രണ്ടുവർഷം മുൻപ് പോസ്റ്റ് ചെയ്ത ഒരു ഒരുഎഴുത്താണ് താഴെ.. പാമ്പാടും ചോലയിലെ “തിരിച്ചു വരവിനായി കൊതിക്കുന്ന പുൽമേടുകൾ” .. അതിനു ശേഷം ക്യാമ്പുകൾക്കായി 3 തവണ അവിടെ പോയിരുന്നു. നാലാം തവണ ഈ മാസം 3/ 4 തീയതികളിൽ മറ്റൊരു ക്യാമ്പിനായി അവിടെ എത്തി, ഞങ്ങളുടെകൂടെ 100നു മുകളിൽ ആളുകളുടെ അദ്ധ്വാനം വീണ ആ മണ്ണിലേക്ക് തിരികെ ഒരു യാത്ര നടത്തി… ഈ ക്യാമ്പിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം ആയിരുന്നു അവിടെ!!!!!
അന്ന് വെറും മണ്ണും ചെളിയും വാറ്റിൽ തൈകളും നിറഞ്ഞ അവിടം ഇന്ന്, ചെറിയ ചെറിയ പാച്ചുകൾ ആയി പുല്ലുകൾ തലപൊക്കിയിരിക്കുന്നു.. വേനലിന്റെ ഉണക്കിലേക്കു കടക്കുന്നതിനുമുന്പേ ഈ കാഴ്ച കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി.. ആദ്യം ആയി വരുന്നവർക്ക് ഒരു മൊട്ടകുന്നു മാത്രം ആകും കത്തിയമർന്ന ഈ മേഖല. എന്നാൽ പല ക്യാമ്പുൾക്കായി ഇവിടെ എത്തിയ ഞങ്ങൾക്ക് പുൽനാമ്പുകളുടെ തിരിച്ചു വരവ് ഉണ്ടാക്കിയ ആഹ്ലാദം കുറച്ചൊന്നും അല്ല…
പതുക്കെ ആണെങ്കിലും ഈ മൊട്ടകുന്നു ഇന്ന് തിരിച്ചു വരവിന്റെ പാതയിൽ ആണ്.. ഞങ്ങളെ പോലെ പല യാത്രകൂടായ്മയുടെ, സാമൂഹ്യ കൂട്ടായ്മയുടെ, വിദ്യാർത്ഥികളുടെ അദ്യാപകരുടെ, ഫോറെസ്റ് സ്റ്റാഫിന്റെ 3000 ഓളം ആളുകളുടെ അദ്ധ്വാനത്തിന്റെ വിലയുണ്ട് അവിടെ മുളക്കുന്ന ഓരോ പുൽനാമ്പിലും. മുൽമേടുകളുടെ പുനഃസ്ഥാപനത്തിനായി മനസറിഞ്ഞു വർക്ക് ചെയ്ത എല്ലാവര്ക്കും ഇതു അഭിമാനിക്കാവുന്ന നിമിഷം.

എന്താണ് ഇക്കോ റെസ്റ്റോറേഷൻ, എങ്ങനെ ആണ് അത് ചെയേണ്ടത്, എന്താണ് അതിന്റെ ശാസ്ത്രീയ രീതികൾ ഇതെല്ലാം എല്ലാവര്ക്കും പറഞ്ഞുതന്ന സിബി മൂന്നാർ സാറിനും, കഴിഞ്ഞ മൂന്നാർ വൈൽഡ് ലൈഫ് വാര്ഡന് പ്രസാദ് സർ, പിന്നെ പാമ്പാടും ഷോലയുടെ സ്വന്തം ഷാജി സാറിനും ഓരോ ഫോറെസ്റ് സ്റ്റാഫിനും.. ഒരു വലിയ സല്യൂട്ട്!!!
ഈ പ്രൊജക്റ്റ് തുടർന്ന് പോകേണ്ടതുതന്നെ ആണ്… അന്നത്തെ ചിത്രങ്ങളും ഈതവണ പോയപ്പോൾ കണ്ട ചിത്രങ്ങളും ” തിരിച്ചു വരവിനായി കൊതിക്കുന്ന പുൽമേടുകളും” ചുവടെ ചേർക്കുന്നു..
ഇതു ഒരു യാത്രാവിവരണം അല്ല. തിരിച്ചുവരവിനായി കൊതിച്ചു കാത്തിരിക്കുന്ന കുറേപുൽനാമ്പുകളുടെയും അവരുടെ മാതൃസ്ഥാനം ഏറ്റെടുക്കാൻ തയാറായി നില്കുന്ന ഒരു പുൽമേടിന്റെ രോദനമാണ്.
1970 കളിൽ സൈലെന്റ് വാലിയിലെ കുന്ദിപുഴയ്ക്കു കുറുകെ അണകെട്ടാൻ സർക്കാർ തീരുമാനിച്ചപോൾ മരണം കാത്തുകിടന്ന എന്റെ കൂട്ടുകാർക്കു വേണ്ടി ഒറ്റകെട്ടായി ശക്തമായ സമരങ്ങളിലൂടെ മുന്നോട്ടുവന്നു, അണകെട്ടുവാനുള്ള പദ്ധതിക്കു തടയിടുവാനും, എന്റെ കൂട്ടുകാരുടെയും അപൂർവങ്ങളിൽ അപ്പൂർവങ്ങൾ ആയ ഞങ്ങളിൽ ചിലരെ സംരക്ഷിച്ചു നിരത്തിയ കേരത്തിലെ ജനങ്ങളോടുള്ള അപേക്ഷയാണ് ഞങ്ങളുടെ പ്രതീക്ഷയാണ് ഇവിടെ..
ഇനി എന്നെകുറിച്ചു പറയാം, മുന്നാർ ടൗണിൽനിന്നും 36km ജീപ്പിലോ KSRTC ബസിലോ സഞ്ചരിച്ചാൽ വട്ടവട എന്ന മനോഹരമായ ഗ്രാമത്തിൽ എത്താം. ആ മനോഹരമായ യാത്രയിൽ നിങ്ങൾ കടന്നു പോകുന്ന പാമ്പാടുംചോല ദേശീയോദ്യാനത്തിലെ ഒരു ചെറിയ പുൽമേടായിരുന്നു ഞാൻ. “ആയിരുന്നു ” എന്നു പറയുന്നത് വളരെ അധികം വേദനയോടെയാണ്. കാരണം ഇന്നുഞാനൊരു പുൽമേടല്ല.
പുൽനാമ്പുകൾക്കായി കാത്തിരിക്കുന്ന ഈ യാത്രയിലെ നായികയായ പുൽമേടാണ് ഞാൻ. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ആയതുകൊണ്ടാണോ എന്നെനികറിയില്ല ആരുടേയും കണ്ണിൽ പെടാതെ ഞാൻ ഇല്ലാതായത്. നിങ്ങളുടെ വീട്ടുവളപ്പിലോ വിദ്യാലയത്തിലോ പുല്ലുവളർന്നാൽ എന്താണ് ചെയ്യാറ്?? പാമ്പും പഴുതാരയും കയറിവരേണ്ട എന്നുകരുതി അതെല്ലാംഅങ്ങു പിഴുതുകളായും അല്ലെ? കാരണം അതെല്ലാം വെറും പുല്ലുകൾ ആണല്ലോ, നിങ്ങൾ മനുഷ്യന് എന്തുപകാരം ആണല്ലേ അവർ ചെയ്യുന്നത് എന്നൊക്കെ അല്ലെ??

പണ്ടുവിദ്യാലയത്തിൽ ഭക്ഷ്യശൃഖലയെപറ്റി പഠിച്ചത് ഓർകുന്നുണ്ടോ? പുല്ല് ->പുൽച്ചാടി->തവള ->പാമ്പ് ->പരുന്തു ഇങ്ങനെ ആയിരുന്നില്ലേ?? ഈ ഭക്ഷ്യശൃഖല ആരംഭിക്കുന്നതുപോലും ഞങ്ങളിൽനിന്നാലേ? എന്നിട്ടും മനുഷ്യർ ഞങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നതോ..
നിങ്ങൾക്കറിയാമോ, ഭക്ഷ്യശൃഖലയുടെ ഒരു വലിയ രൂപം ആണ് ഞങ്ങളിൽ കാണാൻ സാധികുന്നത്. ജൈവവൈവിധ്യത്തിന്റെ മഹത്തായ ഒരുകാലവറയാണ് ഞാനും എൻറെ കൂട്ടുകാരും. എന്നാൽ മനുഷ്യരുടെ ഏറ്റവും വലിയ ചൂഷണത്തിന് ഇരയായി നാശത്തിന്റെ വക്കിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഞാൻ അടക്കമുള്ള പുൽമേടുകൾ.
ആധുനിക മനുഷ്യന്റെ രൂപീകരണപ്രക്രിയയുടെ വലിയ ഒരുഭാഗം സംഭവിച്ചത് ആഫ്രിക്കയിലെ സവന്ന എന്ന പുൽ മേടുകളിൽആണെന്നും ഇന്നു കാണുന്ന കൃഷിയുടെ വളർച്ചക്കായി മണ്ണും വളവുംതന്ന് മനുഷ്യപുരോഗതിയുടെ അടിസ്ഥാനം ഇട്ടതും ഞങ്ങളുടെ പൂർവികർ ആണ്എന്നതും നിങ്ങളിൽ എത്ര പേർക്കറിയാം?
നിങ്ങളുടെ സംസ്കാരത്തിന്റെ വളർച്ചക്കായി ഭൂമിയും വെള്ളവും വളവും തന്ന ഞങ്ങളെ ” പോ പുല്ലേ”എന്നും ഉപകാരം ഇല്ലാത്ത പുൽമേടുകൾ എന്നൊക്കെ വിളിച്ചു നശിപ്പിച്ചു മരണത്തിന്റെ വക്കോളം എത്തിച്ചില്ലേ? ഞങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന മറ്റുജീവജാലങ്ങളെ നിങ്ങൾ എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ? ആഫ്രിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലും അവരിൽ പലരും ഇന്നു വംശനാശഭീഷണി നേരിടുകയാണ്. സവന്ന പ്രദേശത്തു കാണുന്ന ആഫ്രിക്കൻ ആനകൾ, സിംഹങ്ങൾ grevys സീബ്രകൾ, ആഫ്രിക്കൻ കാട്ടുനായ ഇവക്കെല്ലാം ഇന്നു റെഡ് ഡാറ്റബുക്കിൽ ആണു സ്ഥാനം.
ആദ്യമാദ്യം കൃഷി ആവശ്യങ്ങൾക്കായി നിങ്ങൾ ഞങ്ങളുടെ ഭൂമി ഉപയോഗിച്ചു. പിന്നീട് ജീവിത നിലവാരം ഉയർന്നപ്പോൾ ഉപകാരം ഇല്ലാത്ത പുല്ലു നിറഞ്ഞ ഭൂമി എന്നുപറഞ്ഞു അവിടെ തടികൾക്കുവേണ്ടി അക്വാഷ്യ, വാറ്റിൽ മുതലായവയുടെ തോട്ടങ്ങൾ കെട്ടി സ്വാഭാവികമായ ഞങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചു. നിങ്ങളുടെ ജീവിത നിലവാരം വീണ്ടും ഉയർന്നുകൊണ്ടിരുന്നു. ഇന്ധനത്തിനായും ഫാക്ടറികൾക്കു വേണ്ടിയും നിങ്ങൾ നിർമിച്ച തോട്ടങ്ങൾ ആർക്കും വേണ്ടാതായി ഞങ്ങളുടെ സ്വാഭാവിക വളർച്ചയെ തടഞ്ഞുകൊണ്ടു ഏക മരത്തോട്ടങ്ങൾആയി ഇവ തിങ്ങി നിറഞ്ഞു. അടിക്കാടുകൾ ഇല്ലാതെ(canopy), മൃഗങ്ങൾ ഇല്ലാതെ ഞങ്ങളുടെ ജീവിതം താറുമാറായി.
ഉയർന്നുവന്ന അന്തരീക്ഷമലിനീകരണം നിമിത്തം അടിഞ്ഞുകൂടിയ നൈട്രജൻ സംയുക്തങ്ങൾ പലസ്ഥലങ്ങളിലും, അവശേഷിച്ച ഞങ്ങളെ മരണത്തിലേക്ക് എത്തിച്ചു. നിങ്ങളുടെ അശ്രദ്ധയിൽ പലപ്പോളും സംഭവിച്ച കാട്ടുതീ ഞങ്ങളെ വികൃതമാക്കി. ജീവിക്കാനും ജീവൻ നൽകാനും ഉള്ള ഞങ്ങളുടെ മുഴുവൻ അവകാശങ്ങളെയും അറുത്തുമാറ്റികൊണ്ടിരുന്നു. പാമ്പാടുംചോലയിൽ എനിക്കും എന്റെ കൂട്ടുകാർക്കും സംഭവിച്ചത് ഇതിൽനിന്നും ഒട്ടും വ്യത്യസ്തം അല്ല.

പുല്ലുകളും കാട്ടുപോത്തുകളും കാട്ടുപശുക്കളും നിറഞ്ഞ മനോഹരിയായ എന്റെ ജീവിതത്തിലേക്ക് നാശങ്ങളുടെ ആരംഭം 1980കളിൽ ആയിരുന്നു. വെറുതെ കിടക്കുന്ന പുൽമേടുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിച്ചാലോ എന്നുള്ള ചിന്തയാണോ അല്ലെങ്കിൽ പുല്മേടുകളായി നിറഞ്ഞു നിൽക്കുന്ന ഇവിടെ മനുഷ്യന്റെ കടന്നുകയറ്റം പേടിച്ചു അവശേഷിക്കുന്ന കാടുകളും ഇല്ലാണ്ടാകും എന്നു കരുതിയാണോ എന്നു എനിക്കറിയില്, എന്റെ നിലനില്പിന്റെ പ്രസക്തി മനസിലാകാത്ത വനം വകുപ്പ് എന്നെ പൂർണമായും നശിപ്പിച്ചു ഇവിടെ വറ്റിലുകളും യൂക്കാലി തോട്ടങ്ങളും തീർത്തു. രക്തബീജാ സുരനെപോലെ ഓരോ വാറ്റിൽ മരങ്ങളും കോടിക്കണക്കിനു വിത്തുകൾ എൻറെ ഭൂമിയിൽ വിതറി. ഓരോ മഴയിലും കോടികണക്കിന് വാറ്റിലുകൾ തലപൊക്കി. ഒരു പുൽനാമ്പിന്റെ വിത്തുപോലും പുറത്തു വരാൻ സമ്മതിക്കാതെ ഞാൻ ഒരു വാറ്റിൽ തോട്ടം ആയിമാറി.
ലതർ വ്യവസായതിനാവശ്യമായ ടാൻ നിർമിക്കുന്നതിന് വേണ്ടിയായിരുന്നു ടാൻ ഇന്ത്യ കമ്പനി വാറ്റിൽ തടികൾ ഉപയോഗിച്ചിരുന്നത് എന്നാൽ നഷ്ട്ടത്തിലായ താൻ ഇന്ത്യ കമ്പനി അടച്ചുപൂട്ടുകയും വയറ്റിൽ മരങ്ങൾ ആർക്കും വേണ്ടാതെ പെരുകുകയും ചെയ്തു. പരീക്ഷണ അടിസ്ഥാനത്തിൽ 2014 ജൂണിൽ 19 ഹെൿറ്റർ സ്ഥലത്തെ വാറ്റിലുകൾ പിഴുതുമാറ്റി.. അതിലെ ചെറിയ ഒരു ഭാഗം ക്യാമ്പുകൾക്കു വേണ്ടി ഡോർമെട്രിക്കായി ഉപയോഗിച്ചു . മുളച്ചു വരുന്ന വാറ്റിൽ തൈകൾ പിഴുതുമാറ്റികൊണ്ടിരുന്നു.

2015 മാർച്ചിലെ വേനലിൽ മുറിച്ചിട്ടിരുന്ന തടികളിൽ ഏതോ നിയോഗംപോലെ തീ പിടിച്ചു.. അതു പതിയെ വാറ്റിൽ മരങ്ങളെ കാർന്നു തിന്നുന്ന കാട്ടുതീയായിമാറി. കാട്ടുതീയിൽ പൊട്ടിത്തകർന്നു കരയുന്ന ഞാൻ അന്ന് ആദ്യമായി സന്തോഷിച്ചു. വാറ്റിൽ മരങ്ങൾ എല്ലാം കത്തിനശിച്ചു ഞാൻ ഒരു തരിശുഭൂമി ആയി മാറി. അടുത്ത മഴയ്ക്കായി എന്റെ കാത്തിരിപ്പ്ആരംഭിച്ചു. മുളച്ചുവരുന്ന ചെറു പുൽനാമ്പുകളെ ഞാൻ സ്വപ്നം കണ്ടു.. പുല്ലും പുൽച്ചാടിയും നിറഞ്ഞ എന്നെ തിരിച്ചു കിട്ടാൻ പോകുന്നതറിഞ്ഞു ഞാൻ ആനന്ദിച്ചു… കാത്തിരിപ്പുകൾ അവസാനിപിച്ചു മഴയെത്തി.. പുൽനാമ്പുകൾ തല പൊക്കുന്നതിനായി ഞാൻ കാത്തിരുന്നു. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് കോടിക്കണക്കിനു വാറ്റിൽ തൈകൾ തലപൊക്കി.. ഒരിടത്തും ഒരു പുൽനാമ്പുപോലും മുളച്ചില്ല.. തിരിച്ചു വരവിനായുള്ള എന്റെ സ്വപ്നങ്ങൾ അവിടെ തകർന്നടിഞ്ഞു.
വൈകാതെതന്നെ വട്ടവടയിലെയും മുന്നാറിലെ ചില പ്രേദേശങ്ങളിലും ഉള്ള ജനങ്ങൾ എന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. മൂന്നാറിലെ തണുത്ത പച്ചക്കറി തോട്ടം ആയ വട്ടവടയിലും പരിസരപ്രദേശങ്ങളും വേനൽക്കാലത്തു തോട്ടങ്ങളിലേക്കു വെള്ളം ലഭിക്കാത്ത അവസ്ഥ വന്നു.പച്ചക്കറി കൃഷിക്കായി മറ്റു ജലശ്രോതസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കെത്തി. പല ചാലുകളും വറ്റി വരണ്ടു.
ഓരോ മഴയിലുംഭൂമിയിലേക്കെത്തിയിരുന്ന ജലാംശത്തെ കൃത്യതയോടെ തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ഇറക്കി ഏതുകാലത്തും ജലലഭ്യത ഉറപ്പാക്കിയിരുന്നത് ഞങ്ങൾ ആയിരുന്നു. ഞങ്ങൾ ഇല്ലാതായത്തൂടെ മഴവെള്ളം ഒലിച്ചിറങ്ങി പുഴകളിലെക്കും അതുവഴി കടലിലേക്കും എത്തി. ഭൂഗർഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. കുന്നുകളയിൽ മണ്ണൊലിപ്പ് രൂക്ഷമായി. പുല്ലുകളും പുൽച്ചാടികളും കാട്ടുപോത്തുകളും മറ്റു പുൽമേടുകൾ തേടി യാത്രയായിൽ. ഏകവൃക്ഷത്തോട്ടം ആയി ഞാൻ ഇവിടെ ഒറ്റക്കായി.

എന്നാൽ മറ്റൊരു നിയോഗം എന്നപോലെ ഡോർമെട്രി യുടെ ഭാഗത്തു പുൽനാമ്പുകൾ തലപൊക്കി.. പുൽനാമ്പുകൾക്കായി പുൽച്ചാടികൾ എത്തി. പുല്ലുതേടിപോയ കാട്ടുപോത്തുകളിൽ ചിലർ തിരിച്ചെത്തി, എന്റെ തിരിച്ചുവരവ് സാധ്യമാണെന്ന് അവർ തെളിയിച്ചു. ഡിപ്പാർട്മെന്റ് ആ സ്ഥലത്തിനു ബൈസൺ സ്വമ്പ് (biason swamp ) എന്നു പേരിട്ടു . ഞങ്ങളെ പൂർവസ്ഥിതിയിൽ എത്തിക്കേണ്ട ആവശ്യം മനസിലാക്കി അതിനെ പുനഃസ്ഥാപനത്തെ കുറിച്ചു പഠിച്ച മൂന്നാറിന്റെ ചരിത്രത്തെ മനസിലാക്കിയ ഒരു വ്യക്തി ഞങ്ങളുടെ പുനഃസ്ഥാപനത്തിനായി പദ്ധതി തയാറാക്കുകയും ഇപ്പോഴത്തെ മൂന്നാർ വനം വകുപ്പ് വൈൽഡ് ലൈഫ് വാർഡനോട് സംസാരിക്കുകയും, ഈ പുൽമേടുകൾ തിരിച്ചു വരേണ്ടതിന്റെ ആവശ്യം മനസിലാക്കിയ അദ്ദേഹം മൂന്നാർ വൈൽഡ് ലൈഫ്ന്റെ കീഴിൽ “പരിസ്ഥിതി പുനഃസ്ഥാപനം”(eco restoration project ) ഞങ്ങൾക്ക് വേണ്ടി ആരംഭിക്കുകയും ചെയ്തു.
ഞങ്ങളുടെ പുനഃസ്ഥാപനത്തിനു വനം വകുപ്പ് സൗജന്യം ആയി 40 പേർ അടങ്ങുന്ന ക്യാമ്പുകൾക്കു പരൂപകല്പന ചെയ്തു. ഇന്ന് കോട്ടയം നേച്ചർസൊസൈറ്റിയുടെയും സഞ്ചാരിയുടെയും നേതൃത്വത്തിൽ 35 ഓളം ക്യാമ്പുകൾ 1000 അധികം മനുഷ്യാധ്വാനം ഇവിടെ പാമ്പാടും ചോലയിൽ നടന്നു കഴിഞ്ഞു.
പ്രിയപ്പെട്ട കൂട്ടുകാരെ, ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു ഒരു കാടിനെ ഒരു നിമിഷത്തിൽ നിങ്ങൾക്കുഇല്ലാതാക്കാം.. പക്ഷെ കോടി കണക്കിന് വർഷത്തെ തപസ്സിന്റെ ഫലം ആണ് ഇന്നു നിങ്ങൾ കാണുന്ന ഓരോ കാടുകളും പുൽമേടുകളും. നശിപ്പിച്ച വേഗത്തിൽ ഞങ്ങളെ തിരിച്ചു കൊണ്ടുവരുന്ന ഏതു സാങ്കേതികവിദ്യയാണ് നിങ്ങൾ മനുഷ്യർ ഉണ്ടാക്കിയിട്ടുള്ളത്???
വര്ഷങ്ങളോളം നീണ്ടുനിൽകേണ്ടതും, തുടർന്നു പോകേണ്ടതുംആയ ഒരു പുനഃസ്ഥാപന പദ്ധതി ആണ് എനിക്കായി നിങ്ങൾ നൽകേണ്ടത്. ആയിരത്തിനു മുകളിലെ മനുഷ്യാദ്ധ്വാനം.. രക്തബീജാസുരനെ പോലെ തലപൊക്കുന്നു കോടികണക്കിന് വാറ്റിലുകളെ അവർ പിഴുതുമാറ്റി. മണ്ണൊലിച്ചുപോകുന്നത് തടയാൻ കത്തികരിഞ്ഞ വാറ്റിൽ തടികളാൽ കൊണ്ടൂറുകൾകെട്ടി, അവശേഷിക്കുന്ന പുൽ മേടുകളിൽ നിന്നും പുല്ലുകളും കാട്ടുപോത്തിന്റെ ചാണകവും എന്റെ തിരിച്ചുവരവിനായി അവർ ഇവിടെ എത്തിച്ചു. പ്രതിഫലം പ്രതീക്ഷിക്കാതെ ഒരുപാട് പ്രകൃതി സ്നേഹികൾ, സംഘടനകൾ ഇവിടെ എത്തി.
പക്ഷേ ഞാൻ ഇന്ന് ഭയത്തിൽ ആണ്. മാറി മാറി വരുന്ന സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും താല്പര്യം ആണ് ഓരോ പദ്ധതിയും തുടർന്നുപോകണോ വേണ്ടയോ എന്നുള്ളത്. തുടർച്ച നഷ്ട്ട പെട്ടാൽ തിരിച്ചു വരവ്അസാധ്യം ആയ ഒന്നാണ് ഞാൻ. നാളെ ഈ പുനഃസ്ഥാപനം വേണ്ടെന്നുവച്ചാൽ , വെറുതെ പാഴാകുനത് എന്റെ തിരിച്ചു വരവിനായി കൊതിച്ച ആയിരം മനുഷ്യാധ്വാനം അല്ലെ?

അവർ പറിച്ചു മാറ്റിയ സ്ഥാനത്തു എന്നിൽ ഉറങ്ങിക്കിടക്കുന്ന കോടിക്കണക്കിനു വാറ്റിൽ വിത്തുകൾ പുറത്തെത്തി ഞാൻ വീണ്ടും ഒരു വാറ്റിൽ തോട്ടം ആയി മാറില്ലേ?
അങ്ങനെ സംഭവിച്ചാൽ തോറ്റുപോകുന്നത് ഞാനും എന്റെ തിരിച്ചുവരവിനായി കാത്തുനിൽക്കുന്ന പുൽച്ചാടികളും തവളകളും.. എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന കുറെ ഏറെ പ്രകൃതിസ്നേഹികളും ആണ്.
ആര് അധികാരത്തിൽ വന്നാലും ഏതു ഉദ്യോഗസ്ഥർ തലപ്പത്തുഎത്തിയാലും ഈ പദ്ധതി കൃത്യമായി തുടർന്നു പോയേ മതിയാവു. എന്നാൽ മാത്രമേ വളരെ പതുക്കെ ഞാൻഒരു പുൽമേടായി ,മൂന്നാറിന്റെ ജലസംഭരണിയായി ആ വലിയ ഭക്ഷ്യശൃഖലയുടെ മാതാവായി ആയി മാറുകയുള്ളൂ. ഇവിടെനിന്ന്പോയ പുൽച്ചാടികളുടെയും കാട്ടുപോത്തുകളുടെയും തിരിച്ചുവരവിനായുള്ള എന്റെ കാത്തിരിപിന് വിരാമം ആവുകയുള്ളൂ.
പണ്ടു സൈലന്റ്വാലിക്കും അട്ടപാടിക്കും ഇപ്പോൾ അതിരപ്പള്ളിക്കും വേണ്ടി ശബ്ദം ഉയർത്തുന്ന കേരളത്തിലെ ജനത എനിക്കു വേണ്ടി നാളെ ഈ പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിക്കുവേണ്ടി ശക്തിയായി കൂടെനില്കണം. നിങ്ങളുടെ ഓരോരുത്തരുടെയും ശബ്ദം ഞങ്ങളുടെ തിരിച്ചുവരവിലേക്കുള്ള ചവിട്ടുപടികളാണ്.. സ്നേഹത്തോടെ, തിരിച്ചുവരവിനായി കൊതിക്കുന്ന പുൽമേട്. പാമ്പാടുംചോല.
വിവരണം – ഗീതു മോഹന് ദാസ്. കടപ്പാട് : മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി.പ്രസാദ്, സിബി മൂന്നാർ, നിതീഷ് (കോട്ടയം നേച്ചർ സൊസൈറ്റി, ഷാജി(ഫോറെസ്റ് ഡിപ്പാർട്മെന്റ്), Dr ശ്രീകുമാർ, “ഗ്രാസ് ഹോപ്പർസ്” എക്കോ റീസ്റ്റോറേഷൻ ക്യാമ്പ് . ചിത്രങ്ങൾ : കോട്ടയം നേച്ചർ സൊസൈറ്റി, ലിജിത് വയനാട് , ഗ്രാസ് ഹോപ്പർസ് .
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog