എന്താണ് ബാർകോഡുകൾ? ഇതുപയോഗിച്ച് വിവരങ്ങൾ മനസ്സിലാക്കുന്നത് എങ്ങനെ?

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മിക്ക ഉല്പന്നങ്ങളിലും കാണാം കറുപ്പും വെളുപ്പും കലർന്ന വരകൾ അഥവാ ബാർകോഡ് .അതിനകത്തെന്താണ് എന്ന് അന്വേഷിക്കുമ്പോഴാണ് ഇതും ഒരു ഐ.ടി യുഗത്തിന്റെ സംഭാവനയാണെന്ന് അറിയുക.ഉല്പന്നങ്ങളെ സംബന്ധിച്ച് പൂർണ വിവരങ്ങൾ അടങ്ങിയ കോഡുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപെടുത്തിയതാണ് ബാർകോഡ് എന്ന ഈ വരകൾ.ഉല്പന്നത്തിന്റെ വില, പ്രത്യേകത,നിർമാണ യൂണിറ്റ്,രാജ്യം തുടങ്ങിയവ ബാർകോഡിലുണ്ടാവും.

ഓരോ വരകളും ഓരോ തരം അക്കങ്ങളെ സൂചിപ്പിക്കുന്നു. ഒന്നാമത്തെ അക്കം ഉല്പന്നം എന്താണെന്ന് സൂചിപ്പിക്കുന്നു. അടുത്ത ഗ്രൂപ്പിലെ അക്കങ്ങൾ നിർമാതാക്കളേയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങൾ ഏതുതരം ഉല്പന്നമാണെന്നും സൂചിപ്പിക്കുന്നു. കംപ്യൂട്ടർ സെൻസറിൽ ഈ ബാർകോഡ് അടുപ്പിച്ചാൽ അതിന്റെ പൂർണ വിവരങ്ങൾ ലഭ്യമാവും. സ്കാനർ ഉപയോഗിച്ചും ബാർകോഡ് വായിച്ചെടുക്കാം. വെളുത്ത വരകളെയാണ് വായിക്കാൻ ഉപയോഗിക്കുന്നത്.

ഫോട്ടോകോപി യന്ത്രത്തിൽ ഉപയോഗിക്കുന്ന പോലെ സ്കാനറിൽ നിന്നും പുറപ്പെടുന്ന ലൈറ്റ് ബീം ബാർകോഡിനു മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്.ബൈനറി രൂപത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ബാർകോഡിൽ സെൻസറുകൾ ഉപയോഗിച്ച് ഡീ കോഡ് ചെയ്യാം. തിരിച്ചറിയുന്നതിനായി ഓരോ രാജ്യത്തിനും പ്രത്ത്യേക കോഡുകൾ നൽകി വർഗീകരിക്കുന്നു. ജപ്പാനിലെ ഉൽപ്പന്നത്തിന് JAN എന്നും അമേരിക്കൻ ഉൽപന്നത്തിന് UPC എന്നും പുസ്തകങ്ങൾ ISBN (International Standard Books Number) പത്രങ്ങൾ മാസികകൾ സി.ഡി കൾ എന്നിവക്ക് IISBN എന്നുമാണ് കോഡുകൾ നൽകിയിരിക്കുന്നത്.

1948-ലാണ് ബാർകോഡിന്റെ ആദ്യകാല രൂപം ജന്മമെടുക്കുന്നത് .ഒരിക്കൽ ഒരു കടയുടമ തന്റെ കടയിൽ വരുന്ന ഉത്പ്പന്നങ്ങളുടെ വിവരങ്ങൾ യാതൊരു പ്രയാസവും കൂടാതെ വായിച്ചെടുക്കാനുള്ള സമ്പ്രദായം നിർമ്മിക്കാൻ വല്ലവഴിയുമുണ്ടോയെന്ന് ചോദിച്ച് ഫിലോഡെൽഫിയയിലെ ഡ്രെക്സൽ ഇൻസറ്റിറ്റ്യൂട്ടിൽ എത്തി.ബെർനാൾഡ് സിൽവർ അന്ന് ഇൻസറ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. അത്തരമൊരു സമ്പ്രദായം വികസിപ്പിക്കാനുള്ള ചുമതല സിൽവറിന്റെ തലയിലാണ് വന്നത്. അദ്ദേഹം തന്റെ സുഹൃത്തായ നോർമൻ ജോസഫ് വുഡ്ലാൻഡിനെ ഈ വിവരം അറിയിച്ചു. വുഡ്ലാന്റിന് ആദ്യമേ തന്നെ ഈ ആശയം ഏറെ പിടിച്ചു. അൾട്രാവയലറ്റ് പ്രകാശരശ്മികളുടെ സാന്നിദ്ധ്യത്തിൽ തിളങ്ങുന്ന പ്രത്യേക മഷി ഉപയോഗിച്ചുള്ള ഒരു പ്രവർത്തനരീതിയാണ് വുഡ്ലാന്റിന്റെ മനസ്സിൽ ആദ്യം തന്നെ വന്നത്. വുഡ്ലാന്റും സിൽവറും ചേർന്ന് ഇതിനനുസൃതമായ ഒരു മാതൃകയുണ്ടാക്കി.

എന്നാൽ മഷിയുടെ രൂപവ്യത്യാസങ്ങളും അവ ഉപയോഗിച്ച് പ്രത്യേക പാറ്റേണുകൾ ഉണ്ടാക്കാനുള്ള അധികച്ചെലവും കാരണം അവർ ഈ നീക്കം ഉപേക്ഷിച്ചു. ഇരുവരും ചേർന്ന് ഗവേഷണം വീണ്ടും ആരംഭിച്ചു.1949-ൽ അവർ ഒരു പ്രത്യേകസമ്പ്രദായം രൂപപ്പെടുത്തിയെടുത്തു. കറുത്ത പ്രതലത്തിലുള്ള നാല് വെള്ളവരകളായിരുന്നു ഇവർ വികസിപ്പിച്ചരീതിയുടെ പ്രധാന സവിശേഷത. വെള്ളവരകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് ആയിരുന്നു ഇവർ വസ്തുക്കളെ വർഗ്ഗീകരിച്ചത്. ഈ രീതി പ്രകാരം ഏഴുതരത്തിലുള്ള വർഗ്ഗീകരണം സാധ്യമായിരുന്നു. എന്നാൽ വരകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ കൂടുതൽ വർഗ്ഗീകരണം നടത്താമെന്നും 10 വരകളുണ്ടെങ്കിൽ 1023 വരെ വർഗ്ഗീകരണം സാദ്ധ്യമാണെന്നും വുഡ്ലാന്റും സിൽവറും സമർത്ഥിച്ചു.1952 ഒക്ടോംബർ ഏഴിന് ഇരുവർക്കും സംയുക്തമായി ബാർകോഡിന്റെ പേറ്റന്റ് ലഭിച്ചു. 1966-ലാണ് ബാർകോഡ് വ്യവസായികാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ബാർകോഡ് ആഗോളാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങുന്നത് കാണാനുള്ള ഭാഗ്യം ബൻനാഡ് സിൽവറിനുണ്ടായില്ല. 1962-ൽ (38-ാംവയസ്സിൽ) അദ്ദേഹം അകാല മൃത്യുവടഞ്ഞു.

1966-ലെ ബാർകോഡുകൾ ഉല്പന്നങ്ങളുടെ പാക്കറ്റിനുമുകളിൽ അച്ചടിച്ചിരുന്നില്ല, പകരം അവ ഒരു പ്രത്യേക ലേബലായി പാക്കറ്റിൽ ഇടുകയായിരുന്നു പതിവ്. ഈ രീതി പ്രാവർത്തികമല്ലെന്ന് കണ്ട വ്യവസായികൾ ബാർകോഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കണമെങ്കിൽ അതിന് ചില സാർവത്രികവ്യവസായികമാനങ്ങൾ ഉണ്ടായിരിക്കണമെന്ന് മനസ്സിലാക്കുകയും അതിനായി 1970-ൽ ബഹുരാഷ്ട്രക്കമ്പനിയായ ലോജിക്കോൺ ”യൂണിവേഴ്സൽ ഗ്രോസറിപ്രൊഡക്ട്സ് ഐഡന്റിഫിക്കേഷൻ കോഡ്” (യു.ജി.പി.ഐ.സി) വികസിപ്പിക്കുകയും ചെയ്തു. 1970-ലായിരുന്നു അത്. ലോജിക്കോൺ കമ്പനിയുടെ നിർദ്ദേശപ്രകാരം 1973-ൽ ജോർജ്ജ് ജെ ലോറർ ”യൂണിഫോം പ്രൊഡക്ട് കോഡ്(യു.പി..സി)” വികസിപ്പിച്ചു.

1974-ൽ ഓഹിയോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ യു.പി.സി സ്കാനർ സ്ഥാപിച്ചു. 1974 ജൂൺ 26ന് ബാർകോഡുള്ള ഒരു ഉത്പ്പന്നത്തിന്റെ സ്കാനിംഗ് ആദ്യമായി നടന്നു റിഗ്ലീസിന്റെ ച്യൂയിംഗ് ഗമ്മായിരുന്നു ആദ്യമായി ബാർകോഡ് നടത്തിയ ഉല്പന്നം. യഥാർത്ഥത്തിൽ ഈ ച്യൂയിംഗ് ഗം ഇതിനായി പ്രത്യേകം തെരഞ്ഞെടുത്തതായിരുന്നില്ല. മറിച്ച് സൂപ്പർമാർക്കറ്റിലെ ഒരു തൊഴിലാളി ബാർകോഡ് സ്കാനിംഗിനായി എത്തിയ ഒരു ഉല്പന്നത്തിൽ നിന്ന് ഒന്നു തെരഞ്ഞെടുക്കുക മാത്രമായിരുന്നു. ഐ.ബി.എം (IBM (International Business Machines Corporation) ) പേറ്റന്റ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അവരുടെ വാഗ്ദാനങ്ങളിൽ അപര്യാപ്തതയുണ്ടായിരുന്നു. ഒടുവിൽ 1962-ൽ ഫിൽകോ പേറ്റന്റ് വാങ്ങിയെങ്കിലും അവർ പിന്നീട് റെൽകോയ്ക്ക് കൈമാറി.

പിന്നീട് ബാർകോഡുകൾ സാർവത്രികപ്രചാരത്തിലായത് പെട്ടെന്നായിരുന്നു. ഇന്ന് ബാർകോഡുകൾ അനുവദിക്കാൻ പ്രത്യേക അന്താരാഷ്ട്ര ഏജൻസികളും അവ നിർമ്മിക്കാൻ കമ്പ്യൂട്ടർവൽകൃത സംവിധാനങ്ങളും ഉണ്ട്.

കടപ്പാട് – വിനോജ് അപ്പുക്കുട്ടൻ, വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply