കപ്പൽ യാത്രയിലെ വാളും ദ്വീപിലെ കാഴ്ചകളും – ഒരു ആൻഡമാൻ അനുഭവം…

വിവരണം – ആര്യ ജി. ജയചന്ദ്രൻ.

ആന്റമാനിന്റെ തലസ്ഥാനം പോർട്ട്‌ബ്ലയർ ആണ്.. ആകെ ഉള്ള തുറമുഖവും വിമാന താവളവും പോർട്ട് ബ്ലയേർ എന്ന ദീപ്‌ മാത്രമാണ്.. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ദിവസേന ധാരാളം വിമാനങ്ങളും കപ്പലുകളും അങ്ങോട്ടും ഇങ്ങോട്ടും സർവിസ് നടത്തിവരുന്നു. ഞങ്ങളുടെ ആറു ദിവസത്തെ ആൻഡമാൻ യാത്രയുടെ ആദ്യ ദിവസവും അവസാന ദിവസവും ഞങ്ങൾക്ക് പോർട്ട് ബ്ലെയർ ആസ്വദിക്കാൻ കഴിഞ്ഞു എന്നത് ഒരു നല്ല അനുഭവം ആയിരുന്നു.. കാരണം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും പോലും വിസ്താരണം ഇല്ല പോർട് ബ്ലയർ എന്നത് ഒരു അത്ഭുതം ആണ്.. ഒരു ഒന്നര മണിക്കൂറും ഒരു ബൈക്കും കയ്യിൽ ഉണ്ടേൽ പോർട്ബ്ലൈർ മുഴുവനും നമുക്കു ചുറ്റി വരാം അതാണ് ഇവിടുത്തെ പ്രത്യേകത.. കൂടെ ചരിത്ര താളുകളിൽ കറുത്ത ഏടുകൾ കുറിച്ച കാലാപ്പാനി എന്ന സെല്ലുലാർ ജയിലും, തീര സൗന്ദര്യം വിളിച്ചോതോതി മറീന ബീച്ചും, വൊക്കേഴ്‌സ് പോയിന്റ് എന്ന വ്യൂ പോയിന്റും ടൗണിനോട് ചേർന്നു തന്നെ ഉണ്ട്.. വിവിധ ഇനം കടൽ മൽസ്യവിഭവങ്ങൾ ആണ് പോർട്ട് ബ്ലെയറിലും സ്‌പെഷ്യൽ..

യാത്രയുടെ അടുത്ത രണ്ടു ദിവസം ഹാവ്ലോക്ക് എന്ന സുന്ദര ദീപ് ആയിരുന്നു.. ഇന്റർനെറ്റിൽ ഫോട്ടോയിൽ മാത്രം കണ്ടിരുന്ന ആ നീല പട്ടുടുത്ത സുന്ദരിയെ കാണാൻ ഞങ്ങൾ രാവിലെ തന്നെ തയാറായി കപ്പൽ യാർഡിൽ എത്തി.. നമ്മുടെ കപ്പലിൽ കയറാനുള്ള ആളുകളുടെ തിരക്ക് ആയിരുന്നു അവിടെ.. കൂടുതലും ഉത്തര ഇന്ത്യക്കാർ അവിടെ സന്ദർശകർക്കായി എത്തുന്നത്. എമിഗ്രേഷൻ ക്ലീരൻസ് കഴിഞ്ഞു ഞങ്ങൾ ക്യൂവിൽ നിന്നു അതാ നമുക്ക് പോകേണ്ട മാക് ക്രൂയിസ് ന്റെ ഷിപ് വന്നു കിടക്കുന്നുണ്ട് അതിലേക്കായി ഓരോരുത്തരായി തങ്ങളുടെ ടിക്കറ്റ് ജീവനക്കാരെ കാണിച്ചു അകത്തേക്ക് കയറി സ്വന്തം സീറ്റുകൾ കണ്ടെത്തി കയറി ഇരുന്നു..

സഹ യാത്രികരായ കുട്ടികൾ ഒക്കെ നല്ല സന്തോഷത്തിൽ ആണ് ആദ്യ കപ്പലിൽ യാത്ര ചെയ്യുന്ന ആകാംക്ഷയിൽ ഞങ്ങളും അവരും.. കപ്പൽ നീങ്ങി തുടങ്ങി.. കപ്പൽ ജീവനക്കാരൻ സുരക്ഷാ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.. അതിൽ അദ്ദേഹം കാണിച്ച ബാഗ് കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.. സംഭവം നമുക്ക് വാള് വയ്ക്കുവാൻ ഉള്ള സെറ്റ് അപ്പ് ആണ്.. കടൽ യാത്രകളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത കുലുക്കവും അനക്കവും നമ്മൾക്ക് ഛർദി ഉണ്ടാകുമല്ലോ. അതിനുള്ള സീ സികനെസ് ബാഗ് ആണ് അത്.. ഇതൊക്കെ നമുക്ക് എന്ത് എന്നു വിചാരിച്ചു പുറത്തെ കാഴ്‍ചകൾ കണ്ടു ഞങ്ങൾ ഇരുന്നു.. കുട്ടികൾ ഡക്കിൽ ഓടി ഓടി കളിക്കുകയാണ്.. രണ്ടു മണിക്കൂരത്തെ യാത്രയിൽ ആദ്യ മുപ്പതു മിനിറ്റ് ആയപ്പോഴേക്കും കടലിന്റെ പ്രകൃതം മാറി.. നല്ല കാറ്റും തിരയും കപ്പലിന്റെ യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങി.. പലപ്പോഴും കുലുക്കവും ഇളക്കവും ആട്ടവും ഒക്കെ തുടങ്ങി.. ക്രമേണ ഓടി നടന്ന കുട്ടികൾ ഛർദി തുടങ്ങി.. ക്രമേണ ഓരോരുത്തരായി അതു ഏറ്റെടുത്തു.. കപ്പൽ ജീവനക്കാർ അവർക്ക് വേണ്ടുന്ന ബാഗുകൾ എത്തിച്ചു കൊടുക്കുവാൻ നന്നായി പാട് പെട്ടു.. അങ്ങനെ മസിലു പിടിച്ചിരുന്ന നമ്മൾ രണ്ടു പേർക്കും തോന്നിത്തുടങ്ങി എവിടെയോ എന്തോ ഒരു പന്തികേട് പോലെ.. ഞാൻ തന്നെ ആദ്യം തോൽവി സമ്മതിച്ചു..എങ്കിലും അങ്ങേരു പിടിച്ചു നിൽക്കാൻ ശ്രമം നടത്തി.. പതിയെ ഒന്നു മയങ്ങാനും ശ്രമിച്ചു.. പക്ഷെ ഒരു ഗുണവും ഉണ്ടായില്ല അങ്ങേരും നൈസായി വിരിച്ചു ഒരു കിടിലൻ വാള്.. പിന്നീടുള്ള ഒന്നര മണിക്കൂർ യാത്ര കുറച്ചു കഠിനം തന്നെ ആയിരുന്നു.. എങ്ങനെ എങ്കിലും അവിടെ എത്തിയാൽ മതി എന്നായി.. അങ്ങനെ 2 മണിക്കൂർ യാത്ര അവസാനിപ്പിച്ചു ഞങ്ങൾ ഹവലോക് തീരത്തോട് അടുത്തു..

ശരിക്കും കണ്ണിനെയും മനസിനെയും വിസ്മയിപ്പിക്കുന്ന തീരക്കാഴ്ച ആണ് ഹവലോക് ഞങ്ങൾക്ക് സ്വാഗതം അരുളി തന്നത്.. നീലാകാശം, നീലയും പച്ചയും കലർന്ന കടൽ, തൂവെള്ള തീരമണൽ, ഹരിതാഭയാർന്ന മരങ്ങൾ, ചുറ്റിലും നങ്കൂരമിട്ടു നിൽക്കുന്ന ക്രൂയിസ് ഷിപ്പുകൾ, കെട്ടി ഇട്ടിരിക്കുന്ന സ്പീഡ് ബോട്ടുകൾ.. എല്ലാം അവർണനീയം.. ഹവലോക് ഇൽ പ്രധാനമായും ടൂറിസവും, ഹോട്ടലും, കടൽ വിനോദങ്ങളും മാത്രമാണ് വരുമാന മാർഗം. പ്രധാനമായും കാണാൻ ഉള്ള സ്ഥലങ്ങൾ കാലാപതർ ബീച്ച്, രാധ നഗർ ബീച്, എലീഫന്റ ബീച്ച് തുടങ്ങിയവ ആണ്.. നേരത്തെ ബുക് ചെയ്തതിൽ പ്രകാരം സിംഫോണി പാം റിസോർട് നമുക്ക് 2 ദിവസത്തെ സൗകര്യങ്ങൾ ഒരുക്കി തന്നു.. റിസോർട്ടിനോട് ചേർന്നുള്ള ഷോപ്പിൽ നിന്നും വിവിധ ബൈക്കുകൾ വാടക ഇനത്തിൽ ലഭിക്കും ബുള്ളറ്റ് മുതൽ ആക്ടിവ വരെ വാഹനങ്ങൾ നമുക്ക് തിരഞ്ഞെടുക്കാം.. അങ്ങനെ ഞങ്ങൾ ഒരു ഡിയോ തിരഞ്ഞെടുത്തു.. റൂമിൽ ചെന്നു ഫ്രഷ് ആയ ശേഷം കാലാപതർ ബീച്ചിലേക്ക് പുറപ്പെട്ടു.. വനത്തിനു ഉള്ളിലൂടെ ഉള്ള പൊട്ടിപൊളിഞ്ഞ ഒരു ടാർ റോഡ് വഴി ആണ് കാലപത്തറിലേക്ക് നമുക്ക് എത്തിപ്പെടാൻ.. പക്ഷെ അവിടെ എത്തി കഴിഞ്ഞാലുള്ള കാഴ്ച ഒരു രക്ഷയും ഇല്ല.. ഈ പഞ്ചാര മണലിൽ ചേർന്നു തിരയടിക്കുന്ന പച്ച നിറത്തിലുള്ള തിരമാലകൾ.. അവിടെ ഇവിടെയായി കറുത്ത പാറ കഷ്ണങ്ങൾ.. വിദൂരത്തു പച്ച നിറത്തിക്കുള്ള വെള്ളവും നീലാകാശവും ഇഴുകി ചേരുന്ന കാഴ്ചയും.. വൗ.. കിടിലം തന്നെ..

അടുത്തതായി രാധാ നഗർ ബീച്ച് ആണ്.. സൂര്യാസ്തമനത്തിനു ഏഷ്യയിലെ തന്നെ ഏറ്റവും സുന്ദര കാഴ്ച ലഭിക്കുന്ന ബീച്ച് ആണ് രാധനഗൾ ബീച്ച് എന്നാണ് വിശേഷണം.. അതു പോലെ തന്നെ തോന്നി.. ഏകദേശം അര കിലോമീറ്ററോളം ഒരേ നിരപ്പിലുള്ള തീരം ഈ ബീച്ചിൽ സന്ദർശകരെ കുളിപ്പിക്കാതെ വിടില്ല എന്നത് തന്നെ ആണ് സത്യം.. അത്രക്കു രസകരമാണ് രാധനഗർ ബീച്ചിലെ കുളി.. അസ്തമനത്തിനു ശേഷം നേരെ റിസോർട്ടിലേക്ക്.. പോകും വഴി നാളെ നടത്താനുള്ള സ്‌കൂബ ഡൈവിങ്ങിനുള്ള ടിക്കറ്റും എടുത്തു..

പിറ്റേന്ന് അതിരാവിലെ തന്നെ സൂര്യോദയം കാണാൻ ആക്ടിവായിൽ ഞങ്ങൾ കാലാപതർ ലക്ഷ്യമാക്കി പോയി.. അല്ല കിടിലം കാഴ്ച ആയിരുന്നു ആ പുലർവേള ഞങ്ങൾക് സമ്മാനിച്ചത്.. ശേഷം റൂമിൽ എത്തി കുളിയും ജപവും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു നേരെ സ്കൂബക്ക് ചെന്നു.. രണ്ടു ട്രയിനേഴ്‌സ് വന്നു ഒരു യുവതിയും ഒരു യുവാവും ഞങ്ങൾക് ധരിക്കേണ്ട സ്വിമ്മിങ് സൂട് തന്നു.. കൂടെ ഓക്സിജൻ സിലിൻഡറും മാസ്കും കാലിൽ ഇടാനുള്ള ഫെതേർ ഷൂ യും.. നീന്തൽ വലിയ വശം ഇല്ലെങ്കിലും സ്‌കൂബ ചെയ്തേ ഞങ്ങൾ മടങ്ങു എന്ന ആത്മവിശ്വാസത്തിൽ കടലിലേക്ക് നടന്നു നീങ്ങി.. കൂടെ ഉണ്ടായിരുന്ന ട്രൈനേഴ്‌സ് ഞങ്ങൾക് വേണ്ട നിർദ്ദേശങ്ങളും, അത്യാവശ്യ സിഗ്നലുകളും, ചെയ്യേണ്ടതും ചെയ്യണ്ടത്തതും ആയ കാര്യങ്ങൾ ഒക്കെ പഠിപ്പിച്ചു തന്നു.. പിന്നിട് പതിയെ കടലിന്റെ ഉള്ളറകളിലേക്ക് കൊണ്ടുപോയി..

കുഞ്ഞുന്നാളിൽ ഡിസ്‌കവറി ചാനലിൽ കാണുമ്പോൾ കണ്ണും മിഴിച്ചു വായും പിളർന്നു കണ്ടിരുന്ന കാഴ്ചകൾ ആയിരുന്നു കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് എന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല.. പ്രിയതമന്റെ കരവും ചേർത്തുപിടിച്ചു അടിതട്ടുകൾ തേടി നീന്തി എത്തുമ്പോൾ വിവിധ മത്സ്യങ്ങളും മുന്നിലൂടെയും ചേർന്നും ചുറ്റിലും ആയി നിരന്നതും വരിവരിയായി പോകുന്നതും ഒക്കെ ഉള്ള കാഴ്ചകൾ എന്നും അവിസ്മരണീയമായ ഒരു കാഴ്ച തന്നെ ഞങ്ങൾക് സമ്മാനിച്ചു.. ചിപ്പികൾ, വിവിധ പവിഴ പുറ്റുകൾ, മറ്റു വ്യത്യസ്ത ജീവ ജാലങ്ങൾ ഇവയെല്ലാം മനം കുളിർക്കെ കാണാൻ കഴിഞ്ഞു എന്നതിനാൽ ഈ സ്ക്യൂബ ഞങ്ങൾ മാക്സിമം എൻജോയ് ചെയ്തു.. 30 മിനിറ്റു പോയതെ അറിഞ്ഞില്ല.. തിരികെ കരയിൽ എത്തി ഫോട്ടോയും കോപ്പിച്ചെയ്തു ഡൈവിംഗ് സർട്ടിഫിക്കട്ടും വാങ്ങി അടുത്ത ലക്ഷ്യമായ സ്‌നോർക്കലും തേടി ഹവലോക് ബോട്ട് ജെട്ടിയിൽ എത്തി.

ബോട്ട് ജെട്ടിയിൽ നിന്നും പ്രത്യേക സ്പീഡ് ബോട്ടിൽ വേണം ഏഷ്യയിലെ തന്നെ ഏറ്റവും ക്ലീയരൻസ് വിസിബിലിറ്റി ഉള്ള എലീഫന്റ ബീച്ചിൽ എത്താൻ..അതിനായി പ്രത്യേക കൂപ്പണും വാങ്ങി അടുത്ത ബോട്ടിൽ ഞങ്ങളും സ്പീഡ്‌ബോട്ടിൻ വേഗതയിൽ തിമാലകളെ മുറിച്ചു മുറിച്ചു മുന്നോട് നീങ്ങി.. എലീഫന്റ ബീച് എന്നത് ജല വിനോദത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ബീച്ച് ആണ്.. അതിനാൽ തന്നെ സീ വാക്ക്, സ്‌നോർക്കലിംഗ്, വാട്ടർ സ്‌കൂട്ടർ, ബംബർ ജമ്പ്, ബനാന റൈഡ് തുടങ്ങിയ ധാരാളം വിനോദങ്ങൾ അവിടെ നമുക്ക് ആയി ഒരുക്കിയിട്ടുണ്ട്.. അതിൽ സ്‌നോർകെല്ലിങ്, ജെറ്റ് സ്കീ അഥവാ വാട്ടർ സ്‌കൂട്ടർ എന്നിവ ഞമ്മളും തിരഞ്ഞെടുത്തു.

തിരമാലകളിൽ നിന്നു അടുത്ത തിരമാലയിലേക്കു തെറിച്ചു ചാടി ബൈക്കിൽ സ്റ്റണ്ട് കാണിക്കുന്ന ഫ്രീക്കൻ പയ്യന്മാരെ പോലെ നമ്മുടെ ജെറ്റ് സ്കീ യും ഓരോ മൂന്നു റൌണ്ട് സ്വർഗം കാണിക്കുന്നതുപോലെ തിരമാലകളെ കീറി മുറിച്ചു രസകരമായ ഒരു അനുഭൂതി പകർന്നു തന്നു.. പിന്നീട് നമുക്കായി കാത്തിരുന്നത് അതിലേറെ വിസ്മയം കൊള്ളിക്കുന്ന സ്‌നോർകെല്ലിങ് ആയിരുന്നു.. ഒരു ട്യൂബിൽ നമ്മളെ കിടത്തി മുഖത്തു ഒരു മാസ്കും മാസ്‌കിലൂടെ ശ്വസിക്കാൻ ഒരു പൈപ്പും ഉണ്ട് മുകളിലേക്ക് ഇനി വെള്ളത്തിലേക്ക് മുഖം കമഴ്ന്നു കിടക്കുക.. തീരത്തു നിന്നു 600 മീറ്ററോളം കടലിനു ഉള്ളിലേക്ക് നമ്മളെ അവർ കൊണ്ടുപോകും ഓരോ മീറ്ററിലും മുന്നിൽ വന്നു മിന്നിമായുന്നത് ഓരോരോ കാഴ്ചകൾ.. പല വർണ്ണത്തിലും വലിപ്പത്തിലും പ്രത്യേകതയിലും ഉള്ള മത്സ്യങ്ങളും മറ്റു ജീവ ജാലങ്ങളും, കടൽ പുറ്റുകളും ശങ്കുകളും വ്യത്യസ്തമായ മറ്റൊരു അനുഭവം കൂടി അവിടെ നമുക്ക് നൽകുന്നു.. ഇടക് ഇപ്പോഴോ തീറ്റ ആയി അവരെക്കൊണ്ട് വന്ന എന്തോ ഒന്ന് വെള്ളത്തിൽ ഇട്ടത്തെ കണ്ടുള്ളൂ പിന്നെ മീനുകളുടെ ഒരു കൂട്ടം ആയിരുന്നു കണ്മുന്നിൽ.. അവയെ കൈകളിൽ താലോലിച്ചു കുറെ നേരം.. ഇതേ സമയം കൂടെ വന്ന വേന്ദ്രന്മാർ വിവദ ഫോട്ടോകൾ പകർത്തിക്കൊണ്ടേ ഇരുന്നു.. സമയം ഇരുട്ടികൊണ്ടിരിക്കുന്നു ഇനി നമ്മൾ വന്ന ബോട്ടിൽ തിരികെ ഹാവ് ലോക്കിൽ എത്തണം.

ഹാവ് ലോക്കിലെ 2 ദിവസത്തെ യാത്ര ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു പ്രധാനം ചെയ്തത്.. മനസ്സില്ലാ മനസോടെ ആണെങ്കിലും തിരികെ പോകാൻ സമയമായിരിക്കുന്നു. പാകിങ് ഒക്കെ കഴിഞ്ഞു വാടകയ്ക്ക് എടുത്ത ബൈക്കും തിരിച്ചു നൽകി നേരെ ബോട്ട് ജെട്ടിയിലേക്ക്.. അവിടെ നമ്മളെയും കാത്തു കോസ്റ്റൽ ക്രൂയ്സിന്റെ ക്യൂൻ 2 പുറപ്പെടാൻ സജ്ജമായി കിടപ്പുണ്ടായിരുന്നു. ഇങ്ങോട്ടു വന്ന കപ്പൽ യാത്ര മനസിൽ ആലോചിച്ചു അതിലേക്ക് കയറി.. പക്ഷെ കടൽ ശാന്തമായതിലാൽ ഈ പ്രാവശ്യം വാളിന്റെ ആവശ്യം വന്നില്ല അവ ആവനാഴിയിൽ തന്നെ സൂക്ഷിച്ചു വച്ചു..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply