ദീര്‍ഘദൂര സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ പോലിസുകാരന്റെ കാര്‍ തട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂലമറ്റത്ത് ബഹളം. ഇതേ തുടര്‍ന്ന് മൂലമറ്റം ടൗണില്‍ ഏതാനും സമയത്തേക്ക് ട്രാഫിക് ബ്ലോക്കുണ്ടായി.ബസ്സിന്റെ ട്രിപ്പും മുടങ്ങി.
File Photo
വ്യാഴാഴ്ച വൈകീട്ട് ആറിനു ശേഷമാണ് സംഭവങ്ങളുടെ തുടക്കം.കട്ടപ്പനയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ബസില്‍ മൂലമറ്റം പ്രൈവറ്റ് സ്റ്റാന്‍ഡിന് മുന്നില്‍ വച്ച് കാഞ്ഞാര്‍ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥന് ഓടിച്ച കാര്‍ തട്ടുകയായിരുന്നു.
അപകടം സംഭവിച്ച ഉടന്‍ തന്നെ ഇരു വാഹനങ്ങളും റോഡില്‍ തന്നെ നിര്‍ത്തിയിരുന്നു.അപകടം കണ്ട് നിരവധി നാട്ടുകാരും തടിച്ചുകൂടി. കെഎസ്ആര്‍ടിസി ജീവനക്കാരും കാറോടിച്ച പോലിസ് ഉദ്യോഗസ്ഥനും പ്രശ്നം സംസാരിച്ച് തീരാത്തതിനാല്‍ കേസാക്കാമെന്ന് ബസ് ജീവനക്കാര്‍ നിലപാടെടുത്തു.
ഇതേ സമയം യൂനിഫോമിലല്ലാതെ ഔദ്യോഗിക വാഹനത്തില്‍ സ്ഥലത്തെത്തിയ മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇത് കേസാക്കാനാവില്ലെന്നും പറഞ്ഞ് തീര്‍ത്താല്‍ മതിയെന്നും വാശി പിടിച്ചു. ഇതോടെ സംഭവത്തില്‍ ഇരു ഭാഗത്തുമായി നാട്ടുകാരും ഇടപെട്ടു.റോഡിന്റെ ഇരുവശങ്ങളിലുമായെത്തിയ വാഹന യാത്രികര്‍ ബഹളം വച്ചതോടെയാണ് ഏറെ സമയം ഗതാഗതം മുടക്കി കിടന്ന ബസും കാറും മാറ്റിയത്.
തര്‍ക്കം തീരാതായതോടെ നാട്ടുകാര്‍ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ കാഞ്ഞാര്‍ സ്റ്റേഷനില്‍ നിന്നും എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി.
ഇതിനിടെ തങ്ങളുടെ വാഹനങ്ങള്‍ അപകടത്തില്പ്പെടുമ്പോളും പോലിസ് ഉദ്യോഗസ്ഥന്റെ വാഹനം അപകടത്തില്‍പ്പെടുമ്പോഴും രണ്ട് നീതിയാണ് പോലിസ് നടപ്പാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഏറെ സമയം നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേസെടുക്കാമെന്ന ഉറപ്പിന്മേലാണ് പ്രശ്നം അവസാനിച്ചത്.
News : http://www.thejasnews.com/