പ്രശസ്ത നടി മിത്ര കുര്യന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം.

തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുന്ന ബസ്, മിത്ര കുര്യന് സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് നടി ജീവനക്കാരെ മര്‍ദിച്ചത്. നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ എ രാമദാസും കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.എ വിജയനും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ്, സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കാറില്‍ പിന്നാലെയെത്തിയ മിത്ര കുര്യന് അസഭ്യം പറഞ്ഞ് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സ്റ്റാന്‍ഡിനകത്ത് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി മിത്ര അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.
അതേസമയം, തങ്ങളുടെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞുപോകുകയായിരുന്നെന്നും വാഹനം നിര്‍ത്താനുളള മര്യാദ ഡ്രൈവര്‍ കാണിച്ചില്ലെന്നും മിത്ര പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തന്റെ വാഹനത്തിന്റെ പെയിന്റ് പോവുകയും ചളുങ്ങുകയും ചെയ്തെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. മിത്ര കുര്യന് മുത്തശിയുടെ മരണവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെയായിരുന്നു സംഭവം.
കടപ്പാട് – കൈരളി ഓണ്‍ലൈന്‍
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog