എവറസ്റ്റ് കൊടുമുടി എന്നും കൊതിപ്പിച്ചിരുന്നു ഞങ്ങളെ… വിമാനയാത്രയിൽ ദൂരെ ദൂരെ കാണുന്ന ഒരു ചെറിയപൊട്ടുപോലുള്ള മലനിരകൾ കാണിച്ചു അടുത്തിരുന്ന ചേട്ടൻ പറഞ്ഞു അതാണ് എവറസ്റ്റ് കൊടുമുടി.. ദൈവമേ!!! ഇതു സത്യം ആണോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ചിത്രങ്ങളിലും സിനിമയിലും പിന്നെ എന്റെ സ്വപ്നത്തിലും മാത്രം ഞാൻ കണ്ട എവറസ്റ്റ് കൊടുമുടി കണ്ണിനു മുന്നിൽ.. ശരിക്കും അത് എവറസ്റ്റ് ആണോ അല്ലയോ എന്നൊന്നും കണ്ടുപിടിക്കാൻ അപ്പൊ എന്റെ കയ്യിൽ വേറെ മാർഗം ഒന്നും ഉണ്ടായില്ല.
നേപ്പാളിൽ സ്ഥിരം യാത്ര ചെയുന്ന ഗുജറാത്തിയായ ആ ചേട്ടനെ വിശ്വസിച്ചു അടുത്ത കാഴ്ചകളിലേക്ക് തിരിഞ്ഞു.. നേപ്പാൾയാത്ര ഒരുക്കുന്നത് ഭൂമിയിലെ കാഴ്ചകൾ മാത്രം അല്ല.. ആകാശത്തിലൂടെ നേപ്പാളിലേക്കുള്ള വിമാന യാത്ര, യാത്രകളെ പ്രണയിക്കുന്നവർക്കു ഒരു മുതൽക്കൂട്ട് തന്നെ ആണ്.. ആകാശ കാഴ്ചകൾ അവസാനിക്കാറായി എന്ന് പൈലറ്റ്ന്റെ ശബ്ദം. ഞങ്ങൾ നേപ്പാളിന്റെ മണ്ണിൽ കാലുകുത്തുകയാണ്,, നേപ്പാളിലെ ഒരേ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആയ ത്രിഭുവൻ ഇന്റർ നാഷണൽ എയർപോർട്ട് ഞങ്ങളെ തണുപ്പിച്ചുകൊണ്ടു സ്വാഗതം ചെയ്തു.
സ്വപ്നം ആണോ സത്യം ആണോ..ചില ആളുകൾ പറയില്ലേ കഞ്ചാവടിച്ചാലും കള്ളുകുടിച്ചാലും ഒക്കെ ഉണ്ടാകുന്ന ഒരു ലഹരി.. അത് പോലെ ഒരു ലഹരി അതാണ് ഈ യാത്ര. . ത്രിഭുവൻ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നുനോക്കിയാൽ ഒരുവശം മുഴുവൻ വിരിഞ്ഞു കിടക്കുന്ന ഹിമാലയൻ മലനിരകൾ കാണാം. ധാരാളം ഡൊമസ്റ്റിക് വിമാനങ്ങളും പറന്നുയരുനുണ്ട്.. മലനിരകളിലേക്കു വിമാനം പറന്നുയരുന്ന കാഴ്ച വളരെ മനോഹരം ആണ്.
വളരെ ചെറുതും എന്നാൽ വളരെ തിരക്കുള്ളതും ആയ ഒരു എയർപോർട്ട് ആണ് കാട്മണ്ടു. ടൂറിസ്റ്റ് രാജ്യം ആയ നേപ്പാളിൽ കുറച്ചുകൂടി വലിയ എയർ പോർട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോൾ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. ഞങ്ങൾ 3 ആൾക്കും സ്ഥലം സൗകര്യങ്ങൾ ഇതൊന്നും യാതൊരു പ്രേശ്നവും ഇല്ലാത്തതിനാൽ നോ പ്രോബ്ലെംസ് . ലോകം മുഴുവൻ നേപ്പാളിൽ എത്തിയിട്ടുണ്ടെന്നു തോന്നും. പലതരത്തിലുള്ള മനുഷ്യർ.. ഏഷ്യ ,യൂറോപ്പ്, ആഫ്രിക്ക അങ്ങനെ എല്ലാ സ്ഥലങ്ങളിൽനിന്നും ഉള്ള ആളുകൾ. . ഇംഗ്ലീഷ് അറിയാത്തവർ അറിയുന്നവർ.. ആറടി പൊക്കത്തിനുമേലെ ഉള്ള പെണ്ണുങ്ങളും ആണുങ്ങളും. . പലതരത്തിലേ വേഷങ്ങൾ. . എല്ലാവരും കൂടി ബാഗ് എടുക്കാനുള്ള തിരക്കിലാണ്. നേപ്പാൾ എത്തിയാൽ പിന്നെ നമ്മുടെ സിം വർക്ക് ആകിലാലോ, ഞങ്ങൾ ആരുംതന്നെ ഇന്റർനാഷണൽ റോമിങ് ആക്ടിവേറ്റ് ചെയ്തതും ഇല്ല. ഫോൺ വിളികളിൽ നിന്നും തല്ക്കാലം കുറച്ചുദിവസം സമാധാനം അതുമാത്രം.
എയർപോർട്ടിൽ കൂടുതലും ചൈനക്കാരാണ്.. യാത്രകളോട് ഇന്ത്യക്കാർക് പ്രിയം ഏറിയതുപോലെ ഇപ്പൊ ചൈനക്കാർക്കും വലിയതാല്പര്യം ആണ് എന്ന് പിന്നീട് അറിയാൻ കഴ്ഞ്ഞു. ബാഗ്ഒക്കെ കലക്ട ചെയ്തു പുറത്തേക്കിറങ്ങാൻ 2 മണിക്കൂർ എടുത്തു. ബാഗെല്ലാം പുറത്തുതൂക്കി ട്രോളിയും ഉന്തി പുറത്തേക്കിറങ്ങുമ്പോൾ ഒരു ഇന്റർനാഷണൽ ടൂറിസ്റ്റിന്റെ സകല അഹങ്കാരവും ഞങ്ങളുടെ മുഖത്തു ഉണ്ടായിരുന്നു. പുറത്തു നിരനിരയായി പ്ലക്ക് കാർഡുകളിൽ വായിച്ചാൽ മനസിലാകാത്ത പേരുകൾ എഴുതിയ ടൂർ റെപ്രെസെന്ററിസന്റെ വലിയ നിര കാണാം. . ടൂർ റെപ്രെസെന്ററ്റീവ്സിനെ അന്യോഷിച്ചു നടക്കുന്ന പാവപെട്ട ടൂറിസ്റ്റുകളെയും കാണാം… ചില ആളുകൾ പേരുപറഞ്ഞു ഓരോരുത്തരുടെ അരികിൽ അവരുന്നുണ്ട്. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകൾ. . തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം അറിയിച്ചു മാലയും പൂച്ചെണ്ടുകളും കുങ്കുമവും ആയി നിൽക്കുന്നുണ്ട്.
എന്തായാലും ഞങ്ങൾക്ക് അതിന്റെ ആവശ്യം ഉണ്ടായില്ല. . ഈ നേപ്പാൾ ക്യാമ്പിന് കാരണം ആയ, ഞങ്ങളുടെ സ്വന്തം ശർമിള ചേച്ചി, ഭർത്താവ് സാഹിൽ ഏട്ടനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ചേച്ചി ശരിക്കും നേപ്പാളി ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം കേരളത്തിൽ ആണ്. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി അങ്ങനെ എല്ലാ ഭാഷകളും സംസാരിക്കും പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് ഉർമിയോട് ബംഗാളിയിൽ എന്തൊക്കെയോ ചോദിച്ചു. ചേച്ചി ഒരു inspiration ആണ് ഞങ്ങൾക്ക്. നേപ്പാളിൽ യാത്രയിലെ 4 strong വുമൺ. .അതിൽ ഒരാൾ ശർമിള ചേച്ചി ആണ്. ബാക്കി ഉള്ളവരെ കുറിച്ച് വഴിയേ പറയാം. ഞങ്ങൾ ഒരു സ്കൂളിൽ ആണ് പഠിച്ചത്. അങ്ങനെ ഞാനും ചേച്ചിയും തമ്മിൽ ഒരു ജൂനിയർ സീനിയർ ബന്ധം. ഞങ്ങൾ അവരുടെ കാറിൽ കഠ്മണ്ഡുവിന്റെ ഹൃദയത്തിലേക്കു യാത്ര ആരംഭിച്ചു.
രണ്ടു വര്ഷം മുൻപുണ്ടായ വമ്പൻ ഭൂകമ്പം വരുത്തിയ നാശത്തിൽനിന്നും നേപ്പാൾ പൂർണം ആയും തിരിച്ചു വന്നിട്ടില്ല . ഭൂകമ്പത്തിൽ തകർന്നുപോയ കെട്ടിടടങ്ങൾ പോകുന്ന വഴി മുഴുവൻ കാണാം. ഭൂഗർഭ പൈപ്പുകളും മറ്റും നന്നാകുന്നതിനായി റോഡെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. മുഴുവൻ പൊടിപിടിച്ച അന്തരീക്ഷം. കടകളുടെ കെട്ടും മട്ടും പൊട്ടിപൊളിഞ്ഞ റോഡുകളും കേരളത്തെ ഓർമപ്പെടുത്തി. രണ്ടു വര്ഷം മുൻപ് പത്രങ്ങളിൽ ഭീകരം ആയി വായിച്ച കാഠ്മണ്ഡുവിലെ ഭൂകമ്പ സ്ഥലങ്ങളിലൂടെ ആണ് യാത്ര ചെയുന്നത്.
അല്ല, ഈ വിശേഷങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ. നേപ്പാൾ എത്തിയിട്ട് നേപ്പാളിനെ കുറിച്ച് കുറച്ചെങ്കിലും അറിയേണ്ടേ.. കടല് കാണാത്ത രാജ്യം ആണ് നേപ്പാൾ.. മനസിലായോ പറഞ്ഞത്?? കടൽ കാണണം എങ്കിൽ നേപ്പാളിലെ ജനങ്ങൾ ഇന്ത്യയിലേക്ക് വരണം. ഇപ്പൊ കത്തികാണുംലെ? കരകളായി ചുറ്റപ്പെട്ട ഒരു രാജ്യം, ലാൻഡ് ലോക്കഡ് കൺട്രി എന്ന് വേണം പറയാൻ. വെറും 7 സംസ്ഥാനങ്ങളും 77 ജില്ലകളും മാത്രം. .പിന്നെ ഹിമാലയൻ മലനിരകയുടെ ഭൂരിഭാഗം ഭാഗവും ഈ കുഞ്ഞു രാജ്യത്തിൽ ആണ്.. ചെറിയ രാജ്യം ആണെങ്കിലും ആളത്ര നിസ്സാരകാരനായി കാണരുത്.. വൈവിധ്യങ്ങളുടെ ഒരുകാലവറയാണ് നേപ്പാൾ.. അതിപ്പോ ഭൂപ്രകൃതിയിലായാലും സംസ്കാരത്തിൽ ആയാലും..
നേപ്പാളിലെ ഓരോ വിഭാഗവും വസ്ത്രധാരണത്തിലും, ആഹാര രീതിയിലും താമസരീതിയിലും കൃഷിരീതിയിലും ആരാധനാരീതികളിലും വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ ജീവിക്കുന്ന ദൈവം ആയ കുമാരികൾ ഉള്ള രാജ്യം. . മാജിക്കും ദുര്മന്ത്രവാദവും നിറഞ്ഞു നിൽക്കുന്ന രാജ്യം. ഇതൊക്കെ കേട്ട് പേടിക്കേണ്ട, നേപ്പാളീസ് ആൻഡ് ഇന്ത്യൻസ് ബഡാ ദോസ്ത് ആണ്. നമ്മളെ അവർ സ്വന്തം വീട്ടുകാരെ പോലെ ആണ് കാണുന്നത്. പരിചയപ്പെട്ട സംസാരിച്ച എല്ലാവർക്കും ഹിന്ദി മനസിലാകും.. ദേവനാഗിരിയിലാണ് എഴുത്തുകള്. സ്കൂളിൽ ഹിന്ദിയും സംസ്കൃതവും ഒക്കെ പഠിച്ചതിൽ അഭിമാനം തോന്നിയ നിമിഷം. കടകളിലെ ബോർഡുകളിൽ എഴുതിയതെല്ലാം മണി മണിപോലെ വായിക്കാനും മനസിലാക്കാനും പറ്റും.
അപ്പൊ നേപ്പാളിനെപറ്റി പറയാം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ലിസ്റ്റ് എടുത്താൽ അതിൽ 8 എണ്ണവും നേപ്പാളിൽ തന്നെ. ഇപ്പൊ മനസിലായില്ലേ ആള് അത്ര നിസാരക്കാരൻ അല്ലെന്നു. ചുറ്റും മുഴുവൻ കര ആണ് എന്നുപറഞ്ഞപ്പോൾ നമ്മൾ കരുതിക്കാണും ഒരുപാടു രാജ്യങ്ങളുമായി നേപ്പാൾ അതിർത്തി പങ്കിടുന്നു എന്ന്. സത്യത്തിൽ നേപ്പാൾ ആകെ ഇന്ത്യയും ചൈനയും മാത്രം ആയി അതിർത്തി പങ്കിടുന്ന ഒരു രാജ്യം ആണ്, പറഞ്ഞു വരുന്നത് നേപ്പാളിന് നമ്മുടെയും ചൈനയുടെയും സഹായം എപ്പോളും ആവശ്യം ആണ്. പിന്നെ അടുത്ത കാലം വരെ രാജഭരണം ആയിരുന്നു നേപ്പാളിൽ.. ഇപ്പൊ Federal Democratic Republic of Nepal ആയി മാറി. ഭൂരിപക്ഷം വരുന്ന നേപ്പാളികളും ഹിന്ദു മതക്കാരാണ്. പിന്നെ വരുന്നത് ബുദ്ധമതവും. ഇങ്ങനെ പറഞ്ഞുപോയാൽ നേപ്പാളിനെ പാട്ടി പറയാൻ ഒരുപാടുണ്ട്.
എന്തായാലും കഠ്മണ്ഡുവിലെ ട്രാഫിക്കിലൂടെ ഞങ്ങൾ അവിടത്തെ പ്രധാന ടൂറിസ്റ്റ് ഏരിയ ആയ thamel എത്തി. അവിടെ ആണ് ഞങ്ങളുടെ ഹോട്ടൽ.. ഒരു വലിയ ഷോപ്പിങ് സ്ട്രീറ്റ് അതാണ് thamel.അവിടേക്കു കയറുമ്പോൾ തന്നെ നേപ്പാളിന്റെ തനിമ കാണിക്കുന്ന ബുദ്ധ പ്രതിമകളും, വിഗ്രഹങ്ങളും വസ്ത്രങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു . ബാംഗ്ലൂരിലെ കൊമ്മേർഷ്യൽ സ്ട്രീറ്റിനോടോ എറണാകുളത്തെ ബ്രോഡ് വേ യോടോ ഒക്കെ ഉപമിക്കാം ഈ ഷോപ്പിങ് സ്പേസിനെ.
റൂം എത്തി.. മനോഹരമായ ഒരു ഹോട്ടൽ. തനതായ രീതിയിൽ നിർമിച്ച പൂന്തോട്ടവും ഇരിപ്പിടവും.. ഡിസംബെരിലിലെ തണുപ്പിന് കട്ടികൂടി തുടങ്ങി. പെട്ടെന്ന് തന്നെ ഞങ്ങൾ മൂന്നാളും കുളിച്ചു റെഡി ആയി. നല്ല ചൂട് വെള്ളം. ഇത്രയും തണുപ്പിൽ ചൂടുവെള്ളത്തിൽ കുളിക്കുമ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. സാറെ.. പറഞ്ഞറിയിക്കാൻ പറ്റില്ല. വേഗം തന്നെ ജാക്കറ്റ് സോക്സ് കയ്യുറ എല്ലാം ഇട്ടു ഞങ്ങൾ പുറത്തേക്കിറങ്ങി. ഞങ്ങളുടെ ഗൈഡ് ചേട്ടൻ സുബാഷ് കാത്തുനില്കുന്നുണ്ടാർന്നു, എന്തോ തിരക്ക് കാരണം ശർമിള ചേച്ചി പുറത്തേക്കു പോയി. സാഹിൽ ഏട്ടന്റെ കാറിൽ ഞങ്ങൾ ഒരു സ്ഥലം കാണാൻ പുറപ്പെട്ടു.. മങ്കി ടെംപിൾ എന്ന് ഫോറീനേഴ്സ് പറയുന്ന സ്വയംഭുനാഥ് ക്ഷേത്രം. സമയം 4 മണിയോടടുപ്പിച്ചു ആകാറായി. ഇവിടെ പെട്ടെന്ന് ഇരുട്ടും. 5.30 ആകുമ്പോൾ തന്നെ നമ്മുടെ നാട്ടിലെ ഒരു 8.30 ന്റെ പ്രതീതി ആണ്. നല്ല തണുത്ത കാറ്റ് അടിച്ചുകൊണ്ടേ ഇരുന്നു.
കാട്മണ്ടു വാലിയിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം അതാണ് സ്വയംഭുനാഥ്. പിന്നെ എങ്ങനെ ഇതു മങ്കി ടെംപിൾ ആയി എന്നല്ലേ സംശയം. ഈ ക്ഷേത്രപരിസരം എത്തുന്നതുമുതൽ മലകയറി മുകളിൽ ചെല്ലുമ്പോൾ എല്ലായിടത്തും നമ്മൾ കാണുന്നത് 1000 കണക്കിന് കൊരങ്ങുകളെ ആണ്. ഇത് അവരുടെ ഒരു ലോകം പോലെ തോന്നും. ബുദ്ധ സന്യാസിമാരുടെ ആരാധനാകേന്ദ്രം ആണ് ഈ സ്വയം ഭുനാഥ് ക്ഷേത്രം . ക്ഷേത്രത്തോട് ചേർന്നുള്ള ബുദ്ധ കേന്ദ്രങ്ങൾ എല്ലാം എല്ലാം ഭൂകമ്പത്തിൽ പാടെ തകർന്നു. എല്ലാ ഭാഗങ്ങളിലും ക്ഷേത്രം പുതുക്കിപണിതുകൊണ്ടരിക്കുകയാണ്. എന്നാലും കഠ്മണ്ഡുവിന്റെ മനോഹരമായ ഒരു വ്യൂ ഇവിടെ നിന്നാൽ കാണാൻ പറ്റും. സ്വയം ജ്വലിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് സ്വയംഭുനാഥ് എന്ന വാക്കിനർത്ഥം. 2000 വർഷങ്ങൾക്കുമുമ്പേ ഒരു വലിയ തടാകം ആയിരുന്നത്രേ ഇന്നത്തെ കാട്മണ്ടു. ആ തടാകത്തിലെ വെള്ളം അവിടെനിന്നു അപ്രത്യ്ക്ഷമായപ്പോൾ ഉണ്ടായതാണത്രേ കാട്മണ്ടു വാലി. ഇതൊക്കെ നമ്മളുടെ ഗൈഡ് ചേട്ടൻ പറഞ്ഞുതന്നതാണ്.. അദ്ദേഹം ആളുനിസ്സാരകാരനല്ല, സ്പോർട്സ് ജേർണിലിസ്റ് ആയിരുന്നു. ഞങ്ങളെ പോലെ യാത്ര പാഷൻ ആയപ്പോൾ ജോലി എല്ലാം വിട്ടു. എന്തായാലും കുറച്ചു സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ എല്ലാം വലിയ ഫ്രണ്ട് ആയി മാറി.
രാത്രി ശർമിള ചേച്ചി ഞങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിട്ടുണ്ട് എന്ന പറഞ്ഞു… ഡിന്നർ ആണത്രേ.. ട്രഡീഷണൽ നേപ്പാൾ ഡിന്നർ അത്രേ ഞങ്ങൾ കരുതിയിരുന്നോള്ളൂ. പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് അതൊരു കൾച്ചറൽ പ്രോഗ്രാം നടക്കുന്ന സ്ഥലം കൂടി ആയിരുന്നു. ദൈവമേ.. നേപ്പാളിലെ ഫോക്ക് ഡാൻസുകൾ ഒന്നൊന്നായി വേദിയിലേക്ക് വരുന്നു.. നേപ്പാളിൽ 100 മുകളിൽ കമ്മ്യൂണിറ്റീസ് ഉണ്ട് അവര്കൊരുരത്തർക്കും ഓരോ നൃത്തരരൂപങ്ങളും.. അതിൽ ചിലതൊക്കെ ആണ് ഞങ്ങളുടെ മുമ്പിൽ.. കാണാനായി എത്തിയിരിക്കുന്നവരിൽ ലോകത്തിലെ എല്ലാ സ്ഥലത്തെയും ആളുകൾ ഉണ്ട്.. ചൈന കൊറിയ അമേരിക്ക സിംഗപ്പൂർ ജപ്പാൻ, ലണ്ടൺ.. വളരെ മനോഹരമായ സംഗീതവും നൃത്തവും Dhan Naach, Jhankri Naach, Tamang Selo,Balan Naach അങ്ങനെ നിരവധി നിരവധി നൃത്ത രൂപങ്ങൾ കൂടെ നേപ്പാളിലെ തനതായ ഭക്ഷണവും.
വലിയ ഒരു ചെമ്പു തളികയിൽ ആണ് ഭക്ഷണം വിളംബുന്നത്. അതിൽ ചെറിയ ചെറിയ ചമ്പു തളികകൾ.. ഓരോതരം കറികൾ.. ഇലക്കറി ഏതു ഭക്ഷണത്തിന്റെ കൂടെയും ഉണ്ടാകും, കൂടെ നീളത്തിൽ ഉള്ള ചോറും റൊട്ടിയും. എരിവും ഉപ്പും വളരെ കുറഞ്ഞ ആഹാരം ആണ് നേപ്പാളിൽ. ഭക്ഷണത്തിനു ശേഷം ഗ്രാമങ്ങളിലെ കർഷകർ ജോലിയുടെ ആയാസം തീർക്കാനായി കുടിക്കുന്ന ഒരു പ്രത്ത്യേകതരം ഡ്രിങ്ക് ഉണ്ട് ചെറിയ മൺപാത്രത്തിൽ ആണ് വിളമ്പുന്നത്. അത് ഒഴിച്ച് തരുന്ന പാത്രവും ഒഴിക്കുന്ന രീതിയും വളരെ രസകരം ആണ്.
നമ്മുടെ നാട്ടിലെ കിണ്ടിയോടു സാമ്യം ഉള്ള ഒരു പാത്രം, ഒഴികുന്നതാണെങ്കിലോ ചൂടുള്ള ചായ ചായക്കടക്കാരൻ ഒഴികുന്നതുപോലെ. ഒരു വിരൽ മുക്കി വായിൽ വച്ച് നോക്കി വൃത്തികെട്ട മണവും നല്ല ചവർപ്പും. പിന്നെ ആണ് സുബാഷ് ഏട്ടൻ പറഞ്ഞത് നമ്മുടെ ടക്കില ഷോട്ട് പോലെ ഉള്ള ഒരു പാനീയം ആണത്രേ അത്. ഹോ സ്റ്റേജിൽ ഡാൻസ് തകർക്കുകയാണ്.. കലാശക്കൊട്ടായി . എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ചു മലയാളിയും ബംഗാളിയും നേപ്പാളിയും ചൈനക്കാരും അമേരിക്കക്കാരും എല്ലാവരും ഒരു കുടകീഴിൽ നേപ്പാളിന്റെ തനതായ നൃത്തം ചവിട്ടി ആ തണുത്ത രാത്രി മറക്കാനാവാത്ത അനുഭവം നൽകി കടന്നുപോയി.
ചന്ദ്രഗിരി മലനിരകളിലേക്കുള്ള കേബിൾ കാറിലെ യാത്രയും. അവിടെന്നു സാഹസങ്ങളുട പൊഖ്റായും.. ആകാശത്തു ഒരു കിളി പോലെ പറന്നു നടന്നതും. . (തുടരും…)
Source – https://www.facebook.com/LetsGoforaCamp/posts/780283602182503
വിവരണം – ഗീതു മോഹന്ദാസ്.