നീണ്ട കാത്തിരിപ്പായിരുന്നു …..ഈ കഴിഞ്ഞ ഡിസംബറിൽ, നാടും നഗരവും ക്രിസ്മസ്സ് ആഘോഷിക്കുന്ന, തണുത്തു വിറങ്ങലിക്കുന്ന ഒരു രാത്രി, സെന്റ് പീറ്റേഴ്സ് പള്ളിയിൽ നിന്നും കരോൾ ഗീതങ്ങൾ നേർത്ത ശബ്ദത്തിൽ കേൾക്കുനുണ്ടായിരുന്നു ഒപ്പം അതിലും നേർത്ത ശബ്ദത്തിൽ ബാൻഡ് മേളവും, ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിക്കുന്ന നിറങ്ങൾ നിറഞ്ഞ ഒരു രാവ്, ഒട്ടും വിചാരിക്കാതെ പുലർച്ചേ 4 മണിക്ക് മാർട്ടിന്റെ ഒരു ഇമെയിൽ സന്ദേശം ഒടുവിലായി തേടിയെത്തി, ഒരു കപ്പ് കാപ്പിയുമായി ഇരുളിൽ മാർട്ടിന്റെ സന്ദേശം വായിച്ചു.
കൂടുതൽ വാക്കുകൾ ഇല്ലാത്ത ആ സന്ദേശം പറഞ്ഞത് ഒരു കാര്യം മാത്രമായിരുന്നു “ഉടനെ കാണാം പ്രിയ സുഹൃത്തേ”. ക്രിസ്മസ്സ് ദിനത്തിൽ ലോകത്ത് മറ്റാരേക്കാളും സന്തോഷിക്കുന്നത് ഞാൻ ആയിരിക്കുമെന്ന് തോന്നി, മനസ്സിൽ ഒരു നൂറു നക്ഷത്രങ്ങൾ തിളങ്ങിയതു പോലെ, നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നത് പോലെ….
എന്തോ !! ഈ അടുത്ത കാലത്തു ഞാൻ കാണാൻ കൊതിച്ച ഒരേ ഒരു മുഖം, അദ്ദേഹത്തിനോടുള്ള ആരാധന കൊണ്ടാണോ? അതോ സൈക്കിൾ യാത്രകളോടുള്ള ഭ്രമം കൊണ്ടാണോ എന്നറിയില്ല?? ഈ കാത്തിരിപ്പു തുടങ്ങിയിട്ടു വർഷം ഒന്നാവാറായി.!!
ആരാണ് മാർട്ടിൻ എന്നല്ലേ ?? പറയാം….
സൈക്ലിംഗ് തലയ്ക്കു പിടിച്ച നാളിൽ, എന്നെ ഏറെ ആകർഷിച്ച ഒരു നഗരിയുണ്ടായിരുന്നു,
‘ആംസ്റ്റർഡാം’, അഥവാ സൈക്കിളുകളുടെ രാജ്യം !! ജീവിതത്തെ മരണം കീഴ്പെടുത്തും മുന്നേ ആംസ്റ്റർഡാം ഒരിക്കലെങ്കിലും കാണണം എന്ന് ഡയറിയിൽ കുറിച്ചിട്ടത് ഞാൻ ഓർക്കുന്നു,
ആംസ്റ്റർഡാമിലെ സൈക്കിൾ കഥകൾ പലതും വായിച്ചു, വിവിധ സൈക്ലിംഗ് സൈറ്റുകളിൽ നിന്നും പല വിദേശ സുഹൃത്തുക്കളെയും ലഭിച്ചു അങ്ങനെ ഒരിക്കൽ സൈക്ലിംഗ് അപ്പ്ലിക്കേഷനായ സ്ട്രാവ യിൽ നിന്നും ആംസ്റ്റർഡാമിലേ എന്റെ സുഹൃത്തായ നിക്കോളാസ് ഒരു സൈക്കിൾ സഞ്ചാരിയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ കാണാൻ ഇടയായി, ആ ഫോട്ടോ കണ്ടപ്പോൾ തോന്നിയ കൗതുകമാണ് എന്നെ മാർട്ടിനിലേക്ക് എത്തിച്ചത്. ആ ഫോട്ടോയാണ് ഈ സൗഹൃദത്തിൻറെയും, കഥയുടെയും ആധാരം.
നിക്കോളാസിന്റെ കൂടെ നിൽക്കുന്നത് സാധാരണ ഒരു സഞ്ചാരി ആയിരുന്നില്ല ഏകദേശം 70 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധനായ സൈക്കിൾ സഞ്ചാരി, പ്രായം വെളുപ്പിച്ച നീണ്ട മുടി, പ്രകാശം സ്ഫുരിക്കുന്ന കണ്ണുകൾ, സൈക്കിളിന്റെ പിന്നിലായി കെട്ടി വെച്ചരിക്കണ വലിയ ഭാണ്ഡ കെട്ടുകൾ, എല്ലാത്തിലും മീതെ മനസ്സറിഞ്ഞ പുഞ്ചിരിയും.
അതാരാണെന്നറിയാനുള്ള ആകാംക്ഷ കൂടി വന്നു പിന്നീട് ഓരോ ദിവസവും നിക്കോളസിനോട് കാര്യങ്ങൾ തിരക്കിയപ്പോൾ ഞാൻ കേട്ടത് മാർട്ടിൻ എന്ന വൃദ്ധന്റെ ലോകമറിയാത്ത സാഹസിക സഞ്ചാരങ്ങളേ പറ്റിയായിരുന്നു, 67 വയസ്സ് തികഞ്ഞ മാർട്ടിൻ ആംസ്റ്റർഡാം സ്വദേശിയാണ്, യാത്രകൾ ആവേശമാക്കിയ ഒരു വൃദ്ധൻ,തന്റെ പതിനഞ്ചാം വയസ്സിൽ തുടങ്ങിയ സൈക്കിൾ സഞ്ചാരം, സൈക്കിൾ സവാരിയിലൂടെ പരിചയപ്പെട്ട എലിസബത്തിനോട് തോന്നിയ പ്രണയം, നീണ്ട പ്രണയത്തിനൊടുവിൽ കല്യാണം. അവസാനം ഭാര്യ എലിസബത്തിനെ മരണം കവർന്നെടുത്തപ്പോൾ അയാൾ പതറിയില്ല, പക്ഷേ അവൾക്കു കൊടുത്ത വാക്ക്, അവർ ഒരുമിച്ചു കണ്ട സ്വപ്നം, മരിക്കും മുന്നേ ലോകം മുഴുവൻ സൈക്കിളിൽ കണ്ട് തീർക്കണം എന്ന്.
അവർ കണ്ട ആ സ്വപ്നം അത് ഒരുമിച്ചു പൂർത്തിയാക്കുമെന്ന് മാർട്ടിൻ എലിസബത്തിനു കൊടുത്ത വാക്ക്,ഒടുവിൽ മാർട്ടിനെ തനിച്ചാക്കി ന്യൂമോണിയ ബാധിച്ച എലിസബത്ത് യാത്രയായി, ജീവിതത്തിൽ സ്വന്തമെന്നു പറയാൻ അയാൾക്ക് മറ്റാരുമുണ്ടായിരുന്നില്ല തന്റെ സൈക്കിൾ അല്ലാതെ, മുപ്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം നാടും നഗരവും വിട്ട് യാത്ര തുടങ്ങി തനിച്ചായിരുന്നില്ല സഹ സഞ്ചാരിയായ തന്റെ സ്കോട്ട് സൈക്കിളിനെയും മാർട്ടിൻ കൂടെ കൂട്ടി ഒപ്പം മരിക്കാത്ത എലിസബത്തിന്റെ ഓർമ്മകളും, ഭൂഖണ്ഡങ്ങൾ കടന്നു നാടും, നഗരവും, കാടും, സംസ്ക്കാരവും താണ്ടി അയാൾ അലഞ്ഞു നഷ്ടപെട്ട തന്റെ ഭാര്യയുടെ ഓർമ്മകൾക്ക് അയാൾ യാത്രയിലൂടെ ജീവൻ നൽകി.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും മാർട്ടിൻ സൈക്കിളിൽ കീഴ്പെടുത്തി, അവിടെയെല്ലാം അയാൾ പാലിച്ചത് അവൾക്കു കൊടുത്ത വാക്കുകളായിരുന്നു, അയാൾ പൂർത്തീകരിച്ചു കൊണ്ടിരുന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, കഴിഞ്ഞ 30 വർഷത്തോളമായി മാർട്ടിൻ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുകയാണ് എല്ലാം തന്റെ എലിസബത്തിന്റെ ഓർമ്മയ്ക്കായ്….. !! അപ്പോഴും എവിടെയും വായ്ത്തപെടാത്ത പ്രണയ നായകനായി മാർട്ടിൻ നിലകൊള്ളുന്നു….
കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഒരു കോരിത്തരിപ്പോടെ നിക്കോളാസിനോട് ഞാൻ ചോദിച്ചത് മാർട്ടിൻ എന്റെ ഇന്ത്യ കണ്ടിട്ടുണ്ടോ ??!! എന്നായിരുന്നു, നിക്കോളാസ് ഇല്ല എന്ന് പറഞ്ഞതും മാർട്ടിനുമായി ബന്ധപെടാനുള്ള നമ്പർ ഞാൻ തിരക്കി, നിക്കോളാസിനു അറിയില്ല എന്നായിരുന്നു മറുപടി, സാമൂഹിക മാധ്യമങ്ങളിൽ ഒന്നിലും തന്നെ മാർട്ടിൻ ഇല്ല എന്ന് അധികം വൈകാതെ മനസിലായി. എന്റെ ആവേശം കണ്ട നിക്കോളാസ് ഒടുവിൽ മാർട്ടിന്റെ മെയിൽ അഡ്രെസ്സ് എനിക്ക് സംഘടിപ്പിച്ചു തന്നു.
ക്ഷണ നേരം കൊണ്ട് മാർട്ടിനോടുള്ള എന്റെ ആരാധനയും, സൈക്കിൾ യാത്രകളോടുള്ള എന്റെ പ്രണയവും, ഒപ്പം ഇന്ത്യയിലേക്ക് എന്റെ അതിഥിയായി ക്ഷണിച്ചു കൊണ്ട് ഒരു സന്ദേശം അയച്ചു, ദിവസങ്ങൾ കടന്നു പോയിട്ടും മറുപടി ഒന്നും തന്നെ വന്നില്ല, ഒടുവിൽ ഒരു മാസത്തിനു ശേഷം 2017 ഫെബ്രുവരിയിൽ മാർട്ടിന്റെ മറുപടി എന്നെ തേടിയെത്തി ആകാംഷയോടെ ആ സന്ദേശം ഞാൻ വായിക്കാൻ തുടങ്ങി എന്റെ കഥകൾ കടലുകൾക്കപ്പുറം വസിക്കുന്ന നീ എങ്ങനെ അറിഞ്ഞു സുഹൃത്തേ എന്നതായിരുന്നു മാർട്ടിന്റെ പ്രധാനപെട്ട സംശയം !! ഇന്ത്യയിൽ വരുമ്പോൾ യേശു ദേവൻ അനുഗ്രഹിക്കുകയാണേൽ നമുക്ക് കാണാം എന്നും സംസാരിക്കാമെന്നും പറഞ്ഞു,. പിന്നീട് ഒരു തരം കാത്തിരിപ്പായിരുന്നു… അതേ.. നീണ്ട കാത്തിരിപ്പ്..
ഒരുപാട് മാസത്തേക്ക് എന്റെ ഇമെയിൽ സന്ദേശങ്ങൾക്ക് മാർട്ടിന്റെ മറുപടികൾ ലഭിക്കാതെയായി, ആയിരിക്കെയാണ് കൂർഗിലേക്ക് തലശ്ശേരിയിൽ നിന്നും ഞാൻ ഒരു സാഹസിക സൈക്കിൾ യാത്ര നടത്തിയത്, കൂർഗ് യാത്രയുടെ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ചിത്രങ്ങൾ സഹിതം ഞാൻ മാര്ട്ടിന് വീണ്ടും ഒരു സന്ദേശം അയച്ചു, പ്രതീക്ഷ തെറ്റിയില്ല മാർട്ടിന്റെ മറുപടി 1 ആഴ്ചയ്കകം വന്നു, ഇതെവിടെയാണെന്നും മറ്റും അറിയാനുള്ള ആകാംഷ,…
വളഞ്ഞു പുളഞ്ഞു കിടക്കുന്ന പച്ചപ്പണിഞ്ഞ നമ്മുടെ കൂർഗ് മല നിരകൾ മാർട്ടിന്റെ മനസ്സിൽ ഒരിടം പിടിച്ചിരിക്കുന്നു,… കൂർഗിനെ പറ്റി വലിയ ഒരു വിവരണം തന്നെ കൊടുത്തു, ഇന്ത്യയിൽ വന്നാൽ ആദ്യം പോവുന്നത് കൂർഗിലേക്കായിരിക്കുമെന്ന് പറഞ്ഞ് മാർട്ടിൻ മറുപടി തന്നു.
ഒടുവിൽ ക്രിസ്മസ്സ് രാവിൽ മാർട്ടിന്റെ സന്ദേശം വന്നതോട് കൂടി ആ സാഞ്ചാരിയുടെ ജീവിതം മനസ്സിന്റെ തിരശീലയിൽ നിറഞ്ഞാടി.
നീണ്ട 30 വര്ഷത്തെ പ്രയാണം…. ലോകം മുഴുവൻ സൈക്കിളിൽ…. പ്രായം 67… എല്ലാം പ്രണയിനിയുടെ ഓർമ്മയ്ക്കായി… സമാനതകളില്ലാത്ത സഞ്ചാരി….. !! ഡിസംബർ 25 മുതൽ നാളെണ്ണി കാത്തിരിക്കാൻ തുടങ്ങി, മാർട്ടിന്റെ ഫോൺ വിളിക്കായി കാതോർത്തിരുന്നു,….
ദിവസങ്ങൾ കടന്നു പോയി, ഒടുവിൽ പുതു വർഷം പിറന്നു. മാർട്ടിന് അപ്പോഴും ഞാൻ സന്ദേശങ്ങൾ അയച്ചു, പക്ഷേ മറുപടികളൊന്നും വന്നില്ല… പ്രതീക്ഷ ഒട്ടും തന്നെ കൈ വിട്ടില്ല,
മാർട്ടിൻ എവിടേക്കു വിളിച്ചാലും പോവാൻ തയ്യാറായി തന്നെ ഇരുന്നു….
ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം അതായത് ജനുവരി എട്ടാം തീയതി വൈകുന്നേരം 5 മണിയോടടുത്ത് ഒരു ഫോൺ കാൾ വന്നു, തീർത്തും അപരിചിതമായ അടഞ്ഞ ഒരു ശബ്ദം, പറയുന്ന ഭാഷ പോലും മനസിലാക്കാൻ പാട് പെട്ടു, കിതപ്പോടുകൂടിയുള്ള ശബ്ദമായതു കൊണ്ട് എല്ലാം അവ്യക്തം!! വൈകാതെ സ്വയം മറന്നു കൊണ്ട് തിരിച്ചു അറിഞ്ഞു ഞാൻ സംസാരിക്കുന്നത് മാർട്ടിനോടാണ്, ഞാൻ കാത്തിരിക്കുന്ന എന്റെ സഞ്ചാരിയോടാണ്, വെപ്രാളം കൊണ്ട് ഞാൻ പറയുന്നത് എന്താണെന്നു എനിക്ക് പോലും നിശ്ചയമില്ല.
മാർട്ടിൻ ഇന്ത്യയിലെത്തിയിരിക്കുന്നു, ഇപ്പോൾ പുള്ളിക്കാരൻ നിൽക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലെ, എന്റെ സ്വന്തം നാട്ടിലെ മുഴപ്പിലങ്ങാട് ബീച്ചിലാണ്,. എല്ലാം ഒരു സ്വപ്നം പോലെ,
വീട്ടിൽ നിന്നും സൈക്കിൾ എടുത്തു ഇറങ്ങിയതേ ഓർക്കുന്നുള്ളു, ചവിട്ടലിന്റെ വേഗം കൂടി, മനസ്സിൽ നിറയേ ചിന്തകളാണ്, മാർട്ടിനോട് എന്ത് പറയും, എങ്ങനെ പറയും എന്നാലോചിച്ചു ഒരു എത്തും പിടിയും കിട്ടണില്ല, പണ്ട് മാർട്ടിന് എന്റെ നാടായ തലശ്ശേരിയെ കുറിച്ച് അയച്ച സന്ദേശത്തിൽ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഒരുപിടി ഫോട്ടോകൾ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഓർത്തത്.
വീട്ടിൽ നിന്നും ബീച്ചിലേക്കുള്ള ദൂരം വർധിച്ചത് പോലെ, എത്ര ചവിട്ടിയിട്ടും എത്താതു പോലെ.
ഒടുവിൽ 5.30 ബീച്ചിൽ എത്തി കിതപ്പോടു കൂടി നേരത്തെ വന്ന നമ്പറിൽ തിരികെ വിളിച്ചു,
ആദ്യത്തെ വിളിയിൽ എടുത്തില്ല, മനസിൽ ഇത്തിരി വെപ്രാളം കൂടി വന്നു, ഒടുവിൽ രണ്ടാമതു വീണ്ടും വിളിച്ചപ്പോൾ മാർട്ടിൻ എടുത്തു, ഞാൻ എന്തേലും പറയും മുന്നേ ചിരിച്ചു കൊണ്ട് ചോദിച്ചു ‘യു ആർ ഹിയർ റൈറ്റ് ??’
ചിരിച്ചു കൊണ്ട് പ്രവേശന കവാടത്തിൽ ഞാൻ ഉണ്ട് സർ എന്നു പറഞ്ഞു, വീണ്ടും ഒരു ചെറിയ കാത്തിരിപ്പു, അടുത്തുണ്ടായിട്ടും മുഖങ്ങൾ തമ്മിൽ കാണേണ്ട ദൂരം, ഒരു വർഷത്തെ എന്റെ കാത്തിരിപ്പിന്റെ ദൂരം, ബീച്ചിന്റെ വലത്തെ അറ്റത്തു നിന്നും ഒരാൾ നടന്നു വരുന്നത് കണ്ടു, സൈക്കിൾ ഉരുട്ടി കൊണ്ട് വരുന്നത് മാർട്ടിനന്നെന്നു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല, തിടുക്കത്തിൽ ഞാൻ മാർട്ടിനെ ലക്ഷ്യമാക്കി നടന്നു, നടത്തമായിരുന്നില്ല ഒരുതരത്തിൽ ഒരു ഓട്ടമായിരുന്നു, ഒടുവിൽ കാലടികൾ വ്യത്യാസത്തിൽ മുഖാ മുഖം നിൽക്കുന്നു ഞാനും,മാർട്ടിനും.
പരിചയപെടുതകളുടെ ആവിശ്യം പോലും വേണ്ടിയിരുന്നില്ല കണ്ടതും കെട്ടിപ്പിച്ചു കൊണ്ട് കൈകൾ മുറുക്കെ പിടിച്ചു, ഒരു നൂറു തവണ ഇന്ത്യയിലേക്കും, കേരളത്തിലേക്കും സ്വാഗതം പറഞ്ഞു. ചിരിച്ചു കൊണ്ട് മാർട്ടിൻ എന്റെ പുറത്തു തട്ടി, നടക്കുന്നത് സത്യമാണോ എന്നെനിക്ക് സംശയമുണ്ടെന്ന് പറഞ്ഞപ്പോൾ മാർട്ടിൻ വീണ്ടും ഉറക്കെ ചിരിച്ചു, നിക്കോളാസ് അയച്ച ഫോട്ടോയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട് മാർട്ടിൻ, വെളുത്ത മുടി ഇഴകൾ ഹെൽമെറ്റിനുള്ളിലൂടെ പുറത്തേക്കു പറക്കുന്നു, നീല കണ്ണുകൾ, സദാ ചിരിക്കുന്ന ചുണ്ടുകൾ, ദൃഢമായ കാൽ പേശികൾ, 67 വയസ്സിലും ചുറുക്കോടെയുള്ള സംസാരം,
അത്ഭുതം !!..
അസ്തമയ സൂര്യന്റെ കിരണങ്ങൾ കണ്ട് കൊണ്ട് നമ്മൾ നടന്നു, കഥകൾ പറഞ്ഞും, ജീവിതം പങ്കു വച്ചും,…. എണ്ണപെട്ട രാജ്യങ്ങൾ മാത്രമേ മാർട്ടിനു സഞ്ചരിക്കാൻ അവശേഷിക്കുന്നുള്ളൂ, മിക്കതും ഏഷ്യയിൽ തന്നെ, അത് കൂടി കഴിഞ്ഞാൽ മാർട്ടിന്റെ സഞ്ചാരം അവസാനിക്കും, നീണ്ട 30 വർഷത്തെ ഏകാന്തത യാത്രകൾക്ക് ഒരു അന്ത്യം.!!
എലിസബത്ത് സഞ്ചരിക്കാൻ ഏറെ ഇഷ്ടപെട്ട ഇടങ്ങളിൽ ഒന്നായിരുന്നത്രെ ഇന്ത്യ, അത് കൊണ്ട് തന്നെ വരും ദിനങ്ങളിൽ ഇന്ത്യ മഹാരാജ്യം മാർട്ടിൻ ചവിട്ടി കീഴടക്കുമ്പോൾ എലിസബത്തിന്റെ വലിയ ഒരു മോഹം കൂടി പൂർത്തീകരിക്കപ്പെടും!!.. എലിസബത്തിനേ പറ്റി കൂടുതൽ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ അത് മാർട്ടിനേ വേദനിപ്പിക്കുമോ എന്ന് ഭയന്ന് ഞാൻ മൗനം പാലിച്ചു, പക്ഷേ ഞാൻ ചോദിക്കാതെ തന്നെ മാർട്ടിൻ എലിസബത്തിനെ പറ്റി വാചാലനായി, ആ നീല കണ്ണിൽ പ്രകാശം പരക്കുന്നത് പോലെ.
അസ്തമയ സൂര്യൻ കടലിൽ താണപ്പോൾ മാർട്ടിന്റെ കണ്ണിലെ തിളക്കം കൂടിയത് പോലെ, ഒഴുകി വരുന്ന കടൽ കാറ്റിൽ ആ വെളുത്ത മുടിഇഴകൾ കാറ്റിൽ പാറി കൊണ്ടേ ഇരുന്നു,
അടുത്തുള്ള ഐസ് ക്രീം സ്റ്റാളിൽ നിന്നും നേർത്ത ശബ്ദത്തിൽ ഒരു മലയാളം പാട്ട് കാറ്റിനോടോപ്പം ഒഴുകി എത്തി…
ഇന്ത്യയിൽ ഇപ്പോൾ എത്തി എന്ന് ചോദിച്ചപ്പോൾ മാർട്ടിൻ പറഞ്ഞു തുടങ്ങി. ജനുവരി 1 നു രാത്രി വിമാന മാർഗ്ഗം മാർട്ടിൻ ബാംഗ്ലൂരിൽ എത്തി. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം, മൂന്നാം തീയതി ബാംഗ്ലൂരിലെ ചില ഇടങ്ങളിൽ കറങ്ങി. നാലിന് നന്തി ഹിൽസിലെ സൂര്യോദയവും കണ്ട് യാത്രാ ആരംഭിച്ചു. 250 കിലോമീറ്ററുകൾ ചവിട്ടി ആറാം തീയതി കൂർഗിൽ എത്തി ചേർന്നു, കടുത്ത നടുവേദന കാരണം വീരാജ്പേട്ടയില് തങ്ങി, 7നു വീണ്ടും യാത്രാ ആരംഭിച്ചു. ഇതാ ഇപ്പോൾ ഇവിടെ വരെ എത്തിയിരിക്കുന്നു. !!
ഇനി എവിടെക്കാ എന്നായിരുന്നു എന്റെ ചോദ്യം ?? ഗോവയാണ് ലക്ഷ്യമെന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു, എന്തൊരു നിശ്ചയ ദാർഢ്യമാണ് മാർട്ടിന്റെ വാക്കുകൾക്ക്… പിന്നീട് സ്വപ്ന തുല്യമായ ഒരു യാത്രയായിരുന്നു, കണ്ണൂർ നഗരം വരെ മാർട്ടിനോടപ്പം, ജീവിതത്തിൽ പല റൈഡുകളിലും പങ്കെടുത്തിട്ടുണ്ട് പക്ഷേ ജീവിതത്തിൽ ആദ്യമായാണ് ഒരു വൃദ്ധന്റെ കൂടെ ഒരു റൈഡ് പോവുന്നത് !!
യാത്രാ തുടങ്ങും മുന്നേ മാർട്ടിൻ പറഞ്ഞു, ഞാൻ അല്പം സ്ലോ ആയിരിക്കും എന്നെ നോക്കണ്ട നീ വേഗത്തിൽ തന്നെ ചവിട്ടിക്കൊ എന്നു പറഞ്ഞു, പക്ഷേ പലപ്പോഴും മാർട്ടിന്റെ പിന്നിൽ തന്നെ ആയിരുന്നു ഞാൻ, അത്രയും വേഗമാണ് മാർട്ടിന്റെ കാലുകൾക്ക്…. പിന്നിൽ വരിഞ്ഞു കെട്ടിയ ഭാണ്ഡ കെട്ടുകളുമായി മാർട്ടിൻ ഒരു പക്ഷിയെ പോലെ തന്റെ സൈക്കിളിൽ പറന്നു മാർട്ടിൻ തെളിച്ച വഴിയേ ഞാനും, പിന്നീട് വഴിയറിയാവുന്ന ഞാൻ മാർട്ടിന് മുൻപലായി.
