ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?

ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്…!! സാധാരണ മാധ്യമങ്ങളിലൂടെ കേൾക്കുന്ന പേരാണിത്. സാധാരണക്കാരായ ആളുകൾക്ക് ഇതിനെക്കുറിച്ച് വലിയ പിടിപാടുണ്ടായിരിക്കില്ല. അവരുടെ സംശയങ്ങൾ നിരവധിയാണ്. ടെക്‌നോപാർക്കും ഇൻഫോപാർക്കും ഒന്നാണോ? ഇത് ശരിക്കും പാർക്ക് ആണോ? തുടങ്ങി സംശയങ്ങൾ നിരവധിയാണ്. ശരിക്കും ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?

ടെക്നോപാർക്ക്, തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ,350ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്. 250 -ഓളം വിവര സാങ്കേതിക അനുബന്ധ കമ്പനികൾ ഇവിടെ പ്രവർ‍ത്തിക്കുന്നു. 35000ഓളം പേർക്കാണ് ഇവിടെ തൊഴിലുള്ളത്.

2009-10ലെ വിറ്റുവരവ് 1800 കോടി രൂപയിലേറെയായിരുന്നു. ടെക്നോപാർക്കിൽ മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ടെക്നോ പാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും,40 ശതമാനം യൂറോപ്പിൽ നിന്നും,അഞ്ചുശതമാനം മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി അഞ്ചു ശതമാനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഒറാക്കിൾ കോർപ്പറേഷൻ, ക്യാപ് ജെമിനി, ടാറ്റാ എലക്സി, ഐ.ടി.സി. ഇൻഫൊടെക്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ്‌, യു.എസ്.ടെക്നോളജി, ഐ.ബി.എസ്.സോഫ്റ്റ് വെയർ സർവീസസ്, ട്രാവൻകൂർ അനലറ്റിക്സ്, മെക്കിൻസി & കോ, അലയൻസ് കോൺഹിൽ തുടങ്ങിയവ.

സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽ‍സാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സർക്കാർ തുടങ്ങിയതാണ് ടെക്നോപാർക്ക്. 1991ൽ ഭാരത സർക്കാർ തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആഗോള സോഫ്റ്റ്‌വേർ രംഗത്ത് പെട്ടെന്നുണ്ടായ വളർച്ചയും, ടെക്നോപാർക്കിന്റെ വളർച്ചയ്ക്കു ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ എഴുപതു ശതമാനത്തിലധികം ടെക്നോപാർക്കിൽ നിന്നാണ്.

കെ.പി.പി. നമ്പ്യാർ എന്ന ഇലക്ട്രോണിക്സ് വിദഗ്ദ്ധനാണ് ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെടുത്തുന്നത്. 1990 ജൂലൈ മാസത്തിൽ മുഖ്യമന്ത്രിയായ ഇ. കെ. നായനാരും വ്യവസായമന്ത്രിയായ കെ.ആർ. ഗൗരിയമ്മയും പിന്തുണ നൽകിയതോടെ ടെക്നോപാർക്ക് എന്ന ആശയം കേരള സർക്കാർ നേതൃത്വത്തിൽ മുന്നോട്ട് പോകുകയാണൂണ്ടായത്. വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്ന കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്കിന്റെ നേതൃത്വത്തിലാണ് ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉന്നത സാങ്കേതിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, അത്തരം കമ്പനികൾക്ക് വികസിക്കുവാനാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങൾ. “സാങ്കേതിക വ്യവസായ സംരംഭങ്ങളെ സ്വാഭാവികമായ രീതിയിൽ മൽസരക്ഷമതയുള്ളവയും വിജയകരവുമാക്കുന്നതിനായി, സാധ്യമായ, ഉത്തമ സാഹചര്യങ്ങളെയും സേവനങ്ങളേയും, സുനിശ്ചിതമായ സേവന ഗുണമേന്മയോടെ നൽകുക, വ്യവസായ മേഖല, ഭരണകൂടം, വിദ്യാഭ്യാസ മേഖല എന്നിവയുടെ പരസ്പരപൂരകമായ ബന്ധങ്ങളിലൂടെ, നിരന്തരമായ മെച്ചപ്പെടുത്തലുകളിലൂടെയും നവീകരിക്കലുകളിലൂടെയും പ്രാദേശിക വികസനം സാധ്യമാക്കുക” എന്നതായിരുന്നു ടെക്നോപാർക്കിന്റെ പ്രഖ്യാപിത ലക്ഷ്യം.
1995 നവംബർ മാസത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ടെക്നോപാർക്കിനെ രാഷ്ട്രത്തിനു സമർപ്പിച്ചു.

ആദ്യ കാലത്ത് പാർക്ക് സെന്റർ, പമ്പ, പെരിയാർ എന്നീ കെട്ടിടങ്ങളായിരുന്നു ടെക്നോപാർക്കിൽ ഉണ്ടായിരുന്നത്. പിന്നീട്, നിള, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളും ടെക്നോപാർക്കിന്റെതായി ഉണ്ടായി. രണ്ടാമത്തെ സി ഇ ഒ കെ.ജി സതീഷ് കുമാർ ആയിരുന്നു. ടെക്നോപാർക്ക് സി.ഇ.ഓ. യുടേതടക്കമുള്ള ഭരണകാര്യാലയങ്ങൾ പ്രവർത്തിക്കുന്നതു പാർക് സെന്ററിലാണ്. സോഫ്റ്റ്‌വേർ ഉല്പാദനത്തിനു വേണ്ടി റ്റെക്നോപാർക്കിനുള്ളിൽ അനവധി കെട്ടിടങ്ങളുണ്ട്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന കെട്ടിടങ്ങളായ പമ്പ, പെരിയാർ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നിവ ടെക്നോപാർക്കിന്റെ അധീനതയിലുള്ളതാണ്. ആറു ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയായ, ഏഴാമത്തെ കെട്ടിടമായ തേജസ്വിനി 2006 ഒക്ടോബറിൽ പ്രവർത്തന സജ്ജമായി.

കൂടാതെ ഐ ബി എസ്സ് ക്യാമ്പസ്സ്, പത്മനാഭം എം ടി എഫ്, ആംസ്റ്റർ ഹൗസ്, എം-സ്ക്വയേഡ്, റ്റാറ്റാ എൽക്സൈ നെയ്യാർ, ലീല ഇൻഫോപാർക്ക്, ലീല, ടി സി എസ്സ് പീപൽ പാർക്ക്, സി-ഡാക്, ഇൻഫോസിസ്, ടി സി എസ്സ്, നെസ്റ്റ് എന്നീ കമ്പനികളുടെ സ്വകാര്യ കെട്ടിടങ്ങൾ, ഐ ഐ ഐ ടി എം കെ എന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വന്തം കെട്ടിടം, നിർമ്മാണം പുരോഗമിക്കുന്ന ഇൻഫോസിസ്, ടി സി എസ്സ്, യു എസ് ടി ഗ്ലോബൽ എന്നീ കമ്പനികളുടെ പുതിയ കെട്ടിടങ്ങൾ എന്നിവ ടെക്നൊപാർക്ക് ക്യാമ്പസ്സിലുണ്ട് . ടെക്നോപാർക്കിലേയ്ക്കുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി, ഒരു 30 മെഗാവാട്ട് , 110 KV സബ്സ്റ്റേഷൻ ക്യാമ്പസിനോടു ചേർന്നു പ്രവർത്തിക്കുന്നു. അനുബന്ധ സൗകര്യങ്ങൾക്കായി, ടെക്നൊപാർക്ക് വിഭവ കേന്ദ്രം, ടെക്നോപാർക്ക് ക്ലബ്, ഓജസ്സ് ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, പ്രദർശന ഹാൾ, കൺവെൻഷൻ സൗകര്യങ്ങൾ, കോൺഫെറൻസ് ഹാളുകൾ, ലൈബ്രറി, ആംഭി തീയേറ്റർ, ടെക്നോമാൾ, നിരവധി ബാങ്കുകൾ, ഗതാഗത സൗകര്യങ്ങൾ, ആംബുലൻസ് സൗകര്യം, ഭക്ഷണ കേന്ദ്രങ്ങൾ, ടെക് ഫാർമസി, മൊബൈൽ സേവന ദാതാക്കളുടെ സേവന കേന്ദ്രങ്ങൾ, എ ടി എം സൗകര്യങ്ങൾ, പൗര സേവന (അക്ഷയ)കേന്ദ്രം, നിരവധി വ്യാപാര കേന്ദ്രങ്ങൾ എന്നിവയുണ്ട്.

ടെക്നോപാർക്ക് – കൊല്ലം : തിരുവനന്തപുരത്തെ ടെക്നോപാർക്ക് ക്യാമ്പസിൽ നിന്ന് 63 കിലോമീറ്റർ അകലെ കൊല്ലത്തിനടുത്ത് കുണ്ടറ എന്ന സ്ഥലത്ത് ടെക്നോപാർക്കിന്റെ അനുബന്ധ സ്ഥാപനമായാണ് കൊല്ലം ടെക്നോപാർക്ക് നിലനിൽക്കുന്നത്. കാഞ്ഞിരോട് കായലിനടുത്ത് 44.46 ഏക്കർ സ്ഥലത്ത് പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. ഒരു തേർച്ചക്ര മാതൃക (hub and spoke model) യിലാണ് തിരുവനന്തപുരം – കൊല്ലം ടെക്നോപാർക്കുകൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്.

ഇൻഫോപാർക്ക്, കൊച്ചി : എറണാകുളം ജില്ലയിലെ കാക്കനാട്ടിൽ, കേരള സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായ പാർക്കാണ്ഇൻഫോപാർക്ക് കൊച്ചി. 2004 നിലവിൽ വന്നപ്പോൾ 101 ഏക്കറിൽ 80 കമ്പനികളിലായി ഏതാണ്ട് പതിനേഴായിരത്തിലധികം ആൾക്കാർ ജോലിയെടുത്തിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട വികസനമായി ഏതാണ്ട് 100 ഹെക്ടറിലധികം ഇതിനോടൊപ്പം ചേർക്കുന്നു. 2012 മാർച്ചിലെ കണക്കനുസരിച്ച് 94 കമ്പനികൾ ഇൻഫോപാർക്ക് കൊച്ചി യിൽ ഉണ്ട്. വിപ്രോ, ടി.സി.എസ്., സി ടി എസ് , യു എസ് ടി ഗ്ലോബൽ, ഐ.ബി.എസ്.സോഫ്റ്റ്‌വെയർ സർവീസസ്,എറ്റിസലാറ്റ് എന്നിവയാണ് ഇവിടുത്തെ എടുത്തുപറയത്തക്ക പ്രധാന കമ്പനികൾ.

തേർച്ചക്ര മാതൃക (hub and spoke model) ആസ്പദമാക്കി പ്രവർത്തിക്കുന്ന കൊച്ചി ഇൻഫോപാർക്കിന് കൊരട്ടി (തൃശ്ശൂർ), അമ്പലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഒന്നാം ഘട്ടത്തിൽ ഏതാണ്ട് 80 ഏക്കറോളം ഭൂമിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുണ്ട്. ഇൻഫോപാർക്കിന്റെ സ്വന്തം കെട്ടിടങ്ങൾക്കു പുറമേ, ലീല സോഫ്റ്റ്, എൽ ആന്റ് ടി ടെക്ക്പാർക്ക്, ബ്രിഗേഡ് എന്റർപ്രൈസസ് എന്നീ അടിസ്ഥാന സൗകര്യ ദാതാക്കളുടേയും വികസന പ്രവർത്തനങ്ങൾ ക്യാമ്പസ്സിനുള്ളിൽ നടക്കുന്നുണ്ട്. സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനികളായ വിപ്രോ, ടി.സി.എസ്., ഐ.ബി.എസ് എന്നിവയുടേയും ക്യാമ്പസ്സുകൾ ഇൻഫോപാർക്കിനുള്ളിൽ പുരോഗമിക്കുന്നുണ്ട്.

ഇൻഫോപാർക്ക് തൃശ്ശൂർ : കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സാങ്കേതിക വ്യാവസായിക ഉദ്യാനമാണ് ഇൻഫോപാർക്ക് തൃശ്ശൂർ. കേരളത്തിലെ മൂന്നാമത്തെ ഉദ്യാനമാണിത്. തിരുവനന്തപുരത്തെ ടെക്നോപാർക്കും കൊച്ചിയിലെ കാക്കനാടുള്ള ഇൻഫോപാർക്കുമാണ് ഇതിനു മുന്ന് സ്ഥാപിതമായവ. കൊച്ചിയിൽ നിന്ന് 45 കി.മീ യും തൃശ്ശൂരിൽ നിന്ന് 35 കി.മീ. യുമാണ് ഇവിടേക്കുള്ള ദൂരം. പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം, മുൻപ് മധുര കോട്സ് എന്ന കമ്പനിയുടെ ഓഫീസേർസ് ക്വാർട്ടേർസിനെ പുനർനിർമ്മിച്ചതാണ്. ഹബ് ആന്ഡ് സ്പോക്ക് മാതൃകയിൽ കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായും കൊരട്ടിയിലേത് വികേന്ദ്രമായും പ്രവർത്തിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply