പതിവിനു വിപരീതമായി ഇപ്രാവശ്യം ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രുഷയിൽ (പ്രാർത്ഥനയിൽ ) സംബന്ധിക്കാൻ ചരിത്ര പ്രസിദ്ധമായ തിരുവിതാംകോട് അരപ്പള്ളിയിൽ ആയിരുന്നു. രാവിലെ തന്നെ പഠനസംബന്ധമായി ഇപ്പോൾ താമസിക്കുന്ന കളിയിക്കാവിളയിൽ നിന്നും അഴകിയമണ്ഡപത്തിനു ടിക്കറ്റ് എടുത്തു (20Rs/-). ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അഴകിയമണ്ഡപത്തിൽ എത്തി, അവിടുന്നു തിരുവിതാംകോട് ബസ് കയറി. തിരുവിതാംകോട് തോമയാർ കോവിൽ എന്നാണ് പ്രദേശവാസികൾ ഈ പള്ളിയെ വിളിക്കുന്നത്. (ടിക്കറ്റ് 8/-) 15 മിനിട്ട് കഴിഞ്ഞപ്പോൾ പള്ളിയുടെ മുന്നിൽ ബസ് നിർത്തി. പള്ളിയിൽ ആരാധന തുടങ്ങിയിരിക്കുന്നു. ഞാനും പള്ളിയിലേക്ക് പ്രവേശിച്ചു.
യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ തോമാസ്ലീഹായാണ് എ.ഡി :63-ൽ തിരുവിതാംകോട് അരപ്പള്ളി സ്ഥാപിച്ചത്.എ. ഡി. 52-ൽ മലങ്കരയിൽ സഭയും ഏഴ് പള്ളികൾ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം വിദേശത്തേക്ക് സുവിശേഷം പ്രചരിപ്പിക്കാനായി പോയി. എ.ഡി 63-ൽ കടൽ മാർഗം കന്യാകുമാരി ജില്ലയിലെ പഴയകാല തുറമുഖ പട്ടണവുമായ ചിന്നമുട്ടം എന്ന സ്ഥലത്തു കപ്പലിറങ്ങി.അവിടുത്തെ രാജാവായിരുന്ന യോക്കിം രാജാവിന്റെയും അന്നത്തെ മതപണ്ഡിതനായ തിരുവള്ളൂർ നായനാർ എന്ന വ്യക്തിയുടെയും പരിപൂർണ സഹകരണത്തോടെയും താല്പര്യത്തോടെയും ഇവിടെ ദേവാലയം സ്ഥാപിച്ചു.അതിനാൽ ഈ പള്ളിക്ക് അരചൻപള്ളി, അരമനപ്പള്ളി എന്ന പേരുകൾ ലോപിച്ചു “അരപ്പള്ളി ” എന്ന പേര് ലഭിച്ചു. പൂർണമായി കരിങ്കല്ലിൽ തീർത്ത ദേവാലയമാണിത്.
ആദ്യകാല വാതുശില്പാചാരുതയോടെ നിർമ്മിച്ചവയാണ് കല്ലുകളും കൽത്തൂണുകളും. പുരാതനമായ മാമോദീസത്തൊട്ടി,, കൽത്തൊട്ടി, കല്ലിൽ കൊത്തിയ ക്രൂശിത രൂപം ആദിമ കാലം മുതലേ ഇന്നും ഭംഗിയോടെ സൂക്ഷിച്ചു പോരുന്നു.പണ്ട് ഇവിടെ ബുദ്ധമതം ആയിരുന്നതിനാൽ അഹിംസ ഉൾക്കൊണ്ട് തന്നെ പ്രദേശവാസികൾ പ്രവൃത്തിച്ചിരുന്നു. അരപ്പള്ളി ഒരു അന്താരാഷ്ട്ര മാർത്തോമൻ തീർത്ഥാടന കേന്ദ്രം കൂടിയാണ്.
തീർത്ഥാടകർക്കും, യാത്രാ സംഘങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി അറിയിച്ചു അനുസരിക്കുന്നതാണ് ഇവിടെ .ആരാധനയ്ക്കു ശേഷം വീട്ടിലേക്ക് ബസ് കയറി. ജാതിമത ഭേതമന്യേ എല്ലാവർക്കും പ്രവേശിക്കാം.
ഏപ്രിൽ 1 മുതൽ 8 വരെയാണ് ഇവിടുത്തെ പെരുന്നാൾ കൊണ്ടാടുന്നത്. അരപ്പള്ളിയിൽ നിന്നും സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ദൂരം:- പത്മനാഭപുരം കൊട്ടാരം -3km, മാത്താർ തൊട്ടിപ്പാലം -9km, കുളച്ചൽ ബീച്ച് – 15km, മുട്ടം ബീച്ച് -15km, തൃപ്പരപ്പ് വെള്ളച്ചാട്ടം-17km, ഇനയം അന്താരാഷ്ട്ര തുറമുഖം-30km, കന്യാകുമാരി -38km.
വിവരണം -നീതു അലക്സാണ്ടര്.