ഒടുവിൽ 7.30 നു കണ്ണൂർ നഗരത്തിൽ നമ്മളെത്തി ജീവിതത്തിൽ ഞാൻ നടത്തിയ ഏറ്റവും വിലയേറിയ യാത്ര. നേരെ കണ്ണൂർ റാന്തൽ ഹോട്ടലിൽ വച്ചു പിടിച്ചു, നേരിയ റാന്തൽ വെട്ടത്തിൽ മാർട്ടിന് ഞാൻ അതിഥി സൽക്കാരം നൽകി, ജീവിതത്തിലെ മറക്കാനാവാത്ത അതിഥി സൽക്കാരത്തിൽ ഒന്ന്. ഒടുവിൽ ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ എന്റെ അതിഥിയായി വീട്ടിൽ കഴിയാം എന്ന് ഞാൻ പറഞ്ഞെങ്കിലും മാർട്ടിൻ അത് സ്നേഹത്തോടെ നിരസിച്ചു. രാത്രിയിൽ നടുവേദന കലശലായി ഉണ്ടാവും തിരിച്ചു വീണ്ടും റൈഡ് ചെയ്തു നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് മാർട്ടിൻ ഊറി ചിരിച്ചു.
ഒടുവിൽ മാർട്ടിനു കണ്ണൂരിൽ ഒരു റൂം തരപ്പെടുത്തി എടുത്തു. റൂമിൽ കയറും മുൻപ് എന്റെ ചുമലിൽ കൈ വച്ചു കൊണ്ട് മാർട്ടിൻ ഇത്തിരി ദൂരം നടന്നു. വളരെ വിചിത്രമായി ‘പാർവസ്’ എന്നാണ് മാർട്ടിൻ എന്നെ വിളിച്ചിരുന്നത് എന്നോട് പറഞ്ഞു. “പാർവസ്,എന്തേലും നമ്മൾ ചെയ്യാൻ തീരുമാനിച്ചാൽ ആരുടെയും വാക്കുകൾക്ക് വില നൽകി നീ ചെയ്യാൻ ആഗ്രഹിച്ച കാര്യം നിർത്തികളയരുത്, തളർത്താനും, തടയിടാനും ഒരുപാട് പേർ കാണും പക്ഷേ കൈ പിടിച്ചു കൂടെ നടക്കാൻ ആരുമുണ്ടാവില്ല, എലിസബത്ത് വിടപറഞ്ഞപ്പോൾ ഞാൻ മനസിലാക്കിയ ഏറ്റവും വലിയ സത്യവും അതാണ്.”
ആ വാക്കുകൾ ഒരു അശരീരി പോലെ കാതിൽ മുഴങ്ങി, പറഞ്ഞു കഴിഞ്ഞു മാർട്ടിൻ എന്റെ പുറത്തു വീണ്ടും തട്ടി. ആ വാക്കുകൾ അതിനുള്ളില്ലേ അർത്ഥം, അത് പകർന്നു നൽകിയ ഊർജം, ഈ വിശ്വം കീഴടക്കാൻ മാത്രം വലുതായിരുന്നു. ഒടുവിൽ പിരിയാൻ നേരം ഒരു ഫോട്ടോ പകർത്തി. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സഞ്ചാരി, സഞ്ചാരം എന്ന വാക്കിന്റെ അർത്ഥം ഉൾകൊണ്ട പച്ചയായ മനുഷ്യൻ, പ്രണയം എന്ന സത്യത്തെ ഉൾകൊണ്ട യഥാർത്ഥ പുരുഷൻ… !!
നാളെ മാർട്ടിൻ ഗോവ ലക്ഷ്യമാക്കി യാത്ര തുടങ്ങും. എലിസബത്തിന്റെ ഓർമ്മകളും പേറി…..
അതുവരെ മാർട്ടിൻ ഉറങ്ങട്ടെ…..
വരികളും ചിത്രങ്ങളും -പർവേസ് ഇലാഹി.