സ്വകാര്യബസ് മാഫിയയ്‌ക്ക് വേണ്ടി കെ.എസ്.ആർ.ടി.സി കണ്ണടച്ചു, വിധി പ്രതികൂലമായി

സ്വകാര്യ ബസ് ലോബിയുമായി ഒത്തുകളിച്ച് അന്തർസംസ്ഥാന ബസ് പെർമിറ്റ് കേസിൽ കെ.എസ്ആർ.ടി.സി തോറ്റു. കേസ് പരിഗണിച്ചപ്പോൾ കർണാടക ഹൈക്കോടതിയിൽ കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ ഹാജരാകാത്തത് ഒത്തുകളി കാരണമെന്നാണാണ് ആരോപണം. ഇതോടെ വിധി സ്വകാര്യബസുകാർക്ക് അനുകൂലമാവുകയായിരുന്നു.

കേസ് നടത്തിയ ചീഫ് ലോ ഓഫീസറെ മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വം നൽകുന്ന കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കാസർകോട് മംഗലാപുരം പാതയിൽ പത്ത് സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകണമെന്ന വിധിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിൽ നിന്നുണ്ടായത്.

കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനും, കെ.എസ്.ആർ.ടി.സിയും സംയുക്തമായിട്ടാണ് സ്വകാര്യബസുകാർക്കെതിരെ കേസ് നടത്തിയിരുന്നത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്‌ലേറ്റ് അതോറിട്ടിയിൽ നിന്നും ഇരുസംസ്ഥാനങ്ങൾക്കും അനുകൂല വിധി ലഭിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് കേസ് നടത്തിപ്പിൽ കെ.എസ്.ആർ.ടി.സി ഉഴപ്പിയത്.

കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുന്നില്ലെന്ന് കർണാടക ആർ.ടി.സി ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. അന്നത്തെ എം.ഡി ആന്റണി ചാക്കോയ്ക്കും, ജനറൽമാനേജർക്കും ഇതുസംബന്ധിച്ച പലതവണ കർണാടക ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നു. ട്രാഫിക് വിഭാഗം നടത്തിയിരുന്ന കേസ് ആരോപണവിധേയനായ ചീഫ് ലോ ഓഫീസർ സ്വയം ഏറ്റെടുത്തതായിരുന്നു. കർണാടക ആർ.ടി.സിയുടെ അഭിഭാഷകനെ കേസ് ഏൽപ്പിക്കുകായിരുന്നു പതിവ്. ഇതിന് പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. ദേശസാൽകൃത പാതയായതിനാൽ കെ.എസ്.ആർ.ടി.സിക്ക് കേസ് അനുകൂലമാകേണ്ടതായിരുന്നു. എന്നാൽ കേസ് നടത്തിപ്പിലെ പാളിച്ചയാണ് വിനയായി മാറി.

ഇരു സംസ്ഥാനങ്ങളിലും നികുതി അടച്ച് ദേശസാൽകൃത ചട്ടങ്ങൾക്കെതിരായി ഓടിയിരുന്ന സ്വകാര്യബസുകളുടെ പെർമിറ്റുകളാണ് കർണാകവും കേരളവും വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തത്. സുപ്രീംകോടതിവരെ നടന്ന കേസുകളിൽ ഇരുസംസ്ഥാനങ്ങളും ജയിച്ചു. ഇതിൽപെടാത്ത പത്തുസ്വകാര്യബസ് ഉടമകൾ നൽകിയ കേസിലാണ് ഇപ്പോൾ തിരിച്ചടിയുണ്ടായത്.

കേസിന്റെ ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ എത്തിയ ഉദ്യോഗസ്ഥൻ സ്വകാര്യബസുകാരുടെ ചിലവിലാണ് താമസിച്ചതെന്നും ഇയാളുടെ ആസ്തിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അസോസിയേഷന്റെ പരാതിയിൽ പറയുന്നു. ചീഫ് ലോ ഓഫീസറുടെ നിയമനവും വഴിവിട്ടതാണെന്ന് ആരോപണമുണ്ട്. കണ്ടകടറായി സർവീസിൽ കയറിയ ഇയാൾക്ക് ലോ വിഭാഗത്തിൽ നിയമനം നൽകിയതും വഴിവിട്ടാണെന്ന് പരാതി.

വാര്‍ത്ത‍ – കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply