തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് നീങ്ങുന്ന ജീവിത സാഹചര്യത്തിൽ പലപ്പോഴും സൗഹൃദങ്ങൾക്കൊന്നും വല്യ പ്രാധാന്യം ഇല്ലാതെയായി മാറുന്നു . പലതിരക്കുകൾ കാരണം പലപ്പോഴും ഹൃദയബന്ധങ്ങൾ മുറിയുന്നതു സ്വാഭാവികമാണ്. അങ്ങനെ ജോലിത്തിരക്കുകൾ കാരണം ഒരുപാട് സൗഹൃദങ്ങൾ നഷ്ട്ടമായ ഒരാളുടെ ഒരു ചെറിയ യാത്ര കുറിപ്പ്.
പലരും പറയുന്നപോലെ “യാത്ര” എന്നത് ജന്മനാ എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടൊന്നും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ എനിക്ക് യാത്രകൾ എന്നത് പേർസണൽ ലൈഫിലെ ചില പ്രശ്നങ്ങളിൽ നിന്നുള്ള ഒരുതരം ഒളിച്ചോട്ടമായിരുന്നു. പിന്നേ എല്ലാവരും പറയുന്നപോലെ അതിൽ ഒരു ലഹരി ഉണ്ടെന്നു തിരിച്ചറിഞ്ഞു
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. യാത്രകൾ ഒരുപാടു അറിവ് സമ്മാനിക്കുന്നു. പിന്നേ യാത്രകൾ ഒരുപാടു സൗഹൃദങ്ങൾ നൽകാൻ തുടങ്ങി, പ്രത്യേകിച്ച് സഞ്ചാരി പോലുള്ള കൂട്ടായ്മകൾ വഴിയുള്ള യാത്രകൾ…


വ്യക്തിപരമായ ചില പ്രശ്നങ്ങൾകാരണം കുറച്ചുദിവസം മുഖപുസ്തകത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന സമയത്താണ് തൃശൂർ സഞ്ചാരി സുഹൃത്തുക്കൾ കണ്ണൂർ ജില്ലയിലെ ജോസ്ഗിരിയിലേക്കു ഒരു ഇവന്റ് വെക്കുന്നത് . ഇവെന്റിനെ കുറിച്ച് അറിഞ്ഞെങ്കിലും പോകുന്നില്ല എന്നുതന്നെയായിരുന്നു തീരുമാനം. ജോസ്ഗിരി എന്ന സ്ഥലത്തെകുറിച്ചു അധികമാർക്കും അറിയില്ല. ഒരുപക്ഷെ കണ്ണൂർ ജില്ലയിലുള്ള പലർക്കും കേട്ടുപരിചയം ഉണ്ടാവാൻ സാധ്യതയില്ല. കാരണം ജോസ്ഗിരി ഒരു വിനോദസഞ്ചാരകേന്ദ്രമൊന്നും അല്ലാ. റബറും, കാപ്പിയും, മഞ്ഞളും അങ്ങനെ പലകൃഷികളും വിളയുന്ന ഒരു മലബ്രദേശം. വർഷങ്ങൾക്കു മുന്നേ പാലായിൽ നിന്നും പത്തനംതിട്ടയിൽ നിന്നൊക്കെ കുടിയേറിയ കുറച്ചു കർഷകർ മാത്രമുള്ള തനി നാട്ടിൻപുറം. അതാണ് ജോസ്ഗിരി !!

സഞ്ചാരി തൃശ്ശൂരിന്റെ അമരക്കാരിൽ ഒരാളായിരുന്ന രഞ്ജിത്ത് ആയിരുന്നു ഈ യാത്രയുടെ കപ്പിത്താൻ. മുകളിൽ പറഞ്ഞ കരണങ്ങൾകൊണ്ടുതന്നെ ജോസ്ഗിരി ഇവന്റിന് തുടക്കം മുതലേ വളരെ കുറച്ചു റെസ്പോൺസേ കിട്ടിയിരുന്നുള്ളൂ. ഗൂഗിൾ ചെയ്തുനോക്കിയാൽ പോലും ജോസ്ഗിരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ചിത്രങ്ങളോ കിട്ടില്ല എന്നത് ആളുകളെ ഇതിലേക്ക് ശ്രദ്ധയാകർഷിച്ചില്ല എന്നാൽ അവസാന നിമിഷം ഒരുപാടു നല്ലവരായ സുഹൃത്തുക്കളുടെ പ്രയത്നംകൊണ്ട് ഈ ഇവന്റിന് തരക്കേടില്ലാത്ത രെജിസ്ട്രേഷൻ ലഭിച്ചു . അങ്ങനെ ഞാനും ഈ യാത്രയുടെ ഭാഗമാകാം എന്ന് തീരുമാനിച്ചപ്പോൾഇവെന്റിന്റെ തലേദിവസം ആയിരുന്നു. ജനു : 27ന് അതിരാവിലെ വീട്ടിൽനിന്നിറങ്ങി തൃശൂർ ksrtc സ്റ്റാൻഡിൽ എത്തി ഒരു കട്ടനും അടിച്ചു മറ്റുള്ളവർക്കുവേണ്ടി കാത്തിരിപ്പായി.

അല്പനേരത്തിനുള്ളിൽ മാജിക്കയും, ജീനോയും വന്നു . കൃത്യം 6.15 നു തന്നെ ഞങ്ങൾക്കുപോകാനുള്ള ബസ്സും വന്നു എന്നാൽ ഒരാൾ മാത്രം വന്നില്ല. രഞ്ജിത് !! സ്വന്തമായി പത്രക്കമ്പനിയും , ഹോട്ടലും(2) , ഓൺലൈൻ മീഡിയ ഒക്കെയുള്ള ആ പ്രമുഖൻ ഇപ്പോ അതെല്ലാം ഉപേക്ഷിച്ചു യാത്രകൾക്ക് മാത്രമായി ജീവിതം മാറ്റിവച്ചിരിക്കാന് . അതുകൊണ്ടുള്ള “തിരക്കുകൾ ” ആകാം പറഞ്ഞ സമയം കഴിഞ്ഞിട്ടും ആള് ഇതുവരെ എത്തിച്ചേർന്നിട്ടില്ല . മൊബൈലിൽ വിളിച്ചു ബസ് സ്റ്റാർട്ട് ആക്കി എന്ന വിവരം പറഞ്ഞപ്പോൾ മറുപടിയായി ഒരു കിതപ്പുമാത്രം കേട്ടു . ആൾ നല്ല ഓട്ടത്തിലാണെന്നു മനസിലായി . ഒരു കണക്കിന് ബസ്സിൽ വലിച്ചുകേറ്റി സീറ്റിൽ ഇരുത്തിയപ്പോൾ എല്ലാവര്ക്കും ആശ്വാസമായി . അങ്ങനെ ആ ചുവപ്പു ശകടം സാംസ്കാരിക നഗരിയിൽ നിന്ന് യാത്രയായി.
ആനവണ്ടിയിൽ ജോസ്ഗിരിയിലേക്കു … പോകുന്ന വഴിയിൽ പലയിടങ്ങളിൽ നിന്നായി ഇവെന്റിനുള്ള കുറച്ചുപേർ കയറി. എല്ലാവര്ക്കും അടുത്തടുത്ത് തന്നെ സീറ്റ് കിട്ടിയപ്പോൾ വളരെ ഏറെ സന്തോഷം . അങ്ങനെ നമ്മുടെ ആനവണ്ടി ബഷീർ സായിബിന്റെ സ്വന്തം കോഴിക്കോട് എത്തിയപ്പോൾ സമയം 10 മണി ആയി . സ്റ്റാന്റിലെത്തിയപ്പോൾ ഒരു 15 മിനുട് ബ്രേക്ക് ഉണ്ട് എന്ന് കണ്ടക്ടർ ചേട്ടൻ പറഞ്ഞു. എല്ലാവരും പുറത്തിറങ്ങി ഓരോ ചായ കുടിച്ചു . ഇതിനിടയിൽ പരസ്പരം ഒന്ന് പരിചയപ്പെടാനും മറന്നില്ല . ചായക്ക് ശേഷം വീണ്ടും ആനവണ്ടി യാത്രയായി . കാലിക്കറ്റ് നിന്ന് വണ്ടിയെടുത്തപ്പോൾ ഞങ്ങൾ സഞ്ചാരികൾ മാത്രമേ യാത്രക്കാരായി അതിൽ ഉണ്ടായിരുന്നുള്ളു . എല്ലാവരും കാഴ്ചകൾ കാണാൻ സൈഡ് സീറ്റ് സ്വന്തമാക്കി . വടകരയും, മാഹിയും കഴിഞ്ഞു. ബിരിയാണി ഗന്ധം മണക്കുന്ന തലശ്ശേരി തെരുവുകളും കടന്നു, പ്രസിദ്ധമായ മുഴുപ്പിലങ്ങാട് ബീച്ചിനു സമീപത്തുകൂടി തറിയുടെ തിറയുടെ നാടായ കണ്ണൂർ എത്തിയപ്പോഴേക്കും എല്ലാവരുടെയും ഉള്ളിൽനിന്നു വിശപ്പിന്റെ വിളി വന്നിരുന്നു. ഉച്ചഭക്ഷണം കഴിച്ചശേഷം എല്ലാവരും “ഞങ്ങൾക്കുവേണ്ടി മാത്രം” അന്ന് സർവീസ് നടത്തിയ കണ്ണൂർ -ജോസ്ഗിരി ksrtc ബസ്സിൽ അസ്തമയ സൂര്യനെ തേടി ജോസ്ഗിരിയിലേക്കു.

നാട്ടിന്പുറങ്ങൾക്കു വല്ലാത്തതൊരു സൗന്ദര്യമാണ്. അവിടുത്തെ നിഷ്കളങ്കരായ ജനങ്ങൾ, അവരുടെ നിഷ്കളങ്കമായ പുഞ്ചിരി അതെല്ലാം നാട്ടിന്പുറങ്ങളുടെ പ്രത്യേകതയാണ് . ബസ്സ് ജോസ്ഗിരിയിൽ എത്തിയപ്പോൾ സമയം ഏതാണ്ട് 4 മണിയായിരുന്നു . നാട്ടുകാരുടെ കണ്ണുകളൊക്കെ ഞങ്ങളിൽ ആയിരുന്നു. ഇവരേണ് കർത്താവേ ഒരു പട വന്നിറങ്ങിയിരിക്കുന്നത് !! കടകളിൽ നിന്ന് പുറത്തിറങ്ങിനിന്നു അവർ ഞങ്ങളെ നോക്കി. അന്ധംവിട്ടുനിൽക്കുന്ന നാട്ടുകാരുടെ നോട്ടം കണ്ടു ഞങ്ങളും അന്ധംവിട്ടു . അപ്പോൾ അവിടുള്ള ഒരാൾ വന്നു പറഞ്ഞു, ഈ ബസ്സിൽ ആദ്യമായാണ് ഇത്രയും ആളുകൾ ഇവിടേ വന്നിറങ്ങുന്നെന്നു. ഓഹ് അതിന്റെയാ.

ആനവണ്ടിക്ക് മുന്നിൽ നിരന്നു നിന്ന് ഡ്രൈവർ ചേട്ടനേം കൂടെ നിർത്തി ഓരോ ഫോട്ടോ എടുത്തപ്പോഴേക്കും ഞങ്ങൾക്ക് ഫാം ഹൌസിലേക്കു പോകാനുള്ള ജീപ്പുകൾ റെഡി ആയിരുന്നു . ബസ്സിറങ്ങി ഏകദേശം 1 കിലോമീറ്റർ ഉണ്ടായിരുന്നു ഞങ്ങൾക്ക് പോകേണ്ട പുകയൂനി ഫാം ഹൌസിലേക്ക് . ചുരുങ്ങിയത് 3 ഏക്കറിൽ കൂടുതലുള്ള ഒരു കൃഷിയിടം ആയിരുന്നു അത് . പലതരം മരങ്ങൾ, പച്ചക്കറികൾ, കാപ്പി , മഞ്ഞൾ , വാഴ , മാവു , അങ്ങനെ പലതരം കൃഷികളാൽ സമൃദ്ധമായിരുന്നു ആ മണ്ണ് . ഒരുപാടു പക്ഷികളെയും അവിടെ ഞങ്ങൾക്ക് കാണാനായി . കൃഷിയിടത്തിനു നടുക്കായി മനോഹരമായ രണ്ടു ചെറിയ കോട്ടേജുകൾ അതായിരുന്നു ഞങ്ങൾക്ക് താമസിക്കാൻ തന്നത് .
കൊട്ടത്തലച്ചിമല : ഒരുകാലത്തു വന്യമൃഗങ്ങളുടെ വിഹാര കേദ്രമായിരുന്ന കൊട്ടത്തലച്ചി മലയിലേക്ക് 6 km ജീപ്പിൽ ഓഫ് റോഡ് ഡ്രൈവും പിന്നേ രണ്ടര കിലോമീറ്റർ കാട്ടിലൂടെയുള്ള ട്രക്ക് ചെയ്താണ് ഞങ്ങൾ എത്തിയത് . വെയിലിന്റെ കാഠിന്യത്തെ അധിജീവിക്കുന്ന പുൽച്ചെടികൾ എങ്ങും നിരന്നു നിന്നിരുന്നു. അവിടവിടെ കുറെ പാറക്കൂട്ടങ്ങൾ. എല്ലാവരും അതിനുമുകളിൽ കയറി ഫോട്ടോ എടുപ്പ് തുടങ്ങി. അധികം താമസിക്കും മുന്നേ ദിവാകരൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു . മനോഹരമായ ഒരു സൂര്യാസ്തമയം ആയിരുന്നെങ്കിലും ആ നിമിഷങ്ങൾ അധികനേരം ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല . വടക്കുനിന്നും മലകയറിവന്ന അസൂയക്കാരി കോടമഞ്ഞു അസ്തമയ സൂര്യനെ ഞങ്ങളുടെ കാഴ്ചയിൽ നിന്ന് മായ്ചപ്പോൾ എല്ലാവര്ക്കും ആ അസൂയക്കാരിയോട് ഒരൽപം പിണക്കം തോന്നിയെങ്കിലും, ട്രെക്കിങ്ങ് കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നു ഞങ്ങൾക്ക് കുളിരുകൊണ്ടുവന്ന അവളെ ഏതു സഞ്ചരിക്കാണ് ഇഷ്ടമില്ലാത്തത്. കുറച്ചുനേരം ആ മനോഹര നിമിഷങ്ങൾ ആസ്വദിച്ചു ഞങ്ങൾ തിരിച്ചു നടന്നു.

മലയിറങ്ങി ഫാം ഹൌസിൽ എത്തിയ എല്ലാവരും വളരെ ക്ഷീണിച്ചിരുന്നു . കുളിച്ചു ക്ഷീണം മാറ്റി കോട്ടേജിന്റെ ഉമ്മറത്ത് എല്ലാവരും ഒത്തുകൂടി . ചുരുങ്ങിയ നിമിഷങ്ങൾകൊണ്ട് എല്ലാവരും വളരെയേറെ അടുത്തിരുന്നു . വര്ഷങ്ങളായി പരിചയമുള്ളവരെപോലെ എല്ലാവരും പെരുമാറിയിരുന്നത്. പരസ്പരം കളിയാക്കിയും , യാത്ര അനുഭവങ്ങൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല . പുറത്തെ കനൽ കൂട്ടത്തിൽ എരിയുന്ന, ബാര്ബിക്യു ചിക്കന്റെ ഗന്ധം അന്തരീക്ഷത്തിലൂടെ ഒഴുക്കുവന്നപ്പോഴാണ് ഭക്ഷണം കഴിക്കണമെന്ന ചിന്ത തന്നെ പലരിലും ഉണർന്നത് . പിന്നേ അറിയാലോ യുദ്ധമായിരുന്നു അവിടെ യുദ്ധം.
ഒരു ഗ്രാൻഡ് ഡിന്നർ തന്നെ ഒരുക്കി പുകയൂനി ഫാമിന്റെ അനിലേട്ടൻ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി . ഭക്ഷണശേഷം ക്യാമ്പ്ഫയറിൽ എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവെക്കലും “തള്ളലും” ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ സമയം രത്രി 12 ആയിരുന്നു .

ഓലകെട്ടിവന.. ഒരാൾ പൊക്കത്തിൽ കാട്ടു പുല്ല് വളർന്നു നിൽക്കുന്നു . അതിനിടയിലൂടെ ഒരു ജീപ്പ് ട്രാക്ക് ഉണ്ട് . പക്ഷേ പുല്ല് വളർന്നു ചാഞ്ഞുനിൽക്കുന്നതിനാൽ അരണ്ടവെളിച്ചത്തിൽ വഴി വ്യക്തമല്ല . എല്ലാവരും മൊബൈൽ ഫ്ലാഷ് ഉപയോഗിച്ചാണ് നടത്തം . രത്രി പെയ്ത മഞ്ഞിൽ നനഞ്ഞ പുൽനാമ്പുകൾ ഞങ്ങളുടെ കൈകളെയും കാലിനേയും നനയിച്ചു. വെള്ളം നനഞ്ഞു തണുക്കാൻ തുടങ്ങിയപ്പോ ഈ ഏർപ്പാട് വേണ്ടായിരുന്നു എന്ന് തോന്നി. രണ്ടുകിലോമീറ്ററിലധികമുള്ള ട്രെക്കിങ്ങിനു ശേഷം ഞങ്ങൾ ഓലകെട്ടിവനയുടെ ഏറ്റവും മുകളിലെത്തി . അവിടെ നിന്ന് നോക്കിയാൽ ജോസ്ഗിരി ഗ്രാമം മുഴുവൻ ഒരു 360 ആംഗിളിൽ കാണാം. മുകളിൽ ഒരു കുരിശു സ്ഥാപിച്ചിട്ടുണ്ട് . അതിനു ചുവട്ടിൽ എല്ലാവരും ഇരുന്നു, ഉദയസൂര്യനേം കാത്തു . എന്നാൽ വീണ്ടും കോടമഞ്ഞു ഞങ്ങൾക്കുമുന്നിൽ വില്ലനായി അവതരിച്ചു . ഉദയം കഴിഞ്ഞും കോടമഞ്ഞു അവിടവിടെ കറങ്ങി നടന്നു . കുറച്ചുനേരത്തെ ഫോട്ടോഗ്രാഫി കലാപരിപാടികൾക്ക് ശേഷം തിരികെ ഫാം ഹൌസിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു . പുട്ടും നല്ല അടിപൊളി കടലക്കറിയും രാവിലത്തെ ട്രെക്കിങ്ങ് ക്ഷീണമൊക്കെ മാറ്റി . പിന്നെയും കുറച്ചു നേരം എല്ലാവരും കൂടിയിരുന്നു ലാത്തിയടി .
തിരുനെറ്റിക്കലിലേക്ക് ഒരു ട്രെക്കിങ്ങ് ആയിരുന്നു അടുത്ത പരിപാടി . കൊട്ടത്തലച്ചിമല പോലെ തന്നെ വളരെ മനോഹരമായ ഒരു സ്ഥലമാണ് തിരുനെറ്റിക്കല് . എന്നാൽ ഇനിയും മൂന്നു നാല് കിലോമീറ്റർ ട്രെക്ക് ചെയ്യാനുള്ള താൽപ്പര്യം പലർക്കും ഉണ്ടായിരുന്നില്ല . എന്നാൽ പിന്നേ തേജസ്വിനിപ്പുഴയിൽ പോയി ഒരു കുളി പാസ്സാക്കാം എന്നായി എല്ലാവരും . ഫാം ഹൌസ് അനിലേട്ടൻ പെട്ടന്നുതന്നെ ജീപ്പൊക്കെ റെഡി ആക്കി . പുഴയിലേക്ക് 6km ഇൽ കൂടുതൽ ദൂരമുണ്ടായിരുന്നു . തേജസ്വിനി പുഴയുടെ അപ്പുറം കർണാടക ഫോറെസ്റ് ആണ് . വെള്ളം കണ്ടതും ഓരോരുത്തർ ആയി പുഴയിലേക്ക് ചാടാൻ തുടങ്ങി . പുഴയിൽ കാര്യമായ ഒഴുക്കില്ലാത്തതിനാൽ സുരക്ഷിതമായതിനാൽ നീന്തൽ അറിയാത്തവരും ആ കാട്ടാറിൽ മതിവരോളം നീരാടി. മലകയറി ക്ഷീണിച്ചുവന്നു പുഴയിലെ തണുത്ത വെള്ളത്തിലെ കുളി വല്ലാത്ത ഒരനുഭൂതി തന്നെയെന്ന് പറയേണ്ടതില്ലല്ലോ.

കുളിയും വെള്ളത്തിലെ കളിയും കഴിഞ്ഞു, വിശന്നു വന്ന ഞങ്ങൾക്കുമുന്നിൽ ഫാം ഹൌസിലെ ചേച്ചിമാർ സ്നേഹത്തോടെ ഉച്ച ഭക്ഷണം വിളമ്പി. തൂശനിലയിൽ ഭക്ഷണത്തോടൊപ്പം അവർ അവരുടെ സ്നേഹവും വിളമ്പിയപ്പോൾ ആ യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി, ഒരുപിടി സൗഹൃദങ്ങൾക്ക് കാരണവും ആയി…
പോയ റൂട്ട് : തൃശൂർ – കോഴിക്കോട് -കണ്ണൂർ -തളിപ്പറമ്പ് -ആലങ്കോട് -ഉദയഗിരി -ജോസ്ഗിരി.
കണ്ണൂരിൽ നിന്നോ, പയ്യന്നൂരിൽ നിന്നോ ജോസ്ഗിരിയിലേക്കു ദിവസേന KSRTC സർവീസ് ഉണ്ട്. സമയവിവരങ്ങള് അറിയുവാനായി www.aanavandi.com സന്ദര്ശിക്കുക.
വരികൾ: Bibin Ramachandran.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog