ഓർഡിനറി എന്ന മലയാള സിനിമയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഗവി പ്രശസ്തയാവുന്നത്. പക്ഷേ ആ സിനിമയില്‍ കാണുന്ന ചുരുക്കം ചില സീനുകൾ മാത്രമേ ഗവിയിൽ ചിത്രീകരിച്ചിട്ടുള്ളൂ. പക്ഷേ സിനിമയിൽ കാണുന്നതിനേക്കാള്‍ അപ്പുറമാണ് ഗവിയുടെ മാസ്മരികത…..
വാഹനനിയന്ത്രണം ഉള്ളതിനാല്‍ ഞാൻ യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്തത് ആനവണ്ടി ആയിരുന്നു. അങ്ങനെ റിപ്പബ്ലിക്ക് ദിനത്തിൻ്റെ അന്ന് രാവിലെ അതായത് ഇന്ന് നേരം പരപരാ പെലർന്ന് ഒരു രണ്ടര ആയപ്പോഴേക്കും ഞാൻ വീട്ടില്‍ നിന്നിറങ്ങി. ഒറ്റയ്ക്കുള്ള യാത്രയായിരുന്നു..


കൃത്യം മൂന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് വണ്ടി പിടിച്ചു. പത്തനംതിട്ടയിൽ ഒരു അഞ്ചുമണിയോടെ ചെന്നു ആറരയ്ക്കാണ് ഗവിയ്ക്കുള്ള വണ്ടി.. വിശന്നു തുടങ്ങിയപ്പോള്‍ ഒരു പായ്ക്കറ്റ് ഓറിയോയും കട്ടൻചായയും വാങ്ങി സന്തോഷത്തോടെ ഭുജിച്ചു… കൃത്യം ആറരയ്ക്ക് ഗവിയ്ക്കുള്ള വണ്ടിയെടുത്തു. അങ്ങനെ ജനവാസപ്രദേശങ്ങൾ പിന്നിട്ട് ഡാമുകൾ കാട് കയറി ആനയെയും കാട്ടുപോത്തിനെയും കണ്ട് പന്ത്രണ്ടുമണിയോടെ ഗവിയെത്തി.


അവിടെ ബോട്ടിംഗ് ഉൾപ്പെടെ പല പ്രോഗ്രാമുകളും ഉണ്ട് എൻ്റെ ലക്ഷ്യം പെരിയാര്‍ ടെെഗർ റിസേർവിലൂടെ നേരെ വണ്ടിപ്പെരിയാർ പിടിക്കുക എന്നതായിരുന്നു അതുകൊണ്ട് തന്നെ ഞാൻ ഗവിയെ കണ്ട് കൊണ്ട് ബസ്സില്‍ കയറി വണ്ടിപ്പെരിയാർ പിടിച്ചു. വഴിയില്‍ ടെെഗർ റിസേർവിൻ്റെ ഗ്ലാസ്സിട്ട് അടച്ചുമൂടിയ വണ്ടിയിലിരുന്ന ചില കണ്ണുകള്‍ അസൂയയോടെ ksrtc യുടെ സെെഡ് സീറ്റിൽ കാറ്റും കൊണ്ട് പോയ എന്നിൽ പതിച്ചത് ഞാൻ ശ്രദ്ധിച്ചു….

ആകെ കയ്യിലുള്ളത് ഒരു പാവത്താൻ മൊബെെലാണ് അവൻ്റെ ചിത്രങ്ങൾക്ക് അതിൻ്റേതായ ചില പരിമിതികളുണ്ട് …സദയം ക്ഷമിക്കുക..
വിവരണം – യദുകുല്‍ കെ.ജി.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog