ചെന്നൈ: ബസ് നിരക്ക് കുത്തനെ കൂട്ടിയതോടെ ജനം താരതമ്യേന നിരക്ക് കുറവുള്ള തീവണ്ടികളെ ആശ്രയിക്കുന്നു. ഇതോടെ തീവണ്ടികളില്‍ തിരക്ക് വര്‍ധിച്ചു. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീലക്സ് ബസുകളില്‍ യാത്രക്കാര്‍ നാമമാത്രമായി. ബസ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുണ്ടായപ്പോള്‍ ചെന്നൈയില്‍ സബര്‍ബന്‍ തീവണ്ടികളില്‍ രാവിലെയും വൈകീട്ടും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മൊത്തം വരുമാനത്തില്‍ നല്ല വര്‍ധനയുണ്ടായതായി ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. സബര്‍ബന്‍ തീവണ്ടികളില്‍ കയറാന്‍ സാധ്യതകളുണ്ടെങ്കില്‍ കുറച്ചുദൂരം നടക്കേണ്ടിവന്നാലും കുഴപ്പമില്ലെന്ന നിലപാടിലാണ് നഗരവാസികള്‍. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുക, സബര്‍ബന്‍ തീവണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിക്കുക, തീവണ്ടി സര്‍വീസുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ചെന്നൈ- താംബരം, ചെന്നൈ മൂര്‍മാര്‍ക്കറ്റ്-ഗുമുടിപൂണ്ടി, മൂര്‍മാര്‍ക്കറ്റ്-ആവഡി-ആര്‍ക്കോണം, ചെന്നൈ ബീച്ച്-വേളാച്ചേരി റൂട്ടുകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം കൂട്ടുക, കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. ദീര്‍ഘദൂര റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കണമെന്നും ആവശ്യപ്പെടുന്നു.
ചെന്നൈ ബീച്ച്-താംബരം റൂട്ടില്‍ 12 കോച്ചുകളുള്ള സബര്‍ബന്‍ തീവണ്ടികളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ചെന്നൈ മൂര്‍മാര്‍ക്കറ്റ്-ഗുമുടിപൂണ്ടി, ആവഡി-തിരുവള്ളൂര്‍ റൂട്ടുകളില്‍ പ്ലാറ്റ് ഫോമുകള്‍ക്ക് നീളമില്ലിത്തതിനാല് എട്ട് കോച്ചുകളുള്ള തീവണ്ടികളാണ് സര്‍വീസ് നടത്തുന്നത്. പ്ലാറ്റ്ഫോമിന് നീളം കുറവായതിനാല്‍ ഈ റൂട്ടുകളില്‍ കോച്ചുകള്‍ കൂട്ടുക സാധ്യമല്ല. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുകമാത്രമാണ് മാര്‍ഗമെന്നും റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ കോച്ചുകളുള്ള സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ മൂര്‍മാര്‍ക്കറ്റ് കോംപ്ലക്സിലെ അഞ്ച് പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുളള പണികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മറ്റ് സബര്‍ബന്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ദക്ഷിണ റെയില്‍വേയുടെ വരുമാനം കൂടി.
തമിഴ്നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ജനുവരി 19-ന് ശേഷമുളള പത്ത് ദിവസങ്ങളില്‍മാത്രം ദക്ഷിണ റെയില്‍വേക്ക് 50 കോടിയുടെ വരുമാന വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും സംസ്ഥാന എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും വരുമാനം ഗണ്യമായി കുറഞ്ഞു. ദീര്‍ഘദൂര തീവണ്ടികള്‍, പാസഞ്ചര്‍ തീവണ്ടികള്‍ എന്നിവയിലും തിരക്ക് കൂടിവരികയാണ്.
Source – http://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/ticket-rate-hike-no-passengers-in-deluxe-bus-1.2580849