കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. രാജനഗരിയായത് കൊണ്ടായിരിക്കാം ഇവിടത്തുകാര്‍ക്ക് തിരുവനന്തപുരത്തെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം പ്രൌഡിയൊക്കെ ഉണ്ട്. തിരുവനന്തപുരത്തെ കാഴ്ചകള്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങിയാല്‍ കണ്ടുതീരില്ല. പുറമേ നിന്നും വരുന്നവര്‍ക്ക് കാറും ഓട്ടോയും ഒന്നുംതന്നെ വിളിക്കാതെ നമ്മുടെ സര്‍ക്കാര്‍ ബസ്സില്‍ത്തന്നെ സഞ്ചരിച്ച് കാഴ്ചകള്‍ കാണാം എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. തലസ്ഥാന നഗരിയില്‍ ആദ്യമായി വന്നാല്‍ ഒരു ദിവസംകൊണ്ട് കാണാവുന്ന പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടാം ഇനി.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം : തിരുവനന്തപുരം നഗരത്തിന്റെ ഉല്പത്തിയും, വളര്‍ച്ചയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശില്പചാരുത ഭക്തരെ ആകർഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെത്തന്നെ ഏറ്റവും കൂടുതല്‍ അമൂല്യമായ സ്വത്തുള്ള ക്ഷേത്രമായി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് KSRTC ഓര്‍ഡിനറി ബസ്സുകള്‍ ലഭ്യമാണ്. ബസ് കണ്ടക്ടര്‍മാരോട് ചോദിച്ചാല്‍ അവര്‍ കൂടുതല്‍ വിശദമായി പറഞ്ഞുതരും.
തിരുവനന്തപുരം മൃഗശാല : കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല. 50 ഏക്കർ വിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വംശജരും വിദേശവംശകരുമായ നിരവധി ജീവജാലങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ സിനിമകളിലൂടെ മാത്രം നമുക്ക് കേട്ടുകേള്‍വിയുള്ള ‘അനാക്കൊണ്ട’ എന്ന ഭീമന് പാമ്പിനെ കാണുവാനും ഇവിടേക്ക് വരണം. തെക്കേ അമേരിക്കയിലെ ആമസോണ്‍ കാടുകളിലാണ് സാധാരണയായി ഈ പാമ്പുകളെ കണ്ടുവരുന്നത്. മൃഗശാലയിലേക്കുള്ള പ്രവേശനം പാസ്സ് മൂലമാണ്. മുതിര്‍ന്നവര്‍ക്ക് 20 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.15 വരെയാണ് മൃഗശാലയിലേക്കുള്ള പ്രവേശന സമയം. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ഇവിടെ തിങ്കളാഴ്ച അവധിയാണ്. ഇത് ആരും മറക്കല്ലേ. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെറും നാലു കി.മീ. മാത്രം ദൂരമുള്ള ഇവിടേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ യഥേഷ്ടം ലഭ്യമാണ്.
പൊന്മുടി : തിരുവനന്തപുരത്ത് ബീച്ചും അമ്പലങ്ങളും മാത്രമേയുള്ളൂവെന്നു കരുതിയെങ്കില്‍ തെറ്റി. കേരളത്തിലെ പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകളില്‍ ഒന്നായ പൊന്മുടി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കി. മീ. ദൂരമുണ്ട് പൊന്മുടിയിലേക്ക്. ചുറ്റിവളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകള്‍ അടങ്ങിയ ചുരമാണ് പൊന്മുടിയാത്രയുടെ പ്രധാന ഹൈലൈറ്റ്.മുകളിലെത്തിയാല്‍ ട്രക്കിംഗ്, വ്യൂ പോയിന്റ് മുതലായ ആകര്ഷണങ്ങള് വേറെയുമുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ഇവിടേക്ക് പോകുവാന്‍ പാസ്സ് എടുക്കേണ്ടി വരും. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് യാത്രികര്‍ക്ക് പ്രവേശനം സൗജന്യമാണ്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പൊന്മുടിയിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. സമയവിവരങ്ങള്‍ അറിയുവാന്‍ – CLICK HERE.
കോവളം ബീച്ച് : അന്താരാഷ്ട്ര ടൂറിസം രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ബീച്ചാണ് കോവളം ബീച്ച്. കേരളത്തിന്റെ ഗോവ എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം ഈ മനോഹര തീരത്തെ. വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങള്‍ കോവളത്ത് ഒത്തു ചേരുന്നു. സൂര്യസ്നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്.
വൈകുന്നേരത്തോടെയാണ് കോവളം ബീച്ച് ഉണരുന്നത്. കൂടുതലും വിദേശികളായിരിക്കും ഇവിടത്തെ സന്ദര്‍ശകര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 16 കി.മീ. ദൂരത്തായാണ് കോവളം ബീച്ച് സ്ഥിതിചെയ്യുന്നത്. കോവളത്തേക്കുള്ള KSRTC ബസ് സമയം അറിയുവാന്‍ – CLICK HERE .