ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ഗിയർ ലിവർ മുറിഞ്ഞപ്പോൾ പഴയ ഡ്രൈവർ കൂടിയായ കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ. തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങാതെ ലക്ഷ്യത്തിലെത്തി. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ ബിറ്റോ ആണു പ്രതിസന്ധി ഘട്ടത്തിൽ ഗിയർ മാറ്റി ഇട്ട് ഡ്രൈവറെ സഹായിച്ചത്.

ഇന്നലെ രാവിലെ 8.30 ന് ആനക്കുളത്തുനിന്നും പുറപ്പെട്ട ബസിന്റെ ഗിയർ ലിവർ സുകുമാരൻകട കവലയിൽ എത്തിയപ്പോൾ പകുതി ഒടിഞ്ഞ് ഡ്രൈവറുടെ കയ്യിലിരുന്നു. ഗിയർ മാറ്റുവാൻ പറ്റാത്ത സ്ഥിതിയായതോടെ യാത്ര പെരുവഴിയിലായെന്നു യാത്രക്കാർ ഉറപ്പിച്ചു. മുൻപ് സ്വകാര്യ ബസിലെ ഡ്രൈവർ കൂടിയായിരുന്ന കണ്ടക്‌ടർ ബിറ്റോ ഉടൻ ഡ്രൈവറുടെ സഹായത്തിനെത്തി. ഒടിഞ്ഞ ഗിയർ ലിവർ അനായാസം മാറ്റിയിട്ട് ഡ്രൈവർക്ക് സഹായിയായി ബിറ്റോ മാറിയതോടെ കാര്യങ്ങൾ എളുപ്പമായി. ഗിയർ മാറ്റാതെ സുഗമമായി ഓടിക്കാവുന്ന സമയത്ത് യാത്രക്കാർക്കു ടിക്കറ്റ് നൽകി.
ഇതോടെ യാത്രക്കാർക്ക് അവസാന സ്റ്റോപ്പായ കല്ലാറിലെത്താനായി. പിന്നീട് ബസ് രണ്ടാംമൈലിലെത്തിച്ച് മൂന്നാറിലെ ഡിപ്പോയിൽ നിന്നും പുതിയ ഗിയർ ലിവർ കൊണ്ടുവന്ന് ഘടിപ്പിച്ച് സർവീസ് യഥാ സമയം തന്നെ നടത്തുകയും ചെയ്‌തു. ടയർ മാറ്റേണ്ടി വന്നാൽ പോലും ട്രിപ്പ് മുടങ്ങുന്ന കെഎസ്‌ആർടിസി ബസിൽ ഗിയർ ലിവർ പോയാലും ട്രിപ്പ് മുടക്കാതിരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ടക്‌ടർ ബിറ്റോ.
വാര്‍ത്ത – മലയാള മനോരമ
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog