അമ്മ മാലാഖമാരെയും കൊണ്ട് മൂന്നു മക്കള്‍ നടത്തിയ ഒരു ദിവസത്തെ യാത്ര…

Characters : നിബിൻ Nibin T Sreenivasan , നിഖിൽ Nikhil K Nik , പിന്നെയീ ഞാൻ – മൂന്നാൾക്കും വല്ല്യേ വിശേഷണത്തിന്റെയൊന്നും ആവശ്യമില്ല. മൂന്നും കണക്കാ. എന്തായാലും നിവൃത്തിയില്ലാത്തതിനാൽ കഥയിലെ നായകന്മാർ ഞങ്ങൾ തന്നെ… ക്ഷമിക്കുക, പൊറുക്കുക.

നായിക 1: വനജ ശ്രീനിവാസൻ (നിബിന്റെ അമ്മ മാലാഖ. പഞ്ചപാവം.., ഈ വായിൽ വിരലിട്ടാൽ വരെ കടിയ്ക്കില്ല എന്നൊക്കെ പറയില്ലേ., അതിനുമപ്പുറത്തെ പാവം. മകൻ ഒറ്റയ്ക്ക് കുടുംബഭാരം വലിക്കുന്നതിൽ ഏറെ സങ്കടം. മകനെ എത്രയും പെട്ടെന്ന് കെട്ടിക്കാൻ മോഹം. മകനാണ് ലോകം.)

നായിക 2 : ശാന്ത സുന്ദരൻ (നിഖിലിന്റെ അമ്മ മാലാഖ. വിമാനത്തിൽ പോകാൻ ഏറ്റവുമധികം ആഗ്രഹിച്ചയാൾ. സംസാരപ്രിയ. മകന്റെ ഗൾഫിൽ കിടന്നുള്ള കഷ്ടപ്പാടിൽ സങ്കടം. പറ്റിയ പെണ്ണിനെ കിട്ടിയാൽ എപ്പോ കെട്ടിച്ചെന്നു ചോദിച്ചാ മതി. മകനാണ് ലോകം.)

നായിക 3 : സ്വീറ്റി സണ്ണി (എന്റെ അമ്മ മാലാഖ. സംസാരപ്രിയ., ചിരിക്കുടുക്ക. മകൻ പള്ളീൽ വെച്ചു കെട്ടില്ലെന്നു പറയുന്നത് പ്രധാന സങ്കടം. അതിനാൽ ഓടി നടന്ന് പെൺപ്പിള്ളേരെ തിരയുന്നു. മകനാണ് ലോകം. ട്രിപ്പിൽ കാർ ഒഴിവാക്കാൻ പ്രധാന കാരണക്കാരി)

എന്നാ പിന്നെ തുടങ്ങിയേക്കാം, അല്ലേ….!

പെറ്റുവീണതിന് ശേഷം അക്ഷരം തെറ്റാതെ ആദ്യം വിളിച്ചത് “അമ്മാ” എന്നാണ്. ജീവനും മരണവും ഇടയിലുള്ള ജീവിതവും കടന്ന് അവസാനമില്ലാതെ പരന്നു കിടക്കുന്ന പൊക്കിൾക്കൊടി ബന്ധത്തിൽ പേറ്റുനോവിൽ തുടങ്ങി വേദനകളല്ലാതെ അമ്മയ്ക്ക് വേണ്ടി പ്രത്യേകിച്ചൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. എന്തു നൽകിയാലും ആ സ്നേഹത്തിനു പകരമാവില്ലെന്നറിയാം. എന്നാലും എന്തെങ്കിലുമൊന്ന് അമ്മക്കു വേണ്ടി ചെയ്യണമെന്ന് ഏറെ നാളായി കൊതിച്ചിരുന്നു.

അങ്ങനെയാണ് അമ്മയേയും കൊണ്ട് എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന് തീരുമാനിക്കുന്നത്. ബൈക്കിൽ ദൂരമൊരുപാടൊന്നും സഞ്ചരിയ്ക്കാവുന്ന ആരോഗ്യസ്ഥിതിയിലല്ലായിരുന്നു അമ്മ. അതു കൊണ്ടു തന്നെ ആ യാത്രയങ്ങു നീണ്ടു നീണ്ടു പോയി. അങ്ങനെയിരിക്കേയാണ് രണ്ടാഴ്ച്ച മുൻപ് നിഖിൽ ലീവിന് ഗൾഫിൽ നിന്നുമെത്തിയത്. വഴീക്കോടെ പോണ വയ്യാവേലികൾ വരെ വണ്ടി വിളിച്ചു പോയി തലയിലേറ്റി കൊണ്ടുവരുന്ന വലകളുടെ ആശാനായ നിഖിലിനും എന്റെ അതേ ആഗ്രഹം. ഇതു കേട്ടപ്പോൾ നിബിനും അമ്മയേം കൊണ്ട് യാത്ര പോകണമെന്നായി.

 

അങ്ങനെ ഞങ്ങൾ 3 ചങ്കുകളും ഞങ്ങടെ ചങ്കിടിപ്പുകളായ അമ്മമാരേയും കൊണ്ട് ഒന്ന് കറങ്ങാൻ പോകണമെന്ന് ഉറപ്പിച്ചു. വീട്ടിലെത്താൻ നേരമൊരിത്തിരി വൈകിയാൽ നെഞ്ചിൽ തീയാളുന്ന., തനിയ്ക്കിഷ്ടമില്ലെന്ന് കള്ളം പറഞ്ഞ് തന്റെ പങ്കു കൂടി പകുത്തു നൽകി അതിൽ സന്തോഷം കണ്ടെത്തുന്ന., അച്ഛനോട് തഞ്ചത്തിൽ മക്കൾക്കു വേണ്ടി വാദിക്കുന്ന…, അങ്ങനെയങ്ങനെ എത്ര പറഞ്ഞാലും മതിയാവാത്തത്ര നന്മകളുള്ള അമ്മമാരേയും കൊണ്ട് ആലപ്പുഴയിൽ ഹൗസ് ബോട്ടിംഗിന് പോയാലോ എന്നാണ് ആദ്യം ചിന്തിച്ചത്. മ്മടെ ചങ്ക് സനീഷ് അതിനു വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തതായിരുന്നു.

പക്ഷേ എന്റെ ജോലി സംബന്ധമായ തിരക്കുകളാൽ ട്രിപ്പ് ഒറ്റ ദിവസത്തേക്ക് ചുരുക്കേണ്ടി വന്നു. പതിവുപോലെ പ്ലാൻ A സോഡയായി. അങ്ങനെ ഞായറാഴ്ച്ച (28/01/2018) പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയോടെയാണ് ഫ്ലൈറ്റിനെ കുറിച്ച് ചിന്ത വരുന്നത്. മൂന്ന് അമ്മമാരുടേയും വലിയ ആഗ്രഹമായിരുന്നു വിമാനയാത്ര. ഒന്നും നോക്കിയില്ല., ഞായറാഴ്ച്ച രാവിലെ 9.35 ന് Indigo യുടെ Flight ൽ തിരുവനന്തപുരത്തിന് 6 ടിക്കറ്റ് ബുക്ക് ചെയ്തു. ഒരു കാരണവശാലും ഇത് അമ്മമാർ അറിയരുതെന്ന വാശിയുണ്ടായിരുന്നു ഞങ്ങൾക്ക്. അതു കൊണ്ടു തന്നെ കൊച്ചി കാണാനാണ് പോകുന്നതെന്നും Airport ലും മെട്രോയിലും ലുലു മാളിലുമൊക്കെ കേറാനാണ് പ്ലാനെന്നുമൊക്കെ അമ്മമാരെ ധരിപ്പിച്ചു. “Going to Have a Trip with My Lady Love” എന്നും പറഞ്ഞ് ഒരു വാട്ട്സാപ്പ് സ്റ്റാറ്റസ് കൂടെ ഇട്ടതോടെ സംഭവം കളറായി.

സംഭവം കസിൻസ് കാണാൻ വേണ്ടി ഇട്ടതാണെങ്കിലും ഏതാടാ കുട്ടി., നിനക്കു ലൈൻ ആയോ എന്നൊക്കെ ചോദിച്ച് തുരു തുരാ മെസ്സേജുകൾ. ഇടയിലൊരിക്കൽ കൂടി അതേ പോലൊരു സ്റ്റാറ്റസ് ഇട്ട് ഹൈപ്പ് ഉണ്ടാക്കാൻ ഓവറാക്കി ചളമാക്കി നിൽക്കുന്ന സമയം കൊണ്ട് ഞായറാഴ്ച്ചയായി. കുറിയൊക്കെ തൊട്ട് സുന്ദരിയായ അമ്മയേയും കൂട്ടി രാവിലെ 5.00 മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങി. അമ്മയ്ക്ക് കാറിൽ യാത്ര ചെയ്താൽ മനംപുരട്ടൽ ഉള്ളതുകൊണ്ട് ലോ ഫ്ലോർ ബസിലാണ് കൊച്ചി എയർപോർട്ടിലേക്ക് പോയത്. ഞങ്ങൾ 3 മക്കളും ഞങ്ങടെ പെറ്റമ്മമാരും… അത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലാണ് ഭായ്. Vomiting Tendancy ഉള്ള എന്റെ അമ്മ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ മടിയിൽ കിടന്നപ്പോൾ ആ മടിയിലെത്രയോ തവണ തല ചായ്ച്ച നിമിഷങ്ങളെയോർത്തു പോയി അറിയാതെ.

7.00 മണിയോടെ എയർപോർട്ടിലെത്തിയ ഞങ്ങൾ വിമാനം അടുത്തു നിന്ന് കാണാനാണെന്ന് പറഞ്ഞ് ഉള്ളിൽ കയറി ബോർഡിംഗ് പാസ്സ് എടുത്തു. സംഭവം ഡൊമെസ്സിക്ക് ടെർമിനൽ ആണെങ്കിലും മൊത്തത്തിൽ കളർഫുള്ളായിരുന്നു. എയർഹോസ്റ്റസ്സുമാരിൽ തുടങ്ങി കോട്ടയംകാരി അച്ചായത്തികൾ വരെയുള്ള കിടിലൻ കളറുകൾ. പക്ഷേ പ്രത്യേകിച്ചൊരു ഗുണവുമില്ലല്ലോ..! അമ്മമാരല്ലേ കൂടെ.. എങ്ങാനുമൊന്ന് നോക്കി അമ്മമാർ പിടിച്ചാൽ “നല്ല ഐശ്വര്യമുള്ള കുട്ടി ല്ലേ!” എന്നും പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിച്ചാൽ തന്നെ “നീയൊക്കെ അതിനെപ്പോഴാ മുഖത്തേക്ക് നോക്ക്യേ” എന്നുള്ള കൗണ്ടർ കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ വായനോട്ടത്തിലേക്ക് കടന്നില്ല.

ശാന്ത അമ്മയും സ്വീറ്റി അമ്മയും ഒരു സെക്കന്റിന്റെ പോലും ഗ്യാപ്പ് ഇല്ലാതെ ഇരുന്നു സംസാരിക്കയാണ്. പാവം വനജ അമ്മ സൈലന്റ് ആയിരുന്നെങ്കിലും നിവൃത്തിയില്ലാതെ ഇടയിൽ കൂടി. മക്കൾ എന്തു പറഞ്ഞാലും കണ്ണുംപൂട്ടി വിശ്വസിക്കുന്ന അമ്മമാർക്ക് വിമാനത്തിൽ കയറി ഇരിക്കുന്ന വരെ ഞങ്ങൾ പറക്കാൻ പോവുകയാണെന്ന് മനസ്സിലായിരുന്നില്ല. സീറ്റ് ബെൽറ്റ് ഇടുന്ന സമയത്ത് അത് മനസ്സിലായപ്പോൾ., തങ്ങൾ ആകാശ നീലിമയിൽ പക്ഷികളെപ്പോലെ പറക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ അവർക്കുണ്ടായ സന്തോഷമുണ്ടല്ലോ….! ജീവിതത്തിൽ ഇന്നേ വരെ കൊടുത്തിട്ടുള്ളതിൽ കിക്കിടലൻ സർപ്രൈസ്.

സന്തോഷം കൊണ്ട് ”ഇനി മരിച്ചാലും വേണ്ടില്ല” എന്ന മാസ്സ് കമന്റുകളൊക്കെ കേട്ടപ്പോൾ സത്യത്തിൽ അവരേക്കാൾ സന്തോഷിച്ചത് ഞങ്ങളാണ്. അത്രമേൽ ആശ്ചര്യപ്പെട്ടിരുന്നു ആ സർപ്രൈസിൽ അവർ. നിമിഷ നേരം കൊണ്ട് പറന്നുയർന്ന വിമാനത്തിലിരുന്നു കൊണ്ട് പഞ്ഞിക്കെട്ടുകൾ പോലത്തെ വെള്ള മേഘങ്ങൾ നോക്കി അവർ ആനന്ദം കൊണ്ടു. ഞങ്ങളാവട്ടെ കിട്ടിയ താപ്പിന് ഫ്ലൈറ്റിലെ കളക്ഷനുമെടുത്തു.

അരമണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്തി. നേരെ ശംഖുമുഖം. അവിടെ ബോട്ടുകളിൽ പിടിച്ചു കൊണ്ടുവരുന്ന ഫ്രഷ് മീനുകളുടെ ചൂടൻ വിൽപ്പന. കണ്ടു പരിചയമില്ലാത്തതിനാൽ അതും അമ്മമാർക്ക് കണ്ണിനുണർവ്വേകി. അവിടന്ന് നേരെ വേളി ബോട്ട് പാർക്കിലേക്ക്. KTDC യുടെ കാന്റീനിൽ കേറി ഞങ്ങൾ 3 പേരും ബിരിയാണിയടിച്ചപ്പോ അമ്മമാരാകെ കഴിച്ചത് ചായയും ഓരോ പഴംപൊരിയും. സത്യത്തിൽ മക്കളുടെ വയർ നിറയുമ്പോഴാണ് ഒരമ്മയ്ക്ക് തൃപ്തിയുണ്ടാകുകയെന്ന് വീണ്ടുമവർ തെളിയിച്ചു.

ചെറിയൊരു ഫോട്ടോ സെഷൻ കഴിഞ്ഞ് നേരെ Zoo ലേയ്ക്ക്. എയർപോർട്ടിലുണ്ടായിരുന്നതിന്റെ പത്തിരട്ടി കളക്ഷനായിരുന്നു അവിടെ. പൂത്തു നിൽക്കണ ആലിപ്പഴം കണ്ട് കരയണ വായ്പ്പുണ്ണു വന്ന കാക്കയാണോ മുഴുവൻതേങ്ങ കയ്യിൽ കിട്ടിയ കൊരങ്ങനാണോ എന്ന് സ്വയം തിരിച്ചറിയാതെ മൃഗങ്ങളേയും പക്ഷികളേയുമൊക്കെ കണ്ട് നടന്നു. കൊറച്ചു നേരം നടക്കും., പിന്നെ ഇരിക്കും. ആദ്യമാദ്യം വലിയ രസമൊന്നുമുണ്ടായില്ലെങ്കിലും കടുവയയേയും സിംഹത്തിനേയുമൊക്കെ കണ്ടപ്പോ അമ്മമാർ ഉഷാറായി. ഇടയിൽ ഒരു ഇംഗ്ലണ്ടുകാരി സുന്ദരി എലിസബത്ത് കൂടെ കൂടിയപ്പോൾ സന്തോഷം കൊണ്ട് അവർ എന്തൊക്കെയോ കാണിച്ചു കൂട്ടി. കൊച്ച് എലിസബത്തിനെ താലോലിക്കലും കവിളിൽ നുള്ളലുമൊക്കെയായി നേരം പോയതറിഞ്ഞില്ല.

Zoo വിൽ നിന്ന് പുറത്തു കടക്കുന്നതിനു മുമ്പായി ഒരു ചെറിയ 3D ഷോയ്ക്ക് കേറി. ശാന്ത അമ്മയും സ്വീറ്റി അമ്മയും വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയിരുന്നപ്പോൾ വനജ അമ്മ ഇടക്കിടെ ഞെട്ടിത്തരിക്കണുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് നേരെ ചായ കുടിക്കാൻ കയറി. ദോഷം പറയരുതല്ലോ.., ഒടുക്കത്തെ ലാഗും ഒരുമാതിരി ഊള ഫുഡ്ഡും. അവിടന്നിറങ്ങി നടന്നപ്പോൾ ദേ മുന്നിൽ നിയമസഭ. ഉള്ളിൽ എപ്പോ വേണമെങ്കിലും റെസിലിംഗ് നടക്കാൻ സാധ്യതയുള്ളതിനാൽ പുറത്തു നിന്നു കാണിച്ചു കൊടുത്തേയുള്ളൂ ഭരണസിരാകേന്ദ്രം. പിന്നെ വീണ്ടും ബസ്സിൽ കേറി പത്മനാഭസ്വാമിയുടെ അടുത്തേക്ക്. നേരം വൈകിയതിനാൽ ഗെഡിയെ റോഡിൽ നിന്ന് വിഷ് ചെയ്ത് നേരെ കോവളത്തേക്ക് വിട്ടു.

5.30 ഓടു കൂടി കോവളത്തെത്തിയ ഞങ്ങളെ കാത്തിരുന്നത് വിചാരിച്ചതിലും കൂടുതൽ വർണ്ണക്കാഴ്ച്ചകൾ. സ്വദേശികളും വിദേശികളുമായ മസാലദോശകൾ ആർമാദത്തിരയിലാറാട്ടായിരുന്നെന്നേ. ബസ്സിൽ സീറ്റുണ്ടായിട്ടും ഇരുന്നു പോവാൻ കഴിയാത്ത കൺസഷൻ കാർഡും കയ്യിലേന്തിയ കുരുന്നു വിദ്യാർത്ഥികളുടെ അതേ മനോഭാവവുമായി ഞങ്ങൾ അമ്മമാരെ കോവളം ചുറ്റിക്കാണിച്ചു. ഇരുട്ടായപ്പോൾ തിരികെ കയറി. ബസിൽ വീണ്ടും തിരുവനന്തപുരത്തേക്ക്. പയ്യെ ഭക്ഷണമൊക്കെ കഴിച്ച് “ആദി” സിനിമയ്ക്കു കയറി. പടം അടിപൊളി., മൊത്തത്തിൽ ഹാപ്പി. അമ്മക്കൈ ചേർത്തു പിടിച്ചിരുന്നു കണ്ടു സിനിമ മുഴുവനും. തിരികെ 12.30 ന്റെ കൊച്ചുവേളി എക്സ്പ്രസ്സിൽ നാട്ടിലേക്ക്.

24 മണിക്കൂർ., ഒരു ഫോൺ കാളിന്റെ പോലും കടന്നുകയറ്റം ഇല്ലാതെ ഞാനും എന്റെ അമ്മയും. എന്തൊക്കെ സംസാരിച്ചു… സത്യം., അമ്മ ഇത്രമേൽ സന്തോഷിച്ച് ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മൂന്ന് അമ്മമാരും ഏറ്റവും കൂടുതൽ സംസാരിച്ചതു പോലും ഞങ്ങടെ കല്ല്യാണക്കാര്യങ്ങളായിരുന്നു. മക്കൾ സന്തോഷമായി ജീവിക്കുന്നതു കാണാൻ എന്തു ത്യാഗവും സഹിക്കുന്ന മാതാപിതാക്കളുടെ ആ മനസ്സുണ്ടല്ലോ..! സഹോ.., ജീവിതമെന്നൊന്നുണ്ടെങ്കിൽ ഒരിക്കലെങ്കിലും പെറ്റമ്മയേയും കൊണ്ടൊന്ന് കറങ്ങാൻ പോണം. മനസ്സു തുറന്നൊന്നു സംസാരിക്കണം… അതിന് തരാൻ കഴിയുന്ന ഫീൽ നമ്മുടെയൊക്കെ ചിന്തയുടെ അപ്പുറത്തേന്റെ അപ്പുറത്താണ്. ശരിയാണ്., നാളെ ഞാൻ ഒരു കാമുകനോ ഭർത്താവോ ആകുമ്പോൾ എന്റെ അമ്മയെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കുമായിരിക്കും. പക്ഷേ., 101% ഉറപ്പോടെ ഞാൻ പറയും #എന്റെ_ അമ്മ_ എന്നെ_ സ്നേഹിക്കുന്ന_ പോലെ_ സ്നേഹിക്കാൻ_ ഈ_ ഭൂമിയിൽ_ ഒരു_പെണ്ണിനെ_ കൊണ്ടും_ സാധിക്കില്ല. കാരണം…, അതാണ് #അമ്മ.

ഇനിയൊരു യാത്ര കൂടെ പോകണം വേറൊരാളെയും കൊണ്ട്. ഓർമ്മ വച്ച കാലം മുതൽ അരമുറുക്കിക്കെട്ടി രാവും പകലുമില്ലാതെ കൂടമടിച്ച് , കിട്ടുന്നതൊക്കെ വാരിപ്പൊതിഞ്ഞ് മക്കൾക്ക് കൊണ്ടു തരുന്ന., ഗൗരവക്കാരന്റെ മുഖം മൂടിയിട്ട് അച്ചടക്കത്തിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ച് എന്നെ ഞാനാക്കിയ ആ വലിയ മനുഷ്യനെ, ഈ ഭൂമിയിൽ അമ്മയോളം എന്നെ സ്നേഹിക്കാൻ കഴിയുന്ന ഏക വ്യക്തിയായ എന്റെ പപ്പയേയും കൊണ്ട്.

വിവരണം – Stefinred Sunny.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply