പത്തനംതിട്ട: കെ. എസ്. ആർ. ടി.സി എത്ര നഷ്ടത്തിലാണെന്നു പറഞ്ഞാലും യാത്രക്കാരനിൽ നിന്ന് അഞ്ചു പൈസാ പോലും അധികം വാങ്ങരുതെന്നാണ് നയം. പത്തനംതിട്ട ഡിപ്പോ അത് അക്ഷരം പ്രതി പാലിക്കുകയും ചെയ്തു. കണ്ടക്ടർക്ക് അബദ്ധം പറ്റിയെന്നു കരുതി കെ. എസ്. ആർ. ടി.സിക്ക് യാത്രക്കാരൻ അയച്ചു കൊടുത്ത ടിക്കറ്റ് ചാർജ് തുക, അന്നത്തെ കളക്ഷനിൽ കുറവില്ലെന്നു കണ്ട് ഡിപ്പോയിൽ നിന്ന് തിരിച്ചു കൊടുത്തു മാതൃകയായി.

പത്തനംതിട്ട ടൗൺഹാളിനു മുന്നിൽ നിന്ന് കോഴഞ്ചേരിയിലേക്ക് കെ. എസ്. ആർ. ടി. സി ബസിൽ കയറിയ യാത്രക്കാരനും വിവരാവകാശ പ്രവർത്തകനുമായ വല്ലന കലാനിലയത്തിൽ എൻ. കെ ബാലൻ ടിക്കറ്റ് ചാർജായ പതിനൊന്നു രൂപയ്ക്ക്, നൂറ് രൂപാ നോട്ടു നൽകി. വനിതാ കണ്ടക്ടറിൽ നിന്ന് ബാക്കി തുക വാങ്ങി പോക്കറ്റിലിട്ട ബാലൻ കോഴഞ്ചരിയിൽ ഇറങ്ങി എണ്ണി നോക്കിയപ്പോൾ 99രൂപ!. കണ്ടക്ടർക്ക് കണക്കു തെറ്റിയെന്ന് കരുതി കെ. എസ്.ആർ.ടി.സിക്കു കിട്ടേണ്ട പത്തു രൂപ പിറ്റേ ദിവസം ബാലൻ മണിയോർഡാറായി പത്തനംതിട്ട ഡിപ്പോയ്ക്കച്ചു.
കെ. എസ്. ആർ. ടി. സിയുടെ മറുപടി ഉടൻ വന്നു. അന്നു ടിക്കറ്റു തന്ന വനിതാ കണ്ടക്ടർ രാജിവച്ചു പോയി. ബാലനു ടിക്കറ്റു കൊടുത്ത അന്നത്തെ കളക്ഷനിൽ ഒട്ടും കുറവില്ല. അതിനാൽ, മണിയോർഡറായി അയച്ച പത്തു രൂപ ബാലനു മണിയോർഡറായി തിരിച്ചു നൽകും. അല്ലെങ്കിൽ ഡിപ്പോ ഒാഫീസിലെത്തി നേരിട്ടു കൈപ്പറ്റാം. ഇന്നു പത്തനംതിട്ട ഡിപ്പോയിലെത്തി ബാലൻ തുക തിരികെ വാങ്ങും.
കടപ്പാട് : കേരള കൌമുദി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog