ഓഫീസിൽ എടുത്തു തീര്ക്കാൻ ബാക്കി ഒരു 4 ലീവ് കിടക്കുന്നു. എങ്ങോട്ട് പോകും എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന നിസാറാണ് സ്വിറ്റ്സർലൻഡ് സജ്ജെസ്റ്റ് ചെയ്തത് . പുള്ളി രണ്ടു മാസം മുമ്പ് കുടുംബമായി അവിടെ പോയി വന്നതാണ് .. എന്റെയും ഒരുപാട് കാലത്തെ സ്വപ്നം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു .. വിസക്ക് അപ്ലൈ ചെയ്തു ..
ഭൂമിയിലെ സ്വർഗ്ഗം എന്ന് സ്വിറ്റ്സർലൻഡിനെ വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് Zurich എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ തന്നെ മനസ്സിലായി . മനോഹരമായ ഭൂപ്രകൃതി , ആല്പ്സ് പർവത നിരകൾ മഞ്ഞു മൂടി കിടക്കുന്നു , ചുറ്റും പച്ചപ്പരവതാനി വിരിച്ചപോലെ പുൽത്തകിടികൾ , തടാകങ്ങൾ .. എവിടെ നോക്കിയാലും നമ്മൾ വോൾ പേപ്പറിൽ കണ്ടപോലെയുള്ള സ്ഥലങ്ങൾ . Zurich എയർപോർട്ടിൽ നിന്ന് തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ ഉണ്ട് . വെറും രണ്ടു മിനിട്ട് കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തി .നേരെ ഇൻഫർമേഷൻ കൗണ്ടറിൽ പോയി . നമ്മുടെ നാട്ടിലെ റെയിൽവേ enquriy കൗണ്ടറിൽ നിന്നും തീർത്തും വിഭിന്നമാണത് 🙂 , സ്വന്തം വീട്ടിലേക്കു ഒരു അതിഥിയെ ക്ഷണിക്കുന്ന പോലെയുള്ള പെരുമാറ്റം . നമ്മൾ എത്ര ദിവസം അവിടെ കാണുമെന്നും , എവിടെയൊക്കെ പോണമെന്നും പറഞ്ഞാൽ നമുക്ക് അനുയോജ്യമായ ട്രാവൽ പ്ലാൻ അവർ സജ്ജസ്റ്റ് ചെയ്യും . അതിന്റെ കൂടെ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ മാപ്പും , ബ്രോഷറുകളും തരും .
ഞാൻ നാലു ദിവസം ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ 4 ദിവസത്തെ സ്വിസ് പാസ് ആണ് recomment ചെയ്തത് . 251 സ്വിസ് ഫ്രാങ്കാണ് അതിന്റെ ചാർജ് . ഈ നാലു ദിവസം നമുക്ക് സ്വിറ്റ്സർലൻഡിൽ പരിധിയില്ലാതെ യാത്ര ചെയ്യാം . ഇതിൽ ട്രെയിൻ , ബസ് , ബോട്ട് എല്ലാം ഉൾപ്പെടും . ടോപ് ഓഫ് europe എന്ന് വിളിക്കുന്ന Jungfraujoch ( യുങ്ങ് ഫ്രോ ) യിൽ പോകാനുള്ള ടിക്കറ്റിനു മാത്രം 50 ശതമാനം കൊടുക്കണം .
ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ Interlaken എന്ന സ്ഥലത്തായിരുന്നു . Zurich ൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ യാത്ര ചെയ്താൽ Interlakenൽ എത്താം . ജീവിതത്തിൽ അനുഭവിച്ച ഏറ്റവും മനോഹരമായ യാത്രകളിൽ ഒന്നായിരുന്നു ആ ട്രെയിൻ യാത്ര. Lake Geneva യും , തൂവെള്ള നിറത്തിലുള്ള ആല്പ്സ് പർവത നിരകളും , പശുക്കൾ മേയുന്ന ഭംഗിയുള്ള പുൽത്തകിടികളും , സുന്ദരങ്ങളായ ചെറു പട്ടണങ്ങളും താണ്ടിയുള്ള യാത്ര. അതൊന്ന് അനുഭവിച്ചറിയുക തന്നെ വേണം . Interlaken OST സ്റ്റേഷനിലാണ് ട്രെയിൻ ഇറങ്ങിയത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് 20 മിനിട്ട് നടക്കാനുള്ള ദൂരമുണ്ട് . Interlaken എന്ന കൊച്ചു പട്ടണത്തിലൂടെ trolly ബാഗും വലിച്ചു നടന്നു .
ഒരു പട്ടണം ഇങ്ങനെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്ന സ്വിസ് ജനതയോടും , ഗവൺമെന്റിനോടും സത്യത്തിൽ ബഹുമാനം തോന്നി .പണിയുന്നത് കടയാണെങ്കിലും , വീടാണെങ്കിലും പണിയുന്നതിനു മുമ്പ് പ്ലാൻ ഗവൺമെന്റ് approve ചെയ്യണം . ഒരേ രൂപത്തിലും നിറത്തിലുമുള്ള മനോഹരമായ വീടുകൾ , അവിടുത്തെ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ടിയുള്ള രൂപകല്പ്പന , എന്തിനേറെ പറയുന്നു വീടുകളുടെ ജനലുകൾക്ക് കൊടുത്ത നിറങ്ങളിൽ പോലും ഒരു uniformity കാണാം .
തടാകത്തിലേക്ക് തുറക്കുന്ന ജനലുള്ള ഒരു മുറിയായിരുന്നു എന്റേത് . ദൂരെ ഒരു ചിത്രത്തിലെന്ന പോലെ പർവതങ്ങളും താഴെ തടാകത്തിൽ അരയന്നങ്ങളും പിന്നെ പേരറിയാത്ത ഒരുപാട് പക്ഷികളും തടാകത്തിനു മറുകരയിൽ Interlaken വെസ്റ്റ് റെയിൽവേ സ്റ്റേഷൻ, പിന്നെ Interlaken എന്ന കൊച്ചു പട്ടണവും . വർഷത്തിലെ ഈ സീസൺ winter ആണവിടെ . മരം കോച്ചുന്ന തണുപ്പും മഞ്ഞു വീഴ്ചയും . 4.20 ആയപ്പോഴേക്കും സൂര്യൻ അസ്തമിച്ചു . നല്ല വിശപ്പ് . മുറി പൂട്ടി പുറത്തിറങ്ങി . പൊതുവേ ഏറ്റവും ചിലവേറിയ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ആണ് സ്വിറ്റ്സർലൻഡിന്. ചെറിയ ഒരു ഹോട്ടൽ നോക്കി കയറി . കണ്ണ് തള്ളുന്ന മെനു . താരതമ്യേന വില കുറഞ്ഞ ഒരു pizza ഓർഡർ ചെയ്തു . ( ചെലവ് ചുരുക്കി സ്വിറ്റ്സർലൻഡ് ലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർ കഴിയുന്നതും കേടു വരാത്ത ഭക്ഷണം കൂടെ കൊണ്ട് പോകാൻ ശ്രമിക്കണം ) .
ഭക്ഷണം കഴിച്ചു ഒന്ന് കറങ്ങിയതിന് ശേഷം മുറിയിലെത്തി നേരത്തെ കിടന്നു . പിറ്റേന്ന് നേരത്തെ എണീറ്റ് ടോപ് ഓഫ് യൂറോപ്പ് കാണാൻ പോകാനുള്ളതാണ്. Interlaken വെസ്റ് സ്റ്റേഷനിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ യാത്ര ചെയ്യണം ടോപ് ഓഫ് യൂറോപ്പ് എന്ന് വിളിക്കുന്ന Jungfraujoch എന്ന സ്ഥലത്ത് എത്താൻ . സ്വിറ്റ്സർലൻഡിലെ ഏറ്റവും ചിലവേറിയ ട്രെയിൻ യാത്ര , ഒരു പക്ഷെ ലോകത്തെയും . ഏകദേശം 220 ഡോളർ വരും റിട്ടേൺ ടിക്കറ്റിന്. സ്വിസ് പാസ് ഉള്ള കാരണം 50 % discount കിട്ടി . Jungfraujoch എത്തുന്നതിനു മുമ്പ് രണ്ടു സ്ഥലത്ത് ട്രെയിൻ മാറി കയറണം . Lauterbrunnen എന്ന സ്ഥലത്തും Kleine Scheidegg സ്ഥലത്തും .
സമുദ്ര നിരപ്പിൽ നിന്നും 3466 മീറ്റർ ഉയരത്തിലാണ് Jungfraujoch . മഞ്ഞു മൂടി കിടക്കുന്ന ആല്പ്സ് പർവത നിരകളിലൂടെയാണ് യാത്ര . ഉയരം കൂടുന്തോറും താഴേക്ക് നോക്കുമ്പോൾ ഏറ്റവും സേഫാണ് സ്വിസ് ട്രെയിൻ എന്നറിയാമെങ്കിലും ഒരു ചെറിയ ഭയം ഉള്ളിലെവിടെയോ രൂപപ്പെട്ടു . രണ്ടു പാളങ്ങൾക്ക് നടുവിലായി വലിയ പൽ ചക്രങ്ങൾ ഉണ്ട് , അതിൽ പിടിച്ചിട്ടാണ് ട്രെയിൻ കുത്തനെയുള്ള കയറ്റങ്ങൾ കയറി പോകുന്നത് . മുകളിൽ എത്തിയപ്പോഴാണ് ഞാൻ യാത്രക്ക് തിരഞ്ഞെടുത്ത സമയം ശരി ആയില്ല എന്ന സത്യം തിരിച്ചറിഞ്ഞത് .. ശക്തമായ മഞ്ഞു മഴയും കാറ്റും , ഒന്നും കാണാൻ വയ്യാത്ത അവസ്ഥ .. വീഡിയോ ഇവിടെ കാണാം.
മൂന്നാമത്തെ ദിവസം Montreaux ( മോന്റ്രോ ) യിലെക്ക് പോകാനാണ് പ്ലാൻ . Lake Geneva യുടെ കരയിലെ ഒരു പുരാതന പട്ടണം .Interlakenൽ നിന്നും ഏകദേശം 2 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താൽ അവിടെ എത്താം . Freddie Mercury യും Charlie Chaplin ഉം ജീവിച്ചിരുന്ന സ്ഥലം . ഇവിടെ ഒരുപാട് സ്ഥലങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും ശക്തമായ മഴ അതിനു അനുവദിച്ചില്ല . Lake Geneva യുടെ കരയിലുള്ള പുരാതനമായ Chillon Castle എന്ന കോട്ട മാത്രേ കാണാൻ പറ്റിയുള്ളൂ ..
നാലാം ദിവസവും മഴ ആയിരുന്നു . പുറത്തു ഇറങ്ങി കാഴ്ചകൾ കണ്ടു നടക്കൽ ശരീരത്തിനും , ക്യാമറക്കും നല്ലതല്ല എന്ന് ഞാൻ മനസ്സിലാക്കി . നേരെ Montreaux റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യം കണ്ട ട്രെയിനിൽ കയറി . ആ ട്രെയിനിന്റെ അവസാന സ്റ്റോപ്പിൽ ഇറങ്ങി . വീണ്ടും മറ്റൊരു ട്രെയിനിൽ അതിന്റെ അവസാനത്തെ സ്റ്റോപ്പ് വരെ . ഇത് വൈകുന്നേരം വരെ തുടർന്നു . 4 മണിക്ക് Montreaux റെയിൽവേ സ്റെഷനിൽ തിരിച്ചെത്തി . 9 മണിക്ക് Geneva എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ് . ഒരു മണിക്കൂർ കൊണ്ട് Geneva എയർപോർട്ടിലേക്കുള്ള ട്രെയിൻ എത്തി . ട്രെയിൻ ഇറങ്ങി escalatorൽ ഒരു ഫ്ലോർ മേലെ പോയാൽ ഫ്ലൈറ്റ് ചെക്ക് ഇൻ കൗണ്ടർ . സ്റ്റാഫ് ടിക്കറ്റ് ആയതോണ്ട് ഒരു മണിക്കൂർ വെയിറ്റ് ചെയ്യാൻ പറഞ്ഞു .
കൃത്യ സമയത്ത് geneva എയർപോർട്ടിൽ നിന്നും Turkish എയർലൈൻസ് വിമാനം ദൈവം കനിഞ്ഞു നല്കിയ ഈ മനോഹര ഭൂമിയെ പിന്നിലാക്കി പറന്നു പൊങ്ങി . (നിങ്ങൾ വിദേശത്ത് ആണെങ്കിൽ വിസക്ക് അപ്ലൈ ചെയ്യാൻ ആവശ്യമുള്ള പേപ്പറുകൾ – കമ്പനി ലെറ്റർ , 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് , ഫ്ലൈറ്റ് ടിക്കറ്റ് , ഹോട്ടൽ ബുക്കിംഗ് , ഇൻഷുറൻസ് , രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോസ് വൈറ്റ് background . താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടും .) https://www.vfsglobal.ch/switzerland/qatar/.
വിവരണം – ഷാജി മന്ഷാദ്.