കെ.എസ്.ആര്‍.ടി.സി.യില്‍ അപകട അവലോകനം നിര്‍ജീവം

ആറായിരത്തോളം ബസ്സുകളുള്ള കെ.എസ്.ആര്‍.ടി.സി.യില്‍ സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും അതിനുള്ള കാരണങ്ങള്‍ അവലോകനം ചെയ്യാനുമുള്ള പ്രത്യേക വിഭാഗം നിര്‍ജീവമായിട്ട് വര്‍ഷങ്ങളായി. ചീഫ് ഓഫീസിലെ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് സെന്ററിലാണ് (ഇ.ഡി.പി.സി.) അപകട നിരീക്ഷണ വിലയിരുത്തല്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
ടി.പി.സെന്‍കുമാര്‍ മേധാവി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ഈ വിഭാഗം പൂട്ടിയെന്നാണ് ചീഫ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ ഈ സെല്‍ വേണ്ടെന്ന് വെക്കാനുള്ള ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല.

ഒരോവര്‍ഷവും ഏത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കോര്‍പ്പറേഷന്‍ ആസ്ഥാനത്തില്ല. അതേസമയം ഈ കണക്കുകള്‍ പോലീസിന്റെ കൈവശമുണ്ട്. കേന്ദ്രീകൃത ഡറ്റാബേസ് സംവിധാനം ഉണ്ടായിരുന്നിട്ടും അതു പരിപാലിക്കാത്തതാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വിനയായത്.

ksrtc-bus-accident
വാഹനാപകടങ്ങളുടെ അവലോകനം കെ.എസ്.ആര്‍.ടി.സി.യെപോലൊരു വലിയ ബസ് ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ജീവനക്കാരുടെ അശ്രദ്ധ, അമിതവേഗം, ഷെഡ്യൂളുകളിലെ അപാകം, വാഹനങ്ങളുടെ സാങ്കേതികത്തകരാര്‍ തുടങ്ങി അപകടങ്ങളിലേക്ക് വഴിതുറക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഈ പാകപ്പിഴകള്‍ കണ്ടെത്തണമെങ്കില്‍ അപകടകാരണങ്ങളെക്കുറിച്ച് പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദീര്‍ഘദൂര ബസ്സുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വ്യാപകമായതിനാല്‍ കണ്ടക്ടര്‍ക്ക് ജോലിഭാരം കുറവും ഡ്രൈവര്‍ക്ക് ഇരട്ടിയുമാണ്. അന്തസ്സംസ്ഥാന സര്‍വീസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നുവെന്ന് കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടുണ്ട്.

സൂപ്പര്‍ഫാസ്റ്റ്, എക്‌സ്​പ്രസ് എന്നിവയ്ക്കും അപകടനിരക്ക് കൂടുതലാണ്. ഓര്‍ഡിനറി ബസ്സുകളില്‍ സാങ്കേതിക തകരാറുകളാണ് അപകടത്തിലേക്ക് എത്തിക്കുന്നത്. കോച്ച് നിര്‍മാണത്തിലെ അപാകവും അപകടതീവ്രത വര്‍ധിപ്പിക്കുന്നുണ്ട്. ചില വാഹനനിര്‍മാതാക്കളുടെ പ്രത്യേക ബാച്ചില്‍പ്പെട്ട ബസ്സുകള്‍ ബ്രേക്ക് തകരാര്‍ കാരണം സ്ഥിരമായി അപകടത്തില്‍പ്പെടുന്നുണ്ട്. നിലവാരമില്ലാത്ത യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കുന്നതും അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇവ അവലോകനം ചെയ്യുന്നതിനോ അപകടങ്ങള്‍ കുറയ്ക്കുന്നതിനോ കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടാകേണ്ടതുണ്ട്.
അപകടത്തില്‍പ്പെട്ട് ബസ് പരിശോധിച്ച് യൂണിറ്റുകളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. പക്ഷേ ഇതൊന്നും കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് എത്താറില്ല. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അപകടഅവലോകനം അനിവാര്യമാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാത്പര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ആക്‌സിഡന്റ് മോണിറ്ററിങ് സെല്‍ നിര്‍ത്തലാക്കിയെന്ന ആക്ഷേപം ശക്തമാണ്.

News: Mathrubhumi

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply