ഋഷികേശ്: ഇന്ത്യയുടെ ആത്മീയ – സാഹസിക തലസ്ഥാനത്തിലേക്ക് പോകാം…

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.

ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് എന്ന ടൗണിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഹൈന്ദവര്‍ ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്. ഷാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല. ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.

എത്തിച്ചേരാന്‍ : 35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര. പോകാന്‍ പറ്റിയ സമയം : മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ഋഷികേശില്‍ എത്തിയാല്‍ : ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. റാംജൂളയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.

തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.

ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും : ബംഗീ ജംപിംഗ് ബേസിന്റെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥിര വേദിയാണ് ഋഷികേശ്. മോഹന്‍ ഛട്ടിയിലാണ് ഈ വിസമയം നിങ്ങള്‍ക്ക് അനുഭവിക്കാനാകുക. ഇവിടെ ഗംഗാനദിയുടെ പോഷകനദിയായ ഹൈയുള്‍ നദിക്കു മുകളിലെ പാറക്കൂട്ടങ്ങള്‍ക്കു മുകളിലേക്ക് 10-15 സെക്കന്‍ഡുകള്‍ വരെഫ്രീ ഫാള്‍ ആസ്വദിക്കാം. റബര്‍ കോര്‍ഡുകള്‍ നിങ്ങളെ സുരക്ഷിതമായി പിടിച്ചുനിര്‍ത്തും. പാറക്കൂട്ടങ്ങള്‍ക്കു മേല്‍ ഹൈയുള്‍ നദിക്കഭിമുഖമായി ഒരു കാന്റിലിവര്‍ പ്ലാറ്റ്‌ഫോമും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഡേവിഡ് അലര്‍ഡൈസ് എന്ന ന്യൂസിലാന്‍ഡ് സാഹസികനാണ് ഈ കാന്റിലിവര്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തത്. കൂടാതെ ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും നീളമേറിയ സാഹസിക ഫോക്‌സ് ലൈനായ ഫ്‌ളൈയിംഗ് ഫോക്‌സ് ലൈനും ഇവിടെയുണ്ട്. ഒരു കിലോമീറ്റര്‍ നീളമാണിതിനുള്ളത്. 80 മീറ്റര്‍ നീളത്തിലുള്ള ഭീമന്‍ ഊഞ്ഞാലും ഇവിടെയുണ്ട്.

യോഗയും ആശ്രമങ്ങളും : ലോകത്തില്‍ തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം. അന്തര്‍ദേശീയ യോഗ ഫെസ്റ്റിവല്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply