ഉദയഗിരി – സ്ഥലപ്പേരിന്റെ പിറകെ ചെറിയൊരു കിറുക്ക് യാത്ര. ചെറിയ കുറിപ്പാണു; അവസാനം വരെ വായിക്കുക. കുറച്ചു പേർക്കെങ്കിലും ആ ഒരു ഫീൽ കിട്ടും.
പുലിയെ അതിന്റെ മടയിൽ പോയി പിടിക്കുക എന്നൊരു പ്രയോഗം ഉണ്ട്. അതിനു സമാനമായ ഒരു അനുഭവം അല്ലെങ്കിൽ അനുഭൂതി ഏതാനും ദിവസങ്ങൾക്ക് മുൻപ് അനുഭവിക്കുകയുണ്ടായി. അനുഭൂതി എന്ന് പറയുമ്പോൾ ഈ ഒരു പ്രത്യേക തരം യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്* എന്ന് ചേർത്തു വായിക്കുക.
ഒരു സൂപ്പർ ഫാസ്റ്റ് ബസ് ഓടുന്നുണ്ട് അടൂർ – ഉദയഗിരി (കണ്ണൂർ ജില്ല) റൂട്ടിൽ. കണ്ണൂർ ഭാഗത്തു കുടിയാന്മല, ചന്ദനക്കാംപാറ, പിന്നെ കാസർകോട്ട് – വെള്ളരിക്കുണ്ട്, കൊന്നക്കാട്, ചിറ്റാരിക്കൽ, അത് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്ക് KSRTC സെർവീസുകൾ ഉണ്ട്. ഇത് പോലെ പേര് കണ്ടു ആകൃഷ്ടനായി അവിടെയൊക്കെ പോയിട്ടുമുണ്ട്.
ചാലക്കുടി ജോലി ചെയ്തിരുന്ന സമയത്ത്, പലപ്പോഴും അങ്കമാലി – തൃശൂർ റൂട്ടിൽ വെച്ച്, അടൂർ – ഉദയഗിരി ബസ് കണ്ടിട്ടുണ്ട്. കുറച്ചു സ്ഥലപ്പേരിന്റെ അസുഖം ഉള്ള ആളായോണ്ട് സ്വാഭാവികമായും ഉദയഗിരി എന്ന പേര് മനസ്സിലുടക്കി. ഒരിക്കൽ ഇത് പോലെ തൃശൂർ ബസ് സ്റ്റാൻഡിൽ വെച്ച് ഈ ബസ് കണ്ടപ്പോൾ റൂട്ടൊന്നു നോക്കി: അടൂർ – തിരുവല്ല – എറണാകുളം – തൃശൂർ – കോഴിക്കോട് – കണ്ണൂർ – തളിപ്പറമ്പ് – ആലക്കോട് – ഉദയഗിരി. ശരിക്കും കൗതുകം കൂടി. ആലക്കോട് – ചെറുപുഴ ഭാഗത്തൊക്കെ മുൻപ് പോയിട്ടുണ്ട്. പഴയ കുടിയേറ്റ ഗ്രാമങ്ങൾ ആണ്, പരിസരത്തൊക്കെ നല്ല ഭംഗിയുള്ള സ്ഥലങ്ങളും ഉണ്ട്. അത് കൊണ്ട് തന്നെ ആലക്കോട് നിന്നും വീണ്ടും ഉള്ളോട്ട്, അതും കിഴക്ക് ഭാഗത്തേക്ക് എന്ന് മനസ്സിലായപ്പോൾ, എന്നാൽ പിന്നെ ഒന്ന് പോയിട്ട് തന്നെ കാര്യം എന്നുറപ്പിച്ചു. ഇതിന്റെ ഇടക്ക് പലപ്പോഴും ആ ബസ് രണ്ടു ദിശകളിലേക്കും, കൊതിപ്പിച്ചു കൊണ്ട് കടന്നു പോയികൊണ്ടിരുന്നു. ഒരിക്കൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ആ കൊമ്പനാനയുടെ ഒരു പടം എടുക്കാനും പറ്റി.
കുറെ കാലം കഴിഞ്ഞു, ഒരു കല്യാണ നിശ്ചയത്തിന് ഇരിട്ടി പോകേണ്ടതായിട്ടുള്ള ഒരു വീക്കെൻഡ്. കോഴിക്കോട് നിന്നും ബൈക്ക് എടുത്ത് ഇരിട്ടി എത്തി. പിറ്റേന്ന് ഒരു മുഴുവൻ ദിവസം ഒഴിവു കിട്ടിയപ്പോൾ, കണ്ണൂർ ജില്ലയുടെ കിഴക്ക് ഉൾഭാഗത്തൊക്കെ ഒന്ന് പോകാമെന്നു വെച്ചു. സത്യം പറഞ്ഞാൽ ഉദയഗിരിയുടെ കാര്യം അത്രയ്ക്ക് അങ്ങ് ഓർത്തിരുന്നില്ല ആ ദിവസം. കുടിയാന്മല റൂട്ടിൽ പോകാമെന്നു വെച്ച് ഇരിട്ടിയിൽ നിന്ന് രാവിലെ വണ്ടിയെടുത്തു. പോകുമ്പോൾ ഇരിക്കൂർ – ശ്രീകണ്ഠാപുരം വഴി പോയിട്ട് തിരിച്ചു വരവ് പയ്യാവൂർ – ഉളിക്കൽ വഴി ആവാമെന്നും വെച്ചു. ശ്രീകണ്ഠാപുരം കഴിഞ്ഞു കുറച്ചങ്ങു പോയപ്പോൾ ഒരു ദിശാ ബോർഡിൽ ആലക്കോട് എന്ന പേര് കണ്ടപ്പോഴാണ്, ആ ചിന്ത മനസ്സിലേക്ക് തിരിച്ചു വന്നത് – ഉദയഗിരി. പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. പരിപാടി മാറ്റി ആലക്കോട് ഭാഗത്തേക്ക് വിട്ടു. കുറച്ചു മോശം റോഡുകൾ പിന്നിട്ട്, തളിപ്പറമ്പ് – ആലക്കോട് റോഡിൽ കേറിയാൽ (ഒടുവള്ളി എന്ന സ്ഥലത്ത് വെച്ച്) പിന്നെയങ്ങോട്ട് ഗംഭീര റോഡാണ്. ആലക്കോട് എത്തിയപ്പോൾ മുതൽ ഇഷ്ടം പോലെ ബോർഡുകൾ കാണാൻ തുടങ്ങി, ഉദയഗിരി എന്നും പറഞ്ഞിട്ട്. ആലക്കോട് നിന്നും ഉദയഗിരി പോകുന്ന വഴി കാർത്തികപുരം എന്ന് പേരുള്ള സ്ഥലം ഒക്കെയുണ്ട്. ശരിക്കും നല്ല ആസ്വദിച്ചു ഡ്രൈവ് ചെയ്യാൻ പറ്റുന്ന സ്ഥലങ്ങൾ. കാർത്തികപുരം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇടക്ക് ലഡാക്ക് എന്ന് പേരുള്ള സ്ഥലത്തേക്കുള്ള ബോർഡൊക്കെ കണ്ടു. കാർത്തികപുരത്തൂന്നു നേരെ പോയാൽ മനക്കടവ് വഴി കർണാടക അതിർത്തിയിൽ എത്താം, ഇടത്തോട്ട് പോയാൽ ഉദയഗിരി.
അങ്ങനെ കറങ്ങി തിരിഞ്ഞു ഉദയഗിരി എത്തി. തനി മലയോര ഗ്രാമം. കുറച്ചു കടകളും, ജീപ്പുകളും ഒക്കെ ഉള്ള ചെറിയൊരു കവല. മനസ്സ് നിറഞ്ഞു. അവിടുന്ന് ദിശാ ബോർഡുകൾ നോക്കിയപ്പോൾ വീണ്ടും ഉള്ളോട്ട്, ജോസ്ഗിരി, കോഴിച്ചാൽ, താബോർ, അരിവിളഞ്ഞപൊയിൽ എന്നൊക്കെ കണ്ടു. (ഈ സ്ഥലങ്ങളൊക്കെ കർണാടക അതിർത്തി പ്രദേശങ്ങൾ ആണ്). ജോസ്ഗിരിയെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ടാരുന്നു. ആ ജോസ്ഗിരിയാണ്, ഈ ജോസ്ഗിരി എന്ന് അന്നാണ് വ്യക്തമായത്. ഉദയഗിരി നിന്ന് 5 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ് ജോസ്ഗിരിക്ക്. കുറെ നേരത്തേക്ക് ഒരൊറ്റ മനുഷ്യനെ പോലും കാണാതെ ഒരു യാത്ര. ജോസ്ഗിരി കവലയിൽ ചെന്ന് തിരുനെറ്റിക്കല്ല് എന്ന സ്ഥലത്തേക്ക് (മുൻപ് കേട്ടിട്ടുള്ളതിനാൽ) വഴി ചോദിച്ചു. കുറച്ചു ദൂരം ഓഫ് റോഡ് ചെയ്ത് ദൂരെ നിന്നും തിരുനെറ്റിക്കല്ല് കണ്ടു. ക്ഷീണിച്ചതിനാലും ഒറ്റയ്ക്കായത് കൊണ്ടുള്ള മടി കാരണവും നടന്നു മുകളിൽ കേറിയില്ല. അരിവിളഞ്ഞപൊയിൽ, താബോർ ഒക്കെ കണ്ടു മറ്റൊരു വഴിക്ക് ഉദയഗിരിയിലേക്ക് തിരിച്ചിറങ്ങി. ഇനിയാണ് ട്വിസ്റ്റ്…
താബോർ നിന്നും വരുമ്പോൾ ഉദയഗിരി കവല എത്തുന്നതിനു അല്പം മുന്പായിട്ട്, ഒരു പള്ളിയും സ്കൂളും ഒക്കെയുണ്ട്. വളഞ്ഞു പുളഞ്ഞുള്ള വഴിയിലൂടെ സ്കൂളിന്റെ മുൻപിലേക്ക് എത്തുമ്പോൾ ഒരു കാഴ്ച കണ്ടു. ഒരു KSRTC ബസ് നിർത്തിയിട്ടിരിക്കുന്നു. അതെ, സൂപ്പർ ഫാസ്റ്റ് തന്നെ. രോമാഞ്ചം എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ… അടിമുടി കോരിത്തരിച്ചു. സംശയം തീർക്കാൻ ബൈക്ക് കൊണ്ടുപോയി പിറകിൽ നിർത്തി, ബോർഡും നോക്കി, കുറച്ചു പടങ്ങളും എടുത്തു – അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ്. എറണാകുളത്തൂന്നു, തൃശൂർന്നു, കോഴിക്കോട്ടൂന്നു, കണ്ണൂർന്നു, അങ്ങനെ പലസ്ഥലങ്ങളിൽ വെച്ച് നമ്മുടെ മുന്നിലൂടെ കടന്നു പോയ ഉദയഗിരി ബസ്; അതിനെ, ഉദയഗിരിയിൽ വെച്ച്, അതിന്റെ അടുത്ത യാത്രയ്ക്കുള്ള വിശ്രമവേളയിൽ കണ്ടുമുട്ടി. ശരിക്കും ഒരു പുലിയെ മടയിൽ പോയി പിടിച്ച, അല്ലെങ്കിൽ വേണ്ട, കാണുമ്പോൾ ഉള്ള ആ ഒരു അനുഭൂതി. ആ കൊലകൊമ്പന്റെ അടുത്തു നമ്മുടെ വാഹനം കൊണ്ട് നിർത്തിയിട്ട് കുറച്ച് മാറിനിന്നു ആ കാഴ്ച കാണുക. ഈ സംതൃപ്തി എന്ന വാക്കിന്റെ അർഥം ഞാൻ അനുഭവിക്കാറ് ഇത് പോലുള്ള കാര്യങ്ങളിലാണ്.
കോഴിക്കോട് സ്റ്റാൻഡിൽ വെച്ച് എടുത്ത പടം, ഉദയഗിരി കവല, ഉദയഗിരി സ്കൂളിന്റെ അടുത്തൂന്നു എടുത്ത പടം തുടങ്ങിയവ ചേർത്തിട്ടുണ്ട്.
വിവരണവും ചിത്രങ്ങളും -Jesin Sarthaj.