മലേഷ്യയിൽ നിന്നും തായ്‌ലണ്ട്, മ്യാന്മർ, ഭൂട്ടാൻ, നേപ്പാൾ വഴി ഇന്ത്യയിലേക്ക് ഹാർലി ഡേവിഡ്‌സണില്‍…

മലേഷ്യയിൽ നിന്നും തായ്‌ലണ്ട്, മ്യാന്മർ, ഭൂട്ടാൻ, നേപ്പാൾ വഴി ഇന്ത്യയിലേക്ക് ഹാർലി ഡേവിഡ്‌സൺ ബൈക്കുകളിൽ ആറു മലേഷ്യൻ റൈഡർമാർ നടത്തിയ സാഹസികസഞ്ചാരത്തിന്റെ നഖചിത്രം..

എഴുത്ത്- ജെ. ബിന്ദുരാജ്, ഫോട്ടോകൾ- രാജ, ജോണി തോമസ്

നാൽപത്തിരണ്ടുകാരനായ മലേഷ്യൻ പൗരൻ മുരുഗാനന്ദം എന്ന ആനന്ദിന് ആ ചോദ്യം കേട്ടപ്പോൾ ചിരിയടക്കാനായില്ല. ഗൗരവപ്രകൃതിക്കാരനായ ആ ആറടി നാലിഞ്ച് ഉയരക്കാരനായ ബൈക്ക് റൈഡർ നിറഞ്ഞുചിരിച്ചു. ”അതെ, നിങ്ങൾ ചോദിച്ചത് ശരിയാണ്. ഇന്ത്യയിലെ നിരത്തുകളാണ് ലോകത്തിൽ വച്ചേറ്റവും ദുർഘടമായി ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൂടെ ബൈക്കോടിക്കുന്നവൻ വെറും റൈഡറല്ല, അവൻ ചാമ്പ്യനാണ്. ലോക ചാമ്പ്യൻ!” ആനന്ദും മറ്റ് അഞ്ച് മലേഷ്യൻ കൂട്ടുകാരും മലേഷ്യയിലെ പ്രശസ്തമായ ഷാഡോഫാക്‌സ് മലേഷ്യ മോട്ടോർസൈക്കിൾ ക്ലബ്ബിന്റെ അംഗങ്ങളാണ്. മെർഡെക്ക് റൈഡ് 2017 എന്നു നാമകരണം ചെയ്ത, ആറു രാജ്യങ്ങളിലൂടെയുള്ള – മലേഷ്യ, തായ്‌ലൻറ്, മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ – 12,968 കിലോമീറ്റർ നീളുന്ന ബൈക്ക് യാത്ര 37-ാം ദിവസം കൊച്ചിയിലെത്തിയപ്പോഴായിരുന്നു ആനന്ദിന്റെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ഈ പ്രതികരണം.

ഒട്ടേറെ രാഷ്ട്രങ്ങളിലൂടെ മുമ്പ് പലവട്ടം ദീർഘദൂര റൈഡുകൾ നടത്തിയിട്ടുള്ളവരാണ് ആനന്ദും സുബ്രഹ്മണ്യം എന്ന സുബ്രയും കുമരേശൻ എന്ന കുമാറും ചങ്കരൻ എന്ന ജോണും ഉയശീലനും രാജയും. എല്ലാവരും അവരുടെ നാൽപതുകളിലാണെങ്കിലും ആവേശത്തിനൊരു കുറവുമില്ല. 2010ലും 2015ലും അമേരിക്കയിലൂടെയും 2013ൽ ചൈനയിലൂടെയും 2010ൽ ലാവോസിലൂടേയും കംബോഡിയയിലൂടെയും 2016ൽ ശ്രീലങ്കയിലൂയേും ന്യൂസിലാൻഡിലൂടെയുമൊക്കെ റൈഡുകൾ പോയിട്ടുള്ളവരാണ് അവരെല്ലാം തന്നെ. യാത്ര സിരകളിൽ ലഹരിയായി പടർന്നിട്ടുള്ളവർ. മലേഷ്യയിലെ പ്രമുഖ മോട്ടോർ റൈഡർമാരായ അവരൊക്കെ തന്നെയും ഹാർലി ഡേവിഡ്‌സൺ ഓണേഴ്‌സ് ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഭാഗവുമാണ്.

യാത്രികരുടെ ആവേശമാണ് ഏതൊരു യാത്രയ്ക്കും ഊർജം പകരുന്നത്. ”യാത്രയും സാഹസികതയും സിരകളിലുള്ളവരാണ് ഞങ്ങളുടെ ക്ലബിലെ 26 ബൈക്കർമാരും. ഷാഡോഫാക്‌സ് എന്നുവച്ചാൽ കുതിരകളുടെ രാജാവെന്നാണ് അർത്ഥം. മധ്യഭൂമിയിലെ ഏറ്റവും കരുത്തരായ കുതിരകളായാണ് ഞങ്ങൾ സ്വയം കാണുന്നത്. ഏത് പ്രതിബന്ധവും തരണം ചെയ്ത് പോകാൻ കെൽപള്ള ശക്തരും ധീരരും സുന്ദരന്മാരുമായ കുതിരകൾ,” മുരുകാനന്ദത്തിന് കഥ പറയാനുള്ള കമ്പം വ്യക്തം.

ലോകം ഒരു പുസ്തകം പോലെയാണെന്നാണ് പറയാറ്. യാത്ര ചെയ്യാത്തവർ അതിലെ ഒറ്റപ്പേജ് മാത്രമേ വായിക്കുന്നുള്ളു. വെറുതെ യാത്ര ചെയ്തതുകൊണ്ടും കാര്യമില്ല. യാത്ര ചെയ്യുമ്പോൾ ഹൃദയത്തെ ഒപ്പം കൂട്ടിയില്ലെങ്കിൽ യാത്രകൾ നിരർത്ഥകമാകും. ആനന്ദിനും സംഘത്തിനും ഹൃദയത്തിനൊപ്പം തന്നെ മറ്റൊരു കൂട്ടും എല്ലാ യാത്രകളിലുമുണ്ട്. ഹാർലി ഡേവിഡ്‌സൺ ബൈക്കാണത്. അവൻ കൂടെയുണ്ടെങ്കിൽ ലോകം കീഴടക്കാമെന്നും ഒരിക്കലും ഉദ്യമങ്ങളിൽ നിന്നും പിന്തിരിയേണ്ടി വരില്ലെന്നും അവർക്കറിയാം. 2017 ഓഗസ്റ്റ് എട്ടിനാണ് കുലാലംപൂരിലെ മലേഷ്യൻ ടൂറിസം സെന്ററിൽ നിന്നും ഈ ചുണക്കുട്ടന്മാർ ഹാർലി ഡേവിഡ്‌സൺ ബൈക്കുകളിൽ യാത്ര പുറപ്പെട്ടത്. സംഘത്തിന്റെ ക്യാപ്റ്റനായ ആനന്ദ് 2008 മോഡൽ ഹാർലി ഡേവിഡ്‌സൺ അൾട്രാ ക്ലാസിക് ഇലക്ട്രാ ഗ്ലൈഡ്‌ന്റെ 105-ാമത് ആനുവേഴ്‌സറി എഡിഷനായ എഫ് എൽ എച്ച് ടി സി യു എൻ എൻ വി ആണെങ്കിൽ സുബ്ര ഓടിക്കുന്നത് സ്ട്രീറ്റ് ഗ്ലൈഡാണ്. കുമാർ റോഡ് ഗ്ലൈഡ് അൾട്രയും ജോൺ എക്‌സ് എൽ 1200 എല്ലും ഉദയശീലനും രാജയും സ്ട്രീറ്റ് ഗ്ലൈഡുമാണ് ഓടിക്കുന്നത്. 449 കിലോഗ്രാം മുതൽ 251 കിലോഗ്രാം വരെ ഭാരമുള്ള ഈ ബെക്കുകൾക്ക് 1854 സി സി മുതൽ 1200 സി സി വരെയാണ് എഞ്ചിൻശേഷി.

അമേരിക്കയിലും കംബോഡിയയിലുമൊക്കെ നടത്തിയ യാത്രകൾ പോലെയാവില്ല ഇന്ത്യയിലൂടെയുള്ള സഞ്ചാരമെന്ന് മുമ്പ് ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ള പലരും യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ ആനന്ദിനോട് പറഞ്ഞിരുന്നതാണ്. പക്ഷേ ഹാർലി ഒപ്പമുണ്ടെങ്കിൽ തടസ്സങ്ങളൊക്കെ താനെ നീങ്ങിപ്പോകുമെന്നാണ് അവരോടൊക്കെ ആത്മവിശ്വാസത്തോടെ ആനന്ദ് പറഞ്ഞത്. കാരണം മുമ്പ് നടത്തിയ യാത്രകളിലൊരിടത്തും നിരത്തുകൾ ആ കുതിരകൾക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്കാണ് സലോമ ബ്രിസ്‌ട്രോ മലേഷ്യൻ ടൂറിസം സെന്ററിൽ മലേഷ്യൻ ടൂറിസം മന്ത്രി സെരി മുഹമ്മദ് നസ്രിയും മലേഷ്യൻ ആരോഗ്യമന്ത്രി ഡോക്ടർ എസ് സുബ്രഹ്മണ്യവും ചേർന്ന് ഈ ആറു പേരുടെ സ്വതന്ത്ര ബൈക്ക് റൈഡിന് പച്ചക്കൊടി വീശിയത്. മലേഷ്യയിൽ നിന്നും തായ്‌ലൻറിലെ ഷാമ്പോണിലേക്കായിരുന്നു ആദ്യദിവസത്തെ പ്രയാണം. ആദ്യ ദിവസം പൂർത്തീകരിക്കേണ്ടത് 1086 കിലോമീറ്ററായിരുന്നു. രാത്രി വൈകിയപ്പോഴേക്കും ഷാമ്പോണിലെത്തി. കേരളത്തിലെ ഫോർട്ടുകൊച്ചി പോലൊരിടമാണ് തായ്‌ലൻറിലെ താരതമ്യേന ആൾത്തിരക്കൊന്നുമില്ലാത്ത ഈ കടലോര പട്ടണം. ഷാമ്പോണിലെ വിപണികളിൽ മാങ്കോസ്‌റ്റൈയ്‌നും റംമ്പൂട്ടാനു മൊക്കെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ തുടർ യാത്രകളിൽ ഭക്ഷിക്കാൻ എല്ലാവരും തങ്ങളുടെ ലഗേജുകൾ കാലങ്ങളോളം കുഴപ്പമില്ലാതെ സൂക്ഷിക്കാനാ കുന്ന ഈ പഴങ്ങൾ കൊണ്ട് നിറച്ചു.

ഷാമ്പോൺ പട്ടണത്തിൽ അന്തിയുറങ്ങിയശേഷം അതിസുന്ദരമായ കാഞ്ചനബുരിയിലേക്കായിരുന്നു പിറ്റേന്നത്തെ യാത്ര. ക്വായ് നദിയിലെ ഉല്ലാസയാത്രയ്ക്കും മലനിരകളെ ചുറ്റിപ്പറ്റി നീങ്ങുന്ന തീവണ്ടിക്കും ജലപാതങ്ങൾക്കുമൊക്കെ പേരെടുത്തയിടമാണത്. 576 കിലോമീറ്ററാണ് അന്നേ ദിവസത്തെ യാത്ര. മഴക്കാലമായതിനാൽ മഴ നന്നായി പെയ്തിറങ്ങുന്നുണ്ടായിരുന്നു. നല്ല നിരത്തുകളാണെങ്കിലും ചന്നംപിന്നം പെയ്ത മഴ യാത്ര പതുക്കെയാക്കി മാറ്റി. അടുത്ത ദിവസത്തെ യാത്ര മ്യാന്മാറിന്റെ അതിർത്തിപ്പട്ടണമായ മേയ്‌സോട്ടിലേക്കായിരുന്നു. 556 കിലോമീറ്ററാണ് മേയ്‌സോട്ടിലേക്കുണ്ടായിരുന്നത്.
റോഹിംഗ്യക്കാരുടെ പൗരത്വത്തെ പ്രശ്‌നത്തെ തുടർന്നുണ്ടായ കലാപങ്ങളിൽ മ്യാന്മാറിലെ പല പ്രദേശങ്ങളും കത്തുകയായിരുന്നുവെങ്കിലും മേയ്‌സോട്ടിൽ അതിന്റെ അനുരണനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മലമുകളിലെ കൃഷിയിടങ്ങൾ നിറഞ്ഞ മേയ്‌സോട്ട് കണ്ടാൽ ഒരു വടക്കേന്ത്യൻ ഗ്രാമം പോലെയേ തോന്നൂ. മൈദ മാവുകൊണ്ട് പൊറോട്ട പോലെ നിർമ്മിച്ച് കനലിൽ വച്ച് ചുട്ടെടുക്കുന്ന പ്രത്യേകതരം റൊട്ടിയാണ് ഇവിടത്തെ പ്രാതൽ. ജോണിന് അത് ശരിക്കും രസിച്ചു. ചിക്കൻ കറിയിൽ മുക്കി റൊട്ടികൾ ഒരു മത്സരം പോലെ തിന്നുതീർക്കുന്നതിലാണ് എല്ലാവരും ഏർപ്പെട്ടത്. ”ഞങ്ങൾ ആറു പേരും ഭക്ഷണപ്രിയരായതിനാൽ എവിടെപ്പോയാലും അവിടത്തെ ഭക്ഷണവസ്തുക്കളെല്ലാം പരാമാവധി ആസ്വദിച്ചശേഷം മാത്രമേ നീങ്ങാറുള്ളു. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാരെ കഴിഞ്ഞേ വേറെ ഏതൊരു നാട്ടുകാരനും ഉള്ളു. ഓരോയിടത്തും എന്തെല്ലാം വൈവിധ്യമാർന്ന വിഭവങ്ങളാണുള്ളത്,” രാജ പറയുന്നു.

മേയ്‌സോട്ടിൽ നിന്നും മ്യാന്മാറിലെ അതിസുന്ദര പട്ടണമായ ഹാപ്പനിലേക്കായിരുന്നു അടുത്ത സഞ്ചാരം. കയീൻ സ്റ്റേറ്റിന്റെ ആസ്ഥാനമാണത്. കേരൻ വംശത്തിൽപ്പെട്ടവരാണ് പാടശേഖരങ്ങളും പുഴകളുമൊക്കെയുള്ള ആ പ്രദേശത്ത് താമസിക്കുന്നത്. പാടങ്ങൾക്കിടയിലൂടെ ചെറുവള്ളങ്ങളിൽ സഞ്ചരിക്കുന്നവർ. നെല്ലും വാഴയും ആണ് പ്രധാന കൃഷി. ചെമ്മൺ നിരത്തുകളിലൂടെ ഹാർലികൾ ചീറിപ്പാഞ്ഞു. എവിടേയും ബുദ്ധസന്ന്യാസിമാരെ കാണാം. ബുദ്ധവിഹാരങ്ങളിലെ പൂജകളും പഴയ ബുദ്ധവിഹാരങ്ങളും പിന്നിട്ടാണ് നയ്പഡോയിലെത്തിയത്. അപ്പോഴേയ്ക്കും 3354 കിലോമീറ്ററുകൾ സംഘം താണ്ടിക്കഴിഞ്ഞിരുന്നു. മ്യാന്മറിന്റെ പുതിയ തലസ്ഥാനമാണ് അതിസുന്ദരമായ നിരത്തുകളുള്ള ഇവിടം. നിരത്തുകളിലാണെങ്കിൽ വാഹനങ്ങളും നന്നേ കുറവ്. ഹൈവേകളിലെങ്ങും മീഡിയനുകളിൽ പനകളും മറ്റും വച്ച് ഏറെ സുന്ദരമാക്കിയിരിക്കുന്നു. ഹൈവേയിൽ പലയിടത്തും ആൾത്താമസമേയില്ലെന്നു തോന്നും ചിലപ്പോൾ. മ്യാന്മാറിലെ മന്ത്രിമന്ദിരങ്ങളും പാർലമെന്റുമെല്ലാം സ്ഥിതി ചെയ്യുന്ന ഇവിടം അതീവ സുരക്ഷാമേഖലയാണ്. പത്തു വർഷം മുമ്പ് ഒരു ജ്യോതിഷി പറഞ്ഞതനുസരിച്ചാണ് ആസ്ഥാനം റങ്കൂണിൽ നിന്നും ഇവിടേയ്ക്ക് മാറ്റാൻ സർക്കാർ തയാറായത്. ആളൊഴിഞ്ഞ ഹോട്ടലുകളും ആളില്ലാ തെരുവുകളുമൊക്കെ അതിമനോഹരമെങ്കിലും പഴയ ഈ തരിശുനിലത്തെ ഒരു പ്രേതഭൂമി കണക്കെയാക്കിയിരിക്കുന്നു.

20 ലെയ്‌നുകളുള്ള ഹൈവേകൾ പലതും അക്ഷരാർത്ഥത്തിൽ ശൂന്യം. മ്യാന്മർ ആങ്‌സാങ് സൂകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യത്തിനു വഴിമാറിയെങ്കിലും സൈന്യത്തിന്റെ ആധിപത്യം തന്നെയാണ് ഇപ്പോഴും മ്യാന്മാറിൽ. മ്യാന്മാറിലെ പഴയ ബുദ്ധക്ഷേത്രങ്ങളൊക്കെയുള്ള ബഗാനിലേക്കായിരുന്നു തുടർന്ന് സഞ്ചാരം. 9-ാം നൂറ്റാണ്ടു മുതൽ 13 -ാം നൂറ്റാണ്ടു വരെ ബർമ്മയുടെ തലസ്ഥാനമായിരുന്നു ഇവിടം. വലിയ പഗോഡകളുള്ള ക്ഷേത്രങ്ങൾ. ആനന്ദിന് അനന്ദ ക്ഷേത്രം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാൽ അൽപനേരം അവിടെ തങ്ങി. അവിടെ നിന്നും വെള്ളപ്പൊക്കം മൂലം ഏതാണ്ട് പൂർണമായും നശിച്ചുപോയ നഗരമായ കാലെയിലേക്കായിരുന്നു സഞ്ചാരം. പ്രളയത്തിൽ നിരത്തുകൾ തകർന്നതിനാൽ യാത്ര ദുഷ്‌കരമായിരുന്നു. ഒരു പ്രേതപട്ടണം പോലെയാണ് അതനുഭവപ്പെട്ടത്.
കാലെയിൽ നിന്നും ബൈക്ക് സഞ്ചാരം തുടർന്നു. ഇന്ത്യയുടേയും മ്യാന്മാറിന്റേയും അതിർത്തിയായ മോറേ വൃത്തിഹീനമായ ഒരു മലയോര നഗരമാണ്. നിരത്തുകളും പൊട്ടിപ്പൊളിഞ്ഞവ. പലയിടത്തും പട്ടാളത്തിന്റെ ചെക്ക്‌പോസ്റ്റുകളുണ്ട്. മലേഷ്യയിൽ നിന്നുള്ള ബൈക്ക് റൈഡന്മാരാണെന്നറിഞ്ഞപ്പോൾ പട്ടാളക്കാർക്ക് ഹരമായി. അവർക്കൊപ്പം ഏറെ നേരം ചെലവഴിച്ചശേഷമാണ് കൊഹിമയിലേക്ക് പുറപ്പെട്ടത്. യാത്രയുടെ ഒമ്പതാം ദിവസമായിരുന്നു അത്. 296 കിലോമീറ്ററാണ് മോറേയിൽ നിന്നും കൊഹിമയിലേക്ക്. 4292 കിലോമീറ്ററാണ് അതുവരെ പിന്നിട്ടത്. ഹാർലി ഡേവിഡ്‌സൺ ബൈക്കുകളും അതിലെ യാത്രക്കാരും അതുവരെയുള്ള പ്രയാണത്തിൽ യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടിരുന്നില്ല. ഓഗസ്റ്റ് 17-ന് കൊഹിമയിൽ വിശ്രമിച്ചശേഷം 18-ന് ഗുവാഹട്ടിയിലേക്ക് പുറപ്പെടുകയായിരുന്നു ലക്ഷ്യം. പിന്നെ അസമിന്റെ തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും പശ്ചിമബംഗാളിലെ സിലിഗുരിയിലേക്കും സിലിഗുരിയിൽ നിന്നും ഫുൺഷൊലിങ്ങിലേക്കും. ഫുൺഷൊലിങ്ങിലേക്കുള്ള യാത്ര അതിരാവിലെ തന്നെ ആരംഭിച്ചു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. നിരവധി ട്രക്കുകളുണ്ടായിരുന്നു നിരത്തിൽ. വഴി പച്ചപ്പുനിറഞ്ഞ പാതയായി മാറി.

നിരത്തിന് ഗ്രിപ്പ് കിട്ടാനായി ടാറിൽ ചരലുകൾ നിറച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. കാറുകൾക്ക് ഗ്രിപ്പു കിട്ടാൻ ഗുണകരമാണ് അതെങ്കിലും ബൈക്ക് യാത്രികർ വീഴാനുള്ള സാധ്യത കൂടുതലാണ്. 230 കിലോമീറ്റർ നീളുന്ന യാത്രയാണത്. വിജനമായ 2 ലെയ്ൻ ഹൈവേയാണത്. നേരത്തെ ഷാമ്പോണിൽ നിന്നും വാങ്ങിയ പഴങ്ങളല്ലാതെ വഴിയിൽ മറ്റൊന്നും തന്നെ കഴിക്കാൻ ലഭിക്കില്ലെന്നുറപ്പായിരുന്നു. വിജനമായ പാത നീണ്ടു കിടക്കുകയാണ്. ഫുണ്ട്‌സൊലിങ് ഭൂട്ടാന്റെ പ്രവേശന കവാടമാണ്. വൈകുന്നേരമാകുംമുമ്പേ 230 കിലോമീറ്റർ പിന്നിട്ട് അവിടെയത്തി. അടുത്ത ദിവസം ഫുൺഷൊലിങ്ങിൽ നിന്നും ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിലേക്കാണ് യാത്ര. തിമ്പു ഒരു രാജ്യതലസ്ഥാനമാണെങ്കിലും ഒരു ചെറുപട്ടണം പോലെ മാത്രമേ അനുഭവപ്പെടുകയുള്ളു. പോർക്കിറച്ചിയും ബീഫ് അടക്കം മറ്റ് മാംസവിഭവങ്ങളുമുള്ള റസ്റ്റോറന്റുകളിൽ അരിഭക്ഷണവും ലഭിക്കും. അവിടെ നിന്നും ഭൂട്ടാനിലെ തന്നെ പാരോ എന്ന 95 കിലോമീറ്റർ അകലെ കിടക്കുന്ന സ്ഥലത്തേക്കായിരുന്നു അതിനടുത്ത ദിവസത്തെ യാത്ര. മേഘാവൃതമായ ആകാശവും പച്ചക്കുന്നുകളും.കേരളത്തിൽ വാഗമണ്ണിലെന്നപോലുള്ള മൊട്ടക്കുന്നുകളാണ് എവിടേയും. വളഞ്ഞുപുളഞ്ഞുകിടക്കുന്ന മലമ്പാതകൾ.

വൈകിട്ടായതോടെ പാരോയിലെത്തി. മനോഹരമായ ഒരു ചെറുപട്ടണം. പിറ്റേന്ന് സിലിഗുരിയിലേക്കും അവിടെ നിന്നും അതിനടുത്ത ദിവസം നേപ്പാളിലെ ജനക്പൂറിലേക്കുമാണ് യാത്ര. പുരാതന മിഥിലാ ദേശം ഭരിച്ചിരുന്ന വിദേഹ വംശത്തിന്റെ തലസ്ഥാനമായിരുന്നത്രേ ജനക്പൂർ. രാമായണത്തിൽ വർണിക്കപ്പെടുന്ന വിദേഹ ദേശം തന്നെയാണ് ഇത്. വിദേഹയിലെ രാജാവായ ജനകന് സീതയെ ഇവിടെ ഒരു ഉഴവുചാലിൽ നിന്നാണ് ലഭിച്ചതെന്നും പിന്നീട് തന്റെ മകളായി വളർത്തുകയുമായിരുന്നുവെന്നാണ് ഇതിഹാസം പറയുന്നത്. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്ക് 285 കിലോമീറ്ററാണുള്ളത്. നേപ്പാളിലെ സാംസ്‌കാരിക ടൂറിസത്തിന്റെ മുഖ്യയിടങ്ങളിലൊന്നു കൂടിയാണ് ജനക്പൂർ. നിരവധി ക്ഷേത്രങ്ങളുള്ളയിടം കൂടിയാണിത്.

ജനപൂരിൽ നിന്നും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള യാത്ര 285 കിലോമീറ്റർ നീണ്ടതാണ്. മലയോരപാതയിലൂടെ വേണം അവിടേയ്ക്ക് സഞ്ചരിക്കാൻ. പലയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഏഷ്യലിലെ ഏറ്റവും വലിയ ഹിമാലയൻ രാഷ്ട്രമാണ് കാഠ്മണ്ഡു. സമുദ്രനിരപ്പിൽ നിന്നും 4600 അടി ഉയരെയാണ് ആ നഗരം. ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടമായതിനാൽ ടൂറിസ്റ്റുകൾ ധാരാളമായി തന്നെ എത്തുന്നുണ്ട് അവിടേയ്ക്ക്. 2015-ലുണ്ടായ അതിശക്തമായ ഭൂകമ്പം മൂലം ചരിത്രപ്രശസ്തമായ പല മന്ദിരങ്ങളും നിലംപൊത്തിയെങ്കിലും പലതും പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഡർബാർ സ്‌ക്വയറിലുള്ള കസ്തമണ്ഡപ് ക്ഷേത്രത്തിന്റെ പേര് മൂലമാണ് കാഠ്മണ്ഡുവിന് ആ പേര് ലഭിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നെ ആരാധാനാലയങ്ങൾ. ഹിന്ദുമതവും ബുദ്ധമതവുമാണ് പ്രധാന മതങ്ങളെന്നതിനാൽ അത്തരം ക്ഷേത്രങ്ങളാണ് ധാരാളമായുള്ളത്. ബൈക്കർമാർ ദർബാർ സ്‌ക്വയറിലാണ് സമ്മേളിച്ചത്. നഗരത്തിൽ ഒരു ദിവസം വിശ്രമിച്ചശേഷം അടുത്ത ദിവസം 315 കിലോമീറ്റർ അകലെയുള്ള ലുംബിനിയിലെത്തുകയാണ് ലക്ഷ്യം.

ഗൗതമബുദ്ധന്റെ ജന്മദേശമാണ് ലുംബിനി. ബുദ്ധന്റെ മാതാവായ മായാദേവിയുടെ പേരിൽ ഇവിടെയൊരു ക്ഷേത്രമുണ്ട്. അതീവ ദുർഘടമായ ചെറിയ വഴികളാണ് ലുംബിനിയിലേക്കുള്ളത്. ഒന്നു ശ്രദ്ധ പോയാൽ വലിയ ഗർത്തങ്ങളിൽ ജീവിതം അവസാനിക്കും. ബസ്സുകൾ ആ നിരത്തിലൂടെ പോകുന്നതു കാണുമ്പോൾ ചങ്കിടിക്കും. മഴ പെയ്തതു കൊണ്ടു മാത്രം പൊടിയടഞ്ഞ വഴികളാണെന്ന് വ്യക്തം. ലുംബിനിയിൽ നിന്നും ഇന്ത്യയിലെ ലക്‌നൗവിലേക്ക് പ്രവേശിക്കും. പക്ഷേ പല ദുർഘടങ്ങളും പാതയിലുടനീളം ഉണ്ടായി. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ട അവസ്ഥ. മറ്റു ചിലയിടത്താകട്ടെ ചെളി പുതഞ്ഞു കിടക്കുന്ന വഴികൾ. ”ശ്രദ്ധ പോയാൽ ബൈക്ക് വീഴുമെന്നുറപ്പ്.”

 

ഇന്ത്യയിൽ ലക്‌നൗവിൽ നിന്നും ആഗ്രയിലേക്കും പിന്നീട് ദൽഹി, ജയ്പൂർ, ചിറ്റോർഗഢ്, ഇൻഡോർ, മലേഗാവ്, പൂനെ, കർണാടകയിലെ ഹുബ്ബാലി, സേലം, വഴി കൊച്ചിയിലേക്കായിരുന്നു റൈഡ്. ”ഇന്ത്യൻ നിരത്തുകൾ ഹാർലിക്ക് ശരിക്കുമൊരു പരീക്ഷണം തന്നെയായിരുന്നു. ദൽഹിയിലേക്കുള്ള യാത്രയിൽ എന്റെ ഹാർലിക്ക് കാര്യമായ തകരാറു തന്നെ സംഭവിച്ചു. ദൽഹിയിൽ 85,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയശേഷമാണ് യാത്ര സാധ്യമായതു തന്നെ. ഇന്ത്യയിലെ നിരത്തുകളിൽ വാഹനമോടിക്കുന്നവർ ശരിക്കും ചാമ്പ്യന്മാർ തന്നെ,” ആനന്ദ് പൊട്ടിച്ചിരിക്കുന്നു.

കൊച്ചിയിലെത്തിയപ്പോഴേക്കും 11,590 കിലോമീറ്ററുകൾ ഹാർലി സംഘം താണ്ടിക്കഴിഞ്ഞിരുന്നു. കൊച്ചിയിൽ ആനന്ദിന്റേയും സംഘത്തിന്റേയും സുഹൃത്തായ ടൈറ്റസ് വി ജോർജും സാവിയോയും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. വൈകിട്ട് ഹാർലി ഡേവിഡ്‌സൺ ഷോറൂമിലെ സ്വീകരണച്ചടങ്ങിനുശേഷം ഒലിവ് ഡൗൺടൗണിൽ അന്തിയുറക്കം. കൊച്ചിയിൽ നിന്നും കന്യാകുമാരിയിലേക്കും രാമനാഥപുരത്തേക്കും തിരുച്ചിറപ്പിള്ളിയിലേക്കും അവിടെ നിന്നും ചെന്നൈയിലേക്കുമാണ് യാത്ര നീണ്ടത്. ചെന്നൈയിൽ ഒരു ദിവസം വിശ്രമിച്ചശേഷം സെപ്തംബർ 16-ന് ചെന്നൈയിലെ മലേഷ്യൻ കോൺസുലേറ്റിൽ മലേഷ്യൻ ഡേ ആഘോഷങ്ങളിൽ പങ്കെടുത്തശേഷം വിമാനത്തിൽ മലേഷ്യയിലേക്ക്. സാഹസികയാത്രയ്ക്ക് തുണയായ ഹാർലി ഡേവിഡ്‌സണുകളാകട്ടെ കപ്പലിൽ മലേഷ്യയിലേക്കുള്ള യാത്രയിൽ വിശ്രമത്തിലും!

Source – http://smartdriveonline.in/malayalam/six-nations-six-riders-the-story-of-merdeka-ride/

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply