കാശ്മീർ : എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ഒരുക്കി വച്ചിരിക്കുന്ന അക്ഷയ ഖനി

വിവരണം – സാദത്ത് അൻവർ.

സഞ്ചാരികളെ, കാശ്മീർ എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ ഒരുക്കി വച്ചിരിക്കുന്ന അക്ഷയ ഖനിയാണ്. പോയിട്ടില്ലാത്തവർക്ക് പോലും പരിചിതമായ ഗുൽമാർഗ്, സോനാമാർഗ്,പഹൽഗം തുടങ്ങിയ സ്ഥലങ്ങൾ കൂടാതെ ചുരുങ്ങിയത് ഒരു മുപ്പതു ദിവസം എങ്കിലും കാണാനുള്ള സ്ഥലങ്ങൾ ഇവിടെ ഉണ്ട്. അത്തരം ചില സ്ഥലങ്ങൾ ആണ് ഈ പോസ്റ്റിൽ . ഒരു കാര്യം ശ്രദ്ധിക്കണം, ഹർത്താൽ ആണെങ്കിൽ ഈ റൂട്ട് ഒഴിവാക്കുക.
റൂട്ട് :ജമ്മു -ഉദ്ധംപൂര് -ഖനബാൽ (NH44)-take right deviation to അനന്തനാഗ് കിഷ്ത്വാർ ഹൈവേ (NH1B) -അച്ചബെൽ-കോക്കർ നാഗ് -ഡാക്സും -സിന്തൻ ടോപ്

അച്ഛബൽ മുതൽ സിന്തൻ ടോപ് വരെ : ഡൽഹിയിൽ നിന്ന് തുടങ്ങുന്ന യാത്രകളിൽ പതിവുള്ളതാണ് അസ്‌ലം കാക്കയുടെ കടയിലെ ബട്ടർ ചിക്കനും പിന്നെ ഹാജിയുടെ കടയിലെ ചായയും.ചുട്ടു പൊള്ളുന്ന പകൽ ചൂടും പൊടിക്കാറ്റും ഏല്പിച്ച ക്ഷീണം അതോടെ മാറി. അത് കഴിഞ്ഞു റെയിൽവേ സ്റ്റേഷനിൽ എത്തി. കൃത്യസമയത്തു വണ്ടി പുറപ്പെട്ടു. ഇടക്ക് കശ്മീരിൽ നിന്ന് ഒരു സഞ്ചാരി മെമ്പറുടെ മെസ്സേജ് :കാശ്മീരിൽ ആകെ പ്രശ്നമാണ്. ഏറ്റുമുട്ടൽ, കല്ലേറ് എന്നൊക്കെ. കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു . ഉദ്ധംപൂരിൽ എത്തുമ്പോൾ സമയം രാവിലെ പത്തര. രണ്ടു മണിക്കൂർ വൈകിയിരിക്കുന്നു.പഹൽഗാം കാരൻ തൻവീർ ഭായ് ടവേര യുമായി കാത്തു നിൽപ്പുണ്ട്. ലഗേജ് എല്ലാം മുകളിൽ ലോഡ് ചെയ്ത ശേഷം യാത്ര തുടങ്ങി.

റോഡ് മിക്കവാറും എല്ലായിടത്തും കുഴിയും കല്ലുകളും ഒക്കെ നിറഞ്ഞതാണ്. ചിലയിടത്തു മണ്ണിടിഞ്ഞു കിടക്കുന്നു. പാത ഇരട്ടിപ്പിക്കൽ പണി തകൃതിയായി നടക്കുന്നു.കഴിഞ്ഞ രാത്രി മുഴുവൻ ഈ വഴി വണ്ടി ഓടിച്ചു വന്നതാണ് തൻവീർ. കാശ്മീർ യാത്രയുടെ വിജയം ഇങ്ങനെയുള്ള ഡ്രൈവർമാരാണ്. ഏത് സാഹചര്യത്തിലും മനസ് പതറാതെ നമ്മെ ബേജാറാക്കാതെ അവർ ലക്ഷ്യത്തിലെത്തിക്കും.

കാണാൻ പോകുന്ന പ്രകൃതി ഭംഗിയുടെ ഒരു സൂചന പോലെയാണ് ഇരു വശങ്ങളിലെയും കാഴ്ചകൾ. മഞ്ഞു കാലം കഴിഞ്ഞതോടെ വീണ്ടും പച്ചപ്പണിയാൻ തുടങ്ങുന്ന മലനിരകൾ. അവയ്ക്കിടയിലൂടെ ഒഴുകി വരുന്ന നദികൾ. തട്ട് തട്ടായി കിടക്കുന്ന കൃഷി ഭൂമി.റോഡിന്റെ ഓരം പറ്റി അച്ചടക്കമുള്ള കുട്ടികളെ പോലെ ഇടയന്റെ പുറകെ പോകുന്ന ആട്ടിൻ പറ്റങ്ങൾ. എങ്കിലും പ്രതീക്ഷിച്ച തണുപ്പ് മാത്രം ഇല്ല. റമ്പാനിലെ മുഷിപ്പിക്കുന്ന ട്രാഫിക് ബ്ലോക്ക്‌ പിന്നിട്ട് ജവഹർ തുരങ്കവും കടന്നു കാശ്മീർ താഴ്‌വര കയറിയതോടെ കാഴ്ചകൾ ആകെ മാറി.

ചെറിയ വെയിലത്തു നിന്ന് പെട്ടന്ന് ഒരു ac റൂമിൽ ഓടി കയറിയത് പോലെ. പച്ചപ്പ്‌ അതിന്റെ പൂർണതയിൽ എത്തി. ജാക്കറ്റ് എടുത്തത് വെറുതെ ആകുമോ എന്ന് കളിയാക്കി ഇരുന്നവർ ജാക്കറ്റ് ഇട്ട് വണ്ടിയുടെ ഗ്ലാസും പൊക്കി ഞെരുങ്ങി ഇരിക്കാൻ തുടങ്ങി. ആദ്യ സ്റ്റോപ്പ്‌ ആയ ടൈറ്റാനിക് വ്യൂ പോയിന്റിൽ ഇറങ്ങി.ഏതോ അനുഗ്രഹീത കലാകാരൻ വിശാലമായ പരവതാനിയിൽ ചെയ്ത ചിത്രപണി പോലെ തോന്നിപ്പോയി അവിടെ നിന്ന് അങ്ങ് താഴെ കണ്ട വയലുകൾ. തണുത്ത കാറ്റും ചെറിയ മഴയും ഒരുമിച്ചു വന്നപ്പോൾ ഓരോ മസാല ചായ കുടിച്ചു കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചു. പരാജയപെട്ടതോടെ വണ്ടിയിലേക് ഓടി.

അനന്തനാഗ് ടൗൺ എത്തും മുമ്പ് ഖാനാബാൽ എന്ന സ്ഥലത്തു നിന്ന് വലത്തേക്ക് അതായത് കിഴക്ക് വശത്തേക്ക് തിരിഞ്ഞു. ഇനി അങ്ങോട്ട് മുഗൾ റോഡിന്റെ ഭാഗം കൂടിയായ മറ്റൊരു നാഷണൽ ഹൈവേയിലൂടെ ആണ് യാത്ര . കടകളും വീടുകളും ജനത്തിരക്കും എല്ലാം ഉള്ള ഒരു ചെറിയ പട്ടണം. ഹർത്താൽ ആയതു കൊണ്ടു കടകൾ അടഞ്ഞു കിടക്കുന്നു. റോഡിൽ ഇരു വശത്തും നാട്ടുകാർ കൂടി നിൽപ്പുണ്ട്. തോക്കും ലാത്തിയും ഷിൽഡും ഒക്കെ ആയി പട്ടാളക്കാരും.വൈകാതെ ഞങ്ങൾ അച്ചബാൽ എത്തി.

അച്ചബാൽ : കശ്മീരിലെ ഏറ്റവും വലിയ പൂന്തോട്ടം ഇവിടെയാണ്. അതിനോട് ചേർന്ന് J&K ഗവണ്മെന്റ് പണി കഴിപ്പിച്ച അഞ്ചോളം ആൽപൈൻ ഹട്ടുകൾ ഉണ്ട്. കാശ്മീർ ടൂറിസം അതിന്റെ സുവർണ നാളുകളിൽ എങ്ങനെ ആയിരുന്നു എന്ന് ആ ഹട്ടുകളിൽ നിന്ന് മനസിലാക്കാം.ഭീകരവാദം പിടിമുറുക്കിയതോടെ ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക് ആരും വരാതെയായി.ഒരെണ്ണം ഒഴികെ ബാക്കി ഹട്ടുകൾ എല്ലാം ഏതാണ്ട് നാശത്തിന്റെ വക്കിലാണ്. പൂന്തോട്ടത്തിന് അരികിൽ വണ്ടി ഒതുക്കി ഹോൺ മുഴക്കി. തോട്ടത്തിനുള്ളിലെ ഒരു കെട്ടിടത്തിൽ നിന്ന് പരമ്പരാഗത കാശ്മീർ വേഷത്തിൽ നിറഞ്ഞ ചിരിയോടെ ഒരാൾ ഓടി വന്നു.ഗുലാം എന്ന് സ്വയം പരിചയപ്പെടുത്തി.ഈ ഹട്ടുകളുടെ കെയർ ടേക്കർ ആണ്. ഒരു പാട് നാളുകൾക്ക് ശേഷം ഒരു അതിഥിയെ കിട്ടിയ സന്തോഷം അദ്ദേഹം പറയും മുമ്പ് തന്നെ ഞങ്ങൾക്ക് മനസിലായി.

ഞങ്ങളുടെ ഹട്ട് പുറത്തു നിന്ന് നോക്കുമ്പോൾ അൽപ്പം പഴഞ്ചനായി തോന്നിയെങ്കിലും അകത്തെ സൗകര്യത്തിനോ ആഡംബരത്തിനോ ഒരു കുറവുമില്ല. തറയിലും മച്ചിലുമെല്ലാം തടി. തറയിൽ കാശ്മീർ പരവതാനി വിരിച്ചിരിക്കുന്നു .വിശാലമായ രണ്ടു ബെഡ്റൂമുകളിൽ ചുരുങ്ങിയത് എട്ട് പേർക്ക് എങ്കിലും കിടക്കാം. ഇലക്ട്രിക് ഹീറ്റർ ഫിറ്റ്‌ ചെയ്ത ബെഡുകൾ, ഗീസർ സൗകര്യമുള്ള അറ്റാച്ഡ് ബാത്‌റൂമുകൾ. കാശ്മീർ വരുന്നവർ ഇത്തരം ഹട്ടുകളിലെ താമസം മിസ്സ്‌ ചെയ്യരുത്. Jktdc വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യാം. ഒരു ഡബിൾ റൂമിനു 700-1000 ആണ് ശരാശരി നിരക്ക്. ഏറ്റവും വലിയ പ്രത്യേകത ഇവയുടെ ലൊക്കേഷൻ ആണ്. യുസ്‌മാർഗിലും ചത്പലിലും ഒക്കെ അപാര ലൊക്കേഷനുകളിലാണ് അവർ കോട്ടജുകൾ പണിതിരിക്കുന്നത്. വേറെ എങ്ങോട്ടും പോകാതെ ഹട്ടിന് വെളിയിൽ ചുമ്മാ നടക്കുന്നത് പോലും സുന്ദര അനുഭവമാണ്. ഞങ്ങൾ ഗാർഡനിലൂടെ ചുറ്റി നടന്നു.

പ്രസിദ്ധമായ ശ്രീനഗറിലെ പൂന്തോട്ടങ്ങളേക്കാൾ സുന്ദരവും വിസ്‌തൃതവുമാണ് ഇത്. ഭൂമിക്കടിയിൽ നിന്ന് വരുന്ന നീരുറവയാണ് പ്രധാന ജലസ്രോതസ്. വർഷം മുഴുവൻ ജലസമൃദ്ധമാണ്.ചിനാർ മരങ്ങളും അലങ്കാര ചെടികളും ഫൗണ്ടനും രാജകീയ പ്രൗഢി ഇപ്പോഴും നിലനിറുത്തുന്നു. കുറച്ചു ദൂരെ ഒരു ട്രൗട് മത്സ്യ വളർത്തു കേന്ദ്രം ഉണ്ട്. കുഞ്ഞുങ്ങൾ മുതൽ മുഴുത്ത മത്സ്യങ്ങൾ വരെ ഉണ്ട്. താല്പര്യം ഉണ്ടെങ്കിൽ ചൂണ്ടയിട്ട് പിടിക്കാനും വാങ്ങാനും ഉള്ള അവസരം ഉണ്ട്.

ജഹാൻഗിറിന്റെ പ്രിയ പത്നി നൂർ ജഹാൻ ആണ് 1620 ൽ ഈ പൂന്തോട്ടം പണി കഴിപ്പിച്ചത്. പിന്നീട് ഷാജഹാൻറെ മൂത്ത മകൾ ജഹനാര ഇത് പുതുക്കി പണിതു. ഏഴ് മണി കഴിഞ്ഞു, നേരം ഇരുട്ടി തുടങ്ങി. തണുപ്പ് ശക്തമായതോടെ റൂമിലേക്ക്‌ പോയി. അതീവ രുചിയുള്ള ഭക്ഷണം തയാറാക്കി ഗുലാം ഭായ് എത്തി.അടുത്ത മാസം വിരമിക്കുന്നു ഗുലാം ഭായ് ഒരു പക്ഷേ ഞങ്ങൾ ആയിരിക്കും അദ്ദേഹത്തിന്റെ അവസാന അതിഥികൾ എന്ന് സൂചിപ്പിച്ചു. ഹട്ടിനോട് ചേർന്നൊഴുകുന്ന അരുവി യുടെ ശബ്ദം കേട്ട് കൊണ്ട് സുഖമുള്ള ഉറക്കത്തിനു ശേഷം രാവിലെ നേരത്തെ തന്നെ എഴുനേറ്റു.പുറത്ത് കേട്ട പക്ഷികളുടെ ശബ്ദം ഉണർത്തി എന്ന് പറയാം.കുരുവി, മൈന, ഏതോ ഒരു മഞ്ഞ കിളി ഒക്കെയുണ്ട്. അവയ്ക്കിടയിൽ ഒരു ജോഡി ഹുപ്പ പക്ഷികൾ മുറ്റത്തെ പുല്ലുകൾക്ക് മുകളിൽ ഇര തേടി കൊത്തി പറക്കുന്നു. ഞാൻ അതിന്റെ ഫോട്ടോ എടുത്തു നോക്കി. വലിയ സൂം ലെൻസ്‌ ഒക്കെ ഉണ്ടെങ്കിൽ നല്ല പടം കിട്ടിയേനെ.

തലേ ദിവസം ഓർഡർ എടുത്ത പ്രകാരം കൃത്യം എട്ടു മണിക്ക് തന്നെ ചായയുമായി നമ്മുടെ ഗുലാം ഭായ് എത്തി. ചായ കഴിഞ്ഞു ഞങ്ങൾ പോയത് തൊട്ടടുത്തുള്ള ഒരു മൽബെറി തോട്ടത്തിലേക്കാണ്. ഇതൊരു പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രമായിരുന്നു. ഇപ്പോൾ പുഴുക്കൾ ഇല്ല. കുറച്ചു ദൂരെയുള്ള വലിയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. എങ്കിലും സ്ഥലം അതിമനോഹരം തന്നെ. മൾബറി മരങ്ങൾക്കിടയിൽ ബദാം, പിയർ എന്നിവയുടെ മരങ്ങൾ വളർന്നു നിൽക്കുന്നു. തോട്ടത്തിനു നടുവിലൂടെ ഉള്ള നടപ്പാതയിലൂടെ ഗ്രാമീണർ കാലികളുമായി പോകുന്നു. എല്ലാവരും ഞങ്ങളെ ഏതോ വിചിത്ര ജീവികളെപോലെ നോക്കുന്നു. കുറച്ചു പേർ ഞങ്ങളുടെ അരികിലേക്ക് വന്നു. എത്ര പെട്ടന്നായിരുന്നു നല്ലൊരു സൗഹൃദം അവിടെ രൂപപ്പെട്ടത്.അവരിൽ കേരളതോട് പ്രത്യേകം സ്നേഹമുള്ളവരും കേരളമെന്നു ആദ്യമായി കേൾക്കുന്നവരും ഉണ്ട്.

തങ്ങളുടെ ചെറിയ ലോകത്തിലെ കുഞ്ഞൻ വിശേഷങ്ങൾ പരസ്പരം പങ്കിട്ടു മടുത്തു കഴിഞ്ഞിരുന്ന അവർക്ക് കുറച്ചു നാളുകൾക്കു ശേഷമാണ് മറ്റുള്ളവരോട് അവ പങ്കിടാൻ അവസരം കിട്ടുന്നത്. അവരിലൊരാളുടെ പെൺകുട്ടി കേരളത്തിൽ ഏതോ മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ട്. കാശ്മീരികളുടെ അടയാളമായ ഫെറോൻ എന്ന വസ്ത്രത്തെ കുറിച്ച് ചോദിച്ച ഉടനെ ഒരാൾ,അയാൾ ധരിച്ചിരുന്ന ഫറാൻ ഊരി തന്നിട്ട് ഇട്ടു നോക്കാൻ പറഞ്ഞു. സംഭവം കിടിലം. തണുപ്പ് കയറില്ല. എല്ലാവർക്കും അതൊന്നു ഇട്ടു നോക്കിയാൽ കൊള്ളാമെന്നായി. വഴിയേ പോയ നാട്ടുകാരെയും വിളിച്ചു അങ്ങനെ മൊത്തം ആറെണ്ണം അവർ സംഘടിപ്പിച്ചു. ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു തന്നു.എല്ലാവരും ഞങ്ങളെ അവരവരുടെ വീടുകളിലേക്ക് വിളിച്ചു,ചായ കുടിക്കാൻ.സ്നേഹപൂർവ്വം അത് ഞങ്ങൾ ഒഴിവാക്കി. കശ്മീരിന്റെ മാത്രം സ്വന്തമായ കാശ്മീരിയത് അറിഞ്ഞ നിമിഷങ്ങൾ.

തൊട്ടടുത്തുള്ള പ്രധാന സ്ഥലങ്ങളെ കുറിച്ച് അവർ ഒരു ലഘു വിവരണം തന്നു. നാഗ് ദണ്ഡി എന്ന ആശ്രമം ആണ് അവയിൽ പ്രധാനം. സ്വാമി വിവേകാനന്ദനൊക്കെ വന്നിട്ടുള്ള സ്ഥലമാണ്. മൽബെറി തോട്ടത്തിന്റെ സൈഡിൽ ആൾതാമസമില്ലാത്ത ഒരു പഴയ ഇരുനില കെട്ടിടം കാണാം. ഒരു പാകിസ്ഥാനി ജർണലിസ്റ് കുറച്ചു നാൾ അവിടെ താമസിച്ചിരുന്നു. അൽപ്പം ദൂരെ പൈൻമരങ്ങൾ നിറഞ്ഞ കൊടും കാടുണ്ട്. പൊളിഞ്ഞു കിടക്കുന്ന കമ്പി വേലിക്കെട്ടുകൾക്കിടയിൽ കൂടി അങ്ങോട്ട് പോകാമെന്നു പറഞ്ഞെങ്കിലും അവിടെ കരടി ഉണ്ടാകും എന്ന് അവർ തന്നെ മുന്നറിയിപ്പ് തന്നതിനാൽ അതൊഴിവാക്കി.ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആയെന്നു ഗുലാം ഭായ് വിളിച്ചു പറഞ്ഞു. എല്ലാവരും അങ്ങോട്ട് പോയെങ്കിലും ഞാൻ ആ ഇരുനില കെട്ടിടത്തിനരികിലേക്ക് പോയി. കുറച്ചു ഫോട്ടോ എടുത്തു നിൽക്കുമ്പോൾ ഒരു മുരൾച്ച. കുരങ്ങൻമാരാണ്. ഈ കാലാവസ്ഥക്ക് ചേർന്ന രീതിയിൽ രോമം നിറഞ്ഞ തടിയൻമാരായ കുരങ്ങുകൾ. കുട്ടികളും വൃദ്ധരുമൊക്കെയുള്ള വലിയ കൂട്ടം. തിരിച്ചു നടക്കുമ്പോൾ മറ്റൊരു കൗതുകം. ഗുരുവായൂരപ്പന്റെ പടം അവിടെ ഒരു മതിലിൽ വരച്ചിട്ടിരിക്കുന്നു. ഇതെങ്ങനെ ഇവിടെ എന്നൊക്കെ ആലോചിച്ചു.ദൂരെ ഏതോ അപരിചിതമായ സ്ഥലത്തു വച്ച് നമ്മുടെ നാട്ടുകാരനെ കണ്ട സന്തോഷം. ഞാൻ മാത്രമേ കണ്ടുള്ളൂ ? ഇല്ല, ഒരു ഫോട്ടോ എടുത്തു. പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു crpf ക്യാമ്പിന്റെ ബാക്കി പത്രമാണത്.
റൂമിലെത്തി, ഭക്ഷണം കഴിഞ്ഞു വണ്ടിയിൽ കയറി.

ഇന്നത്തെ യാത്ര സിന്തൻ ടോപ്പിലേക്ക് ആണ്. പട്നി ടോപ്, മാർഗൻ ടോപ്, റസ്ദാൻ ടോപ് തുടങ്ങി ജമ്മുവിലും കാശ്മീരിലും ഇങ്ങനെ കുറച്ചു ടോപ്പുകൾ ഉണ്ട്. ചുരമുള്ള വഴിയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സ്ഥലം എന്നാവാം ഈ പേര് കൊണ്ട് ഉദേശിച്ചത്‌. ഇന്നത്തെ റൂട്ട് :അച്ബാൽ -വയലൂ-കൊക്കർ നാഗ് -ഡക്സും-സിന്തൻടോപ്. ഇത് അനന്തനാഗ് കിഷ്ത്വാർ നാഷണൽ ഹൈവേയുടെ ഭാഗമാണ്. ഹൈവേ ആണെങ്കിലും നാട്ടുകാർ പോകുന്ന ഷെയർ ടാക്സി ഉൾപ്പെടെ ആകെ മൂന്നോ നാലോ വണ്ടികൾ മാത്രമേ അടുത്ത അമ്പത് കിലോമീറ്ററിൽ റോഡിൽ ഉണ്ടായിരുന്നുള്ളൂ. ബൃങ്ങി എന്ന നദിയാണ് ഒരു വശത്തു. കശ്മീരിൽ എങ്ങും കിട്ടുന്ന മിനറൽ വാട്ടർ മിക്കവാറും ഇവിടെ നിന്ന് എടുക്കുന്നതാണ്. ഇതിന്റെ ജലസമൃദ്ധി കൊണ്ട് വളരുന്ന ആപ്പിൾ വാൾനട് മരങ്ങളും നെൽ, ഗോതമ്പു വയലുകളും ഒക്കെയാണ് ഇരുവശങ്ങളിലും.

ഡാക്‌സും പിന്നിട്ടതോടെ ഹൈറേഞ്ച് തുടങ്ങി. പൈൻ മരങ്ങളും അവയ്ക്കിടയിൽ പുൽമേടുകളും കുഞ്ഞു വെള്ളചട്ടങ്ങളും അങ്ങ് മുകളിൽ മഞ്ഞു തൊപ്പി അണിഞ്ഞ മലകളും സുന്ദരമാക്കിയ ഒരു ഗംഭീരചുരമാണ് പിന്നെ. മഞ്ഞു മലകൾക്കരികിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. റോഡിൽ മഞ്ഞു വീണു കിടക്കുന്നു. മുന്നോട്ടു പോകുന്തോറും അതിന്റെ കട്ടി കൂടി വരുന്നു. ചിലപ്പോൾ വണ്ടി തെന്നുന്നുണ്ട്. ഒരു വശം കൊക്കയാണ്. ഇടതു വശത്തു ഇരിക്കുന്ന അരുണിന് ചെറിയ ‘ഹൈറ്റോ ഫോബിയ’ഉണ്ട്. അത്കൊണ്ട് തിരിച്ചു പോകാൻ പറഞ്ഞു. പക്ഷേ താൻവീർ ഭായ് വളരെ കൂൾ. ദൂരെ മുകളിൽ ഒരു പച്ച സൈൻ ബോഡ് കാണാം. അത് വരെ പോയി വരാമെന്നു ഞങ്ങൾ തീരുമാനിച്ചു. കുറെ കഴിഞ്ഞു, മഞ്ഞിന്റെ കനം കൂടി ഇരുവശത്തും വൻ മതിൽ പോലെയായി. റോഡിൽ തീരെ വീതിയില്ല. ഒരു വളവിൽ വണ്ടി ഒതുക്കി. ഞങ്ങൾ ചാടിയിറങ്ങി.

ദൂരെ നിന്ന് ഒരു ജെസിബി മഞ്ഞു വാരി കൊണ്ട് വന്നിട്ട് ഞങ്ങളുടെ അടുത്ത് തട്ടി. BROയ്ക്ക് വേണ്ടി റോഡ് ശരിയാക്കുന്നവരാണ്. അടുത്ത അരകിലോമീറ്റർ അവർ ഞങ്ങളുടെ മുന്നിൽ പോയി മഞ്ഞു നീക്കി വഴിയൊരുക്കി. ഉച്ച ഭക്ഷണത്തിനായി അവർ വണ്ടി ഒതുക്കി. ദൂരെ മഞ്ഞിന്റെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഒരു കുഞ്ഞു കട.അവിടെ നിന്നുള്ള കാഴ്ചകൾ പൂർണമായും എഴുതി ഫലിപ്പിക്കാൻ പറ്റില്ല. ഒരു 360 ഡിഗ്രി വ്യൂ പോയിന്റ് ആണിത്. ഒരു വശം മുഴുവൻ മഞ്ഞു മലകൾ അങ്ങ് ദൂരെ താഴെ കിഷ്ത്വാർ വരെ ഉണ്ട്. കടും നീല ആകാശം.പഞ്ഞിക്കെട്ട് പോലെ മേഘങ്ങൾ. അതും ആസ്വദിച്ചു കൊണ്ട് കടുപ്പത്തിൽ ഒരു ചായയും കുടിച്ചു കുറെ നേരം ഇരുന്നു. കൂളിംഗ് ഗ്ലാസ്‌ ഉണ്ടെങ്കിലും പുതിയ മഞ്ഞിന്റെ അതിവെണ്മ കാരണം കണ്ണിനു വല്ലാത്ത പ്രശ്നം (snow blindness). തിരിച്ചു പോകുമ്പോൾ മുംബൈയിൽ നിന്ന് എത്തിയ ഒരു ഫാമിലി U ടേൺ എടുത്തു തിരിച്ചു പോകാൻ നിൽക്കുന്നു. ഞങ്ങൾ അവരോടു ധൈര്യമായി മുന്നോട്ടു പോകാൻ പറഞ്ഞു. കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ ഇപ്പോഴാ ഒരു ടൂറിസ്റ്റിനെ കാണുന്നത്. ഞങ്ങൾ തിരികെ ഡാക്‌സും എത്തി.

ഡാക്സും : ഇവിടുത്തെ മുഖ്യ ആകർഷണം ഗവണ്മെന്റ് ഷീപ് ബ്രീഡിങ് ഫാം ആണ്. ടിക്കറ്റ് എടുത്തു ഞങ്ങൾ അങ്ങോട്ടേക്ക് പോയി. രണ്ടു കിലോമീറ്റർ കാട്ടിനുള്ളിലൂടെ ഒരു ചോലയുടെ അരിക് ചേർന്ന് രസമുള്ള യാത്ര. എട്ട് കെട്ടിടങ്ങൾ. ഓരോന്നിലും ഇരുന്നൂറ് ആടുകളെ പരിപാലിക്കുന്നു. ഞങ്ങൾ എത്തുമ്പോൾ ഒരു യൂണിറ്റ് തുറന്നു ആടുകൾ കൂട്ടത്തോടെ ഇറങ്ങി വരുന്നു. ഒരു ഇടയൻ അതിനെ മുകളിലെ പുൽമേടുകളിലേക്ക് നയിച്ചു.
അടുത്തായി സ്ഥിതി ചെയുന്ന jktdc ഹട്ട് നിൽക്കുന്നത് ഒരു തകർപ്പൻ ലൊക്കേഷനിൽ ആണ്. കൈ എത്തും ദൂരത്തു മഞ്ഞു മലകളും പൈൻ ഫോറെസ്റ്റ് ഒക്കെ കാണാം. വിറകും വെള്ളവും ശേഖരിച്ചു മടങ്ങുന്ന ഗ്രാമീണ സ്ത്രീകൾ, കുതിരയെ മേയിച്ചു കൊണ്ട് വരി വരി ആയി നീങ്ങുന്നവർ അങ്ങനെ വ്യത്യസ്ത കാഴ്ചകൾ.കാട്ടിനുളിലൂടെ ധാരാളം ട്രെക്കിങ് റൂട്ടുകൾ ഇവിടെ നിന്ന് ആരംഭിക്കുന്നു.

കോക്കർനാഗ് : തിരിച്ചു ഞങ്ങൾ കോക്കർ നാഗ് എത്തി. ഇവിടെ മറ്റൊരു ഗംഭീര പൂന്തോട്ടവും അതിനോട് ചേർന്ന് ഹട്ടുമുണ്ട്.കോക്കർ നാഗ് സ്പ്രിങ് അഥവാ നീരുറവക്ക് ചുറ്റുമാണ് ഈ പൂന്തോട്ടം. ട്യൂലിപ് അടക്കമുള്ള പൂക്കൾ, ധാരാളം ഹിമാലയൻ പക്ഷികൾ ഒക്കെ ഇവിടെയുണ്ട്. ഒരിക്കൽ ഭീകര വാദികളുടെ കേന്ദ്രമായിരുന്നു ഇവിടെ. സൈന്യം അവരെ എത്തേണ്ട സ്ഥലത് എത്തിച്ചതോടെ കുറെ സമാധാനം തിരിച്ചു വന്നു. എങ്കിലും ഹർത്താൽ സമയത്തു ഈ വഴി വരുന്നത് ഉചിതമല്ല. ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഗാർഡൻ കണ്ട ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷൻ ആയ ചത്പലിലേക് തിരിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply