സമീറിന്‍റെ സ്വന്തം ‘അന്നക്കുട്ടി’ വീണ്ടും ഈരാറ്റുപേട്ടയിലേക്ക്…

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ സമീറിനെ അറിയാമോ? കഴിഞ്ഞ ദിവസങ്ങളില്‍ ഈ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അന്നയെന്ന് സമീര്‍ വിളിക്കുന്ന RSC 140 എന്ന ബസ്സിനോടുള്ള സ്നേഹം എല്ലാ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. സമീറിന് ഒടുവിൽ തന്‍റെ അന്നയെ തിരിച്ചു കിട്ടി. സമീറിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഒരു വിദ്യാര്‍ത്ഥിനിയുടെ ആവശ്യവും കൂടിയായതോടെ ബസ് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് തന്നെ തിരിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തന്നെ മുന്‍കൈ എടുത്തു എന്നതും ശ്രദ്ധേയമായി. കണ്ണൂരിൽ നിന്ന് ബസ് ഇന്ന് വീണ്ടും ഈരാറ്റുപേട്ട ഡിപ്പോയിലെത്തിയപ്പോൾ മികച്ച സ്വീകരണമാണ് സമീറും കൂട്ടരും നൽകിയത്.

ബസ് തിരിച്ച് ലഭിച്ചപ്പോൾ സമീർ എഴുതിയ കുറിപ്പ്:

“എല്ലാ പ്രതിബന്ധങ്ങളും മാറ്റി അന്ന വന്നു എന്‍റെ അരികിലേക്ക്.. കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ… ” കഴിയുമെന്നേക്കുമായവൾ പോയെന്നും…. ഇനിയവളെന്റെയല്ലെന്നുമോർക്കുവാൻ….” പാബ്ലോ നെരൂദയുടെ പ്രണയകാവ്യത്തിന്‍റെ മലയാള പരിഭാഷ ഒരു പാട് തവണ കേട്ടു അന്ന പോയ അന്നു രാത്രിയിൽ..

എന്നാൽ , “നമ്മുടെ മനസ്സിൽ തീവ്രമായ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് സാധ്യമാക്കിത്തരാന്നായി ഈ പ്രപഞ്ചം മുഴുവൻ നമ്മോടൊപ്പം നിൽക്കും “എന്ന പൗലോ കൊയ്ലയുടെ വരികൾ അന്വർത്ഥമാകുന്ന കാര്യങ്ങൾ ആണ് പിന്നെ നടന്നത്.
ഞാൻ അത്രമേൽവികാരഭരിതനായി കുറിച്ച വരികൾ അതേ പോലെ ഏറ്റെടുത്ത സുഹൃത്തുക്കൾക്കും മാധ്യങ്ങൾക്കും ആണ് ആദ്യം നന്ദി പറയേണ്ടത്.. പോസ്റ്റ് കണ്ട് ധാരാളം പേർ പിന്തുണച്ചു. ഒടുവിൽ അജ്ഞാത യായ പെൺകുട്ടിയുടെ ശബ്ദവും തുണയായി. വീട്ടിലും നാട്ടിലും ചർച്ചയായ ശബ്ദം.നീയാരാണെങ്കിലും പ്രിയ സുഹൃത്തേ… അത്രമേൽ കടപ്പാട്.. ” Heard melodies are sweet , those unheard are sweeter.” കീറ്റ്സ് പറഞ്ഞതല്ല.. കേട്ട ശബ്ദം തന്നെയാണ് ഏറെ മധുരതരം.. പ്രിയങ്കരം.. കാരണം തിരിച്ച് വന്നത് എന്‍റെ ചങ്കാണ്.. വാഗമണ്ണിന്‍റെ കനത്ത മഞ്ഞിലും മഴയിലും.. പതറില്ല അന്ന… അവളൊരു ധീരയായ പോരാളിയാണ്.. ഒന്ന് രണ്ട് തവണ ഒന്നുടക്കിയെങ്കിലും… പിണങ്ങിയിട്ടില്ല.. we were always safe on her lap.

പഴയതല്ലേ.. പോട്ടേ.. എന്ന് പറഞ്ഞവരോട്… ഒന്നു വയ്യാതായാൽ കളയാൻ പറ്റുന്ന ഒന്നല്ല അവൾ… ഇത്രമേൽ നിർണ്ണായക മായ ഒരു തീരുമാനം എടുത്ത CMD.. എത്ര നന്ദി പറഞ്ഞാലും തീരില്ല.. അതെ… അന്ന വന്നു.. ഞങ്ങടെ ചങ്ക്.. RSC 140..അവളെ ഞങ്ങൾ പൊന്നുപോലെ നോക്കും…. ഈരാറ്റുപേട്ടയുടെ മുത്താണവൾ… പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ ഒരിക്കൽ കൂടി നന്ദി. (സമീർ ഈരാറ്റുപേട്ട).

കടപ്പാട് –

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply