കാസര്‍ഗോഡ്‌ മുതല്‍ ധനുഷ്കോടി വരെ ഒരു കിടിലന്‍ യാത്ര… ഭാഗം 2

രാവിലെ 8 മണി അയപ്പഴേക്കും കഴക്കൂട്ടത്തെത്തി, അവിടെ അൽസാജ് റിസോർട്ടിൽ ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഇത്തിരി ഉറങ്ങാന് വേണ്ടി കിടന്നു, ഒട്ടും ഒറക്കം വരുന്നില്ല, സമയം പോകുന്നുമില്ല, ആറു മാസത്തെ കാത്തിരിപ്പാണ്, ഒരുമണി വരെ അവൾ ഡ്യൂട്ടിലാണ്. 12 ആയപ്പോഴേക്കും വണ്ടി എടുത്തു തൊട്ടടുത്തുള്ള റോയൽ എൻഫീൽഡ്ൽ ഒന്ന് പോയി ചുമ്മാ ഒന്നു ചെക്ക് ചെയ്യിച്ചു, ഇത്രേം ദൂരം ഓടിയതല്ലേ, ക്ലച്ചും ബ്രേക്കും ഒക്കെ ഒന്ന് കൂട്ടി ഇറങ്ങി നേരെ തിരുവനന്തപുരം ജില്ലാ മൃഗാശുപത്രിയിലേക്ക് ( വധു ഡോക്ടർ ആണ് 😎).

അവളേം കൂട്ടി ഭക്ഷണം കഴിക്കാൻ കഴക്കൂട്ടത്തെ തക്കാരത്തിലാണ് കേറിയത്, മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയായിൽ കാണുന്ന വലിയ വെയർഹോസ് പോലുള്ളൊരു കൂടാരം, അതിനുള്ളിൽ തക്കാരം എയർലൈൻസ് മെയ്ന്റനെൻസ്ന് വേണ്ടി കയറ്റി ഇട്ടിരിക്കുന്നു, ചുറ്റിലും ആളുകൾ ഭക്ഷണം കഴിക്കുന്നു, ചിലരൊക്കെ വിമാനത്തിനുള്ളിലും, നല്ല തിരക്കാണ്, എന്തായാലും ഞങ്ങൾക്ക് കോക്പിറ്റിന്റെ അടുത്ത് തന്നെ സീറ്റ്‌ കിട്ടി, പറയാതെ വയ്യ വീട്ടിന്നു ബിരിയാണി കഴിച്ച ട്ടേസ്റ്റ്, പക്ഷെ ബില്ല് വന്നപ്പോ ചെറുതായി ഒന്ന് കണ്ണ് തള്ളി.

തിരിച്ചു റിസോർട്ടിൽ എത്തി, ഇന്നൊരു ദിവസം റിസോർട്ടിലെ കാഴ്ചകളെകൊണ്ട് മാത്രം തള്ളി നീക്കി, അപ്പഴാണ് ഒരുപാട് കാലത്തെ ആഗ്രഹമായ ധനുഷ്‌കോടിയിലേക്കുള്ള ദുരം ഗൂഗിൾ മാപ്പ് വഴി അളന്നത്, വെറും 831കിലോമീറ്റർ, വെറുതെ ഒരു ചോദ്യം.. “നമുക്ക് നാളെ മോർണിംഗ് ധനുഷ്കോടി വിട്ടാലോ”.. ഞങ്ങളെല്ലാരും യാത്രയെ അത്രയധികം ഇഷ്ട്ടപെടുന്നവരായതുകൊണ്ടയിരിക്കാം ഒരൊറ്റ മറുപടി.. “ഞാൻ റെഡി”. മൂന്നുദിവസം ലീവ് ചോദിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ തെന്മല വഴി പോയി കന്യാകുമാരി വഴി തിരിച്ചു വരാം, പിന്നെ ഒന്നും നോക്കില്ല രാവിലത്തേക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി നേരത്തെ കിടന്നു…

പുലർച്ചെ തന്നെ റെഡിയായി, ഹോട്ടലിലെ കോബ്ലിമെന്റ് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു ബാഗ് ബൈക്ക്ന് പുറകിലും കെട്ടി രണ്ടു ബാക്ക്പാക്കും തൂക്കി ഞങ്ങൾ ഇറങ്ങി. തെന്മല തെങ്കാശി വഴിയാണ് google റൂട്ട് കാണിച്ചത്, പോകുന്ന വഴിയിലെ കാഴ്ചകളാണ് തെന്മലഡാമും, കണ്ണറപാലവും, പാലരുവി വെള്ളച്ചാട്ടം, റോസ് മല, തെങ്കാശി മുതൽ തുടങ്ങുന്ന കൃഷിയിടങ്ങൾ അങ്ങനെ അങ്ങനെ നീളുന്നു…

ഒരൊന്നൊന്നര മണിക്കൂർ റൈഡ് ചെയ്തപ്പോഴേക്കും പച്ചിമഘട്ടത്തിന്റെ ശുദ്ധ സൗന്ദര്യകാഴ്ചകൾക്ക് തുടക്കമായിരുന്നു. കാട്ടു വഴികളിലൂടെ സഞ്ചരിച്ചു എത്തിച്ചേർന്നത് തെന്മല ഡാമിനോട് ചേർന്നുള്ള eco ടൂറിസത്തിന്റെ ഗേറ്റ്ന് മുന്നിലാണ്, അഡ്വൻജറസ് ആക്റ്റീവിറ്റീസും canopy walkഉം ആണ് അവിടത്തെ പ്രധാന അട്ട്രാക്ഷൻസ്, മരങ്ങൾക്കിടയിലൂടെ ഉള്ള നടപ്പാതയും rock climbing ഉം peddle boat ഉം ഒക്കെ ആണ് അവിടെ ഉള്ളത്, സമയം അതികം കളയാനില്ലാത്തത്കൊണ്ടും ഇരുട്ടുന്നതിനു മുൻപ് രാമേശ്വരം എത്തണം എന്നതുകൊണ്ടും എല്ലാം ഒന്ന് ഓടി കണ്ടു എന്ന് മാത്രേ പറയാൻപറ്റുള്ളൂ.

ഇനിയും മുന്നോട്ടുള്ള വഴിയിലാണ് പതിമൂന്നുകണ്ണറ പാലം, പുതുക്കി പണിയുന്നതിന് മുന്പേ കാണണം എന്നാഗ്രഹിച്ച ഒരു സ്ഥലമായിരുന്നു, പണ്ട് പല സിനിമകളിളും കണ്ടിട്ടുണ്ട്, കൊല്ലം പുനലൂർ സെങ്കോട്ട മീറ്റർഗേജ് പാതയായിരുന്നു, പിന്നീട് അത് ബ്രോഡ്‌ഗേജ് ആക്കുകയും ഈയിടെ തൂണുകൾ പുതുക്കിപണിയുകയും ആയിരുന്നു, ബ്രിട്ടീഷ്കാർ നിർമിച്ച മുഖച്ഛായ നിലനിർത്താൻ ശ്രമിച്ചെങ്കിലും പഴയ പ്രൗഡി ഇല്ലെന്നു തന്നെ പറയാം. 112 വർഷങ്ങൾക്കു മുൻപ് സിമെന്റ് ഉപായിക്കാതെ കുമ്മായം സുർക്കയും പഞ്ചാരയും ചേർത്തുണ്ടാക്കിയതാണ്. പാലത്തിനരികിലൂടെ തെന്മല ഡാമിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കഴുത്തിരുട്ടിയാർ പുഴയും കാണാം.

ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പഴാ കേരള പോലീസ് ന്റെ ഒരു ജീപ്പ് ഞങ്ങളുടെ അടുത്തുവന്ന് നിർത്തി, വല്ലതും തടയുന്നുകരുതി ബുക്കും പേപ്പറും തലങ്ങും വിലങ്ങും നോക്കി, ഒരു മാർഗവും ഇല്ലാത്തതു കൊണ്ട് കൂടെ ഉള്ളത് ആരാണെന്നായി ചോദ്യം, അതിനും ഞാനൊരു കടലാസ് കഷ്ണം നീട്ടികൊടുത്തപ്പോൾ (മാരേജ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു ) സാറിന് മനസിലായി ഇനി നിന്നിട്ട് കാര്യാല്യന്ന്, പിന്നെ ഒത്തിരി നല്ല ഉപദേഷങ്ങളും തന്നു അവര് പോയി ഞങ്ങളും…

റോസ്‌മല അടിപൊളി ലൊക്കേഷൻ ആണെന്നറിയാം പിന്നെ off റോഡിന് കിട്ടുന്ന ഒരു ചാൻസും, പക്ഷെ റോസ് മലയിലേക്കുള്ള off റോഡ് തുടങ്ങിയപ്പഴേ തീരുമാനിച്ചു ഇനി മുന്നോട്ടു പോകേണ്ടന്ന്, ഞാൻ ഒറ്റക്കല്ലല്ലോ. പാലരുവി വെള്ളച്ചാട്ടം അവിടേം ഞങ്ങൾക്ക് പോകാനായില്ല, അവരുടെ വാഹനത്തിലാണ് നമ്മളെ അകത്തോട്ടു കൊണ്ട് പോകുന്നത്, സീറ്റ്‌ ഫുൾ അയാൽ മാത്രേ അവര് വണ്ടി എടുക്കു, ഏതാണ്ട് ഒരു 30 മിനിറ്റ് അവടേം പോയി, രാവിലെ ആയതുകൊണ്ടും വർക്കിംഗ്‌ ഡേ ആയതുകൊണ്ടും സഞ്ചാരികൾ കുറവായിരുന്നു, (പക്ഷെ കഴിഞ്ഞ മാസം അവൾ ഫ്രണ്ട്സ്ന്റെ കൂടെ ഈ വഴികൾ എല്ലാം വീണ്ടും പോയി കണ്ടു)

മുന്നോട്ടുള്ള വഴികളിൽ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചുകൊണ്ടേയിരുന്നു, വഴിയിൽ പനനൊങ് കച്ചവടം കണ്ട് നിർത്തി രണ്ടെണ്ണം വെട്ടി വാങ്ങി, തോണിപോലെ ഉണ്ടാക്കിയ ഒരു ഇലയിൽ ഒരിത്തിരി സ്പെഷ്യൽ വെള്ളവും ഒഴിച്ച് അണ്ണൻ ഞങ്ങൾക്ക് നീട്ടി, അതൊരു പൊളപ്പൻ ട്ടേസ്റ്റ്‌ തന്നെ ആയിരുന്നു, എന്തായാലും രണ്ടു പ്രാവശ്യംകൂടെ റിപീറ്റ് ചെയ്തിട്ടാ അവിടുന്ന് പോയത്.

NH 744 ലൂടെ തെന്മല റിസേർവ് ഫോറെസ്റ്റും S bend റോഡും താണ്ടി ഇറങ്ങി ചെല്ലുന്നത് തമിഴ്നാട്ടിലെ പുളിയറ എന്ന ഗ്രാമത്തിലേക്കാണ്, രണ്ടു ഭാഗവും പച്ചപട്ടുവിരിച്ചു കിടക്കുന്ന നെല്പാടങ്ങളും അതിനിടയിൽ വളരെ കൃത്യമായി വരിയിൽ നിൽക്കുന്ന കേരവൃക്ഷങ്ങളും, എല്ലാം അതികം നീളം ഇല്ലാതെ ഒരേ യൂണിഫോമിറ്റിയിൽ, ബാക്ക്ഗ്രൗണ്ട്ൽ തല ഉയർത്തി നിൽക്കുന്ന മലകളും ഒരടിപൊളി കാഴ്ച തന്നെ. അവിടെ ഇറങ്ങി പടം പിടിച്ചു മടുക്കുന്നില്ല..

ഇനി അങ്ങോട്ടുള്ള ഓരോ കാഴ്ചകളും അതിമനോഹരം, നീണ്ടു നിവർന്നു കിടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പച്ച പുതച്ചു കിടക്കുന്ന കൃഷി തോട്ടങ്ങൾ, നെല്ല്, ചോളം, കടുക്, ചീര, അങ്ങനെ വത്യസ്ഥ നിറങ്ങളും വിളവുകളും. ഒരു വളവോ തിരിവോ ഇല്ലാത്ത റബ്ബർറൈസ് റോഡുകളും. തെങ്കാശി, കോവിൽപട്ടി വഴി വേമ്പാർ എത്തുന്ന വരെ കൃഷികാഴ്ചകളും wind millകളും കണ്ടാസ്വദിച്ചു പടം പിടിച്ചും ഞങ്ങൾ മുന്നേറി, ഓരോ പോയിന്റ്കളും ഒന്നിനൊന്നു മെച്ചം, വെമ്പർ മുതൽ തീരദേശ കാഴ്ചകൾ തുടങ്ങുകയായി, എന്നാലും കൃഷി കാഴ്ചകളും കൂടെ തന്നെ ഉണ്ട്, ഇനി ഏർവാടി, തിരുപുള്ളൂണി, ഉച്ചിപുളി, മണ്ഡപം കഴിഞ്ഞാൽ രാമേശ്വരം.

വഴിയിൽ കണ്ട ഒരു ശാപ്പാട് മെസ്സിൽ കയറി അടിപൊളി തമിഴ്നാടൻ ഊണ്, ഇത്രയധികം സൽക്കരിച്ചു ഭക്ഷണം വിളമ്പി തരുന്ന ഒരു ഹോട്ടൽജീവനക്കാരേം ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഊണ് കഴിച്ചു ഞങ്ങൾ തുടർന്നു, ബുള്ളറ്റിന്റെ ചെയിനിൽ ഇത്തിരി ലൂബ്റികന്റ് സ്പ്രൈ അടിക്കണം, എൻഫീൽഡ് ഷോറൂം ഒന്നും നോക്കിട്ട് കാണുന്നില്ല, അവസാനം ഹീറോ ഹോണ്ട ഷോറൂമിൽ ഒരു സ്പ്രൈ വാങ്ങാൻ കയറി, ഇത്രേം ദൂരം ബൈക്ക് ഓടിച്ചു വന്നല്ലോ എന്ന ആശ്ചര്യത്തിൽ ഫ്രീ ആയി തന്നെ സ്പ്രൈ അടിച്ചു തന്നു ഹീറോ ഹോണ്ട സ്റ്റാഫ്‌കൾ മാതൃകയായി. അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു റോഡ്ലൂടെ ഞങ്ങളെയും കൊണ്ട് ബുള്ളു കുതിച്ചു പാഞ്ഞുകൊണ്ടേയിരുന്നു..

ഇനിയാണ് ഞങ്ങളുടെ ഈ യാത്ര എന്നന്നേക്കുമായി അവസാനിക്കുമായിരുന്ന ഒരു സംഭവം ഉണ്ടാകുന്നത്.. എല്ലാവരും ശ്രേദ്ധിക്കേണ്ട ഒരു കാര്യം, നീണ്ടു നിവർന്നുകിടക്കുന്നു ആ റോഡിലൂടെ ബുള്ളു പാഞ്ഞുകൊണ്ടിരിക്കുകയാണ്, പെട്ടെന്ന് വെറുതെ ഹോൺ സ്റ്റക്ക് ആയി അടിക്കാൻ തുടങ്ങി, അതു ദൈവത്തിന്റെ ഒരു വാണിംഗ് ആയിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു , ഫൂട്ട് റസ്റ്റിന്റെ ഭാഗത്ത്‌ എന്തോ ഒരു വത്യാസം പോലെ ഇത്തിരി നേരത്തെതന്നെ എനിക്ക് അനുഭവപ്പെട്ടിരുന്നു പക്ഷെ ശ്രദ്ദിച്ചില്ല, ഞാൻ വണ്ടി ഒതുക്കി നോക്കിയപ്പോൾ ക്രാഷ് ഗാർഡ് ലൂസായി നിലത്തു തട്ടാറായിരിക്കുന്നു, ഹോൺന്റെ കേബിൾ വലിഞ്ഞു എഞ്ചിൻ ഭാഗത്ത്‌ തട്ടി ഉരുകിയാണ് ഹോൺ അടിയാൻ തുടങ്ങിയത്, അതെങ്ങാനും ഇളകി റോഡിൽ തട്ടിയിരുന്നെങ്കിൽ വിജനമായ ആ വഴിയിൽ ഒരു വലിയ അപകടം ഉണ്ടായേനെ, ദൈവത്തിന് സ്തുതി.

അങ്ങനെ ഒരു കണക്കിന് ക്രാഷ് ഗാർഡ് ഊരി ഞങ്ങൾ അടുത്ത ബൈക്ക് വർഷോപ് നോക്കി വണ്ടി വിട്ടു, അടുത്ത ചെറിയ ടൗണിൽ എത്തിയപ്പഴേക്കും ഇരുട്ടി തുടങ്ങി, വണ്ടി മെക്കാനിക്കനെ ഏല്പിച്ചു അടുത്ത പെട്ടിക്കടയിൽ പോയി ചായയും നല്ല അരിമുറുക്കും കഴിച്ചു തുടങ്ങി, പിന്നെ ആദ്യ ഭരണി മുതൽ അങ്ങോട്ടുള്ള എല്ലാ ഐറ്റംസും ട്ടേസ്റ്റ്‌ ചെയ്തു, കടക്കാരന് സന്തോഷമായി, പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു കഴിച്ച പല രുചികളും ഓർമയിൽ വന്നു. അങ്ങനെ എല്ലാ ഞട്ടും ബോൾട്ടും മുറുക്കി എന്നുറപ്പുവരുത്തി എല്ലാം പഴയപോലെ ആക്കി മുന്നോട്ടു നീങ്ങി, ഈ ഒരു സംഭവംകൊണ്ട് സമയം ഒരുപാട് നഷ്ട്ടപെട്ടു.

ഇനി എവിടെയും നിർത്തി സമയം കളയാനില്ല, നേരെ രാമേശ്വരം ഐലന്റിലേക് ലക്ഷ്യം വച്ചു പിടിച്ചു, നല്ല തണുപ്പുതുടങ്ങിയിരിക്കുന്നു, ഏതാണ്ട് ഒരു 9 മണി ആയപ്പഴേക്കും ഞങ്ങൾ പാമ്പൻ ബ്രിഡ്ജിലേക്ക് എന്റർചെയ്തു. പാലത്തിലൂടെ പോയിട്ടും പോയിട്ടും തീരാത്ത പോലെ ഞങ്ങൾക്ക് ഫീൽ ചെയ്തുകൊണ്ടേയിരുന്നു, ഒരുപാട് കാലത്തെ ഒരാഗ്രഹം, പക്ഷെ രാത്രി ആയതുകൊണ്ട് ഒന്നും കാണാനും ആസ്വദിക്കാനും സാധിച്ചില്ല, തിരിച്ചുവരുന്ന വഴി ശെരിക്കും കാണണം.

അങ്ങനെ ഞങ്ങൾ രാമേശ്വരം ഐലന്റിലേക് കടന്നിരിക്കുന്നു, ഇനിയും ഒരു അര മണിക്കൂർ യാത്ര ഉണ്ട് ബുക്ക്‌ ചെയ്ത ഹോട്ടലേക്ക്, 4* ഹോട്ടൽ booking.com വഴി ബുക്ക്‌ ചെയ്തതാ, വളരെ ചീപ്പ്‌ റേറ്റ്, റിവ്യൂസ് വല്യ തെറ്റില്ല, ഫോട്ടോസ് കിടിലൻ. അവിടെ എത്തിയപ്പോ അങ്ങനൊരു സാധനം കാണാനില്ല, അനേഷിച്ചിട്ട് ആർക്കും അറിയുന്നുമില്ല, അവസാനം ഊടുവഴികളിലൂടെ ഒക്കെ ഓടിച്ചു ഹോട്ടലിന്റെ മുന്നിൽ എത്തിപ്പെട്ടു, ഒന്ന് കേറിക്കണ്ടു “അടിപൊളി ബാ പോകാം… ത്യപ്തിയായി..

ഇനി ഫുഡ്‌ കഴിച്ചില്ലേൽ അതും കിട്ടില്ല, അടുത്ത റെസ്റ്റോറന്റ്ന്ന് നല്ല നെയ്‌റോസ്റ്റിന്റെ മണം വരുന്നു, റൂമൊക്കെ പിന്നെ, വാ.. കയ്യും മുഖവും ഒരു ചെറിയ കുളികുളിച്ചാപോലെ കഴുകി വന്നുരുന്നു ഓർഡർ ചെയ്തു, 2 മസാല ദോശയും ഒരു നെയ്‌റോസ്റ്റും, സമയമെടുക്കും. വീണ്ടും app തുറന്നു നല്ലൊരെണ്ണം തപ്പിപിടിച്ചു, രാമനാഥസ്വാമി ക്ഷേത്രത്തിനു അടുത്താണ്, ദിവസത്തിന്റെ അവസാന മണിക്കൂർ ആയതുകൊണ്ടുള്ള deal ഉം കിട്ടി, ഭക്ഷണം കഴിച്ചിറങ്ങി നേരെ ഹോട്ടലിൽ പോയി റൂം കണ്ടു, കൊള്ളാം, മൂന്നാം നിലയിലാണ് കടലിലേക്ക് നല്ല view ഉണ്ടാവും, അതുറപ്പിച്ചു, ബുക്കിങ്ൽ ഒരു ചെറിയ ഉടായിപ്പ് അറിയാവുന്നതുകൊണ്ട് 4* ഹോട്ടലിൽ കാശൊന്നും പോയില്ല, നല്ല ക്ഷീണം ഉണ്ട്, കുളിക്കണം കിടക്കണം, ഏതാണ്ട് 12 മണിക്കൂർ റൈഡ് ചെയ്തു വന്നതല്ലേ.. നാളെ നേരം പുലരുന്നത് ഒരുപാട് നാളത്തെ ആഗ്രഹമായ ധനുഷ്കൊടിയിലെ കാഴ്ചകളിലേക്കാണ്..

രാവിലെ വിന്ഡോയിലൂടെ ഒരു അഡാറ് വ്യൂ കണ്ടാണ് അന്നത്തെ ദിവസത്തിന്റെ തുടക്കം, നീല നിറത്തിലുള്ള ആകാശവും കടലും.. പെട്ടെന്ന് റെഡിയായി ഇറങ്ങി ക്ഷേത്രത്തിന്റെ അടുത്തുപോയി ഫോട്ടോസ് എടുത്തു, അടുത്തത് നേരെ നമ്മുടെ ഏവരുടെയും റോൾമോഡൽ എന്നൊക്കെ പറയാവുന്ന ഭാരതത്തിന്റെ എല്ലാം എല്ലാം ആയിരുന്ന APJ യുടെ വീട്ടിലേക്ക്, അവിടെ കാര്യമായി ഒന്നും കാണാനില്ലെങ്കിലും അദ്ദേഹത്തോട്ഉള്ള ആധരവായി എല്ലാരും അവിടെ സന്തർശിക്കുന്നു, ഒരു ചെറിയ രണ്ടു നില കെട്ടിടം, കുറച്ചു ഫോട്ടോകളും മെഡലുകളും ഇരിക്കുന്നു, അവിടെ എല്ലാം ബിസ്സിനെസ്സ് മാത്രമായി മാറിയിരിക്കുന്നു. മുന്നിലുള്ള തട്ടുകടയിൽ നിന്നും ചൂട് ബജിയും ചായയും കഴിച്ചു ഇറങ്ങി, ഇനിയും ഒരുപാട് കാണാനുണ്ട്, രാമായണകഥകളിൽ പറഞ്ഞിട്ടുള്ളതെല്ലാം ഇവിടെങ്ങളിലാണ്, ലക്ഷ്മണ തീർത്ഥം, സീത തീർത്ഥം അങ്ങനെ അങ്ങനെ നീളുന്നു, വിശ്വാസമുള്ളവന് പുണ്ണ്യഭൂമി തന്നെ.

ഇനി ഞങ്ങൾ പോകുന്നത് ഒരു ദുരന്തഅവശേഷിപ്പിലേക്കാണ്, രാമേശ്വരത്തു നിന്നും 27കിലോമീറ്റർ കടലിലേക്കുള്ള മുനമ്പ്, അങ്ങോട്ടുള്ള നീണ്ടു നിവർന്ന പാതയിൽ പ്രവേശിക്കുമ്പോൾ തന്നെ കണ്ണിനു കുളിരേകും നീല കാഴ്ചകൾക്ക് തുടക്കമാവുകയാണ്, കുറച്ചു ദൂരം ഇരു വശത്തും കാറ്റാടി മരങ്ങൾ ഭംഗി തീർക്കുന്നു, നീലാകാശം പച്ച മരങ്ങൾ വെളുത്ത ഞങ്ങളും, ഇനി മുന്നോട്ടു പോകുംതോറും ഇരുവശത്തും മരങ്ങൾ പിറകിലേക്ക് വഴിമാറി നീല കടലുകൾക്ക് വഴിഒരുക്കുന്നു, ഇടതു വശത്തെക്ക് ഒരു നീണ്ടു കിടക്കുന്ന ഒരു വഴി.. അവസാനിക്കുന്നത് ഒരു ക്ഷേത്രംത്തിൽ അവിടെ ചുറ്റിലും നീല മാത്രം, അവിടുന്ന് തിരിച്ചു വീണ്ടും റോഡിന്റെ അവസാനം കാണാൻ വേണ്ടി മുന്നോട്ടു നീങ്ങി, ഒരു വശത്തു തിരമാലകൾ അടിക്കുന്ന കടലും മറുവശം ശാന്തമായി കിടക്കുന്ന വെള്ളവും, ആകാശവും കടലും വേർതിരിച്ചറിയാൻ വളരെ പായസമാണ്, എങ്ങും ഒരു നീല നിറം മാത്രം.

ധനുഷ്കോടി അഥവാ പ്രേതങ്ങൾ ഉറങ്ങുന്ന ഭൂമി.. 1964 ഡിസംബർ 22 മുതൽ 25 വരെ വീശിയടിച്ച ചുഴലികാറ്റിൽ കടൽ വിഴുങ്ങിയ പുരാതന നഗരം, അന്നുവരെ ഇന്ത്യൻ റെയിൽവേ ധനുഷ്‌കോടി വരെ സർവീസ് നടത്തിയിരുന്നു, അവിടെ നിന്നും ശ്രീലങ്കയിലെ തലൈമാന്നാർ ഐലൻഡ്ലേക്ക് ചെറു കപ്പലുകളും വീണ്ടും കൊളംബോ വരെ ശ്രീലങ്കൻ ട്രെയിനും, അന്ന് ഇന്ത്യയിൽ എവിടെ നിന്നും ഒരോറ്റ ടിക്കറ്റ് എടുത്താൽ കൊളമ്പോ വരെ യാത്ര ചെയ്‌യാമായിരുന്നു, ഇന്ന് അവിടം പ്രേതങ്ങൾ ഉറങ്ങുന്ന നാടെന്ന് അറിയപ്പെടുന്നു, 1800 യാത്രക്കാരുമായി ധനുഷ്കൊടിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന തീവണ്ടിയെ പൂർണമായും ചുഴലിക്കാറ്റ് വിഴുങ്ങി കടലിനു കൊടുക്കുകയായിരുന്നു, ഒരാളുപോലും രക്ഷപ്പെട്ടില്ല എന്നാണ് പറയപ്പെടുന്നത്, അവസാനം 26 ഡിസംബർ 2006 ൽ Tസുനാമിയും ദ്വീപിനെ വെറുതെ വിട്ടില്ല, ഇപ്പൊൾ പഴയ പള്ളിയുടെയും റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെയും ശേഷിപ്പ് മാത്രം കാണാം, പുതുതായി വന്ന കെട്ടിടങ്ങൾ എല്ലാം ഓലയിൽ തീർത്തതാണ്.

ഇനിയും ഒരു 7 കിലോമീറ്റർ മുന്നോട്ടു പോയാൽ റോഡ് അവസാനിക്കുകയാണ്, പണ്ട് ഇതുവരെ മണൽ തിട്ടയിലൂടെ ചെറിയ വാനുകൾ ആയിരുന്നു സർവീസ് നടത്തിയിരുന്നത്, ഈ അടുത്തായി റോഡ് പണി കഴിപ്പിച്ചു. അവസാനം ഒരു അശോകസ്തൂപം കാണാം ധനുഷ്‌കോടി പോയിന്റ് അഥവാ അരിച്ചാൽമുനി, ഇവിടെ റോഡ് ഒഴികെ എല്ലാം ഭാഗവും കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്നു, കിഴക്ക് ബേ ഓഫ് ബംഗാളും പടിഞ്ഞാറു ഇന്ത്യൻ മഹാ സമുദ്രവും, 16 കിലോമീറ്റർ ദൂരം മാത്രമാണ് ശ്രീലങ്കയിലെ മാന്നാർ ഐലൻഡ്ലേക്ക് അവിടുന്ന് കടലിലൂടെ ഉള്ളത്, അവിടെ എത്തിയപ്പോൾ മൊബൈൽ നെറ്റ്‌വർക്ക് ഇന്റർനാഷണൽ റോമിഗിലേക്ക് മാറി, മാപ്പിൽ നോക്കിയാൽ ശ്രീലങ്ക വരെ മണൽ തിട്ടയാൽ തീർത്ത ഒരു റോഡ് പോലെ തോന്നും, പണ്ട് ബ്രിട്ടീഷ് ഭരണം കാലത്തു ശ്രീലങ്കയിലേക്കുള്ള ചരക്കു കൈമാറ്റത്തിന് നിർമിച്ച തുറമുഖമായിരുന്നു ഇവിടം, രാവണൻ സീതയെ അപഹരിച്ചുക്കൊണ്ടു പോകുകയും ശ്രീരാമൻ സേതുബന്ധനം നടത്തിയതും ഇതുവഴിയാണെന്ന് ഐദീഹ്യo. കടലിനു നടുവിലായി രാമ സേതു അഥവാ ആദംസ് ബ്രിഡ്ജ് എന്ന പേരിൽ ലൈയിംസ്‌റ്റോൺ പാറകൾ സ്ഥിതി ചെയ്യുന്നു, ഇതിനു ചുറ്റുമുള്ള ഏരിയ Gulf of Mannar Marine national park ആയി അറിയപ്പെടുന്നു.

ഒരുപാട് നേരം അവിടെ അങ്ങനെ ഇരുന്നു. ജീവിതത്തിലെ ഒരു ആഗ്രഹം പൂവണിഞ്ഞിരിക്കുന്നു, നല്ല പൈനാപ്പിളും കുക്കുമ്പറും ഫ്രഷ് കട്ട്‌ ചെയ്തു മുളകുപൊടിയും ഉപ്പും തൂകി കവറിലാക്കി വിൽക്കുന്നു, അതും വാങ്ങി കഴിച്ചു സംസാരിരിച്ചിരുന്നു, സഞ്ചാരികളും തീർത്ഥാടകരും കടലിൽ ഇറങ്ങി കുളിക്കുന്നു, പല രീതിയിലുള്ള മനുഷ്യർ പല പല ആചാരങ്ങൾ..

ഇനി തിരിച്ചു റൂമിൽ വന്നു ഫ്രഷ് ആയി ഫുഡും കഴിച്ചു തിരിക്കണം, ഹോട്ടലേക്കുള്ള വഴി കണ്ടുപിടിക്കുന്നതിനിടയിൽ ഒരു ലൈറ്റ് ഹൌസിന്റെ ചുവട്ടിലെത്തി, അതൊരു കാഴ്ചതന്നെ ആയിരുന്നു, തിരിച്ചു റൂമിലെത്തി ബാൽക്കണിയിലൂടെ വ്യൂ ആസ്വദിച്ചു ഫോട്ടോകളും പകർത്തി. ഹോട്ടലിലെ സ്റ്റാഫ്‌ എല്ലാരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു, അവരുടെ റിക്വസ്റ്റ് കൊണ്ട് app ൽ കേറി നല്ല ഒരു റിവ്യൂ കൊടുക്കുകയും ചെയ്തു. ഹോട്ടൽ check out ചെയ്യുമ്പോൾ നല്ല റെസ്റ്റോറന്റ്നെ കുറിച്ചുള്ള ഒരു പഠനം നടത്തി, പക്ഷെ ഞങ്ങൾ വൈകി പോയിരുന്നു, എല്ലാ ഹോട്ടലും ചായയുടെ സമയം ആയിട്ടുണ്ടായിരുന്നു, എന്തായാലും കിട്ടിയത് കഴിച്ചു രാമേശ്വരത്തോട്‌ വിട പറഞ്ഞു.

തിരിച്ചു പാമ്പൻ പാലം കടക്കണം, ഇന്നലെ രാത്രി വരുമ്പോൾ ഒന്നും കണ്ടില്ലല്ലോ, ഈ പലത്തിനും ചരിത്രത്തിൽ സ്ഥാനമുണ്ട്, ലോകത്തിലെ ഏറ്റവും വലിയ അസാധാരണ പാലം, ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇങ്ങനെ നീളുന്നു, 145 തൂണുകളിൽ 2കിലോമീറ്റർ 345 മീറ്റർ നീളമാണ് പാമ്പൻ പാലത്തിന്റേത്, 1914 ഫെബ്രുവരി 24 ബ്രിട്ടീഷുകാർ ആണ് പാലം ഉൽഘടനം ചെയ്തത്, 1964 ലെ ചുഴലി കാറ്റ് പലതിനു കാര്യമായ കേടുപാടുകൾ ഉണ്ടാക്കി, കപ്പലുകൾക്ക് വഴി മാറി കൊടുക്കുന്ന ഭാഗം മാത്രം നിലനിർത്തി ബാക്കിയുള്ള ഭാഗങ്ങൾ പിന്നീട് MetroMan E. ശ്രീധരന്റെ നേതൃത്തത്തിൽ ബ്രോഡ് ഗേജ് ആക്കി പുനർനിർമിച്ചതാണ്, പാലത്തിൽ നിന്നു തീവണ്ടി ഇഴഞ്ഞു നീങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്,

ഇനി മണ്ഡപം ഏർവാടി വൈപ്പാർ തൂത്തുക്കുടി തിരുനൽവേലി കന്യാകുമാരി. 310 കിലോമീറ്റർ 6:30 മണിക്കൂർ google പറയുന്നു, ഇപ്പഴേ സമയം അഞ്ചുമണിയായി തുടങ്ങി, ഇപ്പൊ വിട്ടാലേ ഒരു 12 മണിക്ക് മുൻപെങ്കിലും ഹോട്ടലിൽ എത്താൻ പറ്റുള്ളൂ, നേരത്തെ ബുക്ക്‌ ചെയ്തിട്ടുണ്ട്, നല്ല റോഡുകൾ വഴിയിൽ പോലീസ് നിർത്തിച്ചു റോഡ് സേഫ്റ്റി നിർദ്ദേശങ്ങൾ നൽകുന്നു, അതികം താമസിയാതെ ഇരുട്ടാൻ തുടങ്ങി, വഴിയോര തട്ടുകടയിൽ നിന്നും ഭാജിയും ചായയും കഴിച്ചു തുടർന്നു, വെമ്പർ നിന്നും വീണ്ടും കൃഷി സ്ഥലത്തുകൂടിയുള്ള റോഡിലേക്ക് ഇറങ്ങി, ഈ സമയത്തു കാഴ്ചകൾ പോയിട്ട് സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല, പ്രാണികളുടെ ശല്യം കൊണ്ട് മുന്നോട്ടു നോക്കാനും പറ്റുന്നില്ല, ഹെൽമെറ്റിന് ഗ്ലാസ്‌ എടുത്തില്ല, പിന്നെ ഉള്ളത് സൺഗ്ലാസ് ആണ്, അതു ഇരുട്ടത്ത് വെക്കാനും പറ്റില്ലല്ലോ, അങ്ങനെ വഴിയിൽ നിർത്തിയും ഇഴഞ്ഞുപോയും ഒരു കണക്കിന് ഏർവാടി എത്തിച്ചു.

നല്ല ഫ്രഷ് ഫ്രം ഫാം കസ്റ്റർഡ് ഫ്രൂട്ട് വഴിയിൽ നിന്നും വാങ്ങിയത്കൊണ്ട് വയറു നിറച്ചു, ഇനി ഒരു പ്ലെയിൻ ഗ്ലാസ്‌ ഒപ്പിക്കണം, അല്ലാതെ ഒരടി മുന്നോട്ടു പോകാൻ വയ്യ, അവിടെ ദർഗയുടെ അടുത്താണ് ടൗണ് ഉള്ളത്, അവിടെ പോയി എല്ലാം കടകളും അരിച്ചുപെറുക്കി അവസാനം രാമന്നായരുടെ ടോയ്‌സ് കടയിൽ നിന്നും ഒരു പ്ലെയിൻ ഗ്ലാസ്‌ കിട്ടി, പിന്നീട് ആണെങ്കിലോ പ്രാണി ശല്യം ഉണ്ടായതും ഇല്ല, ഇരുട്ടുന്ന സമയത്ത് പ്രാണികൾ ജോലി കഴിഞ്ഞു വീട്ടിൽ പോകുന്ന സമയം ആയതുകൊണ്ടാകും റോഡിൽ ഇത്രയതികം ഉണ്ടായിരുന്നത്.

തൂത്തുക്കുടി ഹൈവേയിലെ ഒരു റെസ്റ്റോറന്റ്ൽ കയറി മസാലദോശയും ഒനിയൺ ഉത്തപ്പവും ഓർഡർ ചെയ്തു, എല്ലാ ടേബിൾലും നാലു തരം ചട്ടിണി വച്ചിട്ടുണ്ട്, മസാലദോശ വരുന്നതിനു മുന്പേ അതുമൊത്തം ഞങ്ങൾ കാലിയാക്കി കൊടുത്തു, പുറകിൽ ലോഡ്ജ് ആണ്, ഇനി കന്യാകുമാരി വരെ ഡ്രൈവ് ചെയ്യണ്ടേ, ഇവിടെ സ്റ്റേ ചെയ്താലോ എന്ന പ്ലാൻ നോക്കിയപ്പോൾ ഏരിയ അത്ര സുരക്ഷിതമലേന്നൊരു തോന്നൽ, മല സീസൺ ആയതുകൊണ്ട് നല്ല തിരക്കും, വീണ്ടും വണ്ടി എടുത്തു കന്യാകുമാരി ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.

ഏതാണ്ട് കന്യാകുമാരി ഹൈവേയിൽ കേറിയ മുതൽ ഒരു ബൈക്കിൽ രണ്ടു പേര് ഞങ്ങളുടെ പുറകെതന്നെ ഉണ്ട്, ഞാൻ സ്പീഡ് കൂട്ടിയാൽ അവരും കൂട്ടും അവര് പൊക്കോട്ടെന്നു വച്ചാൽ പോകുന്നുമില്ല, മനസ്സിൽ ചെറിയൊരു പേടിയുണ്ട്, സമയം 12 മണി കഴിഞ്ഞിരിക്കുന്നു, ആ സമയത്ത്പോലും എനിക്ക് ധൈര്യം തന്നു പുറകിലൊരാൾ ഉണ്ടായിരുന്നു, അല്ലെങ്കിൽ രാത്രി മുഖത്തൊന്നു കാറ്റുതട്ടിയാൽ ഉറങ്ങുന്ന ആളാ… പെട്ടെന്ന് ബാരിക്കേഡ് വച്ച ഒരു ഏരിയയിൽ എത്തിയപ്പോൾ ഞങ്ങളെ ഫോളോ ചെയ്ത ബൈക്ക് പെട്ടെന്ന് വട്ടം തിരിച്ചു, റോട്ടിൽ ഒരു പോലീസ് ജീപ്പ് നിർത്തി ചെക്ക് ചെയ്യുന്നുണ്ടായിരുന്നു, അപ്പോഴേക്കും അവർ സ്ഥലം വിട്ടു, ഞങ്ങളോട് വണ്ടി നിർത്തി ബുക്കും പേപ്പറും ആവശ്യപ്പെട്ടു, എല്ലാം പേപ്പറും കൊടുത്തു, കൂടെ ഉള്ളത് ആരാണെന്നു ചോതിച്ചപ്പോഴേക്കും പുള്ളി തന്നെ മാരേജ് സർട്ടിഫിക്കറ്റ് കണ്ടു. പക്ഷെ എന്റെ ലൈസൻസ് കണ്ടിട്ട് പുള്ളിക്ക് വിശ്വാസം വന്നില്ല, നാട്ടിലെ എന്റെ ലൈസൻസ് പഴയ ബുക്ക്‌ രൂപത്തിൽ ഉള്ളതാണ്, എന്തായാലും പറഞ്ഞൊപ്പിച്ചു ഹോട്ടൽലേക്കുള്ള വഴിയും ചോദിച്ചു ഞങ്ങൾ നീങ്ങി, എന്നാലും ആ പോലീസ്‌കാർ ഞങ്ങളുടെ രക്ഷകരായി വന്നതുപോലെ ഞങ്ങൾക്ക് തോന്നി.

ഹോട്ടലിന്റെ മുറ്റത്തു ബൈക്ക് സൈഡ് ആക്കി കേറി നോക്കിയപ്പോ റിസപ്ഷനിസ്റ്റുകൾ നല്ല ഉറക്കത്തിലാണ്, തട്ടി എണീപ്പിച്ചു ബുക്കിങ് കാണിച്ചപ്പോ പുള്ളിക്കാരന് അദാർ കാർഡ് മുതൽ ബർത്ത് സർട്ടിഫിക്കറ്റ് വരെ എല്ലാം വേണം, ഒരു നിമിഷം ഞാൻ പാസ്പോർട്ട്‌ ഓഫീസിൽ ആണോന്നു ചിന്തിച്ചുപോയി, ഒറക്കതിന്നു വിളിച്ചുണർത്തിയ കലിപ്പിലാണ് സാറിന്, ഞാനും അത്യാവശ്യം നല്ല ചൂടിലായത് കൊണ്ട് പറയാനുള്ളതോക്കെ പറഞ്ഞു ഒരു ഫോട്ടോ എടുത്തു booking.com ൽ ഒരു റിവ്യൂവും ഇട്ടു, രണ്ടാമത്തെ റിസപ്ഷനിസ്റ്റ് കീ എടുത്തു വന്നു ലഗേജ് ഒക്കെ റൂമിൽ എത്തിച്ചു തന്നു.

ഇടയ്ക്കിടെ 12 മണി ആയല്ലോ എന്നൊക്കെ റൈഡ്ൽ അവൾ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു, അവളേം പുറകിലിരുത്തി ഈ രാത്രി ഉള്ള റൈഡ്ന്റെ ടെൻഷനിൽ ഞാനതങ്ങ് മറന്നു, അവിടുന് തിരിക്കുമ്പോൾ വരെ ഞാൻ ഓർത്തിരുന്നത, ഡിസംബർ 14 അവളുടെ birthday ആണ്. ഓർമ വന്ന ഉടൻ ഞാൻ വിഷ് ചെയ്തെങ്കിലും ഏറ്റില്ല..(ഏതാണ്ട് 2മണി ആയിരുന്നു😊). എന്തായാലും ഇന്നത്തെ രാത്രി കളർ ആയെന്നു അവളുടെ മുഖം കണ്ടപ്പഴേ എനിക്ക് തോന്നി, എന്നാലും വാക്ദാനങ്ങളിൽ വീണു, തിരുവനന്തപുരത്തു എത്തീട്ടു കേക്ക് മുറിച്ചു ആഘോഷിക്കാം എന്നും പറഞ്ഞു അന്ന് തടിതപ്പി. നന്നായി ഒന്ന് ഉറങ്ങണം, അതി രാവിലെ എണീറ്റു സൂര്യോദയം കാണാനൊന്നും ഉള്ള ശേഷി ഇനിയില്ല, രാവിലെ ബാക്കിയുള്ള കാഴ്ചകളിലേക്ക് പോകാം..

ത്രിവേണി സംഗമം, കടലോളങ്ങളുടെ സംഗമം.. ബംഗാൾ ഉൾകടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കന്യാകുമാരിയുടെ മടിത്തട്ടിലേക്ക് അലിഞ്ഞു ചേരുന്ന കാഴ്ച, മൂന്നു തിരകൾ ഒരുമയോടെ ഒരുതീരത്ത്. ഇനി വിവേകാനന്ദനെയും തിരുവള്ളുവരെയും അടുത്ത് കാണാനായി ബോട്ടിൽ കയറി ചെറു ദ്വീപായ വിവേകാനന്ദപാറയിലേക്ക്, ബോട്ടിലെ യാത്രയിൽ മനസിലേക്ക് ഓടിവന്നത് സുനാമി ദൃശ്യങ്ങൾ ആയിരുന്നു, സുനാമിക്ക് ശേഷം പുതുക്കി പണിതതാണ് മിക്ക ഇടങ്ങളും, പാറയിൽ ഉണ്ടാക്കിവച്ചിട്ടുള്ള വിസ്മയങ്ങളിലൂടെ ഞങ്ങൾ നടന്നു കണ്ടു, അവിടെ നിന്നു നോക്കുമ്പോൾ കടലിനും കരക്കും വല്ലാത്തോരു സൗന്ദര്യം, ദൂരെയായി our lady church തല ഉയർത്തി നിൽക്കുന്നതു കാണാം, കന്യാകുമാരി pier ലേക്ക് പോകുന്ന വഴിയിൽ ചർച്ചിനെ ഞങ്ങൾ വീണ്ടും കണ്ടു, തൂവെള്ള നിറത്തിൽ തല ഉയർത്തി നിൽക്കുന്ന Our lady of Ransom shrine.

ഇനി ഗാന്ധി മണ്ഡപം, മഹാത്മാഗാന്ധിയുടെ ചിതാഭസ്മം വാസനമായി പൊതുജനങ്ങൾക്ക് മുന്നിൽ വച്ച സ്ഥലമാണ് ഇന്ന് ഇങ്ങനെ അറിയപ്പെടുന്നത്. വാക്സ് മ്യൂസിയം പോലുള്ള മറ്റു കാഴ്ചകളിലേക്ക് പോകാൻ സമയമില്ല, കന്യാകുമാരി റെയിൽവേ സ്റ്റേഷനും പ്രൗഡിയോടെ നിൽക്കുന്ന കാഴ്ച ദൂരെ നിന്നു കണ്ടു, ഉച്ച ഊണ് കഴിക്കുമ്പഴേ സമയം നാലുമണിയായിതുടങ്ങി, ഇനി സുചീന്ദ്രo നാഗര്കോവില് റൂട്ടിൽ ഒരു പഴയ ക്ഷേത്രമാണ്. ഇപ്പഴേ ഏതാണ്ട് ഇരുട്ടി തുടങ്ങി, ഇനി ലിസ്റ്റിൽ ബാക്കിയുണ്ടായിരുന്നത് പത്മനാപപുരം പാലസും തൃപ്പരപ്പു ഫാൾസ് എന്നിവയാണ്. അതു വഴി കടന്നു പോകുമ്പഴേക്കും നേരം ഇരുട്ടിയിരുന്നു, വിജനമായ വഴികളിലൂടെ പോയിട്ടും പോയിട്ടും എത്താത്തപോലെ.

ഇനി നേരെ പോത്തൻകോട്ടേക്ക്, അഖിലയുടെ വീട്ടിൽ പോണം. അവളുടെ ഫ്രണ്ട് ആണ്, ഈ ഇന്റേൺഷിപ് കാലയളവിൽ അവിടെയാണ് താമസിക്കുന്നത്, അടിപൊളി സ്ഥലമാണ്, ഹൈറേൻജ് പോലൊരു ഫീൽ, റബ്ബർ എസ്റ്റേറ്റ്കൾക്കിടയിലൂടെ വേണം പോകാൻ, നല്ല തണുപ്പാണ്. ചായ കുടിച്ചു അവിടുന്നെറങ്ങുമ്പോൾ സമയം പത്തര.
വെളി ലേക്ക്നോട് ചേർന്നുള്ള OYO പ്രോപ്പർട്ടിയിൽ ആയിരുന്നു അന്നത്തെ താമസം, നന്നായി ഒന്നുറങ്ങണം, രാവിലെ എണീറ്റു ബാൽക്കണിയിലൂടെ ലേക്കിൽ നോക്കിയിരിപ്പായിരുന്നു രണ്ടു പേരും.

അങ്ങനെ ഞങ്ങൾ പുറത്തു നടക്കാനിറങ്ങി, നടന്നു നടന്നു അവസാനം എത്തിപ്പെട്ടത് KR ബേക്കറിയുടെ മുന്നിൽ, എന്ന പിന്നെ കടം ബാക്കി വെക്കണ്ട കേക്ക് മുറിച്ചു ആഘോഷിക്കാം, നോക്കിയപ്പോ നല്ല കേക്ക് ഒന്നും ഇല്ല, പക്ഷെ ഞങ്ങളെ ഫാവൗരെറ്റ് ഐറ്റം ചോക്ലേറ്റ് ബ്രോണി കട്ട്‌ ചെയ്ത പീസസ്‌ ഇരിപ്പുണ്ട്, അങ്ങനെ രണ്ടു ചെറിയ കഷ്ണം കേക്ക് കൊണ്ട് ഈ പിറന്നാൾ ആഘോഷിച്ചു, ഈ സീസൺലെ നല്ല നിമിഷങ്ങൾക്ക് വിരാമമാവുകയാണ്.

Checkout ചെയ്തു നേരെ ഹോട്ടലിന് അടുത്തുള്ള തട്ടുകടയിൽ പോയി. സീറ്റിന് വേണ്ടി Q ആണ്, പല തരത്തിലുള്ള മീൻ തോരനുകളും കൂട്ടി ഒരു ഊണ്. കിടുക്കൻ.. പറയാതെ വയ്യ, തിരുവനന്തപുരത്തെ ഭക്ഷണത്തിനും ഇത്ര രുചിയുണ്ടെന്ന് അന്ന് മനസിലായി. പിന്നെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനും പരിസര പ്രതേഷങ്ങളും ബീച്ചും തുമ്പ സ്പേസ് സെന്ററും കറങ്ങി.

ഇനി സിറ്റി ടൂർ ആണ് ബാക്കിയുള്ളത്, അതിൽ zoo ഞാൻ പോയിട്ടുള്ളതുകൊണ്ടും അവൾ അവിടെ വർക്ക്‌ചെയ്തിട്ടുള്ളത്കൊണ്ടും ലിസ്റ്റിൽ നിന്നും ഒഴിവാക്കി, പത്മനാഭ സ്വാമി ക്ഷേത്രം, അവിടെ മുണ്ടും സാരിയും എടുക്കേണ്ടത് കൊണ്ട് അവിടെ നിന്നും തിരിച്ചു പോരെണ്ടിവന്നു, അവസാനം മ്യൂസിയം മുഴുവൻ നടന്നു കണ്ടു, അവിടെ കാണുന്ന കാഴ്കളെ കുറിച്ച് വിശദീകരണം തരുന്നത്കൊണ്ട് മുഴുവനും നടന്നു കണ്ടും കേട്ടും മനസിലാക്കി.

ഇനി ഇത്തിരി പർച്ചേസ് ഉണ്ട്, അവളുടെ ഫ്രണ്ട്സ്ന് കൊടുക്കാൻ ഇത്തിരി മിട്ടായിയും മറ്റും പർചേസു ചെയ്തു. ബാബയിൽ പോയി nikon ന്റെ ലെൻസ്‌ക്യാപ്പും വാങ്ങി. അപ്പോഴേക്കും സമയം 7 മണി കഴിഞ്ഞു, ഫ്രണ്ട്സ് ഡ്യൂട്ടി കഴിഞ്ഞിറങ്ങാറായി, ഇനി അവളെ അഖിലയുടെ കൂടെ വിട്ട് എനിക്ക് നാട്ടിലേക്കു തിരിക്കണം,

അങ്ങനെ വീണ്ടും ഡിസ്ട്രിക്ട് വെറ്റിനറി ഹോസ്പിറ്റലിനു മുന്നിലെത്തി, 8 മണിക്ക് ഡ്യൂട്ടി കഴിയും വരെ ഹോസ്പിറ്റലിലെ എല്ലാവരെയും പരിജയപെട്ട് സംസാരിച്ചു നിന്നു, അങ്ങനെ ധർമ്മനും (വിഷ്ണു) അഖിലയും ബൈക്കും സ്കൂട്ടറും എടുത്തു പുറത്തിറങ്ങി, മ്യൂസിക് കോളേജിന് അടുത്താണ് ഞാൻ ബുക്ക്‌ ചെയ്ത ഗോൾഡൻ ട്രാവെൽസ്ന്റെ ബസ് നിൽക്കുന്നത്, നേരത്തെ പോയി പെട്രോൾ കാലിയാക്കിയാലെ അവര് ബുള്ളുനെ കയറ്റുള്ളു. ധർമൻ മുന്നിൽ വിട്ട് വഴികാട്ടി, പെട്രോൾ കുപ്പിലേക്കെടുത്തു അവന്റെ വണ്ടിയിൽ ഒഴിച്ചു, ടിക്കറ്റ് കാണിച്ചു ബുള്ളുനെ benz ബസ്ന്റെ അടിയിലെ ഡിക്കിലേക്ക് കയറ്റി കെട്ടിഇട്ടു, ബസ് എടുക്കാൻ ഏതാണ്ട് സമയമായി, അവളോടും ഫ്രണ്ട്സിനോടും തിരുവനന്തപുരത്തോടും യാത്ര പറഞ്ഞു ഞാൻ ബസ്സിൽ കയറി സീറ്റ്‌ ഉറപ്പിച്ചു പുറത്തേക്കും നോക്കി എട്ട് ദിവസത്തെ ഓർമകളിലേക്ക് അങ്ങനെ ചാഞ്ഞുകിടന്നു…..

ആദ്യഭാഗം വായിക്കുവാന്‍ 🙁 CLICK HERE)

വിവരണം – Jaslin Mohamed (Blog Link – CLICK HERE).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply