൂടുതൽ വിശദീകരണം ്അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര റോഡ് ട്രാൻസ്പോർട് ആന്റ് ഹൈവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നാണ് കേരള ട്രാൻസ്പോർട് കമ്മിഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചത്.
വാഹനാപകടം നടന്നുകഴിഞ്ഞാൽ ഇടിയുടെ ആഘാതം സ്വയം ഏറ്റെടുത്ത് ഉള്ളിലേക്ക് അതു വരാതിരിക്കലാണ് ബംബറുകളുടെ ധർമം. അതുകൊണ്ടു തന്നെ ഇടിയിൽ ബംബറുകൾ തകർന്നേക്കാം. എന്നാൽ ബുൾബാറുകൾ ഘടിപ്പിക്കുന്നതു മൂലം വാഹനത്തിന്റെ ഘടന തന്നെയാണ് മാറുന്നത്.
വാഹനാപകടം നടക്കുമ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിക്കാനും ആക്സിഡന്റിൽ രക്ഷയാകുമെന്ന് കരുതിയുമാണ് ഇത്തരത്തിലുള്ള ഗാർഡുകൾ വച്ചുപിടിപ്പിക്കുന്നതാണ് ബുൾ ബാറുകൾ. പക്ഷേ വാഹനം ഇടിച്ചാൽ ഉപകാരത്തേക്കാൾ ഉപദ്രവമാകും ഈ ‘ഇടി താങ്ങി’ ചെയ്യുക. എയർബാഗ് തുറക്കുകയില്ലെന്ന് മാത്രമല്ല ഇടിയുടെ ആഘാതം പൂർണ്ണമായും ഡ്രൈവറുടെ ക്യാബിനിൽ ഏൽക്കാനിടയാക്കുകയും ചെയ്യും. ചിലസമയത്ത് വാഹനത്തിന്റെ ചെയ്സിനുവരെ ബുൾബാറുകൾ ആഘാതം നൽകാറുണ്ട്.
Source- Manorama Online