കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് കുഴഞ്ഞുവീണു; ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം യുവാവിന്റെ ജീവന് രക്ഷപ്പെട്ടു.
പാരിപ്പള്ളി കൊട്ടാരക്കര വേണാട് ചെയിന്‍ സര്‍വ്വീസില്‍ കയറിയ 35 വയസ്സുള്ള ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. രാത്രി ഏഴേകാലോടെ ബസ് പൂയപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പോകാന്‍ കയറിയ ആളാണ് കുഴഞ്ഞുവീണത്. സീറ്റില്‍ നിന്ന് ബസ്സിന്റെ പ്ലാറ്റ്ഫോമിലേക്ക് വീണതു കണ്ട ജീവനക്കാര്‍ ബസ് നിര്‍ത്തി. വെള്ളം തളിക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തിട്ടും ഇയാള്‍ക്ക് ബോധം വീണില്ല. തുടര്‍ന്ന് യാത്രക്കാരുടെയെല്ലാം സമ്മതത്തോടെ പിന്നീടുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് ആശുപത്രിയിലേക്ക് പായുകയായിരുന്നു.
മദ്യപിച്ച് ബോധം പോയെന്നാണ് ആദ്യം കരുതിയതെങ്കിലും. എന്നാല്‍ വീണയുടന്‍ എടുത്തുയര്‍ത്തിയപ്പോള്‍ മദ്യപിച്ചില്ലെന്നു മനസിലായി. ഉടന്‍ തന്നെ യാത്രക്കാരോട് ഇനി എവിടെയും നിര്‍ത്തില്ല എന്നറിയിക്കുകയും അവിടെ നിന്നും നേരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു എന്ന് കണ്ടക്ടര്‍ റോയി ലൂക്കോസും ഡ്രൈവര്‍ ഓമനക്കുട്ടനും പറഞ്ഞു.
ഇയാളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ അനില്‍കുമാറെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ചാത്തന്നൂര്‍ ഡിപ്പോയിലെ ആര്.എ.എം. 459ാംനമ്പര്‍ ബസിലെ ജീവനക്കാരാണ് ഓമനക്കുട്ടനും റോയി ലൂക്കോസും. ഇത്തരത്തില്‍ ഒരു യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ സമയോചിതമായി പ്രവര്‍ത്തിച്ച കണ്ടക്ടര്‍ക്കും ഡ്രൈവറെയും എല്ലാവരും ഇപ്പോള്‍ പ്രശംസ കൊണ്ടു മൂടുകയാണ്.
കടപ്പാട് – കേരള ഇന്‍സൈഡ്.