ചങ്ങനാശേരി : കെഎസ്ആര്‍ടിസിയുടെ മുന്നറിയിപ്പുകള്‍ പൊതുമരാമത്ത് അധികൃതര്‍ അവഗണിച്ചതിനെത്തുടര്‍ന്നു കിടങ്ങറ-കണ്ണാടി റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താത്കാലികമായി നിലച്ചു. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് പലതവണ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു.

കിടങ്ങറ-കണ്ണാടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെളിയനാട്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകള്‍ക്കും നേരത്തെ കെഎസ്ആര്‍ടിസി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെത്തുടര്‍ന്നു റോഡിലെ കുഴികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെയാണ് ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഈ റൂട്ടിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്.
കെ.എസ്.ആര്.ടി.സി സര്‍വീസ് നിര്‍ത്തിയതോടെ വെളിയനാട്, കണ്ണാടി, വടക്കന്‍ വെളിയനാട്, കായല്‍പ്പുറം, ചതുര്‍ഥ്യാകരി, മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ ദുരിതത്തിലായി. ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ സ്വകാര്യ വാഹനങ്ങളിലാണ് ഇന്നലെ യാത്ര ചെയ്തത്. റോഡു പൂര്‍ണമായും തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍പോലും വിളിച്ചാല്‍ വരാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഏകദേശം 40ഓളം സര്‍വീസുകളാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്.
റോഡിന്റെ മോശം അവസ്ഥയെത്തുടര്‍ന്ന് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.
വീതി കുറഞ്ഞ റോഡില്‍ കുഴികള്‍ കൂടിയത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വിജനമായ പ്രദേശമായതിനാല്‍ വെള്ളക്കെട്ടിലേക്കു വാഹനങ്ങള്‍ വീണാല്‍ അപകടസാധ്യ ഏറും. പാടശേഖരങ്ങള്‍ക്കു നടുവിലൂടെയുള്ള റോഡില്‍ക്കൂടി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ നിരവധിയാണ് കടന്നു പോകുന്നത്.
അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ മുഖവിലയ്ക്കെടുക്കാറില്ല. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പൊതുമരാമത്ത് അധികൃതര്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
വാര്‍ത്ത : ജനയുഗം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